13 July Monday

കുഞ്ഞിക്കൈകൾ കൊണ്ട്‌ പുതപ്പ്‌ വലിച്ചു നീക്കി അവൻ വിളിച്ചു നോക്കി; അമ്മ വിളി കേട്ടില്ല

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

പാട്‌ന
അമ്മയുടെ ദേഹത്തെ പുതപ്പ്‌ കുഞ്ഞിക്കൈകൾ കൊണ്ട്‌ വലിച്ചു നീക്കി അവൻ വിളിച്ചു നോക്കി. കൈപിടിച്ചു വലിച്ചിട്ടും അമ്മ അവനെ നോക്കുന്നില്ല. ബിഹാറിലെ മുസഫർപുർ റെയിൽവേസ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽനിന്നാണ്‌ മനഃസാക്ഷിയെ കുത്തിനോവിക്കുന്ന ഈ ദൃശ്യം. പുതച്ചുകിടക്കുന്ന അമ്മയ്‌ക്കുചുറ്റും പകച്ചു നടന്ന അവനെ മറ്റൊരു മുതിർന്ന കുട്ടി എടുത്തുകൊണ്ടുപോകുന്നതുൾപ്പെടെയുള്ള വിഡിയോദൃശ്യം സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. ഗുജറാത്തിൽനിന്ന്‌ ബിഹാറിലേയ്‌ക്കുവന്ന 23 വയസ്സുള്ള യുവതിയാണ്‌ നിർജലീകരണം മൂലം മരിച്ചത്‌.

ശനിയാഴ്‌ചയാണ്‌ അഹമ്മദാബാദിൽനിന്ന്‌ ട്രെയിനിൽ മുസഫർപുരിലേക്ക്‌ ഇവർ യാത്ര ആരംഭിച്ചത്‌. കനത്ത ചൂടും പട്ടിണിയും നിർജലീകരണവുമാണ്‌ മരണത്തിന്‌ കാരണമെന്ന്‌ കുടുംബം പറഞ്ഞു. യാത്രയിലുടനീളം ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ട്രെയിനിൽ ഭഷണവും വെള്ളവും ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച മുസഫർപുറിലെത്തുമ്പോഴേക്കും യുവതി തളർന്നുവീണ്‌ മരിച്ചു. സഹോദരിക്കും സഹോദരീ ഭർത്താവിനും രണ്ട്‌ മക്കൾക്കുമൊപ്പം കാത്തിഹറിലേക്കായിരുന്നു യാത്ര.  എന്നാൽ ഇവർ നേരത്തേതന്നെ രോഗിയായിരുന്നുവെന്നാണ്‌ റെയിൽവേ മന്ത്രാലയത്തിന്റെ വാദം.

ഇതേ സ്‌റ്റേഷനിൽത്തന്നെ ഭഷണംകിട്ടാതെ രണ്ടുവയസ്സുള്ള കുഞ്ഞും മരിച്ചു. ഡൽഹിയിൽനിന്നെത്തിയതായിരുന്നു ഈ കുഞ്ഞിന്റെ കുടുംബം.


പ്രധാന വാർത്തകൾ
 Top