എരമം-കുറ്റൂര്‍ പഞ്ചായത്ത്, മൂന്നാംവാര്‍ഡ്, കെട്ടിടനമ്പര്‍ 355. പഞ്ചായത്ത് രജിസ്റ്ററിലെ ആയിരക്കണക്കിന് വീടുകളില്‍ ഒന്നല്ല ഇത്. വേങ്ങയില്‍ മഠമാണ്. ഒരുകാലത്ത് നാടടക്കിവാണിരുന്ന വേങ്ങയില്‍ നായനാര്‍മാരുടെ തറവാട്. ജന്മിഗര്ജനങ്ങളും കുടിയാന്മാരുടെ നിലവിളികളും ഈ വീട്ടുമുറ്റത്ത് മുഴങ്ങിയിട്ടുണ്ട്. ജന്മിത്തത്തെ ചോദ്യംചെയ്ത കോടില്ലോന്‍ രാമന്റെയും വണ്ണത്താന്‍ രാമന്റെയും കര്‍ഷകസംഘത്തിന്റെയും ഇടിനാദങ്ങള്‍ മാറ്റൊലിക്കൊണ്ടിട്ടുണ്ട്.കാലം മാറി. ചരിത്രപ്രവാഹത്തില്‍ മിക്കതും കീഴ്മേല്‍മറിഞ്ഞു. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് കുറ്റൂരിലെ വേങ്ങയില്‍ മഠം ഇപ്പോഴും തലയുയര്‍ത്തി നില്ക്കുന്നു.
കുടിയാന്മാരല്ല, കേരളമൊട്ടാകെയാണ് ഈ എട്ടുകെട്ടിനുമുന്നില് ഇന്ന് ആദരവോടെ നില്‍ക്കുന്നത്. ജന്മിയായി ജനിച്ചിട്ടും ജന്മിത്തത്തിന്റെ ദുഷ്പ്രഭുത്വത്തെയും അധികാരവ്യവസ്ഥയുടെ ജീര്ണതയെയും നിശിതമായി വിമര്‍ശിക്കാന്‍ ധൈര്യംകാട്ടിയ ഒരെഴുത്തുകാരന്റെപേരില്. നല്ല മലയാളത്തിലെഴുതി നമുക്ക് ആത്മാഭിമാനമുണ്ടാക്കിത്തന്ന ഗദ്യകാരന്റെപേരില്. മലയാളത്തിലെ ആദ്യകഥാകാരനായ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരുടെ പേരില്‍.കേസരിയുടെ നൂറാംചരമവാര്ഷികദിനമാണ് 2014 നവംബര്‍ 14. കേസരിയെ വര്‍ത്തമാനത്തിന്റെ സജീവസാന്നിധ്യമാക്കിത്തീര്ക്കാന് വിപുലമായ പരിപാടികള്‍ ജന്മനാട്ടിലെ സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തകര്‍ തയ്യാറാക്കിയിരിക്കുന്നു. ഫെയ്സ് മാതമംഗലം, കേസരി നായനാര്‍ സ്മാരകസമിതി ഇവയൊക്കെ ചേര്‍ന്ന് ചെറുകഥാ പുരസ്കാരം ഏര്‍പ്പെടുത്തി. ആദ്യ അവാര്‍ഡ് ഇ സന്തോഷ്കുമാറിന് ലഭിച്ചു.പില്ക്കാലത്ത് തലശേരി എരഞ്ഞോളിയില്‍ താമസിച്ചുവെങ്കിലും നായനാരുടെ തട്ടകം കുറ്റൂരൂം സമീപപ്രദേശങ്ങളായ പാണപ്പുഴയും കാനായിയുമൊക്കെയായിരുന്നു.
