03 March Wednesday

നുണയിൽ പൊതിഞ്ഞ കോർപറേറ്റ്‌ വിഷം

എം എസ് അശോകൻUpdated: Saturday Jan 16, 2021

ഭാഗം 2

കിറ്റെക്‌സിനെ സംബന്ധിച്ച്‌ തിരുപ്പൂർ അനുഭവ പാഠം ചെറുതല്ല. അത്‌ കാണണമെങ്കിൽ അവരുടെ ഫാക്‌ടറി പ്രദേശത്തിന്‌ ചുറ്റും ഒരുവട്ടം നടന്നാൽ മതി. തിരുപ്പൂരിൽനിന്ന്‌ കിഴക്കമ്പലത്തേക്ക്‌ പറിച്ചു നട്ട ബ്ലീച്ചിങ്, ഡൈയിങ് യൂണിറ്റുകളുടെ മാരക മലിനീകരണത്തെ വലിയൊരു നുണയാക്കി പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നത്‌ എങ്ങനെയെന്ന്‌ കാണാം. ഏത്‌ ദോഷവിചാരക്കാരന്റെയും കണ്ണുകെട്ടാൻ അതിനാകും. മാവും വാഴയും പച്ചക്കറികളും അലങ്കാരച്ചെടികളും നട്ടുവളർത്തിയ വിശാലമായ പുരയിടത്തിനടിയിലൂടെ പൈപ്പുവഴി പെരിയാർ വാലിയുടെ കൈത്തോട്ടിലേക്ക്‌ പതഞ്ഞൊഴുകുന്ന മാലിന്യം ആരുടെയും കണ്ണിൽപ്പെടില്ല. പടുകൂറ്റൻ മതിൽക്കെട്ടിന്‌ പുറത്ത്‌ കുന്നത്തുകുടി കോളനി റോഡരികിലാണ്‌ പാടം നികത്തി സ്ഥാപിച്ചിട്ടുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ്‌. കമ്പനിയിൽനിന്നുള്ള കൊടും വിഷവും ഇവിടെ കുടിവെള്ളമായി മാറുന്നുവെന്ന്‌ പ്ലാന്റിനുമുന്നിലെ ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നു. പിന്നെന്തുവേണം. 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പെരുമ്പാവൂരിലെ ഓഫീസിൽനിന്ന്‌ ലഭിച്ച വിവരമനുസരിച്ച്‌ കിറ്റെക്സ്‌ ബ്ലീച്ചിങ് യൂണിറ്റിലെ മാലിന്യ സംസ്‌കരണത്തിന്‌ ഇപ്പോഴും അത്യാധുനിക റിവേഴ്‌സ്‌ ഒസ്‌മോസിസ്‌ (ആർഒ)  സംവിധാനമില്ല. തിരുപ്പൂരിൽ ബ്ലീച്ചിങ് യൂണിറ്റുകൾ ഉപയോഗിച്ചിരുന്ന സാധാരണ എഫ്ലുവന്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ (ഇടിപി) മാത്രമാണുള്ളത്‌. ഇടിപി സംവിധാനത്തിൽ ടെക്‌സ്‌റ്റൈൽ കമ്പനികളുടെ മാലിന്യം ഫലപ്രദമായി സംസ്‌കരിക്കാനാകില്ലെന്നാണ്‌ 2006ലെ വിധിയിൽ മദ്രാസ്‌ ഹൈക്കോടതി കൃത്യമായി പറഞ്ഞത്‌. തുടർന്നാണ്‌ സീറോ ലിക്വിഡ്‌ ഡിസ്‌ചാർജ്‌ (സെഡ്‌എൽഡി) എന്ന അവസ്ഥയിലേക്ക്‌ മാറാനുള്ള ആർഒകൾ സ്ഥാപിക്കാൻ ഉത്തരവിട്ടത്‌. ഹൈക്കോടതി ഉത്തരവ്‌ പാലിച്ച്‌  40 കോടിരൂപയോളം ചെലവിൽ ഏതാനും യൂണിറ്റുകൾ തിരുപ്പൂരിൽ ഈ സംവിധാനമൊരുക്കി. അതിന്‌ തയ്യാറാകാത്ത നാനൂറ്റമ്പതോളം യൂണിറ്റുകളാണ്‌ 2011ലെ മദ്രാസ്‌ ഹൈക്കോടതി വിധിയോടെ എന്നെന്നേക്കുമായി അടച്ചുപൂട്ടിച്ചത്‌. 

