17 January Sunday

കുടുംബശ്രീ ; മലയാളികളോട് ചേർന്നുനിൽക്കുന്ന മുഖശ്രീ

റഷീദ‌് ആനപ്പുറംUpdated: Tuesday Dec 1, 2020

കുടുംബശ്രീയുടെ കണ്ണെത്താത്ത ഒരു വീടും ഇന്ന് കേരളത്തിൽ ഇല്ല. അത്രമേൽ മലയാളികളോട് ചേർന്നുനിൽക്കുന്ന മുഖശ്രീയാണ് രാജ്യത്തിനു മാതൃകയായ കുടുംബശ്രീ. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത് ‘ജനശ്രീ’യുമായി കോൺഗ്രസ്‌ എത്തിയെങ്കിലും ആഴത്തിൽ വേരോടിയ കുടുംബശ്രീക്കു മുന്നിൽ അത് നാമ്പിട്ടില്ല.  ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീശാക്തീകരണത്തിനും ഇതിന് പകരംവയ്‌ക്കാൻ  മറ്റൊരു കൂട്ടായ്മയില്ല.


ഡിജിറ്റൽ അയൽക്കൂട്ടം
നാലര വർഷത്തിനിടെ  10,926 പുതിയ അയൽക്കൂട്ടംവഴി ഒരു ലക്ഷത്തോളം കുടുംബം പുതുതായി കുടുംബശ്രീയിൽ എത്തി. നിലവിൽ 2.99 ലക്ഷം അയൽക്കൂട്ടത്തിലായി 44.91 ലക്ഷം കുടുംബമുണ്ട്. 20,547 വയോജന അയൽക്കൂട്ടത്തിലായി 2,40,202 അംഗങ്ങൾ. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരുടെ 2227 അയൽക്കൂട്ടത്തിലായി 18,761 പേരും ട്രാൻസ്ജെൻഡറുകളുടെ 14 അയൽക്കൂട്ടത്തിലായി 185 പേരുമുണ്ട്.

തീരദേശ മേഖലയിൽ 756 പുതിയ അയൽക്കൂട്ടം ആരംഭിച്ച്  9340 പേർ അംഗങ്ങളായി. 98 ശതമാനം അയൽക്കൂട്ടങ്ങളും ഡിജിറ്റലാക്കിയതോടെ പ്രവർത്തനങ്ങൾ ഓൺലൈനിലാണ്. എക്‌സിക്യൂട്ടീവ്‌ ഓഫീസർവരെ ഉൾപ്പെടുന്ന വാട്‌സാപ് ഗ്രൂപ്പും ഉണ്ട്‌.

കൂടുതൽ കരുതൽ
കുടുംബശ്രീക്ക്‌ സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം വർധിച്ചു. യുഡിഎഫിന്റെ അവസാന വർഷം 75 കോടി രൂപയായിരുന്ന ബജറ്റ് വിഹിതം ഇപ്പോൾ   275 കോടി രൂപയാക്കി. കേന്ദ്ര-–-സംസ്ഥാന സംയുക്ത പദ്ധതികളിലെ സംസ്ഥാന വിഹിതവുംകൂടി കണക്കാക്കിയാൽ ഏകദേശം 1500 കോടി രൂപയുടെ സാമ്പത്തിക പിന്തുണയാണ് നാലു വർഷംകൊണ്ട്‌ കുടുംബശ്രീക്ക് നൽകിയത്.

സംരംഭകരേ ഇതിലേ
സംസ്ഥാനത്ത്‌  40,000ത്തോളം സംരംഭം ഇക്കാലയളവിൽ പ്രവർത്തനം ആരംഭിച്ചു.അരക്ഷിത സമൂഹാംഗങ്ങൾക്കായി രൂപീകരിച്ച ‘പ്രത്യാശ’ , പ്രളയാഘാതത്തിൽനിന്ന്‌ യുവതി–യുവാക്കളെ രക്ഷപ്പെടുത്താൻ ആവിഷ്കരിച്ച എറൈസ് നൈപുണ്യ പരിശീലനം, വയോജന പരിചരണത്തിനുള്ള ‘ഹർഷം ജെറിയാട്രിക് കെയർ’, സംരംഭക പൊതുസേവന കേന്ദ്രങ്ങൾ, തീരദേശമേഖലയിലെ പ്രത്യേക സംരംഭവികസന പ്രവർത്തനങ്ങൾ എന്നിവയും നടപ്പാക്കി.

