08 December Thursday

ചിരിയുടെ കാരണവര്‍

കൃഷ്ണ പൂജപ്പുരUpdated: Sunday Sep 14, 2014

ക്രിസ്തുദേവന്റെ അവസാന അത്താഴം നാടകം. തിങ്ങിനിറഞ്ഞ സദസ്സ്. കോഴികൂവുംമുമ്പ് നിങ്ങളില്‍ ഒരാള്‍ എന്നെ തള്ളിപ്പറയുമെന്നുള്ള വാചകം യേശു പറയുന്നു. "കര്‍ത്താവേ അതു ഞാനാണോ?' എന്ന് ശിഷ്യര്‍ ഓരോരുത്തരായി ചോദിച്ചുതുടങ്ങി. യൂദാസിന്റെ ഊഴമായി. യേശുക്രിസ്തുവിനെ ഒന്നുനോക്കി അതാ യൂദാസ് ചോദിക്കുന്നു ""അതിനി ഞാനോ മറ്റോ ആണോ എന്റെ ഏറ്റുമാനൂരപ്പാ'' ഒരു നിമിഷം സദസ്സ് സ്തംഭിച്ചു. സ്തംഭനത്തില്‍നിന്ന് അവര്‍ ഉണര്‍ന്നത് ചിരിയിലേക്കാണ്. പകര്‍ച്ചവ്യാധിപോലെയാണ് ചില നേരങ്ങളില്‍ ചിരി. സദസ്സിലെ ചിരി ദുഃഖഭാരത്തിലിരുന്ന ക്രിസ്തുശിഷ്യന്മാരിലും പടര്‍ന്നു. യേശുദേവനും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ചിരിയോട് ചിരി. ചിരിയും ആര്‍പ്പുവിളിയുമൊക്കെയായി അവസാന അത്താഴം ആകെ ബഹളമയമായി. സംഘാടകര്‍ തലയില്‍ കൈവച്ചു.ആറന്മുള പൊന്നമ്മ ഒരിക്കല്‍ അഭിപ്രായപ്പെട്ടതുപോലെ മരിച്ചുകിടക്കുന്നവനെപ്പോലും എണീറ്റിരുത്തി ചിരിപ്പിക്കാന്‍ കഴിവുണ്ടായിരുന്ന എസ് പി പിള്ളയായിരുന്നു യൂദാസ്. ഏറ്റുമാനൂരപ്പ ഭക്തിയും എസ്പിയന്‍ ശൈലിയും കൂടിച്ചേര്‍ന്ന് അറിയാതെ വന്നുഭവിച്ച പ്രയോഗമാണ് അവസാന അത്താഴത്തെ ചിരിസദ്യയായി മാറ്റിക്കളഞ്ഞത്. മലയാളസിനിമയിലെ ചിരിശാഖയുടെ കാരണവരുടെ ജന്മശതാബ്ദി ദിനമായിരുന്നു സെപ്തംബര്‍ 13.

