22 September Tuesday

ചേർത്തുപിടിച്ച്‌ നമ്മൾ ; തളരാതെ മുന്നോട്ട്‌..അതേ; ഈ കാലവും കടന്നുപോകും, ധീരമായി തന്നെ!

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020

രാജ്യത്തെ ആദ്യ കോവിഡ്‌ ബാധ സംസ്ഥാനത്ത്‌ സ്ഥിരീകരിച്ചത്‌ ജനുവരി 30ന്‌. ചൈനയിലെ വുഹാനിൽനിന്നെത്തിയ തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിക്ക്‌ രോഗം സ്ഥിരീകരിച്ചു തുടങ്ങിയ പോരാട്ടം; ആറുമാസം പിന്നിട്ട ഇന്നും നാം തളരാതെ മുന്നോട്ട്‌..അതേ; ഈ കാലവും കടന്നുപോകും,
ധീരമായി തന്നെ!

 

ചൈനയിൽ രോഗം പടർന്നതുമുതൽ നടത്തിയ ജാഗ്രതാപൂർവമായ നടപടിയിലൂടെയാണ്‌ കേരളം കടന്നുപോയത്‌. ജനുവരിയിലെ ആദ്യരോഗിയുടെ ഫലം പുണെ എൻഐവിയിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്ന്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി വീഡിയോ കോൺഫറൻസിലൂടെയാണ്‌ സംസ്ഥാനത്തെ അറിയിച്ചത്‌. ഉടൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മുഖ്യമന്ത്രിയെ കണ്ട്‌ സ്ഥിതിഗതി അറിയിച്ചു. വൈറസ്‌ പ്രതിരോധത്തിന്‌ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ റാപിഡ്‌ റെസ്‌പോൺസ്‌ ടീം യോഗം ചേർന്നു. എല്ലാ ജില്ലയിലും ജാഗ്രതാനിർദേശം നൽകി. വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി. രോഗബാധിത രാജ്യത്തുനിന്ന്‌ എത്തുന്നവർക്ക്‌ 28 ദിവസം വീട്ടുനിരീക്ഷണം കർക്കശമാക്കി.
 
സംസ്ഥാന ദുരന്തം

മൂന്ന്‌ ജില്ലയിലായി മൂന്നുപേർക്ക്‌ രോഗം സ്ഥിരീകരിക്കുകയും രോഗബാധിത രാജ്യങ്ങളിൽനിന്ന്‌ രണ്ടായിരത്തിലധികം ആളുകൾ തിരിച്ചെത്തുകയും ചെയ്‌തതോടെ ഫെബ്രുവരി മൂന്നിന്‌ കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.  എല്ലാ വകുപ്പുകളുടെയും യോജിച്ചുള്ള പ്രവർത്തനം ഉറപ്പാക്കി. സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കൺട്രോൾ റൂം സജ്ജീകരിച്ചു. കൊറോണ ചികിത്സയുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചു. നിരീക്ഷണത്തിൽ ഉള്ളവർക്ക്‌ കൗൺസലിങ്‌‌ ആരംഭിച്ചു.
വീട്ടുനിരീക്ഷണം
കോവിഡിനെതിരായ പ്രതിരോധത്തിൽ സംസ്ഥാനത്തിന്റെ തനത്‌ മാതൃകയായി വീട്ടുനീരിക്ഷണം. കുടിവെള്ള ലഭ്യത, ശുചിത്വ നിലവാരം, വീട്ടിൽ താമസിക്കുന്നവരുടെ എണ്ണം, ശുചിമുറികൾ, വീടുകളുടെ ഘടന എന്നിവ കണക്കിലെടുത്തായിരുന്നു സംസ്ഥാനത്തിന്‌ പുറത്തുനിന്നുള്ളവരെ സ്വന്തം വീട്ടിൽ നിരീക്ഷണത്തിലാക്കാനുള്ള തീരുമാനം.

സംസ്ഥാനത്ത്‌ ഒരു വീട്ടിൽ താമസിക്കുന്നവരുടെ എണ്ണം ശരാശരി 3.8 ആണെന്ന്‌ ദേശീയ സാമ്പിൾ സർവേ രേഖപ്പെടുത്തുന്നു‌. രാജ്യത്ത്‌ 4.3. ഒരു വീട്ടിൽ താമസിക്കാവുന്ന മുറികളുടെ എണ്ണം രാജ്യത്ത്‌ 2.1. സംസ്ഥാനത്ത്‌ 3.81. സംസ്ഥാനത്ത്‌ ഹോം ക്വാറന്റൈന്‌ അനുയോജ്യമായ രീതിയിൽ ഒരാൾക്ക്‌ ഒരു മുറി എന്ന നിലയിൽ ലഭ്യമാണെന്നു സാരം. സംസ്ഥാനത്ത്‌ 93.8 ശതമാനം കുടുംബവും സ്വതന്ത്ര വീടുകളിൽ‌ താമസിക്കുന്നു‌. 84.5 ശതമാനം വീടുകളും വായുസഞ്ചാരമുള്ളതാണ്‌. നിരീക്ഷണത്തിൽ കഴിഞ്ഞ ഭൂരിഭാഗം പേരിൽനിന്നും‌ രോഗം പകർന്നില്ല‌. ശുചിമുറിയോടുകൂടിയ പ്രത്യേക മുറി ഇല്ലാത്തവർക്ക്‌ സർക്കാർ ചെലവിൽ നിരീക്ഷണകേന്ദ്രങ്ങൾ ഒരുക്കി. പെയ്‌ഡ്‌ ക്വാറന്റൈൻ സംവിധാനവും നിരവധി ആളുകൾ പ്രയോജനപ്പെടുത്തി.

