28 February Sunday

ഒപ്പംനിന്ന് മുന്നിലെത്തി

വെബ് ഡെസ്‌ക്‌Updated: Monday Dec 7, 2020

ഭരണമികവിന്‌ ലോകത്തിലേറ്റവും കൂടുതൽ പുരസ്‌കാരം നേടിയതിനുള്ള റാങ്ക്‌ പട്ടിക നിലവിലുണ്ടായിരുന്നെങ്കിൽ അതിലും ഒന്നാമതായി കേരളമുണ്ടാകും. നാലരവർഷത്തിൽ രാജ്യാന്തര ബഹുമതികളടക്കം നൂറുകണക്കിന്‌ അവാർഡുകളുമായി ഒന്നാമതായി തിളങ്ങുകയാണ്‌ നമ്മൾ.

അർഹതയ്‌ക്കുള്ള പുരസ്‌കാരങ്ങളൊന്നും തേടിപ്പോയി സംഘടിപ്പിച്ചതല്ല; തേടി വന്നവയായിരുന്നു എന്നത്‌ അംഗീകാരങ്ങളുടെ ശോഭ കൂട്ടുന്നു. നിപായും കോവിഡും രണ്ട്‌ മഹാപ്രളയങ്ങളും മഴക്കെടുതികളും തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത തിരിച്ചടികൾക്കിടെയാണ്‌ ഈ പുരസ്‌കാര നേട്ടം സംസ്ഥാനസർക്കാർ നേടിയെടുത്തത്‌

പൊതു ഭരണം
-ബാംഗ്ലൂർ പബ്ലിക് അഫയേഴ്സ് സെന്ററിന്റെ പഠനത്തിൽ രാജ്യത്ത്‌ ഏറ്റവും മികച്ച ഭരണം കാഴ്‌ചവച്ച സംസ്ഥാനം തുടർച്ചയായി മൂന്നാംതവണയും. അഴിമതി കുറവുള്ള സംസ്ഥാനം–-സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ പഠനം.
-ട്രാൻസ്‌പരൻസി ഇന്റർനാഷണൽ ഇന്ത്യയും ലോക്കൽ സർക്കിൾസുംചേർന്നു നടത്തിയ ഇന്ത്യാ കറപ്‌ഷൻ സർവേയിലും 2019ൽ രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം. -2018ലും 2019ലും ഐക്യരാഷ്ട്രസഭയും നീതി ആയോഗും ചേർന്ന്‌ തയ്യാറാക്കിയ സുസ്ഥിരവികസനലക്ഷ്യ സൂചികയിൽ രാജ്യത്ത്‌ ഒന്നാമത്‌.

ആരോഗ്യം
ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള അവാർഡ്‌. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യുഎൻ ചാനലിലൂടെ അവാർഡ് പ്രഖ്യാപിച്ചത്. 2020ൽ ഐക്യരാഷ്ട്ര സഭ ഈ അവാർഡിന്‌ സർക്കാർ വിഭാഗത്തിൽ തെരഞ്ഞെടുത്ത  ഏഴ്‌ രാജ്യങ്ങൾക്കൊപ്പമാണ് കേരളത്തെയും തെരഞ്ഞെടുത്തത്.
നിപാ വൈറസ് പ്രതിരോധത്തിന്റെ പ്രവർത്തനങ്ങൾക്ക് അമേരിക്കയിലെ ഹ്യൂമൻവൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഗ്ലോബൽ വൈറസ് നെറ്റുവർക്കും മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെ കെ ശൈലജയെയും ആദരിച്ചു. അമേരിക്കയിലെ ബാൾട്ടിമോറിലെ മെറിലാന്റ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ആദരിച്ചത്.