കണ്ണീര്‍മഴയത്ത്

ഡോക്ടര്‍ സിനിമയില്‍ ഒരു സൈക്കിളില്‍ കാമുകിക്കു പിന്നാലെ ""കേളടി നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത്നൂറിന്റെ നോട്ടുകൊണ്ടാറാട്ട്''എന്ന് തലവെട്ടിച്ച് മുഖമൊന്ന് നീട്ടി പാട്ടുംപാടി നീങ്ങുന്ന ഹാസ്യകാമുകനെ കാണുമ്പോള്‍ തോന്നും ആള് ജനിച്ചുവീണതേ ചിരിയിലാണെന്ന്. ബാല്യത്തില്‍ത്തന്നെ ചിരിച്ചും ചിരിപ്പിച്ചും മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയെന്ന്. അത്രയ്ക്ക് അപാരമായ "കോമഡി ടൈമിങ്' ആണ്. പക്ഷേ, ചാര്‍ലിചാപ്ലിന്‍ ഉള്‍പ്പെടെ പല ഹാസ്യജീനിയസ്സുകള്‍ക്കുമെന്നപോലെ ശങ്കരപ്പിള്ള പങ്കജാക്ഷന്‍പിള്ള എന്ന എസ് പി പിള്ളയുടെയും ബാല്യകാല സുഹൃത്തുക്കള്‍ കഷ്ടപ്പാട്, പട്ടിണി, അനാഥത്വം എന്നിവരൊക്കെയായിരുന്നു. ഒന്നരവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. ഏഴുവയസ്സുള്ളപ്പോള്‍ അച്ഛനും. എസ് പിയുടെ സ്ഥിരം ശൈലിയില്‍ പറയുകയാണെങ്കില്‍ "പഷ്ട് സാഹചര്യം'. (ചാര്‍ലിചാപ്ലിന് അമ്മയെങ്കിലും ഉണ്ടായിരുന്നു). പിന്നീട് മലയാളികളെ ചിരിപ്പിച്ചു ചിരിപ്പിച്ച് കരയിച്ച ആള്‍ കണ്ണീരുകൊണ്ട് ബലവത്തായ ഹാസ്യത്തിനുള്ള അസ്തിവാരമൊരുക്കുകയായിരുന്നു. എസ് പി പിള്ളയും സഹോദരന്‍ ചന്ദ്രന്‍പിള്ളയും അരപ്പട്ടിണിയിലൂടെയും മുഴുപ്പട്ടിണിയിലൂടെയും കൈകോര്‍ത്ത് നീങ്ങി. ആരെങ്കിലും ചോദിക്കും ""രാവിലെ എന്തു കഴിച്ചു?'' ഉത്തരം റെഡിയാണ്: ""ഇന്നലെ രാത്രി കഴിച്ചതിന്റെ ബാക്കി''.""ഇന്നലെ രാത്രി എന്തുകഴിച്ചു''""ഒന്നും കഴിച്ചില്ല'' പയ്യന്‍സിന്റെ ഉത്തരം കേട്ട് ചോദ്യകര്‍ത്താവ് മനസ്സില്‍ കുറിച്ചുകാണും ""ഇവനൊരു വരവ് വരും.''കഷ്ടപ്പാടില്‍ ചില സ്നേഹത്തിന്റെ മുഖങ്ങളും ഉണ്ടായിരുന്നത്രേ. സഹോദരങ്ങളോട് സഹതാപം തോന്നിയ കാര്‍ത്യായനിയമ്മ എന്ന ഒരു സ്ത്രീ അവരിലൊരാള്‍.

താളം മനസ്സിന്റെ താളം

പട്ടിണി വല്ലാതങ്ങ് സ്നേഹിക്കുമ്പോള്‍ കൊച്ചുപങ്കജാക്ഷന്‍ താളംപിടിക്കും. വയറിലല്ല. തൊട്ടടുത്ത് കാണുന്ന പലകയിലോ കസേരയിലോ പാത്രത്തിലോ ഒക്കെ. കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പയ്യന്റെ താളത്തിന്റെ കൃത്യത അത്ഭുതമായി. തുടര്‍ന്ന് ചെണ്ടകൊട്ടലായി. ചെണ്ടയും തകിലും പങ്കന്‍പിള്ളയുടെ താളത്തിന്റെ കൃത്യത അറിഞ്ഞു. (ചെണ്ട എന്ന സിനിമയില്‍ പിന്നീട് ആ വൈദഗ്ധ്യം കണ്ടു). മുഴുപ്പട്ടിണി അരപ്പട്ടിണിയായി ചുരുങ്ങി. എന്നിട്ടും "എന്തെങ്കിലും ഒരു ജോലി' എന്ന വഴി ചിന്തിച്ചില്ല. കലയോട് "പാഷന്‍' ഉള്ളിലുള്ളവര്‍ അങ്ങനെയാണല്ലോ. തന്റെ മേഖല എന്താണെന്ന് ഒരുറപ്പ് എപ്പോഴും കാണും മനസ്സില്‍. ചെണ്ട- തകില്‍- ചെറുകിട നാടകം എന്ന രീതിയില്‍ പങ്കന്‍പിള്ള പങ്കജാക്ഷന്‍പിള്ളയായി.

