25 September Friday

പറന്നിറങ്ങിയ ദുരന്തം

ബഷീർ അമ്പാട്ട്‌Updated: Friday Aug 7, 2020


കരിപ്പൂർ
വെള്ളിയാഴ്ച രാത്രി 7.50.   തിമിർത്ത് പെയ്യുന്ന മഴക്കൊപ്പമാണ് ഘോരശബ്ദം കേട്ടത്. വിമാനം പറന്നിറങ്ങുന്ന ശബ്ദമല്ലെന്ന്‌ മനസ്സിലായതോടെ പ്രദേശവാസികൾ ഒന്നാകെ പുറത്തേക്കോടി. അപ്പോഴാണ് വിമാനം റൺവേയും കടന്ന് താഴ്ചയിലേക്ക് പതിച്ചതായി  കാണുന്നത്. കൊണ്ടോട്ടി തറയിട്ടാൽ ബെൽറ്റ് റോഡിന് സമീപം മുക്കൂട്ടാണ് വിമാനം തകർന്നുവീണത്. പിളർന്ന വിമാനത്തിനടുത്തേക്ക് ആളുകൾ ഓടിയെത്തി. നാടൊന്നാകെ രക്ഷാപ്രവർത്തനത്തിനിറങ്ങി. പൊലീസും ഫയർഫോഴ്സും ഉടൻ കുതിച്ചെത്തി. വിമാനത്താവളത്തിലെയും തൊട്ടടുത്ത ജില്ലകളിൽ നിന്നുമുള്ള ഫയർ എന്‍ജിനും സ്ഥലത്തെത്തി.
പതിവായി മോക്ഡ്രിൽ നടക്കുന്ന സ്ഥലത്താണ് വിമാന അപകടമുണ്ടായത്.

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നു

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നു


 

ചികിത്സാ  സജ്ജീകരണം ഏര്‍പ്പെടുത്തി
കരിപ്പൂരിലെ വിമാനാപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി മന്ത്രി കെ കെ ശൈലജ. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ്, ബീച്ച് ആശുപത്രി, ഫറൂഖ് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സയ്ക്കായി മികച്ച സജ്ജീകരണങ്ങൾ ഒരുക്കി‌. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാരോട് അടിയന്തരമായി സംഭവസ്ഥലത്ത്‌ എത്താൻ പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 108 ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക്‌ അയച്ചതായും മന്ത്രി അറിയിച്ചു.

ആഗസ്‌തിൽ വീണ്ടും
സംസ്ഥാനത്ത്‌ ആഗസ്‌തിൽ മുമ്പും വിമാനപകടം. 2011 ആഗസ്‌ത്‌ 29ന്‌ കൊച്ചി വിമാനത്താവളത്തിലാണ്‌ ഇതിനുമുമ്പ്‌ സമാനമായ വിമാനാപകടമുണ്ടായത്‌. ഏഴ്‌ യാത്രക്കാർക്ക്‌ പരിക്കുപറ്റിയതൊഴിച്ചാൽ ഗുരുതരമായൊന്നും സംഭവിച്ചില്ല.
137യാത്രക്കാരുമായി ബഹ്‌റൈനിൽനിന്ന്‌ കൊച്ചിയിൽ എത്തിയ ഗൾഫ്‌ എയർ വിമാനമാണ്‌ അന്ന്‌ അപകടത്തിൽപ്പെട്ടത്‌. റൺവേയിൽനിന്ന്‌ തെന്നിനീങ്ങുകയായിരുന്നു. പൈലറ്റിന്‌ സംഭവിച്ച പിഴവ്‌, സാങ്കേതികത്തകരാർ എന്നിവയായിരുന്നു അപകടത്തിന്‌ കാരണമെന്ന്‌ പിന്നീട്‌ കണ്ടെത്തി.

സഹായം വാഗ്‌ദാനം ചെയ്‌ത്‌ പ്രധാനമന്ത്രി
പ്രധാന മന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പുർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്‌, മലപ്പുറം കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐജി അശോക്‌ യാദവും വിമാനത്താവളത്തിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. പരിക്കേറ്റവർക്ക്‌ ചികിത്സ നൽകാനും എല്ലാസൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചതായും പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ എല്ലാ സാഹായങ്ങളും പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ എല്ലാസംവിധാനങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൽ മന്ത്രി എ സി മൊയ്‌തീൻ സ്ഥലത്തെത്തി.  മരിച്ചവരുടെ ബന്ധുക്കളെ  രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം അറിയിച്ചു. രക്ഷാ പ്രവർത്തനങ്ങൾ സംബന്ധിച്ച്  സംസ്ഥാന ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ രാഷ്ട്രപതിയുമായി സംസാരിച്ചതായും രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top