19 September Saturday

ധീരത കൈവിടാതെ ക്യാപ്‌റ്റൻ; മരണസംഖ്യ കുറച്ചത് ദീപക്‌ സാഠെയുടെ അനുഭവസമ്പത്ത്‌

സ്വന്തം ലേഖകൻUpdated: Sunday Aug 9, 2020

ന്യൂഡൽഹി > വിമാനാപകടത്തിൽ മരണസംഖ്യ ഗണ്യമായി കുറച്ചത് ക്യാപ്‌റ്റൻ ദീപക്‌ സാഠെയുടെ വിപദിധൈര്യവും അനുഭവസമ്പത്തും‌. വ്യോമസേനയിൽ 22 വർഷവും എയർഇന്ത്യയിൽ 17 വർഷവും പ്രവർത്തനപരിചയമുള്ള ക്യാപ്‌റ്റൻ സാഠെ അപകടം മുന്നിൽക്കണ്ട് അവസരത്തിനൊത്തുയർന്നു. വിമാനം ഇടിച്ചിറങ്ങിയാല്‍ അപകടതീവ്രത കുറയ്‌ക്കാൻ കഴിയുന്നതെല്ലാം ചെയ്‌തു.

ലാൻഡിങ്‌ ഗിയർ പ്രവർത്തിക്കുന്നില്ലെന്ന്‌ വ്യക്തമായപ്പോൾ വിമാനത്താവളത്തിനു ചുറ്റും മൂന്നു പ്രാവശ്യം കറങ്ങി ഇന്ധനം പൂർണമായും തീർത്തു. എൻജിൻ ഓഫ്‌ ചെയ്‌തശേഷമാണ്‌ വിമാനം ഇറക്കിയത്‌. തീപിടിത്തം ഒഴിവാക്കിയത്‌ ക്യാപ്‌റ്റൻ സാഠെയുടെ ഈ മുൻകരുതൽ നടപടി‌. വ്യോമസേനയിൽ സേവനം അനുഷ്‌ഠിക്കവെ അപകടത്തിൽപ്പെട്ട്‌ തലയോട്ടിയിൽ അടക്കം പരിക്കേറ്റ്‌ ആറു മാസം ചികിത്സയിൽ കഴിഞ്ഞു. വിമാനം പറത്താൻ ഇനി കഴിയില്ലെന്ന്‌ കരുതിയവരെ അമ്പരപ്പിച്ചുകൊണ്ടാണ്‌ ജോലിയിലേക്ക് മടങ്ങിയത്‌.

നാഷണൽ ഡിഫൻസ്‌ അക്കാദമിയിലെ 58–-ാം ബാച്ചിൽ മികച്ച കേഡറ്റിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ ജേതാവാണ്. വ്യോമസേനയുടെ ‘സ്‌വോഡ്‌ ഓഫ്‌ ഹോണർ’ ബഹുമതിക്കും അർഹന്‍. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്‌.  ഭാര്യ സുഷമയോടൊപ്പം 15 വർഷമായി താമസം മുംബൈയില്‍. രണ്ട്‌ ആൺമക്കൾ. മൂത്തമകൻ ബംഗളൂരുവിലും രണ്ടാമൻ അമേരിക്കയിലും ജോലിചെയ്യുന്നു.  അച്ഛൻ  ബ്രിഗേഡിയർ(റിട്ട.) വസന്ത്‌ സാഠെ നാഗ്‌പുരിലാണ്‌‌. ജമ്മു–-കശ്‌മീരിൽ സേവനം അനുഷ്‌ഠിക്കവെ അപകടത്തിൽ മരിച്ച  ക്യാപ്‌റ്റൻ വികാസ്‌ സാഠെയുടെ  സഹോദരനാണ്‌ ദീപക്‌ സാഠെ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top