24 June Thursday

പാവം പാവം കോടീശ്വരന്മാർ; ഓണം ബംബറടിച്ച ആറുപേർ

ജയന്‍ ഇടയ്‌ക്കാട് jayanedakkad@gmail.comUpdated: Sunday Nov 17, 2019

കേരള ലോട്ടറിയുടെ സമ്മാനഘടന  സർക്കാർ അടിമുടി മാറ്റിയത്‌ കൂടുതൽ സമ്മാനങ്ങൾ കൂടുതൽ കുടുംബങ്ങളിൽ എത്തണമെന്ന ലക്ഷ്യംവച്ചാണ്‌. ഇത്തവണത്തെ ഓണം ബംബറിന്‌  ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക 12 കോടി രൂപയാണ്‌ നിശ്ചയിച്ചത്‌.  സർക്കാരിന്റെ മനസ്സറിഞ്ഞുകൊണ്ടുതന്നെയാകണം ഈ ആറുപേർ ഓണം ബംബർ വാങ്ങിയത്‌.   അവരിന്ന്‌  ശ്രദ്ധയോടെയാണ്‌ സ്വപ്‌നങ്ങൾ നെയ്യുന്നത്‌. ആകസ്‌മികമായി കിട്ടുന്ന പണം സൗഹൃദം തകർക്കുമെന്നും ബന്ധങ്ങളെ ശിഥിലമാക്കുമെന്നും പറയുന്നവർ ഇവരെ കണ്ടുപഠിക്കണം

 

പാവം കോടീശ്വരന്മാർ.... ഈ  ആറുപേർക്കും ഏറെയിഷ്ടമാണ്‌ ഈ മേൽവിലാസം. പെട്ടെന്ന് ഒരു ദിനം കൈയിലെത്തിയ ഇന്ത്യൻ കറൻസികളൊന്നും ഇവരുടെ ജീവിതത്തെ മാറ്റുന്നില്ല. എന്നത്തെയുംപോലെ ജ്വല്ലറിയിൽ ജോലിക്കെത്തുന്നു.  ഇടവേളകളിൽ ഒത്തുകൂടി സൊറ പറയുന്നു. സ്വപ്‌നങ്ങൾ കരുതലോടെ നെയ്യുന്നു. ഇന്നലെയും സാലറി അഡ്വാൻസ് വാങ്ങേണ്ടിവന്നു എന്നു പറയുന്നതും കോടീശ്വരന്മാർ. വലിയ മോഹങ്ങളിൽപെട്ട്  വഴിതെറ്റാതെയുള്ള യാത്ര. എന്നും ആഗ്രഹിക്കുന്നത്  കൂട്ടായ്‌മ മാത്രം. ഇവർ കേരള ലോട്ടറിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി നേടിയ റോണി, രാജീവ്, വിവേക്, രതീഷ്‌കുമാർ, റംജിൻ ജോർജ്, സുബിൻ തോമസ് എന്നിവർ  ടിഎം 160869 എന്ന ഓണം ബംബർ ലോട്ടറി സമ്മാനിച്ച ഭാഗ്യവഴിയിലുടെ ....

 

ഇന്നലെ

 
ആറ്‌ കോടീശ്വരന്മാർ ജോലിചെയ്യുന്ന കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയുടെ കണ്ണാടിച്ചില്ലിലൂടെ നോക്കിയാൽ കാണാം റോഡിന് എതിർവശത്ത്  ലോട്ടറി വിൽപ്പനക്കാരൻ സിദ്ദിഖിന്റെ കട. ജ്വല്ലറിയിൽ ആകെ 35  ജീവനക്കാർ. മിക്കവരും ഇവിടത്തെ ഭാഗ്യാന്വേഷികൾ. ഓണം ബംബർ നറുക്കെടുപ്പിന്റെ ഒരുദിവസം മുമ്പായിരുന്നു കൂട്ടായി ടിക്കറ്റ് എടുക്കാനുള്ള ആലോചന. 300 രൂപ ടിക്കറ്റ് ആയതിനാൽ തൃശൂർ പറപ്പൂർ പുത്തൂർ ഹൗസിൽ റോണിയാണ് ഷെയർ ടിക്കറ്റ്  ആശയം മുന്നോട്ടുവച്ചത്. ചവറ സൗത്ത് വടക്കുംഭാഗം രതീഷ്ഭവനിൽ രതീഷും ചവറ തോടിനുവടക്ക് രാജീവത്തിൽ രാജീവനും 100 രൂപ വീതം നൽകാൻ ധാരണയായി. ചർച്ച പുരോഗമിക്കവെ പങ്കുകാരുടെ എണ്ണം കൂടി. തൃശൂർ അന്നമനട പാലിശേരി കരോട്ട് പുറത്തിൽ സുബിൻ തോമസ്, വൈക്കം അംബിക മാർക്കറ്റ് കുന്നിൻചിറയിൽ കെ എ വിവേക്, ശാസ്‌താംകോട്ട ശാന്തി വിലാസത്തിൽ രംജിൻ ജോർജ് എന്നിവരും ഷെയറിട്ടു. അങ്ങനെ 600 രൂപയ്‌ക്ക്‌ 2 ടിക്കറ്റ്.
 
