17 June Monday

ഇടിച്ച ‘കപ്പലും’ പച്ചപിടിച്ച ‘കെമിക്കലും’

മിൽജിത‌് രവീന്ദ്രൻUpdated: Thursday Feb 14, 2019

കൊച്ചി
ഇന്നു കാണുന്ന വിശാലനഗരമൊക്കെ രൂപപ്പെടുന്നതിനുമുമ്പ‌് ഈ കടലോര  പട്ടണത്തിന്റെ അഭിമാനചിഹ്നമായി തല ഉയർത്തിയിരുന്നത‌് ഒരു കമാനമാണ‌്; കൊച്ചിൻ ഷിപ‌്‌യാർഡ‌്. പൊതുമേഖലാ വ്യവസായങ്ങളുടെ ഉന്നതിയെയും സൂചിപ്പിച്ചിരുന്നു അത‌്. എന്നാൽ, കേന്ദ്രത്തിലെ കോൺഗ്രസ‌്, ബിജെപി സർക്കാരുകൾ ഷി‌പ‌്‌യാർഡിനെ വിറ്റുതുലയ‌്ക്കാനാണ‌് ശ്രമിച്ചത‌്. ഇപ്പോൾ ഓഹരിവിൽപ്പന തുടങ്ങി. ആകാശംമുട്ടെ ഉയർന്നുപോകുന്ന കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ ഇപ്പോൾ ഈ കമാനം കാണാൻതന്നെ പറ്റാത്ത സ്ഥിതിയായി. കപ്പൽശാലയുടെ ഭാവിയെക്കുറിച്ചും ഇതേ ആശങ്കതന്നെയാണ‌് തൊഴിലാളികൾക്കും നാട്ടുകാർക്കുമുള്ളത‌്. അതുകൊണ്ട‌്,  എറണാകുളത്ത‌് ഇപ്പോൾ  പ്രധാന ചർച്ചാവിഷയം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയവ്യത്യാസംതന്നെ. 

കേന്ദ്ര പൊതുമേഖലാസ്ഥാപനം ഫാക്ട‌് രോഗാതുരമാണ‌്. 15,000 ൽ അധികംപേർ തൊഴിലെടുത്തിരുന്ന ഇവിടെ അവശേഷിക്കുന്നത‌് 1200ഓളം പേർ. എന്നാൽ, മുമ്പ‌് ഇതേ അവസ്ഥയിലേക്ക‌് കൂപ്പുകുത്തിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളാകട്ടെ തിരിച്ചുവരവിന്റെ പാതയിലും. 23 വർഷത്തിനുശേഷം ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസും (ടിസിസി) ലാഭത്തിലായി. ഇത‌് എൽഡിഎഫ‌് സർക്കാർ സ്വീകരിച്ച നയപരിപാടിയുടെ ഫലമാണ‌്. കേരളത്തിന്റെ വ്യവസായകേന്ദ്രവും മെട്രോ നഗരവുമായ എറണാകുളം ഇന്ന‌് ലോകത്ത‌് അറിയപ്പെടുന്ന ഐടി ഹബ്ബായി വളരുന്നു. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ, വല്ലാർപ്പാടം കണ്ടെയ‌്നർ ടെർമിനൽ, സ‌്മാർട്ട‌് സിറ്റി, ഇൻഫോ പാർക്ക‌്, കൊച്ചി മെട്രോ തുടങ്ങി വികസനത്തിന്റെ നേർചിത്രങ്ങൾ കാണാവുന്ന മണ്ഡലംകൂടിയാണ‌് എറണാകുളം.

വൈക്കം മുഹമ്മദ‌് ബഷീർ എന്ന ഇതിഹാസം തലച്ചുമടായി നടന്ന‌് പുസ‌്തകം വിറ്റ ഹൈക്കോടതി പരിസരത്തിന‌് പറയാനുണ്ട‌് കഥകളേറെ. ഇടിമുഴക്കംപോലെ മഹാരാജാസിൽനിന്നുയരുന്ന ശബ്ദങ്ങളിൽ മുദ്രാവാക്യങ്ങളുണ്ട‌്,  കടലിരമ്പംപോലെ  കവിതയുണ്ട‌്. കേരളത്തിന്റെ വ്യാപാര–-വാണിജ്യ കേന്ദ്രമായ ഈ നഗരത്തിൽ  മത്സ്യത്തൊഴിലാളികളും പരമ്പരാഗത വ്യവസായത്തൊഴിലാളികളും ആധുനിക വ്യവസായത്തൊഴിലാളികളും കൈകോർത്ത‌് ജീവിക്കുന്നു.  കർഷകത്തൊഴിലാളികളും ഇടത്തരക്കാരും ഐടി തലമുറയും  മുഖചിത്രമെഴുതുന്ന എറണാകുളം മണ്ഡലത്തിന്റെ ചരിത്രം വഴിമാറുകയാണ‌്.

