23 March Saturday

തമിഴകത്തിന്റെ പോരാട്ടമുഖം

സി അജിത്Updated: Wednesday Aug 8, 2018


തമിഴക പോരാട്ടചരിത്രത്തിൽ കരുണാനിധിക്ക് പ്രധാന സ്ഥാനമുണ്ട്. ഏഴ് പതിറ്റാണ്ട് ദ്രാവിഡ രാഷ്ട്രീയത്തിന്റെ നായകനായ അദ്ദേഹം അഞ്ചു തവണ മുഖ്യമന്ത്രിയായി. തന്ത്രപരമായ ഇടപെടലുകളിലൂടെ രാഷ്ട്രീയഗതി അനൂകൂലമാക്കാനുള്ള അപാര കഴിവ് പ്രധാന പ്രത്യേകത. രാഷ്ട്രീയത്തിലെ ചാണക്യനായി അറിയപ്പെട്ട കരുണാനിധി  വ്യത്യസ്ത അഭിപ്രായം നിലനിൽക്കുമ്പോഴും എതിരാളികളുടെകൂടി ആദരവ് നേടി. 1938ൽ തമിഴ്നാട്ടിലാകെ കത്തിയ ഹിന്ദിവിരുദ്ധ സമരത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 14‐ാം വയസ്സിൽ സഹപാഠികളുമായി തിരുച്ചിയിൽനിന്ന് മദിരാശിയിലേക്ക് പ്രകടനംനടത്തി. തമിഴകത്തിന്റെയാകെ കലൈഞ്ജറിലേക്കുള്ള പ്രയാണത്തിൽ നിരവധി സമരകഥകളുണ്ട്. കല്ലെക്കുടി സമരത്തിൽ തീവണ്ടിക്കുമുന്നിൽ മരണത്തെ വെല്ലുവിളിച്ച് കിടന്നു. 48ൽ ഗവർണർ രാജാജി രണ്ടാമതും സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കി. ഹിന്ദിവിരുദ്ധ സമരത്തിന്റെ ആ ഘട്ടത്തിലും നേതൃപരമായ പങ്കാണ് വഹിച്ചത്. രാജാജിയുടെ കാറിനുമുന്നിലേക്ക് എടുത്തുചാടി കരിങ്കൊടി കാണിച്ചു. തുടർന്ന് പൊലീസ് മർദനവും ജയിലും. 

49ലാണ് ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചത്. 57ൽ കരുണാനിധി നിയമസഭാംഗമായി.അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെക്ക് ജനപിന്തുണ വർധിച്ചു. 62ലെ തെരഞ്ഞെടുപ്പിൽ അണ്ണാ ഉൾപ്പെടെയുള്ളവർ കാമരാജിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിനുമുന്നിൽ അടിയറവുപറഞ്ഞു. കരുണാനിധി ജയിച്ചുകയറി. 69ൽ അണ്ണാ മരിച്ചപ്പോൾ ഡിഎംകെ കരുണാനിധിയെ മുഖ്യമന്ത്രിയാക്കി. 71ലും കനത്ത ഭൂരിപക്ഷത്തോടെ ഡിഎംകെ അധികാരത്തിലെത്തി. വീണ്ടും  മുഖ്യമന്ത്രിയായി.  ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ.ജനാധിപത്യാവകാശങ്ങൾ അട്ടിമറിക്കപ്പെട്ട ഘട്ടത്തിൽ തമിഴകത്ത് ചെറിയ പ്രതിരോധം സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ ഭരണത്തിനായി. 'മിസ' ഉൾപ്പെടെയുള്ള കരിനിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് നേതൃത്വംനൽകി.

കരുണാനിധിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് എം ജി ആർ, എഐഎഡിഎംകെക്ക് രൂപംനൽകുന്നതും അതേ കാലയളവിൽ.  എം ജി ആറിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വളർന്നു. പിന്നീട് തികച്ചും വ്യക്തിവൈരാഗ്യങ്ങളുടെ പോർക്കളമായി തമിഴ്നാട്. തുടർച്ചയായ മൂന്നു തെരഞ്ഞെടുപ്പിൽ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ തോറ്റു. 89ലാണ് തിരിച്ചെത്തുന്നത്. വീടിനകത്ത് ഉറങ്ങുകയായിരുന്ന തന്നെ 2001ൽ അർധരാത്രി ജയലളിത സർക്കാർ അറസ്റ്റ്ചെയ്തത് ഉണങ്ങാത്ത മുറിവായി കരുണാനിധി  എന്നും മനസ്സിൽ സൂക്ഷിച്ചു. 99ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂടിയത്  തെറ്റെന്ന് അദ്ദേഹം  പിന്നീട് സമ്മതിച്ചു. എൻഡിഎയിൽനിന്നു പുറത്തുവന്ന കരുണാനിധി മതേതര പുരോഗമന മുന്നണിക്ക് രൂപംനൽകി. ജയലളിത സർക്കാരിനെ പരാജയപ്പെടുത്തി അധികാരം പിടിച്ചു. കോൺഗ്രസിന്റെ എല്ലാ ദ്രോഹ നടപടികളെയും പിന്തുണക്കുന്ന അവസ്ഥയിലേക്ക് മാറി. രണ്ടാം യുപിഎ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത് ഏറെ വിമർശനത്തിനിടയാക്കി.
 

പ്രധാന വാർത്തകൾ
 Top