17 January Sunday

ഇക്കൊല്ലം കൊല്ലമങ്ങനെ മാറില്ല

ജയന്‍ ഇടയ്ക്കാട്Updated: Tuesday Dec 1, 2020


കൊല്ലം
കൊല്ലത്തെ മണ്ണിൽ കരിമണൽ വിളയും; കശുവണ്ടി വളരും. മുത്താണ്‌ കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ. ജില്ലയുടെ ഹൃദയമിടിപ്പിലുണ്ട്‌ കയറും കൈത്തറിയും. നിയമസഭാ തെര‌ഞ്ഞെടുപ്പിൽ കൊല്ലം പിടിക്കുന്നവർ കേരളം ഭരിക്കുമെന്ന്‌ പറയുന്നത്‌ വെറുതേയല്ല. അതാണ്‌ ചരിത്രം. തൊഴിലാളികൾ അടിമുടി ചുവപ്പിച്ച മണ്ണ്‌.

2015ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മഹാഭൂരിപക്ഷം നേടിയ ഇടതുമുന്നണി ഒരുവർഷത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 11 സീറ്റിലും വിജയിച്ചു. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം വലത്തോട്ട്‌ കണ്ണയച്ചു. ഇപ്പോൾ തിരിഞ്ഞുനോക്കുന്ന കൊല്ലംകാർ പറയും ഇനി ഒരിക്കലും വലത്തോട്ടില്ല; അതുറപ്പ്‌.
ജില്ലാ പഞ്ചായത്തും കോർപറേഷനും പുറമെ 68 ഗ്രാമപഞ്ചായത്ത്‌, 11 ബ്ലോക്ക്‌, നാല്‌ മുനിസിപ്പാലിറ്റി എന്നിവയിലായി 1598 സീറ്റ്‌. അവയിലേ ക്ക്‌ കണ്ണുംനട്ട്‌ 5728 സ്ഥാനാർഥികൾ. 2694 പുരുഷന്മാരും 3034 സ്‌ത്രീകളും.

ഡൽഹിയിലെ കർഷകപ്പോരാട്ടംമുതൽ പഞ്ചായത്ത്‌ വാർഡുകളിലെ തെരുവുവിളക്കുകൾ കത്താത്തതുവരെ  ജില്ലയിൽ തെരഞ്ഞെടുപ്പു ചർച്ചയാണ്‌. ഇതിൽ എൽഡിഎഫ്‌ സർക്കാരിന്റെ വികസനവും ക്ഷേമപ്രവൃത്തികളുടെ നിറവെളിച്ചവുമാണ്‌ മുഖ്യം. നിരവധി ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾ എൽഡിഎഫ്‌ സർക്കാരിന്റെ വികസനത്തുടർച്ചയ്‌ക്ക്‌  ഇപ്പോഴേ ഫുൾ മാർക്കിടുന്നു.

ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റി സമ്മാനിച്ച എൽഡിഎഫിനോടുള്ള കടപ്പാട്‌ കൊല്ലം മറക്കില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സർക്കാർ 32 ലക്ഷം രൂപ ചെലവിട്ട്‌ ജീവിതം തിരിച്ചുപിടിച്ച കോവിഡ്‌ രോഗി ടൈറ്റസ്‌ സർക്കാരിന്റെ കരുതലിന്റെ പ്രതീകമാണ്‌. പ്രളയത്തിൽ സഹജീവികളുടെ ജീവന്‌ കരുതലായ കൊല്ലം സൈന്യം തലയെടുപ്പോടെ ഇവിടെയുണ്ട്‌. ഇതിനിടയിലേക്കാണ്‌  കേരളത്തിന്റെകൂടി ചെലവിൽ നിർമിച്ച കൊല്ലം ബൈപാസിൽനിന്ന്‌ ടോൾ പിരിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര തീരുമാനം എത്തിയത്‌.

ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും ഭരണപക്ഷബെഞ്ചുകളിൽമാത്രം ഇരുന്ന ചരിത്രമാണ്‌ എൽഡിഎഫിനുള്ളത്‌. ഉറച്ച അടിത്തറയാണ്‌ ജില്ലയിൽ എൽഡിഎഫിന്‌ കരുത്ത്‌. തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിക്കുംമുമ്പേ അണിയറയിൽ കക്ഷികൾ തന്ത്രങ്ങളൊരുക്കി. സ്ഥാനാർഥി പ്രഖ്യാപനത്തോടെ അരങ്ങുണർന്ന ജില്ലയിൽ വൈവിധ്യമാർന്ന പ്രചാരണവുമായി ഏറെ മുന്നിലാണ് ഇപ്പോൾ‌ എൽഡിഎഫ്‌.

കേരളം ചർച്ച ചെയ്‌തതാണ്‌ കൊല്ലത്തെ യുഡിഎഫ്‌ സീറ്റ്‌ വിഭജനവും കോൺഗ്രസ്‌ സ്ഥാനാർഥിനിർണയവും. 12 സ്ഥാനാർഥികൾക്ക്‌ കൈപ്പത്തി ചിഹ്നം അനുവദിക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ കത്ത്‌ ചവറ്റുകുട്ടയിലേക്ക്‌ എറിഞ്ഞ്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥലംവിട്ടു. കത്തുമായി ചിഹ്നം ചോദിച്ച്‌ ഡിസിസി ഓഫീസിനു മുന്നിൽ കാത്തുനിന്നവരിൽ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ എഴുകോൺ നാരായണൻ വരെയുണ്ട്‌. ഡിസിസിയുടെയും കെപിസിസിയുടെയും സ്ഥാനാർഥികൾ ഒരേ വാർഡിൽ മത്സരിക്കുന്നെന്ന ഖ്യാതി കൊല്ലത്തെ കോൺഗ്രസിന്‌ സ്വന്തം. സീറ്റ്‌ നൽകിയതിനൊപ്പം പല സ്ഥലത്തും കോൺഗ്രസ്‌ റിബലിനെക്കൂടി കൊടുത്തതിന്റെ കലിപ്പിലാണ്‌ ലീഗ്‌. ഇതിനിടെ പാളയത്തിൽ പടയും ലീഗിനെ വെട്ടിലാക്കി. ജില്ലാ പ്രസിഡന്റ്‌ സീറ്റ്‌ കച്ചവടം നടത്തിയതിൽ പ്രതിഷേധിച്ച്‌ രണ്ടു ജില്ലാ സെക്രട്ടറിമാടക്കം നിരവധിപേർ പാർടിയിൽനിന്ന്‌ രാജിവച്ചു. സ്വതവേ ദുർബല പിന്നെ ഗർഭിണിയും എന്ന അവസ്ഥയിലാണ്‌ ആർഎസ്‌പി; അവരിലും വലിയ കൊഴിഞ്ഞുപോക്കുണ്ടായി. വെൽഫയർപാർടിയുമായുള്ള ഒത്തുചേരലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ  ഉത്തരം മുട്ടുകയാണ്‌ യുഡിഎഫ്‌.

ബിജെപി മുന്നണി എവിടെയെന്ന്‌ കൊല്ലത്തുകാർക്കറിയില്ല. ഘടകകക്ഷിയായ ബിഡിജെഎസിന്‌ സീറ്റ്‌ നൽകിയ സ്ഥലത്തെല്ലാം ആർഎസ്‌എസ്‌ പിന്തുണയുള്ള സ്ഥാനാർഥികളുണ്ട്‌. പാർടിയിലെ വിഭാഗീയത തഴച്ചുവളരുന്ന ബിജെപിക്ക്‌ നാല്‌ നഗരസഭയിലും ചില വാർഡുകളിൽ സ്ഥാനാർഥിപോലുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top