12 August Wednesday

ലോക്‌ഡൗണിൽ കുറ്റകൃത്യത്തിനും പൂട്ട്‌

റഷീദ‌് ആനപ്പുറംUpdated: Saturday Jun 27, 2020



തിരുവനന്തപുരം
ലോക്‌ഡൗൺ കാലത്ത്‌  കേരളത്തിലെ സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാ കവചമൊരുക്കി വീടുകൾ. ബലാത്സംഗം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം, പോക്‌സോ തുടങ്ങിയ കേസുകൾ മുൻവർഷത്തെ അപേക്ഷിച്ച്‌  കുത്തനെ കുറഞ്ഞു. 

മാർച്ച്‌ 23നാണ്‌ കേരളത്തിൽ ലോക്‌ഡൗൺ ആരംഭിക്കുന്നത്‌. മാർച്ച്‌ 25 മുതൽ മെയ്‌ അഞ്ചുവരെയുള്ള  കണക്കനുസരിച്ച്‌ കേരളത്തിൽ സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമ കേസ്‌ 15 എണ്ണമാണ്‌. എന്നാൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 61 കേസ്‌‌ രജിസ്‌റ്റർ ചെയ്‌തു‌. കോവിഡ്‌ കാലത്ത്‌ 92 ബലാൽസംഗ കേസും  സ്‌ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകൽ കേസ്‌ ഒന്നുമാണ്‌. കഴിഞ്ഞ വർഷം ഇത്‌ 221 ഉം 24ഉം ആണ്‌. സ്‌ത്രീധന മരണം ഉണ്ടായിട്ടില്ല. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തിന്‌ രജിസ്‌റ്റർ ചെയ്‌ത കേസ്‌ കഴിഞ്ഞവർഷം മാർച്ച്‌ 25 മുതൽ മെയ്‌ മൂന്നുവരെ 306 ആയിരുന്നുവെങ്കിൽ ലോക്‌ഡൗൺ കാലത്ത്‌ 44ആയി കുറഞ്ഞു. ഗാർഹിക പീഡനത്തിനുള്ള നിയമപ്രകാരം 17 കേസായിരുന്നത്‌ ഏഴായും കുറഞ്ഞു.  2019 മാർച്ച്‌ 25നും മെയ്‌ മൂന്നിനും ഇടയിൽ കേരളത്തിൽ 317 പോക്‌സോ കേസ്‌ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇത്‌ ഈവർഷം മാർച്ച്‌ 25നും മെയ്‌ മൂന്നിനും ഇടയിൽ 130 ആയി കുത്തനെ കുറഞ്ഞു. 

കൊലപാതകവും ഐടി കേസും കുറഞ്ഞു
ലോക്‌ഡൗൺ കാലത്ത്‌ കൊലപാതകം, കൊലപാതകശ്രമം, കവർച്ച, കലാപം തുടങ്ങിയ കേസുകളിലും വൻ കുറവ്‌.  ഐടി  കേസുകളും കുറഞ്ഞു. അതേസമയം, ലോക്‌ഡൗൺ നിയന്ത്രണം ലംഘിച്ച കുറ്റത്തിനുള്ള കേസുകൾ കൂട്ടുമ്പോൾ മൊത്തം കേസുകളുടെ എണ്ണത്തിൽ വർധനയുണ്ട്‌.   ലോക്‌ഡൗൺ കാലത്ത്‌ 16 കൊലപാതക കേസാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 34 കൊലപാതക കേസായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top