23 September Wednesday

പ്രളയം നേരിടാൻ മുന്നൊരുക്കം ; മഹാപ്രളയത്തിന്റെ അനുഭവത്തിൽ തയ്യാറെടുപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

ആലപ്പുഴ
കാലവർഷം ശക്തമായതോടെ ചെങ്ങന്നൂരിലും കുട്ടനാട്ടിലും പ്രളയം നേരിടാൻ വൻ ഒരുക്കം. 2018ലെ മഹാപ്രളയത്തിന്റെ അനുഭവത്തിലാണ്‌ തയ്യാറെടുപ്പുകൾ. 

ചെങ്ങന്നൂരിൽ 23 ദുരിതാശ്വാസ ക്യാമ്പ്‌ സർക്കാർ തുറന്നു.  സന്നദ്ധ സംഘടനകളുടേതടക്കം  ആകെ ക്യാമ്പുകളുടെ എണ്ണം നൂറായി. പമ്പ, അച്ചൻ കോവിലാർ, മണിമലയാർ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവരെ ഞായറാഴ്ച ഉച്ചയോടെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി. പത്തുവീതം വള്ളം, ടോറസ്‌, ജെസിബി, ടിപ്പർ എന്നിവ തയ്യാറാക്കി നിർത്തിയിട്ടുണ്ട്‌. ഇതുകൂടാതെ ട്രാക്ടർ, ചരക്കുലോറികൾ എന്നിവയും  ഒരുക്കി‌.

കുട്ടനാട്‌ ഏഴ്‌ പാടങ്ങളിൽ‌ മട വീണു. എട്ട്‌ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു. ഇതിനുപുറമേ 12 ഭക്ഷണവിതരണ കേന്ദ്രങ്ങൾ തുറന്നു. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ ജലഗതാഗത വകുപ്പ്‌ അഞ്ചു ബോട്ട്‌ സൗജന്യമായി സർവീസ്‌ നടത്തി.  രോഗികളെ മാറ്റാൻ രണ്ടുരക്ഷാബോട്ടും ഉപയോഗിച്ചു. തിങ്കളാഴ്ച കൊല്ലം, എറണാകുളം സ്‌റ്റേഷനുകളിൽനിന്ന്‌ നാലു ബോട്ട്‌കൂടി രക്ഷാപ്രവർത്തനത്തിനെത്തും.


 

കോട്ടയം ജില്ലയിൽ ഞായറാഴ്‌ച മഴ ഒതുങ്ങിയെങ്കിലും താഴ്‌ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. വൈക്കം, കുമരകം, ചങ്ങനാശേരി, കോട്ടയം, തിരുവാർപ്പ്‌ ഭാഗങ്ങളിൽ നൂറുകണക്കിനു വീടുകൾ വെള്ളത്തിലാണ്‌. കല്ലറ, അയ്‌മനം ഭാഗങ്ങളിൽ വ്യാപകമായി മടവീണ്‌ നൂറുകണക്കിന്‌ ഹെക്ടർ നെൽകൃഷി വെള്ളത്തിലായി.

പത്തനംതിട്ട ജില്ലയിലെ നദികൾ നിറഞ്ഞൊഴുകുകയാണ്‌. മണിമലയാറ്റിൽ ജലനിരപ്പ്‌ ഉയർന്നു. പടിഞ്ഞാറൻ മേഖലകളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം വീടുകളിലും കൃഷിയിടങ്ങളിലും കയറി നാശം വിതച്ചു. മുൻകരുതൽ എന്ന നിലയിൽ 17 വള്ളങ്ങളും 50 മത്സ്യത്തൊഴിലാളികളും അടങ്ങുന്ന സംഘം കൊല്ലത്തുനിന്ന്‌ ജില്ലയിൽ എത്തിയിട്ടുണ്ട്‌. ജില്ലയിലാകെ 25 വള്ളങ്ങൾ സജ്ജീകരിച്ചു. ജില്ലയിൽ ആറ് താലൂക്കുകളിലായി ഇതുവരെ 103 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 1015 കുടുംബങ്ങളിൽനിന്ന് മൊത്തം 3342 പേരെ മാറ്റിപാർപ്പിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top