09 December Monday

ഉയർത്തെഴുന്നേൽപ്പ്

ജി രാജേഷ‌് കുമാർUpdated: Sunday Mar 31, 2019


തിരുവനന്തപുരം
പ്രളയത്തിൽ അകപ്പെട്ടവരെ മാറ്റിപാർപ്പിക്കുന്നത‌് വലിയ വെല്ലുവിളിയായിരുന്നു. സംസ്ഥാനത്തുടനീളം 5645 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഒരു പരാതിയുമില്ലാത്തവിധം  സൗകര്യങ്ങൾ. രാഷ‌്ട്രീയപ്രേരിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചവരെ അന്തേവാസികൾതന്നെ കൈകാര്യംചെയ്യുന്ന സ്ഥിതിയുണ്ടായി. പ്രളയബാധിത കുടുംബങ്ങൾക്കെല്ലാം  അവശ്യസാധനങ്ങളടങ്ങിയ കിറ്റുകൾ ലഭ്യമാക്കി. മുഴവൻ തോട്ടംതൊഴിലാളികൾക്കും സൗജന്യ റേഷൻ ഉറപ്പാക്കി. പ്രളബാധിത പ്രദേശങ്ങളിലെ 46 ലക്ഷം മുൻഗണനേതര കുടുംബങ്ങൾക്കും അഞ്ചുമാസത്തോളം സൗജന്യമായി അഞ്ചുകിലോ അരിവീതം ലഭ്യമാക്കി.
പ്രളയക്കെടുതിയിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക‌് പുതിയ രേഖകൾ നൽകാൻ പ്രത്യേക അദാലത്തുകൾ സംഘടിപ്പിച്ചു. 680000 കുടുംബങ്ങൾക്ക‌് 10000 രൂപ വീതം അടിയന്തര ധനസഹായം നൽകി. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവരാണോ അല്ലയോയെന്ന പരിഗണനയില്ലാതെ, 48 മണിക്കൂറിലധികം വെള്ളംകെട്ടിനിന്ന എല്ലാ വീടുകളിലെയും  കുടുംബങ്ങൾക്ക‌് സഹായം അനുവദിച്ചു. ഇതിൽ ഒരു കുടുംബത്തിന‌് 3800 രൂപ കേന്ദ്രവിഹിതമായപ്പോൾ സംസ്ഥാനവിഹിതം 6200 രൂപയും. പ്രളയബാധിതമേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത‌് വാർഡുതലത്തിൽ 25000 രൂപവീതവും മുനിസിപ്പൽ–-കോർപറേഷൻ വാർഡ‌ുതലത്തിൽ 50000 രൂപവീതവും അനുവദിച്ചു. മാലിന്യസംസ‌്കരണം ക്ലീൻ കേരള കമ്പനി ഏറ്റെടുത്തു. ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക‌് റിസർജന്റ‌് കേരള ലോൺ സ‌്കീം രൂപീകരിച്ച‌ു. 133903 പേർക്ക‌് ഒരുലക്ഷം രൂപവരെ 1114.96 കോടി രൂപ വായ‌്പയായി അനുവദിച്ചു. വായ‌്പയുടെ പലിശ സർക്കാർ വഹിക്കുന്നു.

വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുംപെട്ട‌് ലക്ഷക്കണക്കിന‌് ജനങ്ങളുടെ ജീവിതമാണ‌് ദുരിതത്തിലായത‌്. 16000ൽപരം വീടുകൾ പൂർണമായും  രണ്ടുലക്ഷത്തോളം വീടുകൾ ഭാഗികമായും വാസയോഗ്യമല്ലാതായി. വീടുകൾക്ക‌് നേരിട്ടിട്ടുള്ള നാശനഷ്ടത്തിന്റെ തോതനുസരിച്ച‌് കുറഞ്ഞത‌് 15 ശതമാനം, 16–-29 ശതമാനം, 30–-59 ശതമാനം, 64–-74 ശതമാനം, 75 ശതമാനത്തിനുമേൽ എന്നീ വിഭാഗങ്ങ‌ളായി തിരിച്ച‌് 10000 രൂപ, 60000രൂപ, 125000 രൂപ, 250000 രൂപ, നാലുലക്ഷം രൂപ എന്ന ക്രമത്തിൽ നഷ്ടപരിഹാരം ഉറപ്പാക്കി. പൂർണമായോ 75 ശതമാനത്തിലധികമോ തകർന്ന വീടുകൾക്കുള്ള നാലുലക്ഷം രൂപ സഹായത്തിലെ കേന്ദ്രവിഹിതം മലയോരമേഖലയിൽ 101900 രൂപയും സaസംസ്ഥാനം വഹിക്കുന്നു. ആദ്യഗഡു സഹായം 9,341 പേർക്ക് വിതരണം ചെയ്യുകയും വീടുപണി ആരംഭിക്കുകയും ചെയ്തു. പൂർണമായും സ്ഥലം ഒഴുകിപ്പോയവർക്ക‌് സ്വന്തമായി കേരളത്തിൽ സ്ഥലം ഇല്ലെങ്കിൽ വീട‌് നിർമാണത്തിന‌് അനുയോജ്യമായ സ്ഥലം വാങ്ങുന്നതിന‌് പ്രമാണത്തിലെ വിലയനുസരിച്ച്‌ പരമാവധി ആറുലക്ഷം രൂപവരെ നൽകി.