റിവേഴ്‌സ്‌ ക്വാറന്റൈൻ
വയോധികർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, ഗുരുതര രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക്‌ രോഗം പകർന്നാൽ മരണം സംഭവിക്കാം. ഇത്‌ ഒഴിവാക്കാൻ റിവേഴ്‌സ്‌ ക്വാറന്റൈൻ നിർബന്ധമാക്കി. അങ്ങനെ മരണനിരക്ക്‌ കുറച്ചു. അതിവ്യാപന ഘട്ടത്തിൽ രോഗപ്പകർച്ച രൂക്ഷമായ ഇടങ്ങളിലെ ഹൈ റിസ്‌ക്‌ വിഭാഗക്കാരെ ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കാനും തീരുമാനിച്ചു. ആദ്യ മാതൃകാ പരിരക്ഷാകേന്ദ്രം തിരുവനന്തപുരത്ത്‌ പ്രവർത്തനം ആരംഭിച്ചു.
ജാഗ്രതാ പോർട്ടൽ

സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ വരുന്നവർക്ക്‌ സ്വയം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം. സംസ്ഥാന അതിർത്തികൾവഴി വരുന്നവർക്ക്‌ ചെക്‌പോസ്റ്റുകളിൽ എത്തേണ്ട സമയം ഉൾപ്പെടെ അറിയിപ്പ്‌ ലഭിക്കും. ഇങ്ങനെ കൂട്ടംകൂടിയുണ്ടാകുന്ന രോഗപ്പകർച്ച ഒഴിവാക്കാനായി‌.

രജിസ്റ്റർ ചെയ്‌തവരുടെ മേൽവിലാസം തദ്ദേശസ്ഥാപനങ്ങൾക്ക്‌ കൈമാറി വീട്ടിൽ നിരീക്ഷണത്തിനുള്ള സൗകര്യം ഉണ്ടെന്ന്‌ ഉറപ്പാക്കും. 2015–-16ലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ 97.5 ശതമാനം വീട്ടിലും ഒരു മൊബൈൽ ഫോണെങ്കിലുമുണ്ട്‌. പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും അടിയന്തര ആരോഗ്യസേവനം ഉറപ്പാക്കാനും ഇത്‌ സഹായകമായി.

യുദ്ധമുറി
പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാൻ മാർച്ച്‌ അവസാനം പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിൽ യുദ്ധമുറി (വാർ റൂം) രൂപീകരിച്ചു. സെക്രട്ടറിയറ്റ്‌ സൗത്ത്‌ കോൺഫറൻസ്‌ ഹാളിലാണ്‌ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയത്. മൂന്ന്‌ ഷിഫ്‌റ്റിലും രണ്ടു വീതം ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ 25 ജീവനക്കാർ. പൊലീസ്, അഗ്നിരക്ഷാസേന, ഗതാഗതം, തദ്ദേശഭരണം, റവന്യൂ, തൊഴിൽ, ആരോഗ്യം, ഭക്ഷ്യ പൊതുവിതരണം, നോർക്ക വകുപ്പുകളുടെ പ്രത്യേക ഡെസ്‌കുകൾ. അന്തർ സംസ്ഥാന ചരക്കുനീക്കം, അവശ്യവസ്‌തുക്കളുടെ ലഭ്യത, അതിഥിത്തൊഴിലാളികളുടെ ക്ഷേമം, ഇതര സംസ്ഥാനങ്ങളിലെയും വിദേശത്തെയും മലയാളികളെ ബന്ധപ്പെടൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക്‌ പ്രത്യേക ഊന്നൽ.
വാർഡ്‌തല സമിതി
വീട്ടുനിരീക്ഷണം പിഴവില്ലാതെ നടക്കുന്നു എന്ന്‌ ഉറപ്പാക്കാൻ വാർഡ്‌തലത്തിൽ ജാഗ്രതാ സമിതികൾ. നിരീക്ഷണത്തിലുള്ളവർക്ക്‌ അവശ്യസാധനങ്ങൾ, മാനസിക പിന്തുണ എന്നിവ ഉറപ്പാക്കുന്നു.

ഫീൽഡ്‌ പ്രവർത്തനം
ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവർ വീടുവീടാന്തരം എത്തുന്നു. വയോധികർ, ഗുരുതര രോഗികൾ തുടങ്ങിയവരുടെ കണക്കെടുത്ത്‌‌‌ പ്രത്യേകം നിരീക്ഷണം. അടിയന്തര ഘട്ടങ്ങളിൽ സമയോചിതമായി ഇടപെടാനാണിത്‌. 43 ലക്ഷം വയോധികരാണ്‌ ഇപ്രകാരം നിരീക്ഷണത്തിൽ ഉള്ളത്‌. ക്ഷയരോഗികൾ, ശ്വസന സംബന്ധപ്രശ്‌നങ്ങൾ ഉള്ളവർ എന്നിവരെ പ്രത്യേകം നിരീക്ഷിക്കുന്നു.

അന്നവും പാഠവും വീട്ടിലേക്ക്‌
കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങളിലെ ആരോഗ്യപരിരക്ഷയിൽ സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നു. അങ്കണവാടികൾ അടച്ചതിനാൽ കുരുന്നുകൾക്കുള്ള പോഷകാഹാരം വീട്ടിൽ എത്തിച്ച്‌ നൽകി. സ്‌കൂൾ തുറക്കാത്തത്‌ പഠനത്തെ ബാധിക്കാതിരിക്കാൻ അങ്കണവാടിമുതൽ സർവകലാശാലാതലംവരെയുള്ളവർക്ക്‌ ഓൺലൈൻ ക്ലാസ്‌. സ്‌കൂൾവിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ കിറ്റ്‌ വിതരണം പുരോഗമിക്കുന്നു.


 

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top