01 February Wednesday

കൂട്ടാവാം, വഴിതെറ്റാതെ പോകാൻ

അശ്വതി ജയശ്രീUpdated: Sunday Oct 9, 2022


ആ ഏഴാംക്ലാസുകാരന്റെ കൂട്ടുകാർ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളായിരുന്നു. സ്വഭാവത്തിൽവന്ന മാറ്റങ്ങളിലൂടെയാണ്‌ അവനെ അധ്യാപകർ ശ്രദ്ധിച്ച്‌ തുടങ്ങിയത്‌. അന്വേഷണം അവസാനിച്ചത്‌ സ്കൂളിലെ കഞ്ചാവ്‌ സംഘത്തിലും. അതിൽനിന്ന്‌ അവരെ രക്ഷപ്പെടുത്താനാണ്‌ ആ കൂട്ടുകെട്ടിനെയാകെ ചികിത്സക്ക്‌ എത്തിച്ചത്‌.  ലഹരിയെ സ്വീകരിക്കാൻ തയ്യാറായിട്ടില്ലാത്ത ശരീരവും മനസ്സുമാണ്‌ ഏഴാംക്ലാസുകാരന്റെത്‌.  എന്നിട്ടും ഒരാഴ്ചയോളം തുടർച്ചയായി കഞ്ചാവ്‌ വലിച്ചതോടെയാണ്‌ അവനിൽ പെട്ടന്ന്‌ മാറ്റങ്ങൾ വന്നതെന്ന്‌ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലെ ശിശു മാനസികാരോഗ്യ വിദഗ്ധനും ബിഹേവിയറൽ പീഡിയാട്രിക്സ്‌ യൂണിറ്റ്‌ മേധാവിയുമായ ഡോ. ആർ ജയപ്രകാശ്‌ പറഞ്ഞു. മറ്റൊരു കേസിൽ മകന്റെ യൂണിഫോമിൽനിന്ന്‌ പാൻപരാഗ്‌ കിട്ടിയത്‌ ഞെട്ടലോടെ അമ്മ ഡോക്ടറോട്‌ പങ്കുവച്ചു.  അമ്മയുടെ പേഴ്‌സിൽനിന്ന്‌ വലിയൊരുതുക മോഷ്‌ടിച്ച മറ്റൊരു വിദ്യാർഥിയോട്‌ സംസാരിച്ചപ്പോൾ സ്കൂളിലെ മുതിർന്ന ചേട്ടന്‌ കൊടുക്കാനാണെന്നായിരുന്നു മറുപടി. എല്ലാം ‘കഞ്ചാവി’ലേക്കുള്ള വഴികളായിരുന്നു.

‘സോഫ്‌റ്റ്‌ ക്യാരിയേഴ്‌സ്‌’ കെണി

മുതിർന്നവരുമായുള്ള കുട്ടികളുടെ കൂട്ടുകെട്ട്‌ അച്ഛനമ്മമാരും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കണമെന്ന്‌ വിദഗ്ധർ പറയുന്നു. സ്കൂളിന്‌ പുറത്തുള്ളവരുമായുള്ള അമിതകൂട്ട്‌ പലപ്പോഴും കുട്ടികളെ ലഹരി വലയിൽ വീഴ്‌ത്താറുണ്ട്‌. കുട്ടികളെ ലഹരിക്ക്‌ അടിമയാക്കി "സോഫ്‌റ്റ്‌ ക്യാരിയേഴ്‌സ്‌' ആയി ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു.  മക്കളോട്‌ സൗഹൃദ സംഭാഷണങ്ങളിലൂടെ സ്കൂളിലെയും കൂട്ടുകാരുടെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞാൽ ഇത്തരം കെണികളെ തടയാം.

കൂട്ടുകാർ ലഹരി ഉപയോഗിക്കുന്നുവെന്ന്‌ മനസ്സിലായാലോ അതിലേക്ക്‌ ക്ഷണിച്ചാലോ അധ്യാപകരോടോ അച്ഛനമ്മമാരോടോ പറയാൻ വിദ്യാർഥികളും തയ്യാറാകണം. നിരവധി ബോധവൽക്കരണ പരിപാടികൾ സ്കൂളുകളിൽ നടക്കുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ പുറത്തുപറയാൻ ഇന്നും കുട്ടികൾ മടിക്കുന്നു.

 

 

കരുതലോടെ ശരി വഴിയിലേക്ക്‌
കുട്ടികൾ ലഹരി ഉപയോഗിക്കുന്നുവെന്ന്‌ കണ്ടെത്തിയാൽ അവരെ വീട്ടിൽനിന്ന്‌ പുറത്താക്കുന്നതും ഉപദ്രവിക്കുന്നതും പരിഹാരമല്ല.  ലഹരിസംഘങ്ങളോട്‌ കൂടുതൽ അടുപ്പമുള്ളവരായി മാറാനേ ഇതുപകരിക്കൂ. കരുതലും സ്‌നേഹവും നൽകിയാകണം നേർവഴി കാട്ടേണ്ടത്‌. അതിവേഗം മാനസികാരോഗ്യവിദഗ്ധരുടെ സഹായവും തേടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top