16 January Saturday

കിഫ്‌ബി അവർക്കും കിടിലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 18, 2020

കിഫ്‌ബി പദ്ധതികളിൽ തങ്ങളുടെ മണ്ഡലം വികസിക്കുന്നതിൽ ഏറ്റവും കൂടുതൽ അഭിമാനം കൊണ്ടതും പ്രതിപക്ഷ പാർടിയിലെ എംഎൽഎമാർ.  ഇവർ മുമ്പ്‌ നൽകിയ പ്രതികരണങ്ങൾ ഇങ്ങനെ

നേമത്ത്‌ ഡസനിലേറെ പദ്ധതി കിഫ്‌ബി വഴി പുരോഗമിക്കുകയാണ്‌. രജിസ്‌ട്രേഷൻ കോംപ്ലക്‌സിനായി 21. 60 കോടി രൂപ ചെലവിട്ടു. കാലടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്‌ അഞ്ചുകോടി രൂപ ചെലവഴിച്ചു. മണക്കാട്‌–- ആറ്റുകാൽ ടെമ്പിൾ റോഡ്‌ വികസനം കിഫ്‌ബി വഴിയാണ്‌ നടപ്പാക്കുന്നത്‌. ഒട്ടേറെ റോഡുകൾക്കും കിഫ്‌ബി ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്‌. കരമന–- സോമൻ നഗർ–- കാലടി റോഡ്‌ വീതി  കൂട്ടുന്നതിന്‌ 20 കോടി അനുവദിച്ചിട്ടുണ്ട്‌.
ഒ രാജഗോപാൽ (നേമം എംഎൽഎ, ബിജെപി)

കിഫ്‌ബിയുടെ വിവിധ പദ്ധതികളുടെ ബലത്തിൽ വികസന പാതയിലാണ്‌ അരുവിക്കര. സ്കൂളുകൾ, റോഡ്‌, ചെക്ക്‌ ഡാമുകൾ എന്നിങ്ങനെ നാടിന്റെ മുഖച്ഛായ മാറ്റുന്ന 272. 64 കോടി രൂപയുടെ പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. കോട്ടൂർ ആന പരിപാലനകേന്ദ്രത്തിന്‌ 108 കോടി രൂപ അനുവദിച്ചു. ഇവിടെ രണ്ട് ചെക്ക്ഡാമും ആദ്യഘട്ടത്തിലുണ്ട്. വിതുര - ബോണക്കാട് റോഡിന്‌ 29.64 കോടി രൂപ അനുവദിച്ചു. കിഫ്‌ബി തുക ചെലവഴിച്ചുള്ള മലയോര ഹൈവേയുടെ 16 കിലോമീറ്റർ മണ്ഡലത്തിലൂടെ കടന്നുപോകുന്നു.
കെ എസ്‌ ശബരീനാഥൻ (അരുവിക്കര എംഎൽഎ, കോൺഗ്രസ്‌)

കിഫ്ബി വഴി നിരവധി പദ്ധതികളാണ് എന്റെ മണ്ഡലമായ വടക്കാഞ്ചേരിയിൽ നടപ്പാക്കുന്നത്‌. വടക്കാഞ്ചേരി ഗവ. ഗേൾസ് സ്കൂൾ മൂന്നു കോടിയിൽ നവീകരിച്ചു. എന്നാൽ, മാനദണ്ഡങ്ങൾ സാങ്കേതിക തടസ്സങ്ങളുണ്ടാക്കുന്നു. ഇതിൽ ഇളവ്‌ നൽകിയാലേ പദ്ധതികൾ പൂർത്തീകരിക്കാനാവൂ.
അനിൽ അക്കര (വടക്കാഞ്ചേരി എംഎൽഎ, കോൺഗ്രസ്‌)

കിഫ്‌ബി പദ്ധതിയിലൂടെ 34 കോടി രൂപയുടെ തൊടുപുഴ ടൗൺ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കി. മുനിസിപ്പാലിറ്റിയിൽ 24 മണിക്കൂറും വെള്ളമെത്തിക്കാൻ ഇതിലൂടെ കഴിയും. തൊടുപുഴ അബ്ദുൽകലാം ഹയർസെക്കൻഡറി സ്‌കൂളിൽ അഞ്ചു കോടി രൂപ മുടക്കി നിർമിച്ച മന്ദിരവും കിഫ്‌ബിയുടെ നേട്ടമാണ്‌. കാരിക്കോട് -അഞ്ചിരി ആനക്കയം–-- കാഞ്ഞാർ റോഡിന്റെ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പടെ 60 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്.
പി ജെ ജോസഫ്‌ (തൊടുപുഴ എംഎൽഎ, കേരള കോൺഗ്രസ്‌)

തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത്‌ നിരവധി പദ്ധതികളാണ്‌ കിഫ്‌ബി വഴി നടപ്പാക്കുന്നത്‌. കിഫ്‌ബി വഴി അനുവദിച്ച 17.80 കോടി രൂപയുടെ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ തീരദേശത്തിന്റെ മുഖച്ഛായ മാറും. പൂന്തുറമുതൽ വേളിവരെയുള്ള തീരസംരക്ഷണത്തിനാണ്‌ സഹായം. വർഷങ്ങളായി പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയ പല പദ്ധതികളും പുനർജനിക്കുകയാണ്‌. ശംഖുംമുഖത്തിന്‌ പഴയപ്രതാപം തിരിച്ചുകിട്ടും. പദ്ധതിയിൽ വേളി ടൂറിസ്‌റ്റ്‌ വില്ലേജും ഇടം പിടിച്ചിട്ടുണ്ട്‌.
വി എസ്‌ ശിവകുമാർ (തിരുവനന്തപുരം എംഎൽഎ, കോൺഗ്രസ്‌)

കോട്ടയം മണ്ഡലത്തിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചി്ട്ടുണ്ട്‌. 16 കോടിയുടെ റോഡ്‌, 140 കോടിയുടെ മറ്റൊരു റോഡ്‌,  145 കോടിയുടെ ജില്ലാ ആശുപത്രി എന്നിവയെല്ലാം പ്രഖ്യാപിച്ചു. നടപ്പു പദ്ധതി കിഫ്‌ബി ഏറ്റെടുത്ത ജലവിതരണ പദ്ധതിയാണ്‌. ഒരുപാട്‌ പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട്‌.
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ (കോട്ടയം എംഎൽഎ, കോൺഗ്രസ്‌)

എറണാകുളം ജില്ലയെ വികസനക്കുതിപ്പിലേക്ക്‌ നയിക്കുകയാണ്‌ കിഫ്‌ബി. കനാലുകളുടെ നവീകരണത്തിന്‌ കിഫ്‌ബിയിൽ നടപ്പാക്കുന്ന 1330 കോടി രൂപയുടെ പദ്ധതി പ്രയോജനപ്പെടുത്തിയാൽ കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന്‌ ശാശ്വത പരിഹാരമാകും. ഇടപ്പള്ളി കനാൽ, കാരണക്കോടം തോട്‌, ചങ്ങാടംപോക്ക്‌ തോട്‌ എന്നിവയുടെ നവീകരണമാണ്‌ വിഭാവനം ചെയ്യുന്നത്‌. ഇടപ്പള്ളി ഗവ. ഹൈസ്‌കൂളും വെണ്ണല ഗവ. ഹൈസ്‌കൂളും കിഫ്‌ബി ഫണ്ടിലൂടെ യഥാക്രമം അഞ്ച്‌ കോടിയും മൂന്നു കോടിയും മുതൽ മുടക്കി അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടെ ഹൈടെക്‌ ആയി.
പി ടി തോമസ്‌ (തൃക്കാക്കര എംഎൽഎ, കോൺഗ്രസ്‌)

പറവൂർ മണ്ഡലത്തിൽ ആകെ 77 കോടി രൂപയുടെ പദ്ധതികളാണ്‌ കിഫ്‌ബിയിലൂടെ നടപ്പാക്കുന്നത്‌. ഇതിൽ മൂന്നു സ്‌കൂളിന്റെ പണി തീരാറായി. ചേന്ദമംഗലം പാലിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കൈതാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, വടക്കുംപുറം ഗവ. യുപി സ്‌കൂൾ എന്നിവയ്‌ക്കായി ഒമ്പത്‌ കോടി രൂപ മുതൽ മുടക്കുന്ന ജോലി പൂർത്തീകരണത്തിന്റെ പാതയിലാണ്‌. പാലങ്ങളും തീരദേശ റോഡ്‌ നിർമാണവും പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.
വി ഡി സതീശൻ (പറവൂർ എംഎൽഎ, കോൺഗ്രസ്‌)

