11 December Wednesday

ആക്രമണം, മോഷണം; ഭീതി പരത്തി കുറുവ സംഘം

അമ്പിളി ചന്ദ്രമോഹനൻUpdated: Saturday Nov 16, 2024

മോഷണം കുലത്തൊഴിലായി സ്വീകരിച്ച ഒരു സമൂഹമുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അതും നമ്മുടെ ഇന്ത്യയിൽ? എന്നാൽ അങ്ങനെ ഒരു കൂട്ടം ആളുകളുണ്ട്. അവരെ തേടി അധിക ദൂരമൊന്നും പോകേണ്ടതില്ല. കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഇവരുണ്ട്. തമിഴ്‌നാട്ടിലെ പലയിടങ്ങളിലും തിരുട്ട് ഗ്രാമങ്ങളുണ്ട്. അതായത് മോഷണം വംശപരമ്പരയായി കൈമാറി വരുന്ന, ഇപ്പോഴും അത് കുലത്തൊഴിലായി തുടർന്ന് പോകുന്ന ഒരു സംഘം ആളുകൾ. തിരുട്ട് ഗ്രാമങ്ങളിലുള്ള പുരുഷന്മാരും സ്ത്രീകളും എന്തിനു കുട്ടികൾ വരെ മോഷണം തൊഴിലായി സ്വീകരിച്ചിരിക്കുന്നു.

ചെന്നൈ രാംജി നഗറിൽ ഒരു തിരുട്ട് ഗ്രാമമുണ്ട്. രാവിലെ കുളിച്ച് ക്ഷേത്രത്തിൽ പോയി പ്രാർഥിച്ച് നല്ല മുഹൂർത്തം നോക്കി ജോലിക്കിറങ്ങും. തൊഴിൽ മോഷണം. ഏകദേശം 500 കുടുംബങ്ങൾ ഈ ഗ്രാമത്തിലുള്ളതായാണ് കണക്ക്. 18 മോഷണ സംഘങ്ങളും. കുടുംബത്തിലെ ഒരാളെങ്കിലും മോഷ്ടാവായിരിക്കും. അയാൾ പിടിയിലായാൽ മറ്റൊരാൾ ആ സ്ഥാനമേറ്റെടുക്കും. രാംജി നഗർ, തിരുച്ചി, രാമനാഥപുരത്തെ സിക്കൽ, മാനമധുരൈ എന്നിവിടങ്ങൾ മോഷണ സംഘങ്ങൾക്ക് പേരുകേട്ട സ്ഥലങ്ങളാണ്.

കുറുവ സംഘങ്ങളും തിരുട്ട് ഗ്രാമവും

സമീപകാലത്തായി കേരളത്തിൽ കേട്ടുവരുന്ന മോഷണ പരമ്പരകൾക്ക് പിന്നിൽ കുറുവ സംഘമാണെന്നാണ് പൊലീസിന്റെ നി​ഗമനം. ഇവരും തമിഴ്‌നാട്ടിലെ തിരുട്ട് ​ഗ്രാമത്തിലുള്ളവരാണ്.  തിരുട്ട് ഗ്രാമങ്ങളിലെ മോഷണ സംഘങ്ങളിൽവെച്ച് ഏറ്റവും അക്രമകാരികളായ സംഘമാണ് കുറുവ സംഘം അഥവാ നരികുറുവാ. തമിഴ്‌നാട് ഇന്റലിജൻസാണ് ഇക്കൂട്ടർക്ക് കുറുവ സംഘം എന്ന് പേര് നൽകിയത്. ആദ്യ കാലങ്ങളിൽ വിരലിലെണ്ണാവുന്ന തിരുട്ട് ​ഗ്രാമങ്ങളിലെ ആളുകളാണ് സംഘത്തിലുണ്ടായിരുന്നതെങ്കിൽ തമിഴ്‌നാടിന്റെ പലഭാ​ഗങ്ങളിൽ നിന്നുള്ള നൂറോളം പേരുടെ കൂട്ടമാണ് ഇന്നത്തെ കുറുവ സം​ഘം. 18 മുതൽ 60 വയസുവരെ പ്രായമുള്ള ആളുകൾ സംഘത്തിലുണ്ട്.

പാരമ്പര്യമായി കൈമാറി വരുന്ന മോഷണ തന്ത്രങ്ങൾക്കും മെയ്‌കരുത്തിനും പുറമെ ആധുനിക സാങ്കേതിക വിദ്യകളും ഇവർ മോഷണത്തിനായി ഉപയോ​ഗിക്കുന്നു.  പൊതുവെ വിദ്യാഭ്യാസം കുറവാണെങ്കിലും സാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്യുന്നതിൽ അഗ്രഗണ്യരാണിവർ. കേരളമാണ് കുറുവസംഘങ്ങളുടെ പ്രധാന മോഷണ കേന്ദ്രം. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്നതുകൊണ്ടും ഉയർന്ന സ്വർണ ഉപഭോ​ഗമുള്ളതുകൊണ്ടുമാണ് കേരളത്തിലെ സ്ഥലങ്ങൾ ഇവർ വ്യാപകമായി മോഷണത്തിന് തെരഞ്ഞെടുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.



