27 September Sunday

ചിറകറ്റു, കണ്മണിയെ കാണാതെ; അഖിലേഷിന്റെ വേർപാട്‌ നാട്ടിലേക്ക‌് പുറപ്പെടാനിരിക്കെ

സുജിത് ബേബിUpdated: Sunday Aug 9, 2020

കോഴിക്കോട‌് > കോവിഡ‌് ഭീതിയിലായിരുന്ന പ്രവാസികളുമായി മെയ‌് ഏഴിന‌് രാത്രിയാണ‌് ആദ്യവിമാനം ദുബായിൽനിന്ന‌് കരിപ്പൂരിൽ പറന്നിറങ്ങിയത‌്. കരഘോഷങ്ങൾക്കിടയിലൂടെ നടന്നിറങ്ങിയ ക്യാപ‌്റ്റനും ക്യാബിൻ ക്രൂ ജീവനക്കാർക്കുമൊപ്പം സഹപൈലറ്റ‌് അഖിലേഷ‌് കുമാറുമുണ്ടായിരുന്നു. കൃത്യം മൂന്ന‌് മാസത്തിനിപ്പുറം ദുബായിൽനിന്നെത്തിയ മറ്റൊരു എയർ ഇന്ത്യ വിമാനത്തിൽനിന്ന‌് അഖിലേഷ‌് പുറത്തെത്തിയത‌് ജീവനറ്റ ദേഹമായി.

പിറക്കാനിരിക്കുന്ന കണ്മണിയെ സ്വീകരിക്കാൻ നാട്ടിലേക്ക‌് പുറപ്പെടാനിരിക്കെയാണ‌് ഈ 32കാരന്റെ മോഹങ്ങൾ ചിന്നിച്ചിതറിയത‌്. ‘വന്ദേഭാരത‌് മിഷ’നിൽ പത്താം തവണയാണ‌് യുപി‌ സ്വദേശിയായ അഖിലേഷ‌്കുമാർ കോക‌്പിറ്റേറിയത‌്. പിപിഇ അണിഞ്ഞ്‌, കോവിഡ‌് സുരക്ഷാ നിർദേശങ്ങൾ പാലിച്ച‌് ഒമ്പത‌ുതവണ അഖിലേഷ‌് ദൗത്യം പൂർത്തിയാക്കി.

ഓരോ തവണയും 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞശേഷമായിരുന്നു ജോലിക്കെത്തിയത‌്. പല വിമാനത്തിലും കോവിഡ‌് രോഗികൾ ഉണ്ടായിരുന്നതിനാൽ അവധിയെടുത്ത‌് നാട്ടിലേക്ക‌് പോകാൻ മടിച്ചു. എട്ട‌് മാസം ഗർഭിണിയായ ഭാര്യയുടെ ആരോഗ്യസ്ഥിതിയോർത്തായിരുന്നു ഇത‌്. പ്രസവസമയമടുക്കുമ്പോൾ നാട്ടിലേക്ക‌് പോകാനായിരുന്നു തീരുമാനം.എല്ലാവരോടും മാന്യമായി പെരുമാറിയിരുന്ന, ആത്മാർഥമായി ജോലി ചെയ‌്തിരുന്ന വൈമാനികനെയാണ‌് നഷ്ടമായതെന്ന‌് വന്ദേ ഭാരത‌് മിഷന്റെ ആദ്യ ദൗത്യത്തിൽ ക്യാബിൻ ക്രൂവായി ഒപ്പമുണ്ടായിരുന്ന പാലക്കാട‌് സ്വദേശി അബ്ദുൾ റൗഫ‌് പറഞ്ഞു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top