ഹൃദ്യം പദ്ധതിക്ക് സ്വസ്ത് ഭാരത്‌ ഗോൾഡ് അവാർഡ്
സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് ദേശീയതലത്തിൽ ശ്രദ്ധേയമായ സ്‌കോച്ച് സ്വസ്ത് ഭാരത് ഗോൾഡ് അവാർഡ് ലഭിച്ചു. ഹൃദ്യം പദ്ധതിക്ക് ദേശീയതലത്തിൽ എക്‌സ്‌പ്രസ് ഹെൽത്ത്‌കെയർ അവാർഡ്. പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2017ലെ അവാർഡിൽ ഒന്നാം സ്ഥാനവും ഹൃദ്യത്തിന്‌.  ജാതക് ജനനി യോജന പദ്ധതിക്കും ഈ പുരസ്‌കാരം ലഭിച്ചു. 


 

ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനം
ദേശീയ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്‌. ആരോഗ്യമേഖലയിലെ ഫലസൂചികകൾ, ഭരണപരമായ സൂചികകൾ, ആരോഗ്യ സംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ്‌. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നിതി ആയോഗ്. സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, ബോധവൽക്കരണം, വിഭവശേഷി വർധിപ്പിക്കൽ, ഭരണസംവിധാനങ്ങളുടെ ഉപയോഗം, ഡിജിറ്റൽ സംവിധാന  ഉപയോഗം തുടങ്ങിയവയിൽ പ്രത്യേകപരാമർശം.

വോഗ് ലീഡർ ഓഫ് ദി ഇയർ
വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ 2020 പുരസ്‌കാരം ആരോഗ്യ മന്ത്രി കെ കെ ശൈലജയ്‌ക്ക്‌. നടൻ ദുൽഖർ സൽമാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഇതിനൊപ്പം നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങളും ആരോഗ്യ മന്ത്രിയെ തേടിയെത്തി. അയർലണ്ടിലെ പ്രമുഖ സാമൂഹ്യ സംഘടന ക്രാന്തി ആദരിച്ചു. ഡബ്ലിനിൽ നടന്ന ചടങ്ങിൽ ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നേഹ ക്രാന്തിയുടെ പുരസ്‌കാരം മന്ത്രിയ്ക്ക് സമ്മാനിച്ചു.

വിദ്യാഭ്യാസം
സ്‌കൂൾ വിദ്യാഭ്യാസ നിലവാരം വിലയിരുത്തുന്ന സ്‌കൂൾ എഡ്യൂക്കേഷൻ കേന്ദ്ര വിദ്യാഭ്യാസ വികസന സൂചികയിൽ കേരളം ഒന്നാമത്‌. പെൺകുട്ടികൾക്ക്‌ പഠനസൗകര്യം ഉറപ്പാക്കുന്നതിൽ ദേശീയതലത്തിൽ  ഒന്നാമത്‌. 2019ലെ രാജ്യത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളുടെ പട്ടികയിൽ കോഴിക്കോട്‌ നടക്കാവ്‌ സ്‌കൂളിന്‌ രണ്ടാം സ്ഥാനം. സമഗ്രശിക്ഷാ പ്രവർത്തനങ്ങളുടെ സൂചികയിൽ കഴിഞ്ഞ രണ്ടുവർഷങ്ങളിലും കേരളം ഒന്നാം ഗ്രേഡിൽ.  മികച്ച വിദ്യാഭ്യാസ പരിപാടിക്കുള്ള  എൻസിഇആർടി യുടെ ദേശീയ പുരസ്കാരം.

