18 March Monday

ഹിമാലയ നിരകളിൽ ചെങ്കൊടി പാറുന്നു

സുജിത് ബേബിUpdated: Sunday Mar 25, 2018


കോഴിക്കോട് > ഹിമാലയൻ മലനിരകളിലെ നിയോജക മണ്ഡലങ്ങളിലൊന്നിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്കൊടി പാറി. തൊഴിലാളി വർഗം നടത്തിയ ജനകീയ പോരാട്ടത്തിൽ ജയിച്ച ആത്മവിശ്വാസത്തോടെയാണ് ഹിമാചൽ പ്രദേശിൽനിന്നും കശ്മീരി സിങ് ഠാക്കൂർ സിഐടിയു ജനറൽ കൗൺസിലിൽ പങ്കെടുക്കാനെത്തിയത്. കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ തുടങ്ങി ഹിമാചൽ ജനതയെ കൂട്ടിയോജിപ്പിച്ചുള്ള മുന്നേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അദ്ദേഹം 'ദേശാഭിമാനി'യോട് പറഞ്ഞു.

ഹിമാചൽ പ്രദേശ് മുഖ്യമായും ഒരു വ്യാവസായിക നഗരമല്ല. ടെക്സ്റ്റൈൽ, സിമന്റ്, നിർമാണമേഖല എന്നിവയാണ് പ്രധാന തൊഴിൽ മേഖല. നരേന്ദ്രമോഡി സർക്കാർ നടപ്പാക്കിയ നോട്ട് അസാധുവാക്കൽ നടപടിയിലൂടെ ടെക്സ്റ്റൈൽ മേഖലയിലെ പല വ്യവസായശാലകളും അടച്ചുപൂട്ടി. അവിടങ്ങളിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. നോട്ട് അസാധുവാക്കലിന് ശേഷം ഈ മേഖലയിലെ നിർമാണ പ്രവർത്തനങ്ങളും ഏതാണ്ട് നിലച്ചമട്ടാണ്. ഇവരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള പോരാട്ടങ്ങൾക്കാണ് സിഐടിയു നേതൃത്വം നൽകുന്നത്.

ഹൈഡൽ പദ്ധതിയുമായും നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. കരാർ തൊഴിലാളികളാണ് ഈ മേഖലയിൽ കൂടുതലും ജോലിയെടുക്കുന്നത്. തൊഴിലാളികളിൽ പലർക്കും മിനിമം വേതനംപോലും ലഭിക്കുന്നില്ല. ഈ വിഷയം ഏറ്റെടുത്ത്് സിഐടിയു നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ നടന്നു. സമരത്തിന്റെ ഫലമായി 20 ശതമാനം വേതന വർധനവ് നേടിയെടുക്കാനായി.

രാജ്യത്തെ പ്രധാന സിമന്റ് കമ്പനികൾ ഹിമാചലിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കുന്നില്ല. നിശ്ചിത ജോലിസമയമോ താമസസൗകര്യമോ ഏർപ്പെടുത്താനും കമ്പനികൾ തയ്യാറായിട്ടില്ല. ജോലിക്കിടെ ഏതെങ്കിലും തരത്തിൽ അപകടം സംഭവിച്ചാൽ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യം പോലുമില്ല. പല കമ്പനികളിൽ നിന്നും ഏറെ ദൂരെയാണ് ആശുപത്രികൾ സ്ഥിതി ചെയ്യുന്നത്. സിമന്റ് നിർമാണ കമ്പനികളിലെ തൊഴിലാളിവിരുദ്ധ നപടികൾക്കെതിരെയും സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ സമരം ചെയ്തു. പ്രക്ഷോഭത്തെ തുടർന്ന് ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

തൊഴിൽശാലകളിൽ കരാർ ഏറ്റെടുക്കുന്നത് കോൺഗ്രസ്, ബിജെപി നേതാക്കളുടെ ബന്ധുക്കളോ അടുപ്പക്കാരോ ആയിരിക്കും. തീർത്തും തൊഴിലാളിവിരുദ്ധ നിലപാടുകളാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കരാറുകാരും തൊഴിലുടമകളും ചേർന്ന് തൊഴിലാളികളെ പീഡിപ്പിക്കുന്നു. ഇതിനെതിരെ സമരം ചെയ്യുന്നവരെ കള്ളക്കേസും പൊലീസ് മർദനവും ഉപയോഗിച്ചാണ് നേരിടുന്നത്.

കർഷകരുടെയും തൊഴിലാളികളുടെയും സമരങ്ങൾ പരസ്പര സഹായത്തോടെയാണ് മുന്നേറുന്നത്. ഹിമാചലിന്റെ പല ജില്ലകളും വനപ്രദേശങ്ങളാൽ സമൃദ്ധമാണ്. ഭൂരഹിതരായവർ ഇവിടെ ചെറിയ വീടുകൾ വച്ച് താമസിക്കുന്നുണ്ട്. ഇവരെ കുടിയിറക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. എന്നാൽ, തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിരോധം ഇതിനെതിരെ ഉയർത്തി. ഇത്തരത്തിലുള്ള യോജിച്ച പോരാട്ടങ്ങൾ സിഐടിയു ഉൾപ്പെടെ ഇടതുപക്ഷ സംഘടനകളുടെ സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്. യോജിച്ച പോരാട്ടത്തിന്റെ പുതിയ പാതകൾ വെട്ടിത്തുറന്ന് ചെങ്കൊടി ഹിമാലയത്തിന്റെ നെറുകയിൽ ഉയരെ പാറിക്കാമെന്ന പ്രതീക്ഷയാണുള്ളത്. പലയിടങ്ങളിലും തൊഴിലാളികൾ സിഐടിയുവിൽ അംഗങ്ങളാകാൻ മുന്നോട്ടുവരുന്ന കാഴ്ച ആവേശകരമാണെന്നും സിഐടിയു ദേശീയ സെക്രട്ടറി കൂടിയായ കശ്മീരിസിങ് ഠാക്കൂർ പറഞ്ഞു.

പ്രധാന വാർത്തകൾ
 Top