പെരിയാർവാലി ഇറിഗേഷൻ കനാലിന്റെ ബ്രാഞ്ച്‌ കനാലിന്‌ കുറുകെ  കിറ്റെക്‌സ്‌ ഗാർമെന്റ്‌സ്‌ കമ്പനിയിൽനിന്ന്‌ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക്‌ പോകുന്ന പൈപ്പ്‌

പെരിയാർവാലി ഇറിഗേഷൻ കനാലിന്റെ ബ്രാഞ്ച്‌ കനാലിന്‌ കുറുകെ കിറ്റെക്‌സ്‌ ഗാർമെന്റ്‌സ്‌ കമ്പനിയിൽനിന്ന്‌ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക്‌ പോകുന്ന പൈപ്പ്‌


 

കിറ്റെക്‌സിന്റെ 2018–-19ലെ വാർഷിക റിപ്പോർട്ട്‌ പ്രകാരം ലോകത്തെ ഏറ്റവും വലിയ ഗാർമെന്റ്‌ പ്രോസസിങ് യൂണിറ്റാണ്‌ കിഴക്കമ്പലത്ത്‌ പ്രവർത്തിക്കുന്നത്‌. മൂന്നരലക്ഷം ചതുരശ്ര അടി വിസ്‌തീർണമാണ്‌ ഗാർമെന്റ്‌ ഫാക്‌ടറിക്കുള്ളത്‌. പ്രോസസിങ് യൂണിറ്റിന്റെ വിസ്‌തീർണം രണ്ട്‌ ലക്ഷം ചതുരശ്ര അടി. കുട്ടിയുടുപ്പുകൾ നിർമിക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയാണെന്നും അവകാശപ്പെടുന്നു. പ്രതിദിനം 50 ടൺ തുണിത്തരങ്ങളും നാലര ലക്ഷം യൂണിറ്റ്‌ കുട്ടിയുടുപ്പുകളും നിർമിക്കുന്നു. ചില്ലറ വിൽപ്പന ഭീമനായ അമേരിക്കൻ കമ്പനി വാൽമാർട്ടിന്‌ കുട്ടിക്കുപ്പായം എത്തിച്ചുകൊടുക്കുന്നതും കിറ്റെക്‌സ്‌ ഗാർമെന്റ്‌സ്‌ ആണ്‌. വാർഷിക വിറ്റുവരവ്‌ 62,928 കോടി രൂപ. തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച്‌ വിറ്റുവരവിലെ വർധന 13 ശതമാനത്തോളം. പത്തുവർഷത്തിനിടെ മൊത്തം ലാഭത്തിലുണ്ടായിട്ടുള്ള വർധന 22 ശതമാനം.

