27 February Thursday

വെള്ളിത്തിര കവര്‍ന്ന കള്ളന്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 1, 2014

ലയാള സിനിമയുടെ മതിലുചാടി പ്രേക്ഷകഹൃദയം കവര്‍ന്ന "കള്ളനാ'ണ് സന്തോഷ് കീഴാറ്റൂര്‍ എന്ന നടന്‍. പണത്തിനും ഗ്ലാമറിനും പിറകെ പായുന്ന സിനിമാലോകത്ത് അഭിനയത്തിന് പിറകെ ഓടാനായിരുന്നു കേരളമറിയുന്ന ഈ "കള്ള'ന് പ്രിയം. അതുകൊണ്ടാണ് മികച്ച നടനായി വളരുമ്പോഴും "നാടക'ത്തിന്റെയും "നാട്ടക'ത്തിന്റെയും നന്മവിടാതെ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് അവന്‍ കാത്തിരുന്നത്. കണ്ണൂര്‍ തളിപ്പറമ്പിനടുത്ത കീഴാറ്റൂരെന്ന കൊച്ചുഗ്രാമത്തില്‍നിന്ന് ജീവിതത്തിന്റെ മഷിപ്പാത്രത്തില്‍ മുക്കി പകര്‍ത്തിയെഴുതിയ വേഷപ്പകര്‍ച്ചകള്‍ വെറുതെയാവില്ലെന്ന് സന്തോഷ് കീഴാറ്റൂരെന്ന ആ കള്ളന് അത്രയ്ക്കുറപ്പുണ്ടായിരുന്നു; കാരണം അവന്‍ ജീവിച്ചത് സിനിമയ്ക്കു വേണ്ടിയായിരുന്നു. തിരശീലയ്ക്കു പിന്നിലും മുന്നിലുമായി നടന്ന യാത്രകളില്‍ സന്തോഷ് കരുതിവച്ച അഭിനയക്കരുത്ത് ഈയൊരു കുതിപ്പിനായിരുന്നു. അങ്ങനെയാണ് സന്തോഷ് കീഴാറ്റൂരെന്ന നാടക കലാകാരന്‍ തിരശീല വകഞ്ഞുമാറ്റി വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയത്.

നാടകനടനായും സംവിധായകനായും ലൈറ്റ് ഡിസൈനറായും സിനിമയില്‍ സഹസംവിധായകനായും സന്തോഷ് അരങ്ങിലും അണിയറയിലും നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അപ്പോഴും വെള്ളിത്തിരയുടെ ലൈംലൈറ്റുകള്‍ തന്റെ മുഖത്തു പതിപ്പിക്കുന്നത് ശക്തമായ കഥാപാത്രത്തിലൂടെതന്നെയാകണമെന്ന് ഈ കലാകാരന്‍ ആഗ്രഹിച്ചു. അതിന്റെ പൂര്‍ണതയായിരുന്നു "വിക്രമാദിത്യ'നിലൂടെ ലാല്‍ജോസ് സന്തോഷിന് പകര്‍ന്നു നല്‍കിയത്. സകലകലയുടെ കരുത്തും നാടകത്തിന്റെ പാരമ്പര്യവും തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോള്‍ കള്ളന്‍ കുഞ്ഞുണ്ണി കേരളീയരുടെ മനസ്സ് കീഴടക്കി. ഇപ്പോഴിതാ ഒരുപിടി വേഷപ്പകര്‍ച്ചകള്‍ തിരശീല കീഴടക്കാനെത്തുന്നു.