മോഷണ തന്ത്രങ്ങളും ആക്രമണവും

മഴക്കാലമാണ് ഇവരുടെ പ്രിയപ്പെട്ട മോഷണ കാലഘട്ടം. തിരുട്ട് ഗ്രാമങ്ങളിൽ നിന്ന് ഇവർ സംഘങ്ങളായി കേരളത്തിലെത്തും. കൊച്ചി പോലെ തിരക്കുള്ള സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വാടകയ്ക്കോ അല്ലാതെയൊ തമ്പടിക്കും. മൂന്ന് പേരടങ്ങുന്ന സംഘങ്ങളായാവും നരിക്കുറുവ മോഷണത്തിനെത്തുക. അർധ നഗ്നരായി ശരീരത്തിൽ മുഴുവൻ എണ്ണയും കരിയും പൂശിയാണ് മോഷണം. പിടിക്കപ്പെട്ടാൽ അളുകളുടെ കൈയിൽ നിന്നും വഴുതിപ്പോവുക എന്ന ഉദ്ദേശ്യത്തിലാണിത്. കണ്ണുകൾ മാത്രം കാണാവുന്നതരത്തിൽ തുണികൊണ്ട് മുഖം മറച്ചിരിക്കും.

സ്ത്രീകളുൾപ്പടെയുള്ള ഇവരുടെ സംഘാംഗങ്ങൾ ആളൊഴിഞ്ഞ വീടുകളും പ്രായമായവർ താമസിക്കുന്ന വീടുകളും കണ്ടെത്താൻ പകൽ സമയങ്ങളിൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി നടക്കും.  ഉരൽ നിർമാണം, ചൂൽ വിൽപന, ഭിക്ഷാടനം, ആക്രിപെറുക്കൽ, ധനസഹായ ശേഖരണം എന്നിങ്ങനെ പല പ്രവർത്തനങ്ങൾ നടത്തി പകൽ ഇവർ മോഷണത്തിനുള്ള വീടുകൾ കണ്ടെത്തി പരിസരങ്ങൾ വീക്ഷിക്കും. വീടുകൾ നോക്കിവച്ച ശേഷം ആറ് മാസം മുതൽ ഒരു വർഷം വരെ കാത്തിരുന്നാണ് മോഷണം.

മോഷണത്തിന് എത്തുന്ന മൂന്ന് പേരിൽ ഒരാൾക്ക് മാത്രമായിരിക്കും സ്ഥലത്തെക്കുറിച്ചു പരിചയമുണ്ടാകുക. രാത്രിയിൽ  വീടിന്റെ പിന്നിലെ വാതിൽ തകർത്ത് അകത്തു കയറി മോഷണം നടത്തുന്നതാണ് രീതി. പലപ്പോഴും വീടിന് പുറത്ത് കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി വിടുകയോ ചെയ്യാറുണ്ട്. ആ ശബ്ദം കേട്ട് വാതിൽ തുറക്കുന്നയാളെ ആക്രമിച്ച് വീടിനുള്ളിൽ കയറി മോഷണം നടത്തുന്ന രീതിയും ഇവർക്കിടയിലുണ്ട്. വീട്ടിൽ കൂടുതലാളുകൾ ഉണ്ടെങ്കിലാണ് ഈ തന്ത്രം പ്രയോ​ഗിക്കുക. വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കഴുത്തിൽ കത്തിവച്ച് ഭയപ്പെടുത്തിയും സ്വർണവും പണവും കൈക്കലാക്കും. സ്ത്രീകൾ അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ മുറിച്ചെടുക്കുന്ന പതിവുമുണ്ട് ഇവർക്ക്.



മോഷണത്തിന് എത്തുന്നവരിൽ ഒരാളുടെ കയ്യിലാണ് മോഷണ മുതൽ ഉണ്ടാവുക. പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ അയാളെ രക്ഷപ്പെടുത്താനാകും ശ്രമിക്കുക. മോഷണ ശേഷം തിരികെ തിരുട്ട് ​ഗ്രാമത്തിലേക്ക് മടങ്ങും.  കോയമ്പത്തൂർ, മധുര, തഞ്ചാവൂർ, കമ്പം, ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങൾ. സ്ഥിരമായ മേൽവിലാസമോ താമസ സൗകര്യമോ കുറുവ സംഘത്തിലുള്ളവർക്കില്ല. കേരളത്തിൽ പലയിടങ്ങളിലായി സാമാനമായ മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം എറണാകുളം വടക്കൻ പറവൂരിൽ കുറുവ സംഘം എത്തിയതായാണ് സംശയം. തൂയിത്തറ പാലത്തിന് സമീപം കുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ബുധനാഴ്ച വെളുപ്പിനെ രണ്ട് മണിയോടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് സംഘം മോഷ്ടിക്കാനെത്തിയത് അറിയുന്നത്. വീടിന്റെ പിൻവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം.

രണ്ടിൽ കൂടുതൽ ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.  ഈ പ്രദേശത്തെ അഞ്ചോളം വീടുകളിൽ മോഷ്ടാക്കാൾ കയറാൻ ശ്രമിച്ചതായാണ് വിവരം. സംഭവത്തിൽ വടക്കേക്കര പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയിൽ മണ്ണഞ്ചേരി, പുന്നപ്ര എന്നിവിടങ്ങളിലും മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കുറുവ സം​ഘത്തിനായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സംഘത്തിനെതിരെ ജാ​ഗ്രതയുണ്ടാവണമെന്ന് പൊതുജനങ്ങൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top