വേങ്ങയില്‍ കുഞ്ഞാക്കം അമ്മയുടെയും തളിപ്പറമ്പ് ചവനപ്പുഴയിലെ ഹരിദാസന് സോമയാജിപ്പാടിന്റെയും മകനായി 1861 ഒക്ടോബറില്‍ കുറ്റൂര്‍ വേങ്ങയിലെ കുഞ്ഞിമഠത്തില്‍ ജനിച്ച നായനാര്‍, നാട്ടുപള്ളിക്കൂടത്തിലാണ് ആദ്യം പഠിച്ചത്. തളിപ്പറമ്പ് ഇംഗ്ലീഷ് സ്കൂളില്‍ ചേര്‍ന്നതോടെ പ്രഭുകുടുംബത്തില്നിന്ന് വിദ്യാഭ്യാസം നേടുന്ന അപൂര്വരില് ഒരാളായി. മുന്‍സിഫായിരുന്ന ദിവാന് ബഹദൂര്‍ ഇ കെ കൃഷ്ണന്‍പോറ്റി ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ സമ്മാനമായി നല്കി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കോഴിക്കോട് ഗവ. കോളേജില്‍ (ഇന്നത്തെ ഗുരുവായൂരപ്പന് കോളേജ്) പഠിക്കുമ്പോള്‍ പ്രോത്സാഹിപ്പിച്ചത് മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗനാണ് (ലോഗന് അന്തരിച്ചതും 1914ലാണ്). ലോഗന്റെ നിര്‍ദേശപ്രകാരം സെയ്ദാപ്പേട്ടയിലെ കാര്‍ഷിക കോളേജില്‍നിന്ന് ബിരുദം നേടിയശേഷം തിരിച്ച് നാട്ടിലെത്തി കൃഷിയിലും തറവാട്ടുഭരണത്തിലും മുഴുകി. ഇതിനിടയിലാണ് എഴുത്തിന് സമയം കണ്ടെത്തിയത്്.1891ല്‍ കേസരി എഴുതിയ "വാസനാവികൃതി'ക്ക് ആദ്യ ചെറുകഥ എന്നനിലയ്ക്കുമാത്രമല്ല പ്രസക്തി. കള്ളന് നായകനാകുന്നു, ഞാന്‍ എന്നിങ്ങനെ ഉത്തമപുരുഷനില്‍ ആഖ്യാനം നിര്‍വഹിക്കുന്നു, നായകന് സ്വയം പരിഹസിക്കുന്നു- ഇങ്ങനെ പലതുണ്ട് സവിശേഷതകള്‍. ജന്മവാസനകള് മനുഷ്യനെ എങ്ങനെ പലവിധ വികൃതികളില്‍ കൊണ്ടുചെന്നെത്തിക്കുന്നു എന്ന് സൂക്ഷ്മമായി വരച്ചുകാട്ടുന്ന ഈ കഥയെക്കുറിച്ച് ആഴമേറിയ പഠനങ്ങള്‍ ഇന്നും വന്നുകൊണ്ടിരിക്കുന്നു.
രതിവാസന, ആധിപത്യവാസന, അക്രമവാസന, പ്രാഗ്ജീവിത വാസന, ആത്മീയവാസന എന്നിവയെക്കുറിച്ച് ഫ്രോയ്ഡിന്റെ പഠനങ്ങള്‍ വരുന്നതിനുമുമ്പേ കഥ രചിക്കാന്‍ കഴിഞ്ഞതാണ് നായനാരുടെ മഹത്വമെന്ന് ഡോ. വത്സലന്‍ വാതുശേരി നിരീക്ഷിച്ചിട്ടുണ്ട്. കൊച്ചിശ്ശീമ, കൊച്ചിരാജ്യം, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലപരാമര്‍ശങ്ങള്‍ കാരണം നായനാര്‍ ആ ദേശത്തുകാരനാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.