16 July Tuesday

‘ചീനക്കൊട്ടാരം വിൽക്കാനുണ്ട‌്’

ജയൻ ഇടയ്ക്കാട്Updated: Friday Feb 8, 2019


കൊല്ലം
നഗരത്തിൽ ശിൽപ്പഭംഗിയോടെ ഉയർന്നുനിൽക്കുന്ന ചീനക്കൊട്ടാരത്തിന്റെ ചരിത്രവിശേഷങ്ങളിൽ കൊല്ലത്തിന്റെ മനസ്സുണ്ട‌്. സ്വീകരിക്കാനുള്ള മനസ്സ‌്. കടൽകടന്നെത്തിയ വ്യാപാരികളെ സ്വീകരിച്ചത‌്, അവരോടൊപ്പം നിന്നത‌്, അവരുടെ സംസ‌്കാരത്തിന്റെ വൈവിധ്യങ്ങളെ ഉൾക്കൊണ്ടത‌്. അത‌് നിർമാണത്തിൽ, കലയിൽ, എഴുത്തിൽ, സ്വാദിൽ സ്വാധീനിച്ചത‌്. 

ഒമ്പതാം നൂറ്റാണ്ടിൽ ചൈനയിൽ നിലനിന്ന ശിൽപ്പകലയുടെ മാസ‌്മരികത ചീനക്കൊട്ടാരത്തിൽ കാണാം. അത‌് ഇനി വിൽക്കാനുണ്ട‌് എന്ന‌് ബോർഡ‌് വച്ചാലും കൊല്ലത്തുകാർ പറയും; ‘ഇല്ല, അതൊരു സംസ‌്കാരമാണ‌്. വിൽക്കാനുള്ളതല്ല’ എന്ന‌്. കാരണം, ആ പഴഞ്ചൊല്ലിൽ തന്നെയുണ്ട‌്: ‘കൊല്ലം കണ്ടവന‌് ഇല്ലം വേണ്ട.’

ഈ സ്വാധീനങ്ങൾ ചിത്രകലയിലും എഴുത്തിലുമെല്ലാം കാണാം. രാജൻ കാക്കനാടനും  കൊല്ലം ശിവനും ജയപാലപ്പണിക്കരും പാരീസ‌് വിശ്വനാഥനും മറ്റും കൊല്ലത്തിന്റെ ചിത്രകലയെ ലോകനിലവാരത്തിലെത്തിച്ചു. അഷ്ടമുടിക്കായലോരത്ത‌് അതിഥിയായെത്തിയവർ കൊല്ലം ‘സ്വദേശ’മാക്കി. കാക്കനാടന‌് ‘ഉഷ‌്ണരാശി’യായപ്പോൾ കെ പി അപ്പന‌് ക്ഷോഭിക്കുന്നവരുടെ ‘സുവിശേഷ’മുണ്ടായി.

പൊതുരംഗത്ത‌് സംശുദ്ധ രാഷ്ട്രീയത്തിന്റ മൂല്യമുയർത്തിയവർക്ക‌് പലപ്പോഴും പ്രാമുഖ്യം ലഭിച്ചതും എടുത്തുപറയേണ്ടതാണ‌്. പരമ്പരാഗത തൊഴിൽമേഖലയും ജീവസന്ധാരണത്തിന‌് കായലും കടലും ആശ്രയമാക്കിയവരും കൊല്ലം മണ്ഡലത്തിന്റെ നാഡീഞരമ്പുകളാണ‌്. ഇവരുടെ ഹൃദയം ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിക്കുന്നു. കശുവണ്ടി, മത്സ്യം, കയർ, കൈത്തറി തൊഴിലാളികളുടെ കർമഭൂമി. കൊല്ലം കോർപറേഷനും നാല‌് മുനിസിപ്പാലിറ്റിയും 35ൽ 31 പഞ്ചായത്തും എൽഡിഎഫ‌് ഭരണത്തിലാണ‌്.

എൽഡിഎഫ‌് സർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികളുടെ വേഗവും ജനകീയ പ്രശ്‌നങ്ങളിൽ വൈകാതെയുള്ള ഇടപെടലും ശക്തമായ നിലപാടും കൂടുതൽ ജനങ്ങളെ എൽഡിഎഫിലേക്ക‌് അടുപ്പിച്ചുകഴിഞ്ഞു. വികസനത്തിൽ കൊല്ലം ബൈപാസ‌ുമുതൽ പറയാനുണ്ട‌്. പാരിപ്പള്ളി മെഡിക്കൽകോളേജിന് ഇപ്പോൾ കേരള സർക്കാർ എന്ന മേൽവിലാസമുണ്ട്. ലോക ടൂറിസം മാപ്പിൽതന്നെ സ്ഥാനംപിടിച്ച‌് പറക്കുകയാണ‌് ചടയമംഗലത്തെ ജഡായുപ്പാറ. 

തെരഞ്ഞെടുപ്പ‌് ഗോദ സജീവമായതോടെ വികസനത്തോടൊപ്പം സംശുദ്ധരാഷ്ട്രീയവും പ്രധാന വിഷയമാണ‌്. 2014ൽ തന്നെ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ ബിജെപിയുടെ സഹായത്തോടെയാണ‌് ജയിച്ചതെന്ന‌ത‌് ചർച്ചയായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് എത്തിയ നരേന്ദ്ര മോഡിയെ സംഘപരിവാറുമായുള്ള ഇഴപിരിയാത്ത ബന്ധംമൂലം കൊല്ലം ബൈപാസ് ഉദ്ഘാടനംകൂടി നടത്താൻ ഏൽപ്പിച്ച് പ്രേമചന്ദ്രൻ സംയുക്ത ചുവടുവയ്പ് നടത്തി. കോൺഗ്രസ‌് ടിക്കറ്റിൽ ജയിക്കുകയും ബിജെപിയുടെ ബക്കറ്റിൽ വീഴുകയും ചെയ‌്ത കോൺഗ്രസുകാർ ഉത്തരേന്ത്യയിൽ വർധിക്കുന്ന സാഹചര്യവുമുണ്ട‌് എന്ന‌് ടിപ്പണി.

1956ലെ ഒന്നാംമണ്ഡല പുനർനിർണയംമുതൽ 2005ലെ നാലാം പുനർനിർണയംവരെ കൊല്ലം ജില്ലയുടെ പല ഭാഗങ്ങൾ കൊല്ലം ഉൾപ്പെടെ ആറ് ലോക്‌സഭാമണ്ഡലങ്ങളുമായി അതിർത്തിപങ്കിട്ടിട്ടുണ്ട്. ചിറയിൻകീഴ്, തിരുവല്ല, അടൂർ, മാവേലിക്കര, ആലപ്പുഴ, കൊല്ലം.  കരുനാഗപ്പള്ളി നാലാം പുനർനിർണയത്തിൽ  ആലപ്പുഴയോട‌് ചേർത്തു. 

ദീർഘകാലം സി എൻ ശ്രീകണ‌്ഠൻനായർ പ്രതിനിധാനംചെയ‌്ത മണ്ഡലമാണ‌് കൊല്ലം. പി കെ കൊടിയൻ, ആർ എസ‌് ഉണ്ണി, ജനാർദനക്കുറുപ്പ‌്, എം എ ബേബി, കെ കൃഷ‌്ണകുമാർ, പി രാജേന്ദ്രൻ തുടങ്ങി ഒട്ടേറെ പ്രമുഖർ മത്സരിച്ചു.


പ്രധാന വാർത്തകൾ
 Top