22 February Friday

നാട്ടുനന്മയുടെ കവി

ചാരുUpdated: Sunday Nov 16, 2014

അമ്പത്തൊമ്പതുവര്‍ഷം മുമ്പാണ്. കൊല്ലം ജില്ലയിലെ ചവറയില്‍നിന്ന് പതിനാറു വയസ്സുകാരനായ സദാശിവന്‍പിള്ള തിരുവനന്തപുരത്തിന് വണ്ടികയറുന്നു, കൈയില്‍ കവിതകള്‍ കുത്തിക്കുറിച്ച കടലാസുകെട്ടുമായി. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ജ്യേഷ്ഠന്‍ ജനാര്‍ദനന്‍പിള്ളയുടെ സമീപത്തെത്തി. ഒരേ ഒരാവശ്യം. മഹാകവി പാലാ നാരായണന്‍നായര്‍ തലസ്ഥാനത്തുണ്ട്; സര്‍വകലാശാലാ പ്രസിദ്ധീകരണവിഭാഗത്തില്‍. അദ്ദേഹത്തെ കാണണം. കവിതകള്‍ കാണിക്കണം. ഉടന്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന കവിതാസമാഹാരത്തിന് അവതാരിക എഴുതിക്കണം.

അനുജന്റെ കവിതക്കമ്പത്തിന് തുണയായ ജ്യേഷ്ഠന്‍ മഹാകവിയെ തേടിയിറങ്ങി. പാളയത്ത് വാടകവീട്ടില്‍ താമസിക്കുന്ന അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ വിഷമമുണ്ടായില്ല. പക്ഷേ, നേരം രാത്രിയായിക്കഴിഞ്ഞിരുന്നു. പാലാ പുലര്‍ച്ചെതന്നെ മദിരാശിക്ക് പോകുകയാണ്. കുറെദിവസം കഴിഞ്ഞേയുള്ളു മടക്കം. മറ്റാരെയെങ്കിലും സമീപിക്കുകയാണുചിതം. പക്ഷേ, സദാശിവന്‍പിള്ളയുടെ മനസ്സില്‍ മറ്റാരുമുണ്ടായിരുന്നില്ല. അതിനിടയില്‍ മഹാകവി ഏതാനും കവിതകളിലൂടെ കണ്ണോടിച്ചു. ആ മുഖം വിടര്‍ന്നു. പിന്നെ ഓരോ കവിതയും ശ്രദ്ധാപൂര്‍വം വായിച്ചുതുടങ്ങി. ചില വരികള്‍ കുറിച്ചെടുത്തു. പിറ്റേദിവസത്തെ യാത്രയുടെ ഒരുക്കങ്ങള്‍ മാറ്റിവച്ച് അദ്ദേഹം എഴുതാനിരുന്നു. പാതിരാകഴിഞ്ഞു. പുലര്‍ച്ചെയോളമായി. ഉറങ്ങാതെ കാത്തിരുന്ന സദാശിവന്‍പിള്ളയെ അവതാരിക ഏല്‍പ്പിച്ച് പാലാ നാരായണന്‍നായര്‍ മൂര്‍ധാവില്‍ കൈവച്ചനുഗ്രഹിച്ചു.

ആ പതിനാറുകാരന്‍ പിന്നീട് ചവറ കെ എസ് പിള്ള എന്ന പേരില്‍ അറിയപ്പെട്ടു. നിരവധി കവിതാസമാഹാരങ്ങളും ജീവചരിത്രപുസ്തകങ്ങളും ബാലസാഹിത്യവും രചിച്ചു. അബുദാബി ശക്തി അവാര്‍ഡ് അടക്കമുള്ള പുരസ്കാരങ്ങള്‍ നേടി.എന്നാല്‍, നാട്ടുനന്മകള്‍ നിറയുന്ന അക്ഷരങ്ങളും ജീവിതവുമാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ സമ്പാദ്യം. പതിനഞ്ചാം വയസ്സില്‍ ചവറ ശങ്കരമംഗലം ഹൈസ്കൂളിലെ കലാവേദി കൈയെഴുത്തുമാസികയിലൂടെ ആദ്യകവിതയായ "രാധ' പുറത്തുവന്നു. അതേവര്‍ഷംതന്നെ കെ ബാലകൃഷ്ണന്റെ കൗമുദി വാരികയില്‍ "പ്രയാണം' എന്ന കുട്ടിക്കഥയും മലയാളരാജ്യം ചിത്രവാരികയില്‍ "അജ്ഞാതകാമുകി'യെന്ന കവിതയും പ്രസിദ്ധീകരിച്ചു. സദാശിവന്‍പിള്ളയുടെ ചുരുക്കപ്പേരായ കെ എസ് പിള്ള തൂലികാനാമമായി സ്വീകരിച്ചുകൊണ്ട് ഒരു കവിതാസമാഹാരംതന്നെ അച്ചടിച്ചിറക്കാന്‍ തുനിഞ്ഞതോടെ അധ്യാപകരും ബന്ധുക്കളും "കുട്ടിക്കവി'യെ ഗൗരവത്തിലെടുത്തു.