ദേശവും ഭാഷയുമാണ് തന്റെയും തന്റെ രചനകളുടെയും സ്വത്വമെന്ന തിരിച്ചറിവ് നായനാര്ക്കുണ്ടായിരുന്നതിന്റെ തെളിവാണ് മേനോക്കിയെ കൊന്നതാരാണ്?, പൊട്ടബ്ഭാഗ്യം, പരമാര്‍ഥം തുടങ്ങിയ കഥകള്‍. തിരുവട്ടൂര്‍, കൂവേരി, ഏര്യം, ഏളയാട്ട്, കാനായി തുടങ്ങിയ സ്ഥലങ്ങളും ഇവിടങ്ങളിലെ വാമൊഴിഭാഷയും ഈ കഥകളുടെ ജീവനാണ്്. "ഊയി എന്റെ ഏഡ്കന്സ്റ്റപ്രേ, എന്നെ തംശയിക്കറെ, മുത്തപ്പനീച്വരനാണ്, തമ്പുരാന് വെന്ത്യക്കൊലപ്പനാണ്, ഞാനൊന്നും അറിയൂല' എന്നു പറയുന്ന ചന്തനെ (മേനോക്കിയെ കൊന്നതാരാണ്?)പ്പോലുള്ള കഥാപാത്രങ്ങള്‍ പഴയ ചിറക്കല്‍ താലൂക്കിലെ ഭാഷാഭേദത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. ആധുനികശാസ്ത്ര വികാസവും ഭാവനയും ഭ്രമാത്മകതയും സ്വപ്നാത്മകതയുമൊക്കെ കലര്‍ന്നുവരുന്നു ദ്വാരക എന്ന കഥയില്‍. കേസരിക്കൃതികള് സമാഹരിച്ച പ്രൊഫ. കെ ഗോപാലകൃഷ്ണന് എട്ടു കഥകളും ഡോ. വി ലിസിമാത്യു 11 കഥകളും അവതരിപ്പിക്കുന്നുണ്ട്.
നര്‍മത്തില്‍ ചാലിച്ച് സാമൂഹികവിമര്‍ശവും ആത്മവിമര്‍ശവും നടത്താന്‍ നായനാര്ക്ക്് ഉണ്ടായിരുന്ന വൈഭവം ഈ കഥകളില്‍ തെളിയുന്നു.കേസരി, ദേശാഭിമാനി, കേരളസഞ്ചാരി, വജ്രബാഹു, ഒരു മലയാളി എന്നിങ്ങനെ അനേകം തൂലികാനാമങ്ങളില്‍ എഴുതിയ നായനാര്‍, പത്രപ്രവര്ത്തകന് എന്നനിലയ്ക്ക് സമൂഹത്തിലെ അനീതിക്കെതിരെ പോരാടി. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ കിടുകിടാവിറച്ചു. വിദ്യാവിനോദിനി, കേരളചന്ദ്രിക, കേരളപത്രിക, കേരള സഞ്ചാരി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്കായി താളുകള്‍ തുറന്നുവച്ചു. എന്റെ ആചാര്യന് കേസരിയാണെന്ന് സഞ്ജയനെപ്പോലുള്ളവര് അഭിമാനത്തോടെ പ്രഖ്യാപിച്ചു. ജന്മികള്ക്ക് ജന്മസിദ്ധമായി ലഭിച്ചിരുന്ന അധികാര ഗര്‍വ്, ജാതിമേല്‍ക്കോയ്മ, കുടിയാനുമേലുള്ള ആധിപത്യമനോഭാവം, പുരുഷാധിപത്യം തുടങ്ങിയവയെ കുടഞ്ഞെറിയാന്‍ നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ മഹത്വം വര്‍ധിപ്പിക്കുന്നു. സെയ്ദാപ്പേട്ടയില് പഠിക്കുന്ന കാലത്ത് മലയാളത്തില്‍ ഒരു ശകാരവാക്ക് ആവശ്യപ്പെട്ട തെലുങ്കന് "നായനാരെശമാനന്' എന്നു പറഞ്ഞുകൊടുത്തത് വെറുമൊരു തമാശയല്ല.