അരപ്പവന്‍'എന്ന ചിത്രത്തില്‍ ജി കെ പിള്ള,  എസ് പി പിള്ള, അംബിക എന്നിവര്‍

വഴിത്തിരിവ്

ചാപ്ലിന്റെ ജീവിതത്തിലെ വഴിത്തിരിവുണ്ടല്ലോ. തെരുവുനാടകത്തില്‍ ഒരു കൊച്ചുരംഗത്ത് അഭിനയിക്കുന്നു. ഇട്ടിരുന്ന ട്രൗസറിന്റെ ബട്ടന്‍സ് പൊട്ടിപ്പോകുന്നു. ആ മുഹൂര്‍ത്തം തന്റെ സ്വതസിദ്ധമായ പ്രയോഗത്തിലൂടെ തിളക്കമുള്ളതായി മാറ്റുന്നു. ഈ കൊച്ചന്‍ ഒരു ജീനിയസ് ആണെന്ന് നാടകം കണ്ടിരുന്ന പ്രശസ്ത നാടകസംവിധായകന്‍ തിരിച്ചറിയുന്നു. ആ നിമിഷത്തില്‍ ചാര്‍ലിചാപ്ലിന്‍ എന്ന മഹാന്റെ ജനം ആരംഭിക്കുന്നു. അതിനുസമാനമായ സംഭവം പങ്കജാക്ഷന്‍പിള്ളയുടെ ജീവിതത്തിലും സംഭവിക്കുന്നു. പെരുന്നയില്‍ വള്ളത്തോള്‍ പ്രസംഗിക്കാന്‍ വരുന്നു. പ്രസംഗം കേള്‍ക്കാന്‍ ആശാനും പോകുന്നു. വള്ളത്തോളിന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ ആരോ പറയുന്നു പങ്കജാക്ഷന്‍പിള്ള കലാവാസനയുള്ളവനാണ്, ചില വിദ്യകളൊക്കെയുണ്ട്. ഓഹോ എന്ന് കവി. പങ്കന്‍പിള്ളയെ സ്റ്റേജിലേക്ക് വിളിക്കുന്നു. വിധി കൊണ്ടുനല്‍കിയ ഒരവസരമായിരുന്നു. ചാപ്ലിന്റെ ട്രൗസര്‍സംഭവംപോലെ. എസ് പി പിള്ള ഒരു "നമ്പര്‍' ഇട്ടു.

ഒരാളെ അങ്ങനുകരിച്ചു. ആള് മറ്റാരുമല്ല. സാക്ഷാല്‍ വള്ളത്തോള്‍തന്നെ. ഇളകിമറിയുന്ന കൈയടി. കൈയടിക്കാന്‍മുമ്പില്‍ വള്ളത്തോള്‍തന്നെ. (പണ്ട് തന്നെ കളിയാക്കി വരച്ച ശങ്കറിന്റെ കാര്‍ട്ടൂണ്‍ കണ്ട് നെഹ്റു അഭിനന്ദിച്ചതുപോലെ). സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയില്‍ ലാല്‍ ബാബുരാജിനോട് ചോദിച്ചതുപോലുള്ള ഒരു ചോദ്യമായിരുന്നു പിന്നീട്.""പോരുന്നോ?''പങ്കജാക്ഷന്‍പിള്ളയ്ക്ക് ആരോടും ചോദിക്കാനും പറയാനും ഉണ്ടായിരുന്നില്ല. നേരെ വണ്ടികയറി കലാമണ്ഡലത്തിലേക്ക്. കവിയുടെ പ്രിയശിഷ്യനായി. തുള്ളലില്‍ കെങ്കേമനായി. കുഞ്ചന്‍നമ്പ്യാരാശാന്റെ അനുഗ്രഹവും ഉണ്ടായിരുന്നിരിക്കണം. പേര് വന്നു തുടങ്ങി. നാടകങ്ങളായി. അവിടന്ന് സിനിമയിലേക്ക്. ശങ്കരപ്പിള്ള പങ്കജാക്ഷന്‍പിള്ളയുടെ പേരും സിനിമാറ്റിക് ആകുന്നു. എസ് പി പിള്ള. ബാല്യം വിട്ടുകഴിഞ്ഞ മലയാളസിനിമയ്ക്ക് ആദ്യത്തെ ബ്രാന്റഡ് ചിരിയുടെ സമൃദ്ധി നല്‍കി പഴയ പട്ടിണിക്കാരന്‍ വന്നു. കൊട്ടകകള്‍ (തിയറ്ററുകള്‍ എന്ന പൂര്‍ണമായ പേരുമാറ്റം കിട്ടിയിരുന്നില്ല) ചിരിയാല്‍ നിറഞ്ഞു. മലയാള സിനിമയിലെ ഹാസ്യശാഖയുടെ കാരണവര്‍ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ കൈയിലെടുത്തു. എവിടെയും ആരാധകര്‍. എസ് പി പിള്ള എന്ന് ടൈറ്റില്‍ കാണുമ്പോള്‍തന്നെ കൈയടി. ഹീറോയ്ക്കൊപ്പം സ്ഥാനം. പേരും പ്രശസ്തിയും സമ്പത്തും.