വിക്രമാദിത്യന്‍ എന്ന ലാല്‍ജോസ് ചിത്രത്തിലെ കള്ളനെ പ്രേക്ഷകര്‍ ഏറ്റെടുത്തതിനു പിന്നാലെ രണ്ട് മമ്മൂട്ടിച്ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്തതിന്റെ സന്തോഷത്തിലാണ് സന്തോഷ്. അന്യഭാഷാ നടന്മാരെ ഉള്‍പ്പെടെ പലരെയും പരിഗണിച്ചശേഷമാണ് ലാല്‍ജോസ് വിക്രമാദിത്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെ അച്ഛനായ കുഞ്ഞുണ്ണിയായി സന്തോഷിനെ പരിഗണിച്ചത്. ആ കള്ളനിലൂടെ മലയാളികളുടെ കണ്ണ് നയിച്ചാണ് സന്തോഷ് വെള്ളിത്തിരയിലും പ്രേക്ഷകമനസ്സിലും നിറഞ്ഞുനിന്നത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനംചെയ്ത വര്‍ഷം, സലിം അഹമ്മദിന്റെ പത്തേമാരി എന്നിവയാണ് മമ്മൂട്ടിയോടൊപ്പം അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ജെയിംസ് ആല്‍ബര്‍ട്ടിന്റെ "മറിയംമുക്ക്' എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണിപ്പോള്‍.

ലോഹിതദാസിന്റെ "ചക്രം' കമലിന്റെ "നടന്‍' വേണുവിന്റെ "മുന്നറിയിപ്പ്' എന്നീ ചിത്രങ്ങളില്‍ ചെറുതെങ്കിലും ശ്രദ്ധേയ വേഷങ്ങളാണ് സന്തോഷ് കൈകാര്യംചെയ്തത്. നടനിലെ ഓച്ചിറ പാപ്പുക്കുട്ടി ആശാന്റെ പെണ്‍വേഷം സന്തോഷിന് സിനിമയിലേക്കുള്ള വഴി ഭദ്രമാക്കി. കമല്‍, ടി വി ചന്ദ്രന്‍ തുടങ്ങിയവരുടെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചു.

നാടകം

കീഴാറ്റൂരെന്ന ഗ്രാമത്തില്‍ വളര്‍ന്ന സന്തോഷിന്റെ പത്താം വയസ്സുമുതല്‍ നാടകം ഒപ്പമുണ്ട്. അഞ്ചില്‍ പഠിക്കുമ്പോള്‍ പകരക്കാരനായാണ് ആദ്യമായി തട്ടില്‍ കയറിയത്. നാട്ടിലെ കൊട്ടാരം ബ്രദേഴ്സ് കലാസമിതിയുടെ നാടക റിഹേഴ്സലിനിടെ നടന്റെ കൈയൊടിഞ്ഞു. തുടര്‍ന്ന് ആ അവസരം സന്തോഷിന് ലഭിക്കുകയായിരുന്നു. കുഞ്ഞിമംഗലം രാഘവന്‍ മാസ്റ്റര്‍ സംവിധാനംചെയ്ത "കുരുക്ഷേത്രഭൂമി' എന്ന നാടകമായിരുന്നു അത്. അര്‍ജുനന്റെ വേഷമായിരുന്നു നാടകത്തില്‍. 16-ാം വയസ്സില്‍ പ്രൊഫഷണല്‍ നാടകവേദിയിലെത്തിയ സന്തോഷ് ഇതിനകം ആയിരക്കണക്കിന് അരങ്ങുകളില്‍ വേഷം പകര്‍ന്നു. കോഴിക്കോട് ഗോപിനാഥ്, കുഞ്ഞിമംഗലം രാഘവന്‍ മാസ്റ്റര്‍ എന്നിവരാണ് നാടകത്തില്‍ സന്തോഷിന്റെ ഗുരുക്കന്മാര്‍. പ്രൊഫഷണല്‍ നാടകവേദിക്ക് പരിചയപ്പെടുത്തിയത് കെ പ്രദീപ് കുമാറാണ്. കണ്ണൂര്‍ സംഘചേതനയുടെ "സഖാവ്' ആയിരുന്നു ആദ്യനാടകം. പിന്നീട് കോഴിക്കോട് ചിരന്തന, തിരുവനന്തപുരം അക്ഷരകല, കെപിഎസി തുടങ്ങി നിരവധി നാടക ട്രൂപ്പുകള്‍. സൂര്യാപേട്ട്, പഴശ്ശിരാജ, സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍, ചെഗുവേര, കോട്ടയത്ത് തമ്പുരാന്‍, അവതാര പുരുഷന്‍, കര്‍ഷക രാജാവ് തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍. കോട്ടയത്ത് തമ്പുരാന്‍ എന്ന നാടകത്തിലെ അഭിനയത്തിന് 2006ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

