ആലപ്പുഴ
കറുവത്തടം പാടത്തെ ആറര ഏക്കറിൽ നൂറു മേനി–-ആറു വർഷംമുമ്പ് അവരാറുപേർ കണ്ട ഹരിത സ്വപ്നം... പക്ഷേ കനത്തമഴ അവരെ തകർത്തു. വായ്പ തിരിച്ചടവു മുടങ്ങി. നിരാശരായില്ല. വീണ്ടുമിറങ്ങി. ‘ഉമ’വിതച്ചു, കൊയ്തു. നൂറു മേനി–-വെളിയനാട് പഞ്ചായത്ത് 11–-ാം വാർഡിലെ കീർത്തി കുടുംബശ്രീക്ക് കീഴിൽ കൃപ ജെഎസ്ജിയുടെ (ജോയിന്റ് ലയബലിറ്റി ഗ്രൂപ്പിന്റെ) കഥയാണിത്. ചമ്പക്കുളത്തെ അന്നപൂർണയ്ക്കും മണ്ണഞ്ചേരിയിലെ സമ്പൽസമൃദ്ധിക്കും എഴുപുന്നയിലെ ഹരിതശ്രീക്കും നൂറനാട്ടെ പൗർണമിക്കും പറയാനുള്ളത് സമാന വിജയ കഥകൾ.
സോമവല്ലി (പ്രസിഡന്റ്), കോമളം സദാനന്ദൻ (സെക്രട്ടറി), ബിൻസി ജിമ്മിച്ചൻ, സജിനി ഷാജി, ലത കുഞ്ഞുമോൻ, നളിനാക്ഷി എന്നിവരാണ് വെളിയനാട്ടെ കൃപ ജെഎൽജി. 2014ലാണിവർ നെൽകൃഷി തുടങ്ങുന്നത്. ഒന്നര പതിറ്റാണ്ട് തരിശുകിടന്ന പാടത്തെ ചൊറിത്തൂവയും അരളിയും തൊട്ടാവാടിയും വെട്ടിമാറ്റി നിലമൊരുക്കാൻ തൊഴിലുറപ്പുകാർക്കൊപ്പം അംഗങ്ങളുമിറങ്ങി. പാടം തെളിഞ്ഞു. പക്ഷേ വെള്ളമില്ല. തൂമ്പയും മമ്മട്ടിയും എടുത്തിറങ്ങി. ചാലു കീറി വെള്ളമെത്തിച്ചു.
ഉമ വിത്താണ് വിതച്ചത്. നല്ല വിള. കതിരിന് സ്വർണ നിറമായി. കൊയ്ത്തിനൊരുങ്ങുമ്പോൾ കാലംതെറ്റി മഴ. പാടം വെള്ളത്തിലായി. പിന്നാലെ ഉപ്പുവെള്ളം കയറി. കൃഷിനശിച്ചു. വായ്പാതിരിച്ചടവ് മുടങ്ങി. പക്ഷേ, അടുത്ത കൃഷിക്ക് സമയമായപ്പോൾ എല്ലാവരും ഉഷാറായി. രണ്ടും കൽപ്പിച്ച് കൃഷി ഇറക്കി. ഇക്കുറി കാലാവസ്ഥ ചതിച്ചില്ല. നല്ല വിളവ്. നെല്ല് വിറ്റ് കടം വീട്ടി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അതോടെ കൃഷി വിപുലീകരിക്കാൻ തീരുമാനം. രണ്ടര ഏക്കർ പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിക്കൊരുങ്ങി. ചേനയും കപ്പയും പയറും ചീരയും വെണ്ടയും പച്ചമുളകുമൊക്കെ ഇവിടെ ഒരുക്കും.
കൃഷി വ്യാപനത്തിന് ജില്ലയിലാകെ 5461 ജെഎൽജികളാണ് രൂപീകരിച്ചത്. സംസ്ഥാനത്ത് 71572 ജെഎൽജികളിലായി 354122 വനിതകൾ 50000 ഹെക്ടറിൽ കൃഷി നടത്തുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..