വികസന പ്രവർത്തനങ്ങൾ മുന്നോട്ട്‌ പോകണമെങ്കിൽ കിഫ്‌ബിയിൽനിന്ന്‌ കടമെടുത്തേ മതിയാകു. പൂഞ്ഞാറിൽ ഈരാറ്റുപേട്ട–-വാഗമൺ റോഡ്‌ ടെണ്ടർ പ്രവർത്തനത്തിലേക്ക്‌ നീങ്ങി. നാല്‌ സ്‌കൂൾ കെട്ടിടങ്ങളുടെ പ്രവൃത്തിയും കിഫ്‌ബി വഴി നടക്കുകയാണ്‌.  റോഡുകളുടെ വികസനം, വ്യവസായ സംരംഭ പദ്ധതികൾ എന്നിവയ്‌ക്ക്‌ കൂടുതലായി കിഫ്‌ബി ഫണ്ട്‌ ഉപയോഗപ്പെടുത്താൻ കഴിയണം.
പി സി ജോർജ്‌  (പൂഞ്ഞാർ എംഎൽഎ)

1000 കോടി രൂപയുടെ വികസന പദ്ധതികളാണ്‌ കിഫ്‌ബിയിൽ മണ്ഡലത്തിൽ നടപ്പാക്കുന്നത്‌. കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ, എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വിങ്‌ എന്നിവ പൂർത്തിയായി വരുന്നു. കരുമാല്ലൂർ,  കുന്നുകര പഞ്ചായത്തിലെ കുടിവെള്ള വിതരണ പദ്ധതിയും നടക്കുന്നു. കിഫ്‌ബി ഫണ്ട്‌ ചെലവഴിച്ച്‌ രണ്ട്‌ സ്‌കൂളിന്റെ ആധുനികവൽക്കരണം പൂർത്തിയാക്കി.
വി കെ ഇബ്രാഹിം കുഞ്ഞ്‌ (കളമശ്ശേരി എംഎൽഎ, മുസ്ലിംലീഗ്‌)

മീഞ്ചന്ത സ്‌കൂളെന്നത്‌ സ്‌കൂളുകളുടെ ചരിത്രത്തിലെ ഒരധ്യായമായി മാറും. മികവിന്റെ കേന്ദ്രമാക്കാൻ  അഞ്ചുകോടി രൂപ കിഫ്‌ബിയിൽ നിന്നനുവദിച്ചതിനാൽ ‌മനോഹരമായ സ്‌കൂളാണ്‌ ഉയരുന്നത്‌. രണ്ടുകെട്ടിടം പൂർത്തിയായി. 76 കോടി രൂപ കോഴിക്കോട്‌ സൗത്ത്‌‌ മണ്ഡലത്തിന്‌ കിഫ്‌ബി വഴി വിവിധ വികസനപദ്ധതികൾക്കായി കിട്ടി. അഞ്ച്‌ സ്‌കൂളിന്‌‌ ഒരു കോടി വീതം ലഭിച്ചു. പുതിയപാലം വലിയപാലമാക്കാൻ 60 കോടിയും. തീരദേശറോഡ്‌ പദ്ധതിയും മണ്ഡലത്തിന്‌ ഗുണമാണ്‌.
എം കെ മുനീർ (പ്രതിപക്ഷ ഉപനേതാവ്‌, മുസ്ലിംലീഗ്‌)

ചാത്തനൂർ ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കിൽ ട്രാക്കുകളുടെ എണ്ണം എട്ടാക്കാനുള്ള ശ്രമത്തിലാണ്. വലിയ മത്സരങ്ങൾ നടത്താൻ എട്ട് ട്രാക്കുകൾ വേണം. കിഫ്ബിയിലെ ഈ പദ്ധതിയിൽ ഇത്തരമൊരു വികസനത്തിനായി ശ്രമിക്കും. കിഫ്ബി വഴി കുറച്ച് പദ്ധതികൾ മാത്രം ലഭിച്ച മണ്ഡലമാണ് തൃത്താല.
വി ടി ബൽറാം (തൃത്താല എംഎൽഎ, കോൺഗ്രസ്‌)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top