26 April Friday

നോട്ട്‌ ‘സ്യൂട്ടി’ൽ സുഖവാസം

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

ഖനിമാഫിയയും പഞ്ചസാരലോബിയും നിറഞ്ഞുകളിക്കുന്ന കർണാടക രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്നത‌് റിസോർട്ടുകളാണ‌്. വിലപേശി വാങ്ങുന്ന പന്തയക്കുതിരകളാണ‌് ഇവിടെ ജനപ്രതിനിധികൾ

ദക്ഷിണേന്ത്യയിൽ ബിജെപി ആദ്യമായി അധികാരത്തിൽ വന്നത‌് കർണാടകയിലാണ‌്. ബെല്ലാരിയിലെ ഖനിമാഫിയയാണ് 2008ൽ ബി എസ് യദ്യൂരപ്പ എന്ന മുതിർന്ന ആർഎസ്എസ് പ്രചാരകിനെ ‘ഓപ്പറേഷൻ കമല’ എന്ന് ഓമനപ്പേരിട്ട കുതിരക്കച്ചവടത്തിലൂടെ  മുഖ്യമന്ത്രി കസേരയിൽ എത്തിച്ചത്. 2008ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 110 സീറ്റ് മാത്രം. 

ജെഡിഎസിന്റെ നാലും കോൺഗ്രസിന്റെ മൂന്നും എംഎൽഎമാരെ പണം നൽകി ഖനിമാഫിയ  സ്വാധീനിച്ചു. ഇവർ ഏഴ് പേർ രാജിവച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ അഞ്ചിടത്ത് ബിജെപിയും രണ്ടിടത്ത് ജെഡിഎസും ജയിച്ചു. യദ്യൂരപ്പയുടെ മുഖ്യമന്ത്രികസേര സുരക്ഷിതമാക്കി. അഴിമതിക്കേസുകളിൽ കുടുങ്ങി പല മന്ത്രിമാരും ജയിലിലായി. ഭൂമിതട്ടിപ്പ് കേസിൽപെട്ട് യദ്യൂരപ്പയ്ക്ക് തന്നെ സ്ഥാനം നഷ്ടപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു.

കോൺഗ്രസ് 2013ൽ മുഖ്യമന്ത്രിയാക്കിയത് ജെഡിഎസിൽനിന്നെത്തിയ സിദ്ധരാമയ്യയെയാണ്.  2018 മേയിലെ തെരഞ്ഞെടുപ്പി കോൺഗ്രസിന‌് ലഭിച്ചത‌് 78 സീറ്റ‌് മാത്രം.  പിന്നീട‌് രണ്ട‌് സീറ്റിൽ കൂടി വജിയിച്ചു. 224 അംഗസഭയിൽ ബിജെപിക്ക് 104 സീറ്റും. ബിജെപി അധികാരത്തിലെത്തുന്നത‌് തടയാൻ 37 അംഗങ്ങളുള്ള ജെഡിഎസിന‌് കോൺഗ്രസ‌് മുഖ്യമന്ത്രി സ്ഥാനം  വാഗ‌്ദാനം ചെയ‌്തു.  രണ്ട് സ്വതന്ത്രരും ബിഎസ‌്‌പിയുടെ ഒരംഗവും ജെഡിഎസ‌്–-കോൺഗ്രസ് മന്ത്രിസഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

എന്നാൽ കേന്ദ്രത്തിൽനിന്ന് മന്ത്രിമാരുടെ പട  ബംഗളൂരുവിലെത്തി. ഗവർണർ വാജുഭായി വാല രാഷ്ട്രീയസമ്മർദത്തിനു വഴങ്ങി യദ്യൂരപ്പയെ മുഖ്യമന്ത്രിയായി അവരോധിച്ചു.  സഭയിൽ വിശ്വാസം തെളിയിക്കാൻ കഴിയാതെ യദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. എച്ച്  ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മെയ് 23നു അധികാരമേറ്റതോടെ രാഷ്ട്രീയനാടകങ്ങൾക്ക് താൽക്കാലിക വിരാമമായി. എന്നാൽ കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളും ജെഡിഎസും കോൺഗ്രസും തമ്മിലുള്ള സംഘർഷവും തുടർന്നു.

തക്കം പാർത്തിരുന്ന ബിജെപി  എട്ട് എംഎൽഎമാരെ കോൺഗ്രസിൽനിന്ന് ചാക്കിട്ടുപിടിക്കാൻ ഓപ്പറേഷൻ കമലയുടെ രണ്ടാം പതിപ്പ് തയ്യാറാക്കി. കോൺഗ്രസിന്റെ ഏഴ് എംഎൽഎമാരെ മുംബൈയിലേക്ക് മാറ്റി. മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി എംഎൽഎമാരെ തിരിച്ചുപിടിക്കാൻ നീക്കം തുടങ്ങി. ബിജെപി ക്യാമ്പിലും കുമാരസ്വാമി നോട്ടമിട്ടു. ബിജെപി ദേശീയകൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ 104 എംഎൽഎമാരെയും കൗൺസിൽയോഗത്തിനുശേഷം ഗുരുഗ്രാമിലെ റിസോർട്ടിലേക്ക് മാറ്റി. സർക്കാരിനെ പിന്തുണച്ചുവന്ന സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷും ആർ ഷങ്കറും  ബിജെപി ക്യാമ്പിലെത്തി. സർക്കാരിന്റെ ഭൂരിപക്ഷം അഞ്ച് എംഎൽഎമാരിൽ ഒതുങ്ങി.

സഖ്യസർക്കാരിനു വീണ്ടും ആഘാതമേൽപിച്ച് നാല്  കോൺഗ്രസ്  എംഎൽഎമാർ ജനുവരി 18ന‌്യോ ചേർന്ന നിയമസഭാകക്ഷിയോഗത്തിൽ  പങ്കെടുത്തില്ല. രമേശ് ജാർക്കിഹോളി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുംതഹള്ളി എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. ശേഷിക്കുന്ന കോൺഗ്രസ് എംഎൽഎമാരെ രാത്രി തന്നെ ബംഗളൂരു ഈഗിൾടൺ റിസോർട്ടിലേക്ക് മാറ്റി.


പ്രധാന വാർത്തകൾ
 Top