എസ്പിയന്‍ ഹാസ്യം

ലേഖകന്‍ ആദ്യം കാണുന്ന ചിത്രങ്ങളിലൊന്ന് ആരോമലുണ്ണി സിനിമയാണ്. നാലിലോ അഞ്ചിലോ പഠിക്കുന്നു. ആവേശഭരിതനായി സ്ക്രീനില്‍ നോക്കിയിരിക്കുകയാണ്. താളിയോലകളിലൂടെയായിരുന്നു ആരോമലുണ്ണിയുടെ "എഴുതിക്കാണിപ്പ്' (ടൈറ്റില്‍സ് എന്ന പ്രയോഗം പിന്നീട് വന്നതാണ്). ടൈറ്റില്‍സ് കഴിയുന്നു. അതാ ഉടുക്കും കൊട്ടി ഒരു പാവം വൃദ്ധന്‍. "പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം പൂപോലഴകുള്ളോരായിരുന്നു' എന്ന യേശുദാസിന്റെ എവര്‍ഗ്രീന്‍ ഗാനവുമായി. നരച്ച തലമുടി. പ്രാകൃതവേഷം. ആള് പാണനാണ്. പാണന്‍ ഉണ്ണിയാര്‍ച്ചയുടെ വീട്ടില്‍ എത്തുന്നു. പാണന് ആഹാരമൊക്കെ കൊടുക്കുന്ന പുത്തൂരംവീട്ടുകാര്‍. പിന്നീട് സിനിമയുടെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ആരോമലുണ്ണിയുടെ ശത്രുക്കള്‍ പാണന്റെ തലവെട്ടി കൊല്ലുന്നു. ആ പാവം പാണന്‍ മനസ്സില്‍നിന്നു. പക്ഷേ, പിന്നീടറിയുന്നു ചിരിയുടെ ആശാനാണ് പാണനായി അഭിനയിച്ചതെന്നും പേര് എസ് പി പിള്ള എന്നാണെന്നുമൊക്കെ. അതോടെ എസ് പി പിള്ളയുടെ ചിരിയിലേക്കുള്ള കടന്നുചെല്ലല്‍ ആവേശമായി.