ആദ്യസമാഹാരമായ "ചോരപ്പൂക്കള്‍' വെളിച്ചംകാണാന്‍ വൈകിയില്ല.അയല്‍വാസിയും സാഹിത്യജീവിതത്തില്‍ വഴികാട്ടിയുമായ ഒ എന്‍ വി കുറുപ്പിന്റെ അവതാരികയോടെ "ചോരപ്പൂക്കള്‍' അനുവാചകരിലേക്കെത്തിയതിന്റെ അറുപതാംവര്‍ഷം ജന്മനാട് ആഘോഷിക്കുകയാണ്. ഈ വരുന്ന പതിനാറിന്.സ്കൂള്‍വിദ്യാര്‍ഥിയുടെ പരിമിതവട്ടത്തിലൊതുങ്ങുന്നവയായിരുന്നില്ല പിള്ളയുടെ ആദ്യകാലകവിതകളൊന്നും. അന്നത്തെ വിദ്യാര്‍ഥികള്‍ പലരും സജീവമായ രാഷ്ട്രീയപ്രവര്‍ത്തകരായിരുന്നു. ചവറയ്ക്ക് തൊട്ടടുത്ത് കരുനാഗപ്പള്ളിയില്‍ എ പി കളയ്ക്കാടിന്റെ നേതൃത്വത്തിലും കൊല്ലത്ത് ഒ മാധവന്റെ നേതൃത്വത്തിലും വിദ്യാര്‍ഥികളുടെ രാഷ്ട്രീയപ്രവര്‍ത്തനം ശക്തമായി നടക്കുന്ന കാലമാണ്. സാഹിത്യത്തില്‍ നല്ല നാളേയ്ക്കായി തുയിലുണര്‍ത്തുന്നവര്‍ക്കായിരുന്നു പ്രാമുഖ്യം. കടലും കായലും കരയിലെ ഹരിതാഭയും ഇടത്തോടുകളും പുഞ്ചപ്പാടങ്ങളുമെല്ലാം ചേര്‍ന്ന ഗ്രാമമാണ് ചവറ. അവിടെനിന്ന് നാടറിയുന്ന ഒരു കവി അക്കാലത്തുതന്നെ ഉയര്‍ന്നുവന്നുകഴിഞ്ഞിരുന്നു- ഒ എന്‍ വി കുറുപ്പ്. കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴേ പ്രശസ്തനാണദ്ദേഹം. നാട്ടുകാരുടെ പ്രിയപ്പെട്ട അപ്പു. സദാശിവന്‍പിള്ളയ്ക്ക് അപ്പുവേട്ടന്‍. അയല്‍പക്കത്തെ അനുജന്‍ എന്ന പരിഗണന ഒ എന്‍ വി എന്നും നല്‍കിയിരുന്നതായി കെ എസ് പിള്ള ആദരപൂര്‍വം ഓര്‍ക്കുന്നു.