കുടിയാന്മാര് തന്നെ വിളിക്കുന്ന ആ പദം ഒരു ശകാരവാക്കാണെന്ന ബോധ്യമുണ്ടായത് ആത്മവിമര്‍ശത്തിന്റെ കണ്ണാടി അദ്ദേഹം കൊണ്ടുനടന്നതിനാലാണ്.കുടിയാന്‍മാരെക്കുറിച്ച് അദ്ദേഹം എഴുതി- ""ജന്മികളൊക്കെ കുടിയാന്മാരുടെ ക്ഷേമത്തെ നിലനിര്‍ത്തിപ്പോരാന്‍ വേണ്ടുന്നത് പ്രവര്‍ത്തിക്കണം. അവര്‍ വിദ്യാഭ്യാസമില്ലാതെ മൃഗപ്രായമായി ജീവിച്ചാല്‍ കന്നുപൂട്ടാന്‍ ഉപയോഗിക്കുന്ന കാളകളെക്കൊണ്ട് ഉണ്ടാകുന്നതിലധികം ഗുണം അവരെക്കൊണ്ടുണ്ടാകില്ല.'' (കേരള ജന്മിസഭ എന്ന ലേഖനം) ""പുലയര്‍ മുതലായ ജാതിക്കാരോട് അല്‍പ്പംപോലും അനുകമ്പ കാണിക്കാതെ വളരെ അകറ്റിനിര്ത്തുന്നതുകൊണ്ടും മറ്റും നമുക്ക് ക്രമേണ അനുഭവമാകുന്ന ആപത്ത് എത്രമേല്‍ ഭയങ്കരമാണെന്ന് ആലോചിച്ചിട്ടുണ്ടോ?'' (അതേലേഖനം) ഇത് എഴുതുകമാത്രമല്ല, ഗവര്‍ണര്‍ തളിപ്പറമ്പിലെ ഫാം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ ആദിവാസികളെക്കൊണ്ട് നൃത്തംചെയ്യിക്കാനും തയ്യാറായി. അയിത്തത്തിനെതിരായ സന്ദേശമുള്‍ക്കൊള്ളുന്ന പാട്ടും അതിനായി എഴുതി. സ്ത്രീകളെ പഠിപ്പിക്കണമെന്നും വ്യഭിചാരജന്യമായ പാപം സ്ത്രീപുരുഷന്മാരെ തുല്യമായി ബാധിക്കുന്നതാണെന്നും എഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ഉള്ളിലെ സമത്വബോധംകൊണ്ടാണ്.നാട് വിറപ്പിക്കുന്നതിനുപകരം സരസനായ നേരമ്പോക്കുകാരനായിക്കഴിഞ്ഞ നായനാരോട് അതേമട്ടില്‍ പെരുമാറാന്‍ സുഹൃത്തുക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് സരസകവി കെ സി നാരായണന്‍നമ്പ്യാര്‍ തച്ചോളിപ്പാട്ടുരീതിയില് ഒരു കത്തയച്ചത്.
""ബേങ്ങയില് കുഞ്ഞിരാമന്നായിനാറെ
പരികാസം പറയുന്ന നായിനാറേ
കേതരിമൂപ്പനെ കുഞ്ഞിരാമാ
ഇന്റെ പരികാസം കേട്ടോണ്ടാല്മാ
ലോകരെങ്ങനെ പൊറുത്തോളുന്നു
ചതിക്കല്ലാ ചങ്ങായി കുഞ്ഞിക്കള്ളാ''
1892ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗവും 1904ല്‍ തറവാട്ടുകാരണവര്സ്ഥാനവും വഹിച്ച നായനാര്‍, 1912ല്‍ മദിരാശി നിയമസഭയിലേക്ക് ജന്മിപ്രതിനിധിയായി മത്സരിച്ച് ജയിച്ചു. കൊല്ലങ്കോട് വാസുദേവരാജ ആയിരുന്നു എതിര്‍സ്ഥാനാര്‍ഥി. ജന്മിമാര്ക്കുമാത്രം വേണ്ടിയല്ല നാടിനാകെവേണ്ടിയാണ് സഭയില്‍ അദ്ദേഹം വാദിച്ചത്.1914 നവംബര്‍. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭ അടിയന്തരമായി സമ്മേളിക്കുന്നു. നായനാര്‍ തലശേരിയില്‍നിന്ന് മദിരാശിക്ക് വണ്ടികയറി.