കണ്ടംബെച്ച കോട്ട്' എന്ന ചിത്രത്തില്‍ എസ് പി പിള്ള

എസ് പി- ഭാസി

ലേഖകന്‍ സജീവമായി സിനിമാപ്രേക്ഷകനായ സമയത്ത് സിനിമാഹാസ്യത്തില്‍ അടൂര്‍ ഭാസിയുഗം ആരംഭിച്ചുകഴിഞ്ഞിരുന്നു. കൊമേഴ്സ്യല്‍ സിനിമ ശക്തമാവുകയും പ്രേംനസീര്‍-ശശികുമാര്‍ എന്റര്‍ടെയ്നറുകള്‍ മലയാളിയുടെ സിനിമക്കാഴ്ചയില്‍ നിര്‍ണായകസ്ഥാനം വഹിക്കുകയും ചെയ്തുതുടങ്ങിയിരുന്നു. പ്രേംനസീര്‍ സിഐഡി ആണെങ്കില്‍ അടൂര്‍ ഭാസി അസിസ്റ്റന്റ്. ഭാസി അല്ലെങ്കില്‍ ഭാസി-ബഹദൂര്‍ കോമ്പിനേഷന്‍.1950 മുതല്‍ '70 വരെയുള്ള 20 വര്‍ഷമാണ് എസ്പിയന്‍ ഹാസ്യത്തിന്റെ സുവര്‍ണകാലം. മലയാള സിനിമയില്‍ ഹാസ്യത്തിന്റെ അസ്തിവാരമാണ് എസ് പി പിള്ളഹാസ്യം എന്ന് ലേഖകന് തോന്നിയിട്ടുണ്ട്്. ആ ശക്തമായ അടിത്തറയില്‍ ഭാസി, ബഹദൂര്‍, ആലുംമൂടന്‍, കടുവാക്കുളം ഹാസ്യം പ്രേക്ഷകരെ ആഹ്ലാദപ്പെടുത്തിക്കൊണ്ട് ഉയര്‍ന്നുവന്നു. തുടര്‍ന്ന് ജഗതി കൂടുതല്‍ വര്‍ണം ചാലിച്ചു. ജഗദീഷുമുതല്‍ സുരാജുവരെയുള്ളവര്‍ കൂടുതല്‍ ചടുലമാക്കി.നാടന്‍ കഥാപാത്രങ്ങളിലാണ് എസ് പി വെട്ടിത്തിളങ്ങിയത്. കഥാപാത്രം പൊലീസ് ആകട്ടെ, മുതലാളിയാകട്ടെ ഏതിലും ഒരു നാട്ടുമ്പുറത്തുകാരന്‍ പങ്കജാക്ഷന്‍പിള്ളയെ കാണാന്‍ സാധിക്കും. മധ്യതിരുവിതാംകൂര്‍ ഈണത്തില്‍ അല്‍പ്പം നീട്ടിയുള്ള സംസാരമാണ് എസ് പി പിള്ളഹാസ്യത്തിന്റെ പ്രധാന സവിശേഷത. ഒരു നല്ല നിരീക്ഷണശാലിയെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ കാണാം. നായരുപിടിച്ച പുലിവാലും കണ്ടംബെച്ച കോട്ടും ഓടയില്‍നിന്നും തുടങ്ങി എസ് പി പിള്ളക്കോമഡിയുടെ ദൃശ്യസാക്ഷ്യമായി അഞ്ഞൂറില്‍പ്പരം ചിത്രങ്ങള്‍. തമിഴിലെ നാഗേഷിന്റെ കോമഡിയുമായാണ് എസ് പി പിള്ളഹാസ്യത്തെ സാമ്യംചെയ്യാന്‍ ലേഖകന് തോന്നുന്നത്. ചില തലകുലുക്കലുകള്‍, കണ്ണിറുക്കലുകള്‍, തോളത്ത് കിടക്കുന്ന തോര്‍ത്ത് എടുത്തു കുടഞ്ഞിട്ട് വേഗത്തിലുള്ള ഓട്ടം, നില്‍പ്പ്, നോട്ടം എന്നിവയിലൊക്കെ ആ സാമ്യം അനുഭവപ്പെട്ടിട്ടുണ്ട്.