"കെട്ടകാലത്തിലെ കെടാത്ത കവിതക'ളെന്നാണ് ഒ എന്‍ വി പില്‍ക്കാലത്ത് ചവറ കെ എസ് പിള്ളയുടെ കവിതയെ വിലയിരുത്തിയിട്ടുള്ളത്.ഗ്രാമീണതയുടെ മുഗ്ധസൗന്ദര്യത്തിനൊപ്പം നഷ്ടപ്പെട്ടുപോകുന്ന നന്മകളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും മെച്ചപ്പെട്ടൊരു കാലത്തിനായുള്ള പ്രത്യാശയും സമകാലീന പ്രശ്നങ്ങളുമെല്ലാം ഈ കവിതകളില്‍ നിറയുന്നു. "ദേശഹൃദയങ്ങളിലൂടെ സഞ്ചരിക്കുകയും കാലത്തിന്റെ പ്രാണവായുവിനെ സ്വീകരിച്ച് സ്വന്തം തുടിപ്പാക്കുകയും ആത്മശുദ്ധിയുടെ ആഗ്നേയതയില്‍ സ്ഫുടംചെയ്ത ആ തുടിപ്പുകളെ നാളെയുടെ ധമനികളിലേക്ക് പടര്‍ത്തുകയും ചെയ്യാന്‍ സദാ ഉണര്‍ന്നിരിക്കുന്ന കവിചേതസ്സായി' പ്രശസ്ത കവി മധുസൂദനന്‍നായര്‍ ചവറ കെ എസ് പിള്ളയെ വിലയിരുത്തുന്നു.പൂര്‍വസൂരികളായ പ്രതിഭാധനന്മാരില്‍ പലരുമായും ആത്മബന്ധം പുലര്‍ത്താനായതാണ് തന്റെ സൗഭാഗ്യമെന്ന് അദ്ദേഹം പറയുന്നു.

ഇതിലൊരാള്‍ സാമൂഹ്യപരിഷ്കര്‍ത്താവായ വി ടി ഭട്ടതിരിപ്പാടാണ്. 1961-62 കാലത്ത് തൃത്താലയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരനായെത്തുമ്പോഴാണ് ആ ബന്ധം തുടങ്ങുന്നത്. വി ടിയുടെ മകന്‍ വി ടി വാസുദേവനുമായി യാദൃച്ഛികമായുണ്ടായ പരിചയം അതിന് വഴിതുറന്നു. വാസുദേവനോടൊപ്പം എത്തിയ യുവാവിനെ പരിചയപ്പെട്ടയുടന്‍ വി ടി വീടിനകത്തേക്കുപോയി. പുറത്തുവന്നപ്പോള്‍ കൈയില്‍ പൗരധ്വനി മാസികയുടെ പുതിയ ലക്കമുണ്ടായിരുന്നു. അതില്‍ ചവറ കെ എസ് പിള്ളയുടെ കവിതകളെപ്പറ്റി ഒരു കുറിപ്പുണ്ടായിരുന്നു. ഒട്ടും പ്രസിദ്ധനല്ലായിരുന്ന യുവകവിയെപ്പോലും വി ടി ശ്രദ്ധിച്ചിരുന്നു. വി ടി പങ്കെടുക്കുന്ന യോഗങ്ങളിലും സമ്മേളനങ്ങളിലും അനുധാവനം ചെയ്യുന്നിടത്തോളം അടുപ്പം അവര്‍ തമ്മിലുണ്ടായി. പിന്നീട് യോഗങ്ങളില്‍ സംസാരിക്കാന്‍ പിള്ളയെ അദ്ദേഹം നിര്‍ബന്ധിച്ചു. അങ്ങനെ പൊതുവേദിയില്‍ സംസാരിക്കാന്‍ പരിശീലിപ്പിച്ചതും ആത്മധൈര്യം നല്‍കിയതും വി ടി ഭട്ടതിരിപ്പാടാണെന്ന് കവി കൃതജ്ഞതയോടെ ഓര്‍ക്കുന്നു.

ഓണക്കൊയ്ത്ത്, ശകുന്തള, ഋതുഭേദം, ചവിട്ടുപടിയില്‍ നില്‍ക്കരുത്, സ്യമന്തകം, മാമ്പഴം തേന്‍പഴം, പച്ചത്തത്ത പനന്തത്ത, ഇത്തിരി പൂമണം തന്നേ പോ, ഇടയനെവിടെ, ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍, പഞ്ചാരപൈങ്കിളി, പച്ചയും കത്തിയും, വന്ദിപ്പിന്‍ മാതാവിനെ, കുട്ടികളുടെ ചങ്ങമ്പുഴ, ചെറുശ്ശേരി എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍ തുടങ്ങിയവയാണ് ചവറ കെ എസ് പിള്ളയുടെ പ്രധാന കൃതികള്‍. സുഭദ്രാമ്മയാണ് ഭാര്യ. ഡോ. കെ എസ് വിനോദും കെ എസ് വീണയും മക്കള്‍.-ചാരു

പ്രധാന വാർത്തകൾ
 Top