ഇതോടൊപ്പം ഉയരുന്ന ചോദ്യങ്ങളുണ്ട്‌. ലോകോത്തര തുണിത്തര നിർമാണ കമ്പനിയെന്ന്‌ കിറ്റെക്‌സ്‌ തന്നെ അവകാശപ്പെടുമ്പോൾ അതേനിലവാരത്തിലുള്ള അത്യാധുനിക മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ അവിടെയുണ്ടോ എന്നതാണ്‌ പ്രധാന ചോദ്യം. മദ്രാസ്‌ ഹൈക്കോടതിയുടെ സുപ്രധാന വിധിയിൽ നിർദേശിച്ചിട്ടുള്ള സംവിധാനങ്ങൾ പിന്നീടുവന്ന ഡൈയിങ്, ബ്ലീച്ചിങ് യൂണിറ്റുകൾക്കെല്ലാം ബാധകമാണെന്നിരിക്കെ കിഴക്കമ്പലത്തെ കമ്പനിക്ക്‌ മാത്രമായി അതിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാനാകുമോ. സുപ്രീംകോടതിയും ശരിവച്ച വിധിയാണ്‌ അതെന്നതും പ്രധാനം. കിറ്റെക്‌സ്‌ ഗാർമെന്റ്‌സിൽനിന്നുള്ള രാസമലിനീകരണം കിഴക്കമ്പലത്ത്‌ അടിക്കടി ആവർത്തിച്ചിട്ടും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നില്ല. കിഴക്കമ്പലത്ത്‌ കിറ്റെക്‌സ്‌ സ്ഥാപിച്ച മലിനീകരണ സംവിധാനത്തിന്‌ മാർക്കിടുന്ന ജോലി മാത്രമാണ്‌ മലിനീകരണ നിയന്ത്രണ ബോർഡ്‌ ചെയ്യുന്നതെന്ന ആക്ഷേപവും ഉയരുന്നു.

ലോകത്ത്‌ പരിസ്ഥിതിക്ക്‌ ഭീഷണിയായ രാസമാലിന്യങ്ങൾ പുറത്തുവിടുന്ന വ്യവസായങ്ങളിൽ ഒന്നാമത്തേത് ടെക്‌സ്‌റ്റൈൽ ഉൽ‌പ്പാദന യൂണിറ്റുകളാണ്‌ എന്ന കണ്ടെത്തലാണ്‌ മറ്റൊരു പ്രധാന കാര്യം. വസ്‌ത്രങ്ങൾക്ക്‌ നിറം കൊടുക്കുന്ന രാസപദാർഥങ്ങളിൽനിന്നുള്ള മാലിന്യമാണ്‌ അതിൽ ഏറ്റവും ഗുരുതരം. വെള്ളത്തിന്റെ സ്വാഭാവിക ഘടനയെ അപകടകരമായി പരിവർത്തിപ്പിക്കുന്ന കളറിങ് രാസമാലിന്യങ്ങൾ ഫലപ്രദമായി സംസ്‌കരിക്കാനാകാത്ത മാലിന്യമാണ്‌. ടെക്‌സ്‌റ്റൈൽ മാലിന്യ സംസ്‌കരണത്തിന്‌ ഇപ്പോഴുള്ള അത്യാധുനിക സംവിധാനങ്ങൾപോലും ഫലപ്രദമല്ലെന്നാണ്‌ പഠനങ്ങൾ പറയുന്നത്‌. ഈ സാഹചര്യം നിലനിൽക്കെയാണ്‌ പരമ്പരാഗതവും കാലഹരണപ്പെട്ടതുമായ സംസ്‌കരണ സംവിധാനങ്ങളുടെ പുറംമോടി പ്രദർശിപ്പിച്ച്‌ കിറ്റെക്‌സ്‌ എന്ന ടെക്‌സ്‌റ്റൈൽ ഭീമൻ കിഴക്കമ്പലത്ത്‌ നിർബാധം പ്രവർത്തിക്കുന്നത്‌.

 

ഭാഗം 1 - കേൾക്കണം, അഴുക്ക്‌ നീക്കിയ തിരുപ്പൂരിന്റെ കഥ

കേൾക്കണം, അഴുക്ക്‌ നീക്കിയ തിരുപ്പൂരിന്റെ കഥ
Read more: https://www.deshabhimani.com/news/kerala/kitex-garments/919505
കേൾക്കണം, അഴുക്ക്‌ നീക്കിയ തിരുപ്പൂരിന്റെ കഥ
Read more: https://www.deshabhimani.com/news/kerala/kitex-garments/919505
കേൾക്കണം, അഴുക്ക്‌ നീക്കിയ തിരുപ്പൂരിന്റെ കഥ
Read more: https://www.deshabhimani.com/news/kerala/kitex-garments/919505

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top