11 August Tuesday

എത്തി, കേരളത്തിന്റെ സ്വന്തം എൻ 95 മാസ്‌ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020


കൊച്ചി
കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയിൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ എൻ 95 മാസ്‌ക്‌ ഉൽപ്പാദന യൂണിറ്റ്‌ പ്രവർത്തനം ആരംഭിച്ചു. കേരള സ്‌റ്റാർട്ടപ്‌ മിഷന്റെയും മേക്കർ വില്ലേജിന്റെയും ശ്രമഫലമായി വികസിപ്പിച്ച എൻ 98 നിലവാരമുള്ള മാസ്‌ക്,‌ എയർ ഫിൽറ്ററുകൾ നിർമിക്കുന്ന എയ്‌റോഫിൽ ഫിൽട്ടേഴ്‌സ്‌ ഇന്ത്യയാണ്‌ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നത്‌‌. എൻ 95 മാസ്‌കുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്ന രാജ്യത്തെ മൂന്നാമത്തെ യൂണിറ്റാണിത്‌.

മാസ്‌കടക്കമുള്ള ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന എല്ലാത്തരം ഉപകരണങ്ങളും സംസ്ഥാനത്ത്‌ നിർമിക്കാൻ പ്രോത്സാഹനം നൽകുമെന്ന്‌ സർക്കാർ നേരത്തെ പ്രഖ്യാപിച്ചതാണ്‌. എൻ 95 മാസ്‌കിന്‌  ലോകത്താകെ വലിയ ക്ഷാമമാണിപ്പോൾ.  രാജ്യത്ത്‌ ഉത്തരേന്ത്യയിലെ രണ്ട്‌ യൂണിറ്റിൽമാത്രമാണ്‌ നിർമാണമുള്ളത്‌. ഈ സാഹചര്യത്തിലാണ്‌ സ്‌റ്റാർട്ടപ്‌ മിഷനും മേക്കർ വില്ലേജും ഉയർന്ന ഗുണനിലവാരത്തിൽ മാസ്‌ക്‌ വികസിപ്പിക്കാൻ ശ്രമിച്ചത്‌.

ഡെൽഗാഡോ ടെക്‌നോളജീസ്‌, വെൽഗ്രീൻ ടെക്‌നോളജീസ്‌ എന്നീ സ്‌റ്റാർട്ടപ്പുകളാണ്‌ ചുമതലയേറ്റെടുത്തത്‌. ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ടെക്‌നോളജീസിലെ ഡോ. മുരളീധരന്റെ സഹായവുമുണ്ടായിരുന്നു. എയ്‌റോഫിൽ ഫിൽറ്റേഴ്‌സിന്റെ പക്കലുള്ള മെൽറ്റ്‌ ബ്ലോൺ പ്രൊപ്പലീൻ എന്ന മെറ്റീരിയൽ, ഉയർന്ന പ്രതിരോധശേഷിയുള്ള മാസ്‌ക്‌ നിർമാണത്തിന്‌ ഉപയോഗിക്കാമെന്ന്‌ കണ്ടെത്തി. ഇത്തരത്തിൽ നിർമിച്ച മാസ്‌കിന്‌ കോയമ്പത്തൂരിലെ സൗത്ത്‌ ഇന്ത്യ ടെക്‌സ്‌റ്റൈൽ റിസർച്ച്‌ അസോസിയേഷന്റെ (സിട്ര)യും മിഡാസ്‌ സേഫ്‌റ്റിയുടെയും ഏറ്റവുമൊടുവിൽ ഗ്വാളിയോറിലെ ഡിആർഡിഒ ലാബിന്റെയും അംഗീകാരം കിട്ടി. തുടർന്നാണ്‌ വാണിജ്യാടിസ്ഥാനത്തിൽ നിർമാണം ആരംഭിച്ചത്‌.

തയ്‌വാനിൽനിന്ന്‌ ഇറക്കുമതി ചെയ്‌ത യന്ത്രത്തിലാണ്‌ നിർമാണം. നാല്‌ വ്യത്യസ്‌ത പാളികൾ അൾട്രാസോണിക്‌ വെൽഡിങ്ങിലൂടെ കൂട്ടിച്ചേർത്ത്‌ നിയന്ത്രിത സാഹചര്യങ്ങളിലാണ്‌ മാസ്‌ക്‌ ഉൽപ്പാദനം. നിലവിൽ ദിവസം 14,000 മാസ്‌ക്‌ നിർമിക്കുന്നതായി എയ്‌റോഫിൽ എംഡി പി സന്തോഷ്‌കുമാർ പറഞ്ഞു. അടുത്തയാഴ്‌ചയോടെ ഉൽപ്പാദനം ഇരട്ടിയാക്കും. എൻ 95 മാസ്‌കുകളുടെ ചില്ലറവിപണി വിലയുടെ പകുതി നിരക്കിലാണ്‌ വിൽപ്പന. ആരോഗ്യമേഖലയിലെ സംഘടനകൾക്കും ആശുപത്രികൾക്കും മാത്രമാണ്‌ ഇപ്പോൾ മാസ്‌ക്‌ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നാനോ കോട്ടിങ്ങോടുകൂടിയ പുതിയൊരു മാസ്‌കും വികസിപ്പിച്ചതായി സ്‌റ്റാർട്ടപ്‌ വില്ലേജ്‌ സിഇഒ സജീബ്‌ ഗോപിനാഥ്‌ പറഞ്ഞു. എൻ 95നേക്കാൾ ഉയർന്ന ഗുണനിലവാരമുള്ള മാസ്‌കാണിത്‌. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം വൈകാതെ ആരംഭിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top