നവംബര്‍ 14. സഭാധ്യക്ഷനായ ഗവര്‍ണര്‍ നായനാരെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. രാജഭക്തിയെക്കുറിച്ചുള്ള പ്രമേയമാണ് വിഷയം. ""ഞാനൊരു വക്കീലിന്റെ നിലയിലല്ല, ജന്മിയുടെ നിലയിലാണ് സംസാരിക്കാന്‍ ഭാവിക്കുന്നത്''- എന്നു തുടങ്ങിയ ഉജ്വലപ്രസംഗം. ഒരു മലയാളിയായതില്‍ താന്‍ അഭിമാനിക്കുന്നു എന്ന് ഉപസംഹാരം. പ്രസംഗം കഴിഞ്ഞയുടന്‍ ഇന്ത്യന്‍ പാട്രിയറ്റ് പത്രത്തിന്റെ ലേഖകന്‍ പ്രസംഗമെഴുതിയ കടലാസ് ചോദിച്ചുവാങ്ങി നായനാരെ അഭിനന്ദിച്ചു. അദ്ദേഹം പുഞ്ചിരിച്ചു. പെട്ടെന്ന് അതൊരു ഞെരക്കമായി. ശ്വാസം കിട്ടുന്നില്ല. നായനാര്‍ സുഹൃത്തായ സുബ്ബായലുറെഡ്ഡിയുടെ തോളിലേക്ക് ചാഞ്ഞു. സാര്‍ജന്റ് ജനറല്‍ ഓടിയെത്തി. പലരും ചേര്‍ന്ന് താങ്ങിപ്പിടിച്ച് ഗവര്‍ണറുടെ മുറിയില്‍ എത്തിച്ചു. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍.ഗവര്‍ണര്‍ ഇടറിയ കാല്‍വയ്പുകളോടെ കടന്നുവന്ന് സഭയെ അറിയിച്ചു. മിസ്റ്റര്‍ നായനാര്‍ ഹൃദയസ്തംഭനംമൂലം നിര്യാതനായിരിക്കുന്നു. അനുശോചനത്തിനായി സഭ നാളെ ചേരും. 53-ാം വയസ്സില്‍ അപ്രതീക്ഷിത യാത്ര.
മൃതദേഹം തീവണ്ടിയില്‍ ജന്മനാട്ടില് കൊണ്ടുവന്നു. മറ്റൊരു തറവാട്ടുവീടായ പാണപ്പുഴയിലെ വേങ്ങയില്‍ മഠത്തില്‍ സംസ്കരിച്ചു. ഭാഷാസ്നേഹികള്‍ മലയാളഭാഷാ പാഠശാലയുടെ നേതൃത്വത്തില്‍ ഇപ്പോഴവിടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കാലപ്പഴക്കം വന്ന പാണപ്പുഴയിലെ തറവാട് പൊളിച്ചുകൊണ്ടിരിക്കയാണിപ്പോള്.കേസരിയുടെയും അറക്കല്‍ കണ്ടോത്ത് കല്യാണിയമ്മയുടെയും മക്കള്‍ പലരും പ്രശസ്തരായിരുന്നു. ഇന്ത്യയില്‍വച്ച് ഏറ്റവും സമര്‍ഥനായ സംഭാഷണചതുരനെന്ന് ടാഗോര്‍ വിശേഷിപ്പിച്ച എം എ കാണ്ടത്ത്, ലഫ്റ്റനന്റ് ജനറല്‍ സി എ കാണ്ടത്ത്, സരോജിനി നായിഡുവിന്റെ സഹോദരി സുഹാസിനിയെ വിവാഹംചെയ്ത എ സി നാരായണന്‍നമ്പ്യാര്‍ എന്നിങ്ങനെ എട്ടു മക്കള്‍. ആ താവഴിമാത്രമല്ല, മലയാളനാടാകെ അഭിമാനത്തോടെ ചരമശതാബ്ദിവര്ഷത്തില് കേസരി നായനാരെ ഓര്‍ക്കുന്നു; എന്നും തുടരുന്ന ഓര്മ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..