2007ല്‍ മിനിസ്ക്രീനിലെത്തി. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ദ ഫ്രെയിം, സ്ട്രീറ്റ് തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകള്‍ സന്തോഷ്

വര്‍ഷംഎന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍

സംവിധാനംചെയ്തിട്ടുണ്ട്.

തിരശീലയ്ക്ക് മുന്നിലും പിന്നിലും...

ഒരു വര്‍ഷത്തോളം അഹമ്മദാബാദില്‍ മല്ലികാസാരാഭായിയുടെ ദര്‍പ്പണ പെര്‍ഫോമിങ് അക്കാദമിയില്‍ ലൈറ്റ് ഡിസൈനറായി പ്രവര്‍ത്തിച്ച സന്തോഷ് ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളില്‍ നാടകമവതരിപ്പിച്ചിട്ടുണ്ട്. തെരുവ് നാടകം, ക്യാമ്പസ് തിയറ്റര്‍ എന്നിങ്ങനെ സന്തോഷ് കൈവയ്ക്കാത്ത അഭിനയക്കളരികളില്ല എന്നുപറയാം. രംഗഭാഷകളിലെ എല്ലാ പരീക്ഷണങ്ങളും ഒത്തൊരുമിപ്പിച്ച് ഏറ്റവുമൊടുവില്‍ അരങ്ങിലെത്തിച്ച "ദി ലാസ്റ്റ് റിഹേഴ്സല്‍' തന്നെ ഈ പ്രതിഭയുടെ കഴിവിനുള്ള അരങ്ങിന്റെ സാക്ഷ്യം. വിക്രമാദിത്യന്‍ തിയറ്ററുകള്‍ നിറഞ്ഞോടുമ്പോള്‍ "ദി ലാസ്റ്റ് റിഹേഴ്സലു'മായി കേരളത്തിലങ്ങോളമിങ്ങോളമുള്ള പല വേദികളിലേക്ക് നാടകസംഘത്തിനൊപ്പമുള്ള യാത്രകളിലായിരുന്നു സന്തോഷ്. "പെണ്‍നടന്‍' എന്ന സോളോ ഡ്രാമയിലൂടെ രംഗഭാഷയും അഭിനയവും സംവിധാനവും തനിക്ക് ഒരുപോലെ വഴങ്ങുമെന്നും തെളിയിച്ചു.

സന്തോഷിന്റെ സ്വപ്നങ്ങളില്‍ സിനിമ മാത്രമല്ല; ഒട്ടും തീവ്രത ചോര്‍ന്നുപോകാതെ നാടകവുമുണ്ട്. കുമാരനാശാന്റെ കൃതികളിലെ സ്ത്രീകഥാപാത്രങ്ങളെ അരങ്ങില്‍ അവതരിപ്പിച്ച് ആരാധകരെ വിസ്മയിപ്പിച്ച വേലുക്കുട്ടി ആശാന്റെ ജീവിതം സംഗീതത്തിന് പ്രാധാന്യം നല്‍കി സോളോ ഡ്രാമയായി അണിയിച്ചൊരുക്കാനുള്ള തിരക്കിലാണിപ്പോള്‍ സന്തോഷ്. ഭാര്യ സിനി, മകന്‍ യദു സാന്തു.

 

പ്രധാന വാർത്തകൾ
 Top