ലിങ്കേജ്‌ വായ്‌പ 11,000 കോടി
കുറഞ്ഞ പലിശയ്‌ക്ക് സാധാരണക്കാരുടെ കൈയിലേക്ക് പണം എത്തിക്കാൻ നടപ്പാക്കുന്ന ലിങ്കേജ് വായ്പയിലൂടെ മാത്രം നാലര വർഷത്തിനിടെ നൽകിയത്‌ 11,000 കോടിയലധികം രൂപ.  –- പ്രളയബാധിതർക്ക്   സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പലിശ രഹിതമായ റിസർജെന്റ് കേരള  വായ്‌പാ പദ്ധതിയിലൂടെ 1600 കോടി രൂപ അയൽക്കൂട്ടങ്ങൾക്ക്‌ ലഭ്യമാക്കി.  ഇതിന്റെ   പലിശ സംസ്ഥാനം വഹിക്കുന്നതിലൂടെ 400 കോടി രൂപയുടെ ഇളവ് ലഭിക്കും. കോവിഡ് ആഘാതം ലഘൂകരിക്കാൻ 2000 കോടിയുടെ മുഖ്യമന്ത്രിയുടെ സഹായഹസ്തം പലിശരഹിത വായ്പാ പദ്ധതിയിൽ 1850 കോടി രൂപ ലഭ്യമാക്കി. ഇതിന്റെ പലിശയും  സർക്കാർ വഹിക്കുന്നു.

ആശ്രയക്ക്‌ പുതു ഊർജം
യുഡിഎഫ്‌ സർക്കാർ നിർജീവമാക്കിയ ‘ആശ്രയ’ ‘അഗതിരഹിത കേരള’മെന്ന നിലയിൽ പുനഃസംഘടിപ്പിച്ചു. 1.65 ലക്ഷം ഗുണഭോക്താക്കൾ പദ്ധതിയിലുണ്ട്. തദ്ദേശസ്ഥാപന വിഹിതത്തിനു പുറമെ 100 കോടിയോളം രൂപയാണ് കുടുംബശ്രീ ഇതിന് ചെലവഴിച്ചത്.

ബഡ്‌സ്‌ സ്‌കൂൾ
ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌ പ്രത്യേക പരിശീലനം നൽകാൻ ആരംഭിച്ചതാണ്‌ ബഡ്‌സ്‌ സ്‌കൂൾ. 281 ബഡ്സ് സ്ഥാപനത്തിൽ 95 എണ്ണം മാത്രമാണ് കഴിഞ്ഞ സർക്കാർ സ്ഥാപിച്ചത്‌.  116 എണ്ണം പുതുതായി ആരംഭിച്ചു‌. സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം എല്ലാ ജില്ലയിലേക്കും വ്യാപിപ്പിച്ചു. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ ‘നീതം ക്യാമ്പയിൻ’, സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ ഭാഗമായി സംഘടിപ്പിച്ച അയൽക്കൂട്ട ചർച്ചകൾ ഇതൊക്കെ കുടുംബശ്രീയുടെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ്.

കൃഷിയിൽ സ്വയംപര്യാപ്‌തത
എഴുപതിനായിരത്തോളം ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളാണ് കാർഷിക മേഖലയിലുള്ളത്‌. മൂന്നരലക്ഷത്തോളം  വനിതാ കർഷകർ ഇതിലൂടെ കാർഷിക മേഖലയിലേക്ക്‌ എത്തി. 40,000 ഹെക്ടറിലേറെ ഇവർ കൃഷിയിറക്കി. 179 കോടി രൂപ വായ്പാ ഇനത്തിലും 25 കോടിയലധികംരൂപ ഇൻസെന്റീവായും വിതരണം ചെയ്തു. കാർഷികമേഖലയിൽ മൂല്യവർധനയ്‌ക്ക് 133 ഇടത്തരം യൂണിറ്റും 320 ചെറുകിട യൂണിറ്റും ആരംഭിച്ചു. മൃഗസംരക്ഷണ മേഖലയിൽ ‘ക്ഷീരസാഗരം’ പദ്ധതിയുടെ ഭാഗമായി 1245 യൂണിറ്റ്‌ നാലു വർഷത്തിനിടെ രൂപീകരിച്ചു. 13.30 കോടി രൂപ ഇവർക്ക് സബ്സിഡി നൽകി. നാലായിരത്തോളം കർഷകർക്ക് ആടുവളർത്തൽ യൂണിറ്റിന് 3.65 കോടി രൂപ നൽകി. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 800 ബ്രോയലർ ഫാമും  ആരംഭിച്ചു.

വിശപ്പകറ്റിയ സാമൂഹ്യ അടുക്കള
കോവിഡ് അടച്ചുപൂട്ടലിൽ കേരളത്തിലാരും പട്ടിണി കിടന്നില്ല. കുടുംബശ്രീ പട്ടിണി കിടക്കാൻ സമ്മതിച്ചില്ല എന്നുപറയുന്നതാകും കൂടുതൽ ശരി. ജനകീയ ഹോട്ടലാണ് അവരെ ഊട്ടിയത്. ഒരാൾ പോലും ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നവരുണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌  സംസ്ഥാനത്താകെ 1023 കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചത്. 85 ലക്ഷംപേർക്ക് ഭക്ഷണം നൽകി. ഇതിൽ 76.27 ലക്ഷം പേർക്ക് സൗജന്യമായും 9.58 ലക്ഷം പേർക്ക് സൗജന്യ നിരക്കിലുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top