ചിരി ജീവിതത്തിലും

സിനിമയ്ക്ക് എസ് പി പിള്ള നല്‍കിയ സംഭാവനയ്ക്ക് സിനിമ തിരിച്ചും നല്‍കി. നല്ല പ്രതിഫലമായിരുന്നു എസ് പി പിള്ളയ്ക്ക്. ധാരാളം സമ്പാദിച്ചു. പറമ്പും പാടവുമൊക്കെയായി ധാരാളം സ്വത്ത് സമ്പാദിച്ചുകൂട്ടി. ഏറ്റുമാനൂരില്‍ സ്വന്തമായി വീടുവച്ചു. അദ്ദേഹത്തിന്റെ ഇളയമകള്‍ ശോഭന (നടി മഞ്ജുപിള്ളയുടെ അമ്മ)യ്ക്ക് അക്കാലം ഇപ്പോഴും ആഹ്ലാദഭരിതമായ ഓര്‍മയാണ്. കോട്ടയംവഴി കടന്നുപോയാല്‍ പ്രേംനസീറും സത്യനുമുള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ കയറാതെ പോകില്ല. വല്ലപ്പോഴുമേ ഷൂട്ടിങ് അവധികിട്ടി അച്ഛന്‍ വീട്ടില്‍ വരികയുള്ളൂവെങ്കിലും വരുന്ന ദിവസങ്ങള്‍ ഉത്സവസമാനമാണ്. പല ചിരിക്കാരെയുംപോലെ മക്കളോടുള്ള സ്നേഹം ഉള്ളിലാണ് എസ് പി പിള്ളയിലെ അച്ഛന്. പുറത്ത് കര്‍ക്കശക്കാരന്‍. പക്ഷേ, മക്കള്‍ക്കറിയാം മനസ്സില്‍ സ്നേഹം നിറഞ്ഞുതുളുമ്പുന്നത്.താന്‍ വളര്‍ന്നതോടൊപ്പം തന്റെ ബന്ധുക്കളെയും കൈപിടിച്ചുകയറ്റി എസ് പി പിള്ള. ബന്ധുക്കള്‍ ഉള്‍പ്പെടെ 30 അംഗങ്ങളുള്ള കുടുംബത്തെയായിരുന്നു അദ്ദേഹം സംരക്ഷിച്ചിരുന്നത്. കലാകാരന്മാര്‍ക്ക് ഒട്ടുമിക്കവര്‍ക്കുമുള്ള "അംഗവൈകല്യം' എസ് പി പിള്ളയ്ക്കും ഉണ്ടായിരുന്നു. കൈ ഓട്ടക്കൈ ആയിരുന്നു. കാശിരിക്കില്ല. കണ്ണീരും കഷ്ടപ്പാടും കണ്ടാല്‍ ചിരിമായും. കൈയിലുള്ളതെന്തോ അതെടുത്ത് നല്‍കും (നടന്‍ ബഹദൂറും ഇങ്ങനെ ആയിരുന്നത്രേ).അവസാനം അഭിനയിച്ചത് "സഞ്ചാരി' എന്ന സിനിമയിലാണ്. അവസാനാളുകളില്‍ കാഴ്ചശക്തി മങ്ങിയിരുന്നു. 1985 ജൂണ്‍ 12ന് അന്തരിച്ചു.

എസ് പി പിള്ളയുടെ പ്രസക്തി

അസുലഭവും ആഹ്ലാദഭരിതവുമായ നര്‍മം മലയാളിക്ക് നല്‍കി എന്നതുതന്നെയാണ് എസ് പി പിള്ളയുടെ ഏറ്റവും വലിയ സംഭാവന. അന്നുവരെ നാടകം, ഓട്ടന്‍തുള്ളല്‍, സാഹിത്യം എന്നീ ശാഖകളില്‍നിന്നിരുന്ന ഹാസ്യത്തെ പുത്തന്‍മാധ്യമമായ "സിനിമ'യ്ക്ക് യോജിക്കുന്ന തരത്തില്‍ എസ് പി പിള്ള അവതരിപ്പിച്ചു. പിന്നീട് വന്ന ഹാസ്യതാരങ്ങള്‍ക്ക് ഒരു നല്ല മാതൃകയോ റഫറന്‍സ് ബുക്കോ ഒക്കെയായി മാറി എസ് പി പിള്ളഹാസ്യം. ഹാസ്യത്തോടൊപ്പം ക്യാരക്ടര്‍ റോളുകളും ചെയ്തു എസ് പി പിള്ള. രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരവും നേടി.സിനിമയില്‍ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്ന സാഹചര്യത്തിലാണ് എസ് പി പിള്ളയുടെ ജന്മശതാബ്ദിദിനം കടന്നുപോയത്. പുരസ്കാരങ്ങളല്ല ഒരു വ്യക്തിയെ സമൂഹത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്. അവാര്‍ഡ് ഇല്ലെങ്കിലും ഹാസ്യത്തിന് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. പക്ഷേ, ഹാസ്യനടനുള്ള പുരസ്കാരം നിര്‍ത്താന്‍ തീരുമാനിക്കുന്നതിന് പറയുന്ന കാരണങ്ങള്‍ ഒന്നാന്തരം ഹാസ്യമാണ്.