ബിഗ്‌ സല്യൂട്ട്‌ പൊലീസിനും
ശബരിമല വെർച്വൽ ക്യു, ഇ–-വിഐപി, വാട്‌സാപ്, പ്രളയകാല രക്ഷാപ്രവർത്തനം, സ്‌റ്റുഡന്റ്‌ പൊലീസ്‌ കാഡറ്റ്‌, ഹോപ്‌ പദ്ധതി, കോവിഡ്‌ പ്രതിരോധം  എന്നിവയ്‌ക്കായി  നാല്  സ്‌കോച്ച്‌ അവാർഡ്‌. സൈബർ ഡോമിന്‌ ഡിജിറ്റിൽ ഇന്ത്യ നോളജ്‌ എക്‌സ്‌ചേഞ്ച്‌ സമ്മിറ്റ്‌ അവാർഡ്‌, ഫിക്കി സ്‌മാർട്ട്‌ പൊലീസ്‌ അവാർഡ്‌, സകോച്ച്‌ സിൽവർ അവാർഡ്, സ്‌കോച്ച്‌ ഓർഡർ ഓഫ്‌ മെറിറ്റ്‌ അവാർഡ്‌, ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡർഷിപ് അവാർഡ്‌, ബിസിനസ്‌ വേൾഡ്‌ ഡിജിറ്റൽ ഇന്ത്യ അവാർഡ്‌. -കേരള പൊലീസിന്റെ സോഫ്‌റ്റ്‌ പദ്ധതിക്ക്‌ കേന്ദ്ര നഗരമന്ത്രാലയത്തിന്റെ അംഗീകാരം. -ജനമൈത്രി പൊലീസിന്‌ പൊലീസ്‌ എക്‌സലൻസ്‌ അവാർഡ്‌. -2016ലും 2017ലും നടന്ന അന്താരാഷ്‌ട്ര ട്രേഡ്‌ഫെയറിൽ കേരള പൊലീസ്‌ പവലിയന്‌ ബെസ്‌റ്റ്‌ എക്‌സിബിറ്റർ അവാർഡ്‌.

വൈദ്യുതി
വൈദ്യുതി ശൃംഖലയിലെ കേടുപാടുകൾ വേഗം കണ്ടെത്താൻ സഹായിക്കുന്ന കമ്യൂണിക്കേറ്റിങ്‌ ഫാൾട്ട്‌ പാസ്‌ ഡിറ്റക്ടർ വികസിപ്പിച്ചതിന്‌ മികച്ച ഗവേണൻസിനുള്ള സ്‌കോച്ച്‌ ഓർഡർ ഓഫ്‌ മെറിറ്റ്‌ അവാർഡ്‌. ഇടുക്കി പദ്ധതിയിലെ ഡാമുകളുടെ മെച്ചപ്പെട്ട പരിപാലനത്തിന്‌ സെൻട്രൽ ബോർഡ്‌ ഓഫ്‌ ഇറിഗേഷൻ ആൻഡ്‌ പവറിന്റെ സിബിഐപി പുരസ്‌കാരം–-2020.  ഇലക്ട്രിക്‌ വാഹന വ്യാപനത്തിന്‌ നൽകുന്ന സേവനങ്ങൾ പരിഗണിച്ച്‌‌ 2019ലെ മെട്രോ എംഎസ്‌എംഇ അവാർഡ്‌.  ഊർജമിത്ര പദ്ധതിയിൽ പങ്കെടുത്തതിന്‌ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ പ്രത്യേക പുരസ്‌കാരം. മൂന്നുതവണ തുടർച്ചായി ഊർജസംരക്ഷണ രംഗത്തെ ഏറ്റവും മികച്ച സ്‌റ്റേറ്റ്‌ ഡെസിഗ്‌നേറ്റഡ്‌ ഏജൻസിയായി എനർജി മാനേജ്‌മെന്റ്‌ സെന്റർ. നീതി ആയോഗിന്റെ എനർജി എഫിഷൻസി ഇൻഡക്‌സിൽ കഴിഞ്ഞ രണ്ടുവർഷവും ഒന്നാം സ്ഥാനം.