19ന് നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ടിക്കറ്റ് നോക്കി. വിശ്വാസം വന്നില്ല. ടിക്കറ്റിന്റെ ഫോട്ടോ മൊബൈലിലുണ്ട്‌. ഒട്ടും വൈകാതെ ഉറപ്പിച്ചു, ജീവിതഭാഗ്യം. കരുനാഗപ്പള്ളിയിൽത്തന്നെ മറ്റൊരാൾക്കാണ് ബംബർ അടിച്ചതെന്ന വാർത്ത ചില ചാനലുകളിൽ ഫ്‌ളാഷ് ആയെങ്കിലും അത് വന്ന വഴിയേ പോയി. ടിക്കറ്റ് സൂക്ഷിച്ചിരുന്നത് രതീഷാണ്. ഭാഗ്യം ഉറച്ചതോടെ ഫോണിലേക്ക്‌ തുടരെത്തുടരെ കോളുകൾ.  ഒരു നിമിഷം കൊണ്ട് താരങ്ങളായി മാറിയതിലെ ആഹ്‌ളാദം. വിശ്വസിക്കാൻ പറ്റാതെ നെഞ്ചിൽ കൈവച്ച് നിൽക്കുന്ന വിവേകിന്റെ  ചിത്രം നിമിഷനേരത്തിനുള്ളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. പിന്നെ ട്രോളുകളുടെ നീണ്ട നിര.
 

ഇന്ന്

 
ചേട്ടാ, ഒരു സെൽഫി എടുക്കട്ടെ--–- മുഖത്തേക്ക് നോക്കി ഒരു ചുള്ളൻ ചോദിക്കുമ്പോൾ താരങ്ങൾ ആരെങ്കിലും അടുത്തുണ്ടോ എന്നറിയാൻ രാജീവൻ ചുറ്റും നോക്കി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി  മഴയത്ത് കടയിൽ കയറിനിന്നപ്പോഴാണ് പയ്യൻ ഞെട്ടിച്ചത്. തിരിച്ചറിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ചിത്രത്തിന് പോസ്ചെയ്‌തു. മാധ്യമങ്ങൾ ഏറെ ആഘോഷിച്ച ആറു മുഖങ്ങളെ പൊതുസമൂഹം പെട്ടെന്ന് തിരിച്ചറിയുന്നു.  ടെലിവിഷൻ ചാനലിലെ കോമഡി പ്രോഗ്രാമിൽ അതിഥികളായി എത്തിയതോടെ താരപ്രഭ കൂടി. സാമൂഹ്യമാധ്യമങ്ങളിൽ ദിവസങ്ങളോളം ഇവർ കേന്ദ്ര കഥാപാത്രങ്ങളായി. ആശ്വസിപ്പിച്ചവരും അസൂയാലുക്കളും പാരപണിഞ്ഞവരും കൂട്ടത്തിലുണ്ട്. ആറുപേർ ചേർന്നെടുത്ത ടിക്കറ്റ് നികുതികഴിഞ്ഞാൽ എത്ര കിട്ടും, എന്തൊക്കെയാണ് ഭാവി പരിപാടികൾ  തുടങ്ങി പലവിധ അന്വേഷങ്ങൾ. അവിവാഹിതരായ മൂന്നുപേരുടെ വീട്ടിൽ വിവാഹദല്ലാൾമാരുടെ തിരക്ക്‌. 
 
ഫെയ്‌സ്ബുക്കിലൂടെ ചിലർക്ക് അറിയേണ്ടത്‌, പണം ഒരാളുടെ അക്കൗണ്ടിലാണോ കിട്ടുക എന്നാണ്‌. എല്ലാവർക്കുമായി നൽകുമ്പോൾ നികുതിയിനത്തിൽ കൂടുതൽ തുക നഷ്ടപ്പെടില്ലേ, ഒരാളുടെ അക്കൗണ്ടിലായാൽ മറ്റുള്ളവരെ ഒഴിവാക്കാനുള്ള സാധ്യത ഇല്ലേ, അങ്ങനെ നൂറുകണക്കിന് സംശയങ്ങൾ.  രതീഷിന്റെ  കൈവശമായിരുന്ന ടിക്കറ്റ്‌ പിന്നീട് ഫെഡറൽ ബാങ്ക് കരുനാഗപ്പള്ളി ശാഖയിൽ ഏൽപ്പിച്ചത് ആറുപേരും ഒന്നിച്ച്.
 