സുരക്ഷിത കൂടൊരുക്കും കേരളം പദ്ധതിയിലൂടെയാണ‌് പ്രളയത്തിൽ വീട‌് നഷ്ടപ്പെട്ടവർക്ക‌് വീട‌് ഉറപ്പാക്കുന്നത‌്. ലൈഫ‌് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയുമായി സഹകരിച്ചാണ‌് ഇത‌് നടപ്പാക്കുന്നത‌്. ജില്ലകളിൽ  ഒട്ടേറെ വീട‌് പൂർത്തിയായി. സഹകരണ വകുപ്പ‌് പ്രളയ ബാധിതർക്ക‌് വീട‌് നിർമിച്ചുനൽകാൻ ആരംഭിച്ച കെയർ ഹോം പദ്ധതിയിൽ 750ൽപരം വീടുകൾ  പൂർത്തിയായി. രണ്ടായിരം വീടുകളാണ‌് അടുത്ത മാസം ഗുണഭോക്താക്കൾക്ക‌് കൈമാറാൻ തയ്യാറാകുന്നത‌്. പ്രളയക്കെടുതികളിൽ 435 പേർ കൊല്ലപ്പെട്ടു. മരണപ്പെട്ടവരുടെ ആശ്രിതർക്ക‌് നാലുലക്ഷം രൂപവീതം സമാശ്വാസ സഹായം നൽകി. ഇതിൽ ഒരുലക്ഷം രൂപ വീതമാണ‌് കേന്ദ്ര ദുരന്തനിവാരണ നിധിയിൽനിന്ന‌് അനുവദിക്കുന്നത‌്. ബാക്കി തുക സംസ്ഥാന സർക്കാർ നൽകി.

3500ൽപരം ചെറുകിട വ്യവസായ യൂണിറ്റുകൾക്ക‌് 632 കോടി രൂപയുടെയും 12 വൻകിട വ്യവസായ യൂണിറ്റുകൾക്ക‌് 289 കോടി രൂപയുടെയും നഷ്ടമുണ്ടായി. ചെറുകിട വ്യവസായമേഖലയിൽ 17400ൽപരം തൊഴിലാളികൾക്ക‌് നേരിട്ട‌് തൊഴിൽനഷ്ടമുണ്ടായി. ഈ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന‌് പദ്ധതിയായി. ചെറുകിട–-ഇടത്തരം സംരംഭങ്ങൾ വീണ്ടെടുക്കുന്നതിനായി പുതിയ വായ‌്പ ലഭ്യമാക്കാനും  നിലവിലുള്ള വായ‌്പ പുനഃക്രമീകരിക്കാനും ബാങ്കുകളോട‌് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ സഹായവും അഭ്യർഥിച്ചു. ഇതിന്റെഫലമായി ബാങ്കുകളും ഉദാരസമീപനം സ്വീകരിച്ചു‌. സർക്കാർ ഇടപെടലിനെത്തുടർന്ന‌് ഗാർഹികോപകരണ നിർമാണ കമ്പനികൾ പ്രളയബാധിത മേഖലയിൽ 50 ശതമാനംവരെ സൗജന്യനിരക്കിൽ ഗാർഹിക ഉപകരണങ്ങൾ ലഭ്യമാക്കി. പൊതുമേഖലാ–സ്വകാര്യ ഇൻഷുറൻസ‌് കമ്പനികൾ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കുന്നതിനും സർക്കാർ ഇടപെടലിലൂടെ കഴിഞ്ഞു.

ഐക്യരാഷ‌്ട്ര സഭയുടെ റിപ്പോർട്ട‌് പ്രകാരം കേരളത്തിൽ പ്രളയമുണ്ടാക്കിയ നാശനഷ്ടം 26718 കോടി രൂപയാണ‌്. പുനർനിർമാണത്തിന‌് 31000 കോടി രൂപ വേണ്ടിവരുമെന്ന‌് ഈ റിപ്പോർട്ട‌് വ്യക്തമാക്കുന്നു. ലോക ബാങ്ക‌് റിപ്പോർട്ട‌് പ്രകാരം 24893 കോടി രൂപയാണ‌് പുനർനിർമാണത്തിന‌് ആവശ്യം. കേന്ദ്ര മാനദണ്ഡങ്ങളെല്ലാം പാലിച്ച‌് കേരളം ആവശ്യപ്പെട്ടത‌് 5616.78 കോടി രൂപയുടെ സഹായം. കേരളത്തിന്റെ അപേക്ഷ പരിഗണിച്ച കേന്ദ്രസർക്കാർ അനുവദിച്ചത‌് 2904.85 കോടി രൂപയും.  കേന്ദ്രസേനകളുടെ സേവനത്തിന്റെ പ്രതിഫലവും  റേഷന‌് അനുവദിച്ച അരിയുടെയും മണ്ണെണ്ണയുടെയും വിലയുമടക്കമുള്ള തുകയാണിത‌്.


പ്രധാന വാർത്തകൾ
 Top