15 August Monday

നാടിന്റെ 
മുഖശ്രീ ; കുടുംബശ്രീ കാൽനൂറ്റാണ്ട്‌ പിന്നിടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


തിരുവനന്തപുരം
ലക്ഷക്കണക്കിനു സ്‌ത്രീകളെ അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്കെത്തിച്ച കുടുംബശ്രീ കാൽനൂറ്റാണ്ട്‌ പിന്നിടുന്നു. ഈ തണലിൽ 85 ലക്ഷം സ്‌ത്രീകളാണ്‌ സംരംഭകരും തൊഴിൽദാതാക്കളും സമ്പാദ്യശീലരുമൊക്കെ ആയത്‌. 1998 മെയ് 17നാണ്‌ കുടുംബശ്രീ രൂപീകൃതമായത്. ഓരോ വാർഡിലും 10 മുതൽ 20 വരെ പേർ അംഗങ്ങളായിട്ടുള്ള അയൽക്കൂട്ടമാണ്‌ അടിസ്ഥാന ഘടകം. മുകളിൽ എഡിഎസും സിഡിഎസും. നിലവിൽ മൂന്നുലക്ഷം അയൽക്കൂട്ടത്തിലായി 45.85 ലക്ഷം അംഗങ്ങളുണ്ട്‌. സംസ്ഥാനത്ത്‌ ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീശാക്തീകരണത്തിനും പകരംവയ്‌ക്കാൻ  മറ്റൊരു കൂട്ടായ്മയില്ല. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത് ‘ജനശ്രീ’യുമായി കോൺഗ്രസ്‌ എത്തിയെങ്കിലും പച്ചപിടിച്ചില്ല. കുടുംബശ്രീ ആവിഷ്‌കരിക്കുന്ന പദ്ധതികൾക്കു കീഴിൽ അഞ്ചു വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിൽ നൽകുമെന്നാണ്‌ പുതിയ ബജറ്റ്‌ പ്രഖ്യാപനം. തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനത്തിലൂടെ എട്ടു ലക്ഷം പേർക്കും തൊഴിൽ നൽകും. പദ്ധതികൾക്കായി 260 കോടി രൂപയാണ്‌ സർക്കാർ വകയിരുത്തിയത്‌.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌ പ്രത്യേക പരിശീലനം നൽകാൻ കുടുംബശ്രീയുടെ മേൽനോട്ടത്തിൽ ആരംഭിച്ച ബഡ്‌സ്‌ സ്‌കൂൾ  പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്‌. സ്ത്രീകളുടെ സാമൂഹ്യ ഇടപെടൽശേഷിയും കാര്യശേഷിയും വർധിപ്പിച്ച് മുന്നേറുകയാണ്‌ ഈ മഹാ പ്രസ്ഥാനം.

ആഘോഷങ്ങൾക്ക്‌ 
ഇന്ന്‌ തുടക്കം
കുടുംബശ്രീയുടെ ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷത്തിന്‌ ചൊവ്വാഴ്‌ച തുടക്കം. രാവിലെ 10ന് തിരുവനന്തപുരം ഗിരിദീപം കൺവൻഷൻ സെന്ററിൽ തദ്ദേശ മന്ത്രി എം വി  ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാനത്തെ വനിതാ മന്ത്രിമാരും മേയർ ആര്യ രാജേന്ദ്രനും പങ്കെടുക്കും. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരുടെ സംഗമവും നടക്കും. പകൽ 11.30 മുതൽ നവകേരള സൃഷ്ടിയും കുടുംബശ്രീയും എന്ന വിഷയത്തിലെ ചർച്ചയിൽ ഡോ. ടി എം തോമസ്‌ ഐസക്‌, തദ്ദേശഭരണ സെക്രട്ടറി ശാരദ മുരളീധരൻ, ഡോ. ടി എൻ സീമ തുടങ്ങിയവർ പങ്കെടുക്കും. 1.30 മുതൽ ആരംഭിക്കുന്ന ‘സാമ്പത്തിക വികസനം കുടുംബശ്രീയുടെ പങ്ക്‌’ വിഷയത്തിലെ ചർച്ചയിൽ പി  കെ ശ്രീമതി, ഡോ. ജിജു പി അലക്‌സ്‌, ടി കെ ജോസ്‌ തുടങ്ങിയവരും 2.45 മുതൽ ആരംഭിക്കുന്ന ‘ലിംഗപദവി തുല്യതയും–- മുൻഗണനാ സമീപനവും’ ചർച്ചയിൽ ഡോ. ജെ ദേവിക, എൻ ജഗജീവൻ, ശ്യാമ എസ്‌ പ്രഭ തുടങ്ങിയവരും പങ്കെടുക്കും.


