15 May Saturday

സർവേകൾക്കും മേലെ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021


തിരുവനന്തപുരം
ചാനലുകളും ഏജൻസികളും നടത്തിയ അഭിപ്രായ സർവേകളെയും കടത്തിവെട്ടി എൽഡിഎഫ്‌ നേടിയത്‌ ഉജ്വല മുന്നേറ്റം. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ രണ്ടുവരെ സർവേകൾ നടത്തിയ മലയാളം ചാനലുകൾ എൽഡിഎഫിന്‌ നേരിയ ഭൂരിപക്ഷമാണ്‌ പ്രവചിച്ചത്‌. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ രണ്ടാംഘട്ട സർവേകളിൽ എൽഡിഎഫ്‌ ഭൂരിപക്ഷം പിന്നെയും കുറഞ്ഞ്‌ ഒപ്പത്തിനൊപ്പം എന്നുവരെയെത്തി. ഇതിനെയെല്ലാം അപ്രസക്തമാക്കുന്നതാണ്‌ ഫലം.

എം എം മണി വിയർക്കുമെന്ന്‌ ചാനലുകൾ വിധിയെഴുതിയ ഉടുമ്പഞ്ചോലയിൽ 38,305 വോട്ടിനാണ്‌ അദ്ദേഹം വിജയിച്ചത്‌. ആലപ്പുഴയും അമ്പലപ്പുഴയും കണ്ണൂരും അഴീക്കോടും ചേലക്കരയുമെല്ലാം ചാനൽ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി. ബാലുശേരിയിൽ ഒട്ടുമിക്ക സർവേകളും യുഡിഎഫിനാണ്‌ വിജയം പ്രവചിച്ചത്‌. എന്നാൽ, വൻ ഭൂരിപക്ഷത്തിന്‌ ഇവിടെ എൽഡിഎഫ്‌ സ്ഥാനാർഥി കെ എം സച്ചിൻദേവ്‌ വിജയിച്ചു.  

മാതൃഭൂമി ന്യൂസ്‌ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ആദ്യഘട്ടത്തിൽ 73–-85 സീറ്റാണ്‌ എൽഡിഎഫിന്‌ പ്രവചിച്ചതെങ്കിലും തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പുള്ള രണ്ടാംഘട്ടത്തിൽ രണ്ടു സീറ്റ്‌ കൂടി എൽഡിഎഫിന്‌ കുറച്ചു. ഇതേ മാതൃഭൂമിയുടെ പോസ്‌റ്റ്‌ പോൾ സർവേയിൽ 104–-120 സീറ്റും പ്രവചിച്ചു. ഇന്ത്യാ ടുഡേ പോസ്‌റ്റ്‌പോൾ സർവേയും എൽഡിഎഫിന്‌ 104ൽ അധികം സീറ്റ്‌ പ്രവചിച്ചു.

മനോരമ ന്യൂസ്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ എൽഡിഎഫിന്‌ 77–-82 സീറ്റാണ്‌ പ്രവചിച്ചതെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം അത്‌ 68–-78 ആയി കുറച്ച്‌ യുഡിഎഫിന്‌ ആത്മവിശ്വാസം നൽകി. ഏഷ്യാനെറ്റ്‌ പോസ്‌റ്റ്‌ പോൾ സർവേയിൽ എൽഡിഎഫിന്‌ 77–-86 സീറ്റ്‌ പ്രവചിച്ചപ്പോൾ എൻഡിഎയ്‌ക്ക്‌ അഞ്ചു സീറ്റുവരെ നൽകി. 

തെരഞ്ഞെടുപ്പിനു മുമ്പ്‌ രണ്ടു മേഖലാജാഥകൾ പൂർത്തിയാക്കിയപ്പോൾ തന്നെ നൂറോളം സീറ്റ്‌ ലഭിക്കുമെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ തവണത്തേതിനേക്കാൾ സീറ്റ്‌ ഇത്തവണ നേടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്റെയും ഉറച്ച വിശ്വാസവും ശരിയായിരുന്നുവെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top