ഹാസ്യനടന് അവാര്‍ഡ് കൊടുക്കുകയാണെങ്കില്‍, സങ്കടം എന്ന വികാരം അഭിനയിക്കുന്ന ആളിന് സങ്കട അവാര്‍ഡും ക്രോധം അഭിനയിക്കുന്ന ആളിന് ക്രോധത്തിനുള്ള അവാര്‍ഡ് കൊടുക്കണ്ടേ എന്ന്. ഹാസ്യനടന്‍ അല്ലെങ്കില്‍ ഹാസ്യനടി എന്നുമാത്രം ഒരാളെ ചുരുക്കുന്നത് മോശമല്ലേ എന്ന്. ലോകത്ത് കലയുടെയും സാഹിത്യത്തിന്റെയും ആരംഭംമുതല്‍തന്നെ ഹാസ്യശാഖ ഉണ്ടായിരുന്നു. കലയില്‍ അല്ലെങ്കില്‍ സാഹിത്യത്തില്‍ ഒരു പ്രത്യേക ഭാഗം കാണിക്കുമ്പോള്‍ കാണുന്നവരും വായിക്കുന്നവരുമൊക്കെ ചിരിക്കുന്നു. അരിസ്റ്റോഫെനസ് ഉള്‍പ്പെടെയുള്ള ഒരുവിഭാഗം സാഹിത്യകാരന്മാരെ ആക്ഷേപഹാസ്യ സാഹിത്യകാരന്മാര്‍ എന്നുവിളിക്കുന്നത് അവരെ ചെറുതായി കണ്ടുകൊണ്ടല്ല. കുഞ്ചന്‍നമ്പ്യാരും സഞ്ജയനും ഇ വിയുമൊക്കെ മലയാളിയുടെ മനസ്സില്‍ എന്നും ഹാസ്യക്കാരാണ്. സഞ്ജയനും മറ്റും ഗൗരവമുള്ള വിഷയങ്ങള്‍ എഴുതിയിട്ടുണ്ട്. അതുപക്ഷേ, മറ്റുപലര്‍ക്കും എഴുതാന്‍ സാധിക്കും. എസ് പി പിള്ളയും അടൂര്‍ ഭാസിയും നാഗേഷും ബഹദൂറുമൊക്കെ ചെയ്ത ക്യാരക്ടര്‍വേഷങ്ങള്‍ അതുപോലെയോ കുറച്ചുകൂടി മികച്ചരീതിയിലോ ചെയ്യാന്‍ സാധിക്കുന്ന അനവധിപേരുണ്ട്. പക്ഷേ, അവര്‍ചെയ്ത ഹാസ്യംചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ ഒരുകൈയിലെ വിരലുകള്‍കൊണ്ടുമാത്രം എണ്ണിത്തീര്‍ക്കാവുന്നവരേയുള്ളൂ. രസകരമായി ചിത്രങ്ങള്‍ വരയ്ക്കുന്നവരെ "കാര്‍ട്ടൂണിസ്റ്റുകള്‍' എന്ന് പ്രത്യേകമായി പറയുന്നതും അതുകൊണ്ടാണ്. കാര്‍ട്ടൂണിസ്റ്റിനുമാത്രമായി അവാര്‍ഡ് വേണ്ട, ചിത്രകാരന്മാര്‍ക്ക് പൊതുവെ മതി പുരസ്കാരം എന്നൊക്കെയുള്ള തീരുമാനങ്ങള്‍ ഭാവിയില്‍ വന്നേക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top