കേരളപ്പിറവിക്കുശേഷം 1957ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് നേതാവ‌് എ എം തോമസ‌് വിജയിച്ചു. 1962ൽ അദ്ദേഹം ജയം ആവർത്തിച്ചു. 1967ൽ സിപിഐ എമ്മിലെ വി വിശ്വനാഥമേനോൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1971ലും 77 ലും കോൺഗ്രസിലെ ഹെൻട്രി ഓസ‌്റ്റിൻ എംപിയായി. 1980ൽ കോൺഗ്രസിലെ സേവ്യർ അറയ‌്ക്കലും. 1984 മുതൽ 91 വരെ തുടർച്ചയായി മൂന്നുവട്ടം വിജയിച്ച കെ വി തോമസിനെ 1996ൽ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറയ‌്ക്കൽ പരാജയപ്പെടുത്തി. സേവ്യർ അറയ‌്ക്കലിന്റെ മരണത്തെ തുടർന്ന‌് 1997ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച സെബാസ‌്റ്റ്യൻ പോൾ വിജയിയായി. 1998ലും 1999ലും കോൺഗ്രസിലെ ജോർജ‌് ഈഡൻ വിജയിച്ചു. ജോർജ‌് ഈഡന്റെ മരണത്തെ തുടർന്ന‌് 2003ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സെബാസ‌്റ്റ്യൻ പോൾ വീണ്ടും എംപിയായി.  2004 ലും സെബാസ‌്റ്റ്യൻ പോൾ സീറ്റ‌് നിലനിർത്തി. തുടർന്ന‌് 2009ലും 2014ലും കെ വി തോമസ‌് വിജയിച്ചു.

കെ വി തോമസ‌് ഇത്തവണയും മത്സരിക്കാൻ ഒരുങ്ങിയിരിക്കെ കോൺഗ്രസിൽ  കലാപക്കൊടി ഉയർന്നുകഴിഞ്ഞു. കോൺഗ്രസിലെ പ്രമുഖ നേതാക്കളടക്കം പരസ്യമായി രംഗത്തുവന്നിരിക്കയാണ‌്. 

ആറിൽ 3 നഗരസഭകളും  24 ൽ 15 ഗ്രാമപഞ്ചായത്തുകളും എൽഡിഎഫ‌് ഭരണത്തിലാണ‌്. കൊച്ചി കോർപറേഷനിൽ യുഡിഎഫ‌് ഭരണമാണ‌്. മണ്ഡലത്തിൽ ഉണ്ടായിരുന്ന യുഡിഎഫ‌് മേൽക്കൈ അവസാനിച്ചു കഴിഞ്ഞു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽത്തന്നെ അതിന‌് തുടക്കംകുറിച്ചിരുന്നു. എന്നാൽ, ഇന്ന‌് ഇടതുപക്ഷവുമായി കൂടുതൽ നഗരവാസികളും ഗ്രാമീണരും അടുത്തു.

വ്യവസായനഗരത്തിന്റെ മുഖഛായതന്നെ മാറ്റുന്ന വികസനപ്രവൃത്തികളുടെ വേഗമാണ‌് ഇവരെ മാറ്റി ചിന്തിപ്പിക്കുന്ന ഒരു ഘടകം. മറ്റൊന്ന‌്, രാജ്യത്തെ ഫാസിസ്റ്റ‌് വാഴ‌്ചയിലേക്ക‌് നയിക്കുന്ന ബിജെപി ഭരണത്തെ നേരിടാൻ ആരാണ‌് പാർലമെന്റിലേക്ക‌് പോകേണ്ടതെന്ന കാര്യത്തിൽ ന്യൂനപക്ഷങ്ങളിലടക്കം ഉണ്ടായിട്ടുള്ള ചിന്തയും.  2014ലെ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 87,047 വോട്ട‌് ആയിരുന്നെങ്കിൽ  ക ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അത‌് പകുതിയിലേറെ ഇടിഞ്ഞ‌് 41,791 ആയിരുന്നു.

 

        


പ്രധാന വാർത്തകൾ
 Top