 

ടൂറിസം
ഏറ്റവും മികച്ച ഫാമിലി ഡെസ്‌റ്റിനേഷനുള്ള ലോൺലി പ്ലാനറ്റ്‌ മാഗസിൻ അവാർഡ്‌, പാറ്റ ഗോൾഡ്‌ അവാർഡ്‌, നാഷണൽ ടൂറിസം അവാർഡ്‌, ഐടിബി അവാർഡ്‌, ഡബ്‌ള്യുടിഎം അവാർഡ്‌, യുണൈറ്റഡ്‌ നേഷൻസ്‌ ടൂറിസം ഓർഗനൈസേഷൻ അവാർഡ്‌, മികച്ച ടൂറിസം ചിത്രത്തിനുള്ള ദേശീയ അവാർഡ്, സമഗ്ര ടൂറിസം വികസന രംഗത്ത്‌ മികച്ച സംസ്ഥാനം. കുമരകത്തെ ഉത്തരവാദിത്ത ടൂറിസം ദൗത്യങ്ങൾക്ക്‌ 2018ലെ വേൾഡ്‌ ട്രാവൽ മാർട്‌ ഗോൾഡ്‌ അവാർഡ്‌, 2018ലെ ദേശീയ ടൂറിസം അവാർഡ്‌, ഔട്ട്‌സ്‌റ്റാൻഡിങ്‌ അച്ചീവ്‌മെന്റ്‌ അവാർഡ്‌, 2017ലെ വേൾഡ്‌ ട്രാവൽ മാർട്‌ ടൂറിസം അവാർഡ്‌,  അന്തർദേശീയ വേൾഡ് ട്രാവൽ മാർട്ട് ലണ്ടന്റെ ഹൈലി കമൻഡഡ്.

രാജ്യത്തെ മികച്ച 12 കുടുംബാരോഗ്യ കേന്ദ്രം
സംസ്ഥാനത്തെ 80 ആരോഗ്യ സ്ഥാപനങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനങ്ങളും കേരളത്തിന്‌. പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസർകോട് കയ്യൂർ കുടുംബാരോഗ്യകേന്ദ്രവും ഇന്ത്യയിൽ ഒന്നാമത്‌. രാജ്യത്തെ ഉയർന്ന സ്‌കോർ നേടുന്നത് തുടർച്ചയായ രണ്ടാം തവണ. ജില്ലാ തല ആശുപത്രികളുടെ പട്ടികയിൽ 96 ശതമാനം സ്‌കോർ നേടി ഡബ്ല്യൂ ആൻഡിസി ആശുപത്രി കോഴിക്കോടും, സബ്ജില്ലാ ആശുപത്രികളുടെ പട്ടികയിൽ 98.7 ശതമാനം സ്‌കോർ നേടി  ചാലക്കുടി താലൂക്ക് ആശുപത്രിയും ഇന്ത്യയിൽ ഒന്നാമത്‌. കണ്ണൂരിലെ 18 സ്ഥാപനങ്ങൾക്കാണ് എൻക്യുഎഎസ് അംഗീകാരം. 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം. കേന്ദ്ര സർക്കാർ സാമൂഹ്യനീതിവകുപ്പിന്റെ 2018 ലെ ദേശീയ അവാർഡ്.

വയോജനങ്ങൾക്കായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കിയ വയോമിത്രം പരിപാടികൾക്ക്‌ ദേശീയ വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം. മാതൃമരണ നിരക്ക്കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷാമാതൃത്വ അഭിയാൻ അവാർഡ് .
സംസ്ഥാന വനിതാശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച പുതിയ പദ്ധതി സമ്പുഷ്ടകേരളത്തിന് കേന്ദ്ര സർക്കാർ ബഹുമതി. 2018–-19 സാമ്പത്തിക വർഷത്തിൽ പോഷൻ അഭിയാൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച ജില്ലകളിൽ ഒന്നായി കണ്ണൂർ ജില്ലയ്ക്കും മികച്ച ബ്ലോക്കായി കല്യാശേരി ബ്ലോക്കിനും പോഷൻ അഭിയാൻ ദേശീയ പുരസ്‌കാരം ലഭിച്ചു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top