 

വീട്ടുമുറ്റത്തെ ബാങ്ക്‌
വട്ടിപ്പലിശക്കാർ വീട്ടുപടിക്കൽ കയറിയിറങ്ങുന്ന കാഴ്‌ച 1998 വരെ കേരളത്തിൽ സാധാരണമായിരുന്നു. കിട്ടുന്ന തുച്ഛവരുമാനം മുഴുവൻ ഊറ്റുന്ന ഈ കൂട്ടരിൽനിന്ന്‌ വീടുകളെ രക്ഷിച്ചത്‌ കുടുംബശ്രീ അയൽകൂട്ടങ്ങളാണ്‌. ആഴ്ച തോറുമുള്ള നിക്ഷേപം വഴി നാമമാത്ര പലിശയ്‌ക്ക്‌ അംഗങ്ങൾക്ക്‌ വായ്‌പ നൽകാൻ വീട്ടുമുറ്റത്തെ ഈ ബാങ്കിനായി. വ്യക്തിപരമായ ആവശ്യത്തിനോ ചെറുകിട സംരംഭം തുടങ്ങാനോ സ്‌ത്രീകൾക്ക്‌ മറ്റാരുടെയും മുന്നിൽ കൈ നീട്ടണ്ട എന്ന സ്ഥിതി ഇതുണ്ടാക്കി. അയൽകൂട്ടങ്ങൾക്ക്‌ വായ്പ നൽകാൻ  ബാങ്കുകൾ  ക്യൂ നിൽക്കുകയാണ്‌. കാര്യം കൃത്യമായ തിരിച്ചടവാണ്‌. ഒപ്പം സംസ്ഥാനത്തെ വിവിധ ബാങ്കിലായി വിവിധ അയൽക്കൂട്ടങ്ങളുടെ പേരിലുള്ള 5091.45 കോടി രൂപയുടെ ഉറപ്പും. അയൽക്കൂട്ട അംഗങ്ങൾക്ക്  കുറഞ്ഞ പലിശ നിരക്കിൽ ഈടില്ലാതെ വായ്പ ലഭ്യമാക്കുന്ന ബാങ്ക് ലിങ്കേജ് പദ്ധതിയും ശ്രദ്ധേയമാണ്. കോവിഡ്‌കാലത്ത്‌ ആവിഷ്‌കരിച്ച ‘മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി'പ്രകാരം  25.15 ലക്ഷം അയൽക്കൂട്ട അംഗങ്ങൾക്ക്‌ 1917.55 കോടി രൂപ നൽകിയിരുന്നു. പലിശ സബ്സിഡി ഇനത്തിൽ 165.04 കോടി രൂപയും ലഭ്യമാക്കി.


 

അച്ചാർ മുതൽ ഐടി വരെ ; കേരളാ ബ്രാൻഡ്
കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തിന്റെ സ്വന്തം ബ്രാൻഡാകാൻ കുടുംബശ്രീക്കായി. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക്‌ മെച്ചപ്പെട്ട വിപണിയും വിലയും എവിടെയും ഉറപ്പാണ്. വിശാലമായ വിപണന മേളയ്ക്കൊപ്പം ബസാർ ഡോട്ട് കോം എന്ന പേരിൽ ഓൺലൈൻ വിപണന രംഗത്തും ഈ സ്‌ത്രീ കൂട്ടായ്‌മ ചുവടുറപ്പിച്ച് കഴിഞ്ഞു. ആമസോൺ, സഹേലി, ഫ്‌ളിപ് കാർട്ട് ആപ്പുകളിലും പ്രധാന ആകർഷകമാണ്‌ ഈ ഉൽപ്പന്നങ്ങൾ.  ഇതേ മികവ്‌  കൃഷിയിലും മൃഗപരിപാലനത്തിലും തുടരുന്നു. 74776 കാർഷിക കൂട്ടായ്മ വഴി 33,310.05 ഹെക്ടറിൽ 3,43,271 വനിതാ കർഷകരാണ്‌ കൃഷിയിറക്കുന്നത്‌. ആട് ഗ്രാമം, ക്ഷീരസാഗരം, കേരള ചിക്കൻ പദ്ധതിയിലൂടെ മൃഗസംരക്ഷണവും.  2 ഐടി യൂണിറ്റും ഒരു ഐ ടി കൺസോർഷ്യവും 19 ട്രെയിനിങ്‌ ഗ്രൂപ്പും കുടുംബശ്രീക്ക്‌ സ്വന്തമായുണ്ട്‌.

 

പടർന്നു 
പന്തലിച്ച്
ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിലാണ്‌ കുടുംബശ്രീ പടർന്നുപന്തലിച്ചത്‌. ദാരിദ്ര്യ നിർമാർജനത്തിന്‌  നൂതന മാർഗം എന്നതായിരുന്നു ആശയം. 1997-–-98ലെ സംസ്ഥാന ബജറ്റിലാണ്‌ എൽഡിഎഫ്‌ സർക്കാർ ഈ പ്രഖ്യാപനം നടത്തിയത്‌.  സ്ത്രീകേന്ദ്രീകൃതവും പങ്കാളിത്താധിഷ്ഠിതവുമായ ഒരു സമഗ്ര പദ്ധതിയായി അതിനെ രൂപപ്പെടുത്തി. പിന്നീടത്‌ നബാർഡിന്റെ സഹായത്തോടെയുള്ള സമ്പൂർണ ദാരിദ്ര്യ നിർമാർജന യജ്ഞം എന്ന നിലയിലേക്ക്‌ ഉയർന്നു. പദ്ധതിയെ മാതൃകയാക്കാൻ വിവിധ രാജ്യങ്ങളിൽനിന്നുവരെ പഠന സംഘങ്ങൾ എത്തി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top