19 February Tuesday

കൊച്ചി മെട്രോ, വയസ്സ‌് 1

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018

 

നാളെയുടെ നഗരത്തിന‌് മെട്രോ റെയിൽ സ്വന്തമായിട്ട‌് ഒരുവർഷം. 2017 ജൂൺ 17 നാണ‌് കൊച്ചി മെട്രോയുടെ ഉദ‌്ഘാടനം പ്രധാനമന്ത്രി  നരേന്ദ്രമോഡി നിർവഹിച്ചത‌്. 19 മുതൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ‌് തുടങ്ങി. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്നു ആദ്യ സർവീസ‌്. ഒക‌്ടോബറിൽ മഹാരാജാസ‌് കോളേജ‌് വരെ സർവീസ‌് നീട്ടി.  ഇതിന്റെ ഉദ‌്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ‌് നിർവഹിച്ചത‌്.
ഒരുവർഷത്തിനുള്ളിൽ മെട്രോ നഗരത്തിന്റെ മുഖച്ഛായ മാറ്റി. പുതിയൊരു ഗതാഗത സംസ‌്കാരത്തിന‌് മെട്രോ തുടക്കമിട്ടു. മെട്രോയുടെ തൂണുകളുടെ നമ്പർ നഗരത്തിന്റെ പ്രധാന ദിശാസൂചകങ്ങളായി. പല വ്യാപാരസ്ഥാപനങ്ങളും മെട്രോയുടെ ഇന്ന നമ്പർ തൂണിനടുത്ത‌് എന്നു പരസ്യം നൽകിത്തുടങ്ങി.

ദൂരദേശങ്ങളിൽനിന്ന‌് നഗരത്തിലെത്തുന്നവർ മെട്രോയിൽ ഒരു യാത്ര നിർബന്ധമാക്കി. യാത്രാ നിരക്കിനെപ്പറ്റി തുടക്കത്തിൽ ചെറിയ ആശങ്ക ഉയർന്നിരുന്നെങ്കിലും ഇത‌് തെറ്റാണെന്ന‌് പിന്നീടു തെളിഞ്ഞു. ഒരു വർഷം കൊണ്ടുതന്നെ മെട്രോയുടെ ന‌ഷ‌്ടം പകുതിയായി കുറയ‌്ക്കാൻ കഴിഞ്ഞത‌് ജനങ്ങൾ എത്രത്തോളം ‘ആകാശവണ്ടി’യെ ഇഷ‌്ടപ്പെടുന്നു എന്നതിന‌് നേർസാക്ഷ്യമാകുന്നു.

പോരാട്ടത്തിന്റെയും സഹനത്തിന്റെയും വളരെക്കാലത്തെ ചരിത്രം കൊച്ചി മെട്രോയ‌്ക്ക‌് പറയാനുണ്ട‌്. പദ്ധതി നടത്തിപ്പിൽനിന്ന‌് ഡിഎംആർസിയെയും  ലോകമറിയുന്ന ടെക‌്നോക്രാറ്റ‌് ഡോ. ഇ ശ്രീധരനെയും ഒഴിവാക്കി വൻ അഴിമതിക്ക‌് അവസരമൊരുക്കാനായിരുന്നു യുഡിഎഫ‌് സർക്കാരിന്റെ ശ്രമം.

ഇതിനെതിരെ കടുത്ത ചെറുത്തുനിൽപ്പാണ‌് ജനങ്ങൾ നടത്തിയത‌്. സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യമെട്രോയും പ്രതിരോധത്തിന്റെ പുതുചരിത്രമെഴുതി. നിർമാണം ആരംഭിച്ച ശേഷം ജനങ്ങൾക്ക‌്  ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. ജീവിതമാർഗമായ കടമുറികൾ നഷ‌്ടപ്പെട്ടവർ, വീടിന്റെ പൂമുഖം വരെ പോയവർ, തിരക്കൊഴിഞ്ഞ എംജി റോഡ‌്, അന്തമില്ലാത്ത ഗതാഗതക്കുരുക്ക‌്, രാത്രിയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഗതാഗത നിയന്ത്രണം തുടങ്ങി എണ്ണമറ്റ നഷ‌്ടത്തിനും സഹനത്തിനും മീതെയാണ‌് മെട്രോയുടെ പ്രയാണം. യാത്രക്കാരുമായി ബന്ധപ്പെട്ട എല്ലാ ചുമതലയും പൂർണമായി സ‌്ത്രീകൾ നിർവഹിക്കുന്ന ലോകത്തിലെ ആദ്യമെട്രോ എന്ന ഖ്യാതിയും കൊച്ചി മെട്രോ സ്വന്തമാക്കി. കൂടാതെ ട്രാൻസ‌്ജെൻഡറുകൾക്ക‌് ജോലി നൽകിയതും സവിശേഷ ശ്രദ്ധ ആകർഷിച്ചു. 

2019 ജൂണിൽ മെട്രോ തൈക്കൂടം വരെയെത്തും. നാലു മാസത്തിനുള്ളിൽ തുടർന്ന‌്  പേട്ടയിലേക്കെത്തും. തൃപ്പൂണിത്തുറ റെയിൽവേ സ‌്റ്റേഷനിലേക്ക‌് എത്തിക്കാനുള്ള നടപടികളും പൂർത്തിയായി വരികയാണ‌്. രണ്ടാംഘട്ടമായി പാലാരിവട്ടത്തുനിന്ന‌് ഇൻഫോ പാർക്ക‌്, സ‌്മാർട‌്സിറ്റി വരെ സർവീസ‌് ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. തീർന്നില്ല, നെടുമ്പാശേരിയും പശ‌്ചിമ കൊച്ചിയുമുൾപ്പെടെ വിവിധ ഭാഗങ്ങളിലേക്ക‌് മെട്രോ ട്രെയിൻ കുതിച്ചുപായുകയും ഇതിന‌് അനുബന്ധമായി ജലമെട്രോയും ബസുകളും ഓട്ടോ ടാക‌്സികളും ഇലക‌്ട്രിക‌് വാഹനങ്ങളും അടങ്ങുന്ന സംയോജിത ഗതാഗത പദ്ധതിയാണ‌് നഗരത്തിന‌് സ്വന്തമാകുന്നത‌്. ലോകത്തിൽ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ‌് കൊച്ചി. നിലവിലുള്ള വളർച്ചയുടെ തോത‌് അനുസരിച്ച‌്, 2030 കളിൽ നഗരം വടക്ക‌് ഷൊർണൂർ വരെയും തെക്ക‌് കൊല്ലം വരെയും കിഴക്ക‌് മൂന്നാർ വരെയും വ്യാപിക്കുമെന്നാണ‌് നഗരാസൂത്രണ വിദഗ‌്ധർ പറയുന്നത‌്. നഗര വ്യാപനത്തിന‌് അനുസരിച്ച‌് മെട്രോ ട്രെയിനുകൾ ഇനിയും കാതങ്ങൾ താണ്ടി കുതിക്കും.  ഇതിനു കാത്ത‌് നാളെയുടെ നഗരവും അവിടത്തെ ജനങ്ങളും..

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top