കടം ചോദിച്ചെത്തിയവരുടെ എണ്ണം അമ്പരപ്പിച്ചു.  സഹായം തേടി ജില്ലകൾ താണ്ടി ആളുകളെത്തി. വീടുവയ്‌ക്കണം. ഭൂമി വാങ്ങണം. ചിലർക്കാണെങ്കിൽ  ഭൂമിയുണ്ട്, വീടുവച്ചാൽ മാത്രം മതി.  ബാങ്ക്‌ വായ്‌പാ ഗ്യാരന്റിക്ക്‌ ഒരൊപ്പ്‌ മതി മറ്റുചിലർക്ക്‌. മകൾക്ക് വിവാഹധനസഹായം വേണമെന്നാവശ്യപ്പെട്ടവർ നിരവധി. ശാപവചനങ്ങളുമായി മടങ്ങിയവരും ഏറെ. ആവലാതിക്കാരുടെ വരവ് കൂടിയപ്പോൾ കൗണ്ടറിൽവച്ചുതന്നെ കാര്യങ്ങൾകേട്ട് പരിഹാരം നിർദേശിച്ച്‌ പലരെയും മടക്കിയതിലും  മാനേജരുടെ മിടുക്കിന് നൂറുമാർക്കിടുന്നു ഇവർ.
 
3 ഭാഗ്യ നമ്പരാണെന്ന് ഇവർ വിശ്വസിക്കുന്നു. ഞങ്ങൾക്കടിച്ച ലോട്ടറിയിലെ അക്കങ്ങൾ പരസ്‌പരം കൂട്ടുമ്പോൾ 3 കിട്ടും.  കൂട്ടായ്‌മയിൽ  മൂന്നുപേർ വിവാഹിതർ. മൂന്ന്‌  അവിവാഹിതർ. മൂന്ന്‌ കൊല്ലം സ്വദേശികൾ,   മറ്റു ജില്ലക്കാരും മൂന്ന്‌. സാദൃശ്യം യാദൃച്ഛികമെങ്കിലും ഭാഗ്യവഴിയാകുമ്പോൾ ഇവർക്ക് വിശ്വാസം. ജോലിയിൽ മാത്രമല്ല, ഭക്ഷണത്തിലും യാത്രയിലും ദിനചര്യകളിലുമുണ്ട്  ഇവരുടെ ഒരുമ. കൂട്ടായ്‌മ തകർക്കാൻ പലേടത്തുനിന്നും ശ്രമമുണ്ടായി.  വിജയിച്ചില്ലെന്ന് മാത്രം.
 
അത്ഭുതമാണ് ജീവിതത്തിൽ സംഭവിച്ചത്. ഇതുവരെയുള്ള ജീവിതത്തിൽ ബാധ്യതകൾ നിലനിൽക്കുന്നു. ഇതിന് പരിഹാരം കാണണം. 13 വർഷമായി ജ്വല്ലറിയിലുണ്ട്. ഇവിടെ ജോലിയിൽ തുടരും. ഇന്നലെ എന്തായിരുന്നോ അതുപോലെ നാളെയും–- --രാജീവൻ പറയുന്നു.  ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. അധികം ഇടവേളയില്ലാതെ ദുരന്തവും ഭാഗ്യവും ഒരുമിച്ച് അനുഭവിച്ച ആളാണ് റംജിൻ. അച്ഛൻ മരിച്ചതിനെത്തുടർന്ന് വിവാഹം മാറ്റിവയ്‌ക്കേണ്ടിവന്നു. ഇതിനിടെയാണ് ഭാഗ്യം തേടിയെത്തിയത്. വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ജനിച്ച കുഞ്ഞിന്റെ ഭാഗ്യമാണ് ലോട്ടറി എന്ന് റോണിയുടെ കുടുംബം  വിശ്വസിക്കുന്നു. ഗ്രാമീൺബാങ്കിൽനിന്ന്‌ വായ്‌പയെടുത്തിട്ടും 700 ചതുരശ്രഅടി വീട് പൂർത്തീകരിക്കാനാകാതെ നട്ടം തിരിയുന്ന നാളുകളിൽ സുബിന് വന്ന സൗഭാഗ്യത്തിന് സ്വർണത്തേക്കാൾ തിളക്കം. എല്ലാ ആഴ്‌ചയും അച്ഛനെ ഡയാലിസിസിന് കൊണ്ടുപോകാൻ മുടങ്ങാതെ വൈക്കത്തെ വീട്ടിലെത്തുന്ന വിവേകിന്  വീട്ടുകാരാണ് ജീവിതം. അവിവാഹിതനാണെങ്കിലും സുബിൻ ബാധ്യതയുടെ വേലിക്കെട്ടിലാണ്. സഹോദരന് തുണയാകേണ്ടതും സുബിൻ. ജ്വല്ലറിയിലെ ജോലി കഴിഞ്ഞാൽ വീട്ടിലെ  അക്വേറിയമാണ് രതീഷിന്റെ ലോകം. ഭാഗ്യദേവത കടാക്ഷിച്ചെങ്കിലും അധ്വാനത്തിന് ഒട്ടും കുറവില്ല. വ്യത്യസ്‌ത വഴികളിലൂടെയും വേറിട്ട ചുറ്റുപാടുകളിലൂടെയും എത്തിയ ഇവർ എല്ലാം ഒരു വഴിയിലാണിന്ന് സഞ്ചാരം.
 

