26 October Monday

ശ്രേഷ്ഠമലയാളമേ മൈഗുരുഡ് മൊഴി എവിടെ?

സതീഷ് ഗോപിUpdated: Saturday Nov 1, 2014

കണ്ണൂര്‍: മലബാര്‍ പ്രദേശത്തെ ചില ചായക്കടകളില്‍ "മവന്‍ രാങ്ങ നജിന്നു ടവ' എന്ന് പറഞ്ഞാല്‍ പരിപ്പുവടയും കട്ടന്‍ചായയും കിട്ടിയ കാലമുണ്ടായിരുന്നു. കടക്കാരന്‍ ചിലപ്പോള്‍ "സെയിപേ പീക്കണം മൂ മുമിത്തേ' അഥവാ "എങ്ങനെ നീ മറക്കും കുയിലേ' എന്ന് മൂളുന്നുമുണ്ടാകും. ശ്രേഷ്ഠ മലയാളം തിടംവച്ചപ്പോള്‍ ചോര്‍ന്നുപോയ "മൈഗുരുഡ്' എന്ന ഗൂഢഭാഷയുടെ വേര് തെരയുകയാണ് ഭാഷാസ്നേഹികള്‍. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണത്തിന് 58 തികയുമ്പോള്‍ മൈഗുരുഡ് വാമൊഴിക്കാരായി അവശേഷിക്കുന്നത് കേവലം മുന്നൂറോളം പേര്‍. പഠനത്തിനും വിവരശേഖരണത്തിനും അധികൃതര്‍ മുന്‍കൈയെടുത്തില്ലെങ്കില്‍ നാട്ടുപഴമയുടെ ഈ പച്ചപ്പ് കേട്ടുകേള്‍വിയാകും.

മലപ്പുറത്തെ ഇരുമ്പുഴി, എടപ്പാള്‍ പ്രദേശങ്ങളിലാണ് മൈഗുരുഡ് രൂപംകൊണ്ടതെന്ന് കരുതപ്പെടുന്നു. ലിപിയും സങ്കീര്‍ണ വ്യാകരണ നിയമങ്ങളും ഇതിനില്ല. മലയാളത്തെ പ്രത്യേകരീതിയില്‍ ക്രമം തെറ്റിച്ച് ഉപയോഗിക്കുന്നതാണ് രീതി. സ്വരാക്ഷരങ്ങളായ അ,ആ, ഇ, ഈ എന്നിവക്ക് യഥാക്രമം സ, സാ, സി, സീ തുടങ്ങി അം, അഃ യ്ക്ക് സം, സഃ എന്നിങ്ങനെ ഉപയോഗിക്കുന്നു. വ്യഞ്്ജനാക്ഷരങ്ങള്‍ ഒന്നിനുപകരം മറ്റൊന്ന് എന്ന നിലയിലും ഉപയോഗിക്കുന്നു.

മാപ്പിള ലഹളയുടെ കാലത്ത് ബ്രിട്ടീഷുകാര്‍ ജയിലിലടച്ച തടവുകാരാണ് മൈഗുരുഡിന് എല്ലുറപ്പ് നല്‍കിയത്. തടവുകാരുടെ ആശയവിനിമയം തദ്ദേശീയരായ ജയില്‍ വാര്‍ഡര്‍മാര്‍ തിരിച്ചറിയാതിരിക്കാനാണ് ഗൂഢഭാഷ പ്രയോഗിച്ചത്. ഇത് പിന്നീട് കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പരിമിതമായെങ്കിലും വ്യാപിച്ചു. ബീഡിക്കമ്പനികള്‍ പ്രചാരത്തില്‍ വന്നതോടെയാണിത്. മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ് മൈഗുരുഡ് ഉപയോഗിച്ചിരുന്നത്.

കണ്ണൂര്‍ ജില്ലയില്‍ പാനൂരിലെ ഏഴുപേര്‍ക്കേ മൈഗുരുഡ് വശമുള്ളൂ. മലപ്പുറം ബോയ്സ് സ്കൂളിലെ മലയാളം അധ്യാപകന്‍ ഡോ. പ്രമോദ് ഇരുമ്പുഴി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൈഗുരുഡ് പഠിച്ചയാളാണ്. ഇത് സംസാരിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ചപ്പോള്‍ അമ്പതോളം പേര്‍ എത്തി. കാളച്ചന്തകളില്‍ ഉപയോഗിച്ചിരുന്ന "ചെട്ടിഭാഷ', പീടികകളിലെ "കടപയാദി', തിരുവിതാംകൂര്‍ രാജസൈന്യത്തിനിടയില്‍ പ്രചാരമുണ്ടായിരുന്ന "മൂലഭദ്രി' തുടങ്ങി വംശീയേതര ഗൂഢഭാഷകളുടെയത്ര പ്രചാരം ലഭിക്കാതിരുന്നതും ഭാഷാചരിത്രത്തില്‍ മൈഗുരുഡിനെ നിശ്ശബ്ദമാക്കി. ഡോ. പ്രമോദും കരയക്കാവത്ത് ഹസനിക്കയും തോരത്ത് മുഹമ്മദുമൊക്കെ മൈഗുരുഡിനെ രക്ഷിക്കാന്‍ "സെഹാടേഷേ' (എന്താ വേണ്ടത്?) എന്ന ആലോചനയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top