നാളെ

 
ഒരുമിച്ച് കൈവന്ന ഭാഗ്യത്തിൽനിന്ന് ഒരംശം ഒരുമിച്ച് ചെലവിടുന്ന വേദിയുണ്ടാകുമോ. എഫ്ബിയിൽനിന്ന് ഒഴിഞ്ഞുമാറിയെങ്കിലും നേരിട്ടുള്ള ചോദ്യത്തിന്  ഉത്തരം പറയാൻ ഇവർ മടിച്ചില്ല. നിലവിൽ പദ്ധതിയൊന്നുമില്ല. ഒരു കൂട്ടായ സംരംഭമുണ്ടാകും. അത് ഓണം ബംബർ പോലൊരു സർപ്രൈസ്. അവധി ദിനത്തിൽ എല്ലാവരും ഒരുമിച്ച് ഒരു യാത്ര. ഒരു കുടുംബസംഗമം. തൽക്കാലം ഇത്രയുമൊക്കെ പദ്ധതികളേ  ഉള്ളൂ. ഇതിനകം ഞങ്ങളെ അറിഞ്ഞവർക്കറിയാം ചെലവിന്റെ വഴി. സഹായിക്കാൻ  മനസ്സുണ്ട്, സാഹചര്യം ഒത്തുവന്നാൽ. മുമ്പ്‌ സഹായം ചോദിച്ചെത്തിയവരോട് അന്ന് പറഞ്ഞ വാക്കുകൾ ഇപ്പോൾ തിരിച്ചടിക്കുന്നുണ്ട്. കാശില്ലാത്തതിനാൽ ലോട്ടറിയടിക്കുമ്പോൾ സഹായിക്കാമെന്നുപറഞ്ഞാണ്  ഒഴിഞ്ഞുമാറിയിരുന്നത്. ഇത് ഓർമപ്പെടുത്തുന്നവരെയും  കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു.
 
അവർ ആ ഭാഗ്യം അർഹിക്കുന്നു. ഷെയർ ചെയ്യുന്ന മനസ്സാണവരുടെ കരുത്ത്–-ചുങ്കത്ത് പ്രിൻസ് ജ്വല്ലറി ഉടമ രാജീവ്‌ പോൾ പറഞ്ഞു. എന്തിലും  ഷെയർ ഇടുന്ന നിനക്ക്‌ ലോട്ടറി ഷെയറിൽ കൂടാമായിരുന്നില്ലേ  എന്ന് കൂട്ടുകാർ ചോദിച്ച കാര്യം തൃശൂർക്കാരൻ രാഹുൽ പങ്കുവച്ചു. എനിക്കും വരും ഒരുദിനം എന്നായിരുന്നു രാഹുലിന്റെ മറുപടി.
 
12 കോടി സമ്മാനത്തുകയിൽ നികുതി കഴിച്ച് 7.56 കോടി രൂപ കഴിഞ്ഞ ആഴ്‌ച ഇവർക്ക്  ലഭിച്ചു. ഒരാൾക്ക്  1.26 കോടി രൂപ വീതം സ്വന്തം അക്കൗണ്ടുകളിലേക്ക് ലോട്ടറി വകുപ്പ് ക്രെഡിറ്റ് ചെയ്‌തു. സ്വപ്‌നതുല്യമായ ജീവിതയാത്രയല്ല, പച്ച മനുഷ്യരുടെ മനസ്സുമായി നന്മയുടെ വഴിയിലൂടെയാണ്‌ ഇവർ സഞ്ചാരം തുടരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top