31 July Saturday

തീരാത്ത പകയുടെ ഇരകൾ; കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ

ജസ്‌ന ജയരാജ്‌ jas33jay@gmail.comUpdated: Sunday Jun 20, 2021

തീരാത്ത പകയുടെയും നീചമായ നീതിനിഷേധത്തിന്റെയും ഇരകളാണിവർ. കൊളോണിയൽ കാലത്തെ ശിക്ഷാവിധികളിൽ  മാത്രം  കേട്ടുപരിചയിച്ച നാടുകടത്തലിന്റെ  പുതിയ കാലത്തെ  ഇരകൾ.  കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നീ സിപിഐ എം  നേതാക്കൾ ചെയ്യാത്ത കുറ്റത്തിന്‌ അനുഭവിക്കുന്ന ശിക്ഷ പത്താം വർഷത്തിലേക്ക്‌ കടക്കുകയാണ്‌

ഒരു മനുഷ്യനോടെന്നല്ല, ഒരു ജീവിയോടും പാടില്ലാത്തതാണിത്. ഒരു ജീവന് അതിന്റെ ജൈവികമായ ആവാസവ്യവസ്ഥയെ നിഷേധിക്കുന്നിടത്തോളം വലിയ അനീതിയില്ല. ജനിച്ച് വളർന്ന് പടർന്നു പന്തലിച്ചുനിൽക്കുന്ന ചുറ്റുപാടിൽനിന്നു പറിച്ചെടുത്ത് തീർത്തും അപരിചിതമായ മറ്റൊരു ചുറ്റുപാടിലേക്ക് തള്ളിവിടുക. സാമൂഹ്യ ബന്ധങ്ങളെയെല്ലാം അറുത്തെറിഞ്ഞ് ആ ജീവന്റെ അന്തഃസത്ത ഇല്ലാതാക്കുക. പുതിയൊരു പരിതഃസ്ഥിതിയിൽ ആ ജീവൻ എങ്ങനെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുമെന്ന കേവല ചിന്ത പോലും ആരെയും അലട്ടിയില്ല.

കാരായി രാജനും കാരായി ചന്ദ്രശേഖരനും. മറ്റാരുടെയൊക്കെയോ ജീവിതം ഇവർ ജീവിക്കാൻ തുടങ്ങിയിട്ട് ഒമ്പതു വർഷം പൂർത്തിയാകുന്നു. കേരളത്തിന്റെ ചരിത്രത്തിലെങ്ങും കാണില്ല ഇത്തരമൊരു നീതിനിഷേധം.  

ഇവരും പച്ചമനുഷ്യരാണ്. പിറന്ന മണ്ണിൽനിന്ന് പറിച്ചു മാറ്റുമ്പോൾ ആത്മാവിൽ ചോര പൊടിയുന്ന മനുഷ്യർ.ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളിൽ നോവുന്ന മനുഷ്യർ. അറിഞ്ഞിട്ടുപോലുമില്ലാത്ത കൃത്യത്തിന്റെ പാപഭാരം സംഘടിതമായി കെട്ടിവച്ച് ഇരയാക്കപ്പെട്ടവർ. കേരളം കണ്ട ഏറ്റവും നീചമായ നീതിനിഷേധത്തിന്റെ ഇരകളായി ഇവരെ ചരിത്രം അടയാളപ്പെടുത്തും.

കൊളോണിയൽ കാലത്തുപോലും പ്രാകൃതമായിരുന്ന നാടുകടത്തൽ അടിച്ചേൽപ്പിച്ച് നീതിന്യായ വ്യവസ്ഥ  മൗനം തുടരുന്നു.  പല ചേരിയിലെങ്കിലും കമ്യൂണിസ്റ്റുകാരുടെ രക്തത്തിനായി ദാഹിക്കുന്ന വേട്ടക്കാരുടെ സംഘടിത നീക്കത്തിന്റെ ഇരകളാണിവർ.

നിരപരാധിത്വം തെളിയിക്കാൻ രണ്ട്‌ മനുഷ്യർക്കുള്ള നിയമപരമായ അവകാശംപോലും ലംഘിക്കപ്പെടുന്നു. കമ്യൂണിസ്റ്റുകാരന്റെ ധീരതയും സത്യസന്ധതയുംകൊണ്ട്‌ മാത്രമാണിവർ അതിജീവിക്കുന്നത്.

തീരാത്ത പകയുടെ ഇരകൾ

എറണാകുളം ജില്ലയിൽ ഇരുമ്പനത്ത്‌ സുഹൃത്തിന്റെ വീട്ടിലാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും. തലശേരിയിലെ ഫസൽ വധക്കേസിൽ പ്രതി ചേർക്കപ്പെട്ട്‌ എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥയിൽ  ഒമ്പത് വർഷമായി അവിടെ കഴിയുകയാണ്.

സ്വപ്‌നത്തിൽ പോലും അറിയാത്ത കാര്യത്തിൽ പ്രതിയായി മുദ്രകുത്തപ്പെട്ടതിനെക്കുറിച്ച്‌ സൗമ്യത കൈവിടാതെയാണ് കാരായി രാജൻ സംസാരിച്ചു തുടങ്ങിയത്‌. ‘‘2006ൽ തന്നെ ഞങ്ങൾക്കെതിരെ യുഡിഎഫ്–- ബിജെപി വേട്ടയാടൽ തുടങ്ങി. മാധ്യമങ്ങളടക്കം ഞങ്ങളെ പ്രതിയാക്കണമെന്ന മട്ടിലുള്ള പ്രചാരണം ശക്തമാക്കി. സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴെല്ലാം സഹകരിച്ചിട്ടുണ്ട്. ചെയ്യാത്ത കാര്യം സമ്മതിക്കാനാകില്ലെന്നും നുണപരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. ഒരു നടപടിയുമുണ്ടായില്ല.’

വർഷങ്ങൾ നീണ്ട പൊതുപ്രവർത്തനം നൽകിയ വിപുലമായ സുഹൃദ്‌വലയം ഇന്നും കാരായി രാജന്‌ കരുത്താണ്‌. കക്ഷിരാഷ്ട്രീയത്തെ മറികടക്കുന്ന ആത്മബന്ധങ്ങൾ. നാടിനൊപ്പം നിൽക്കുന്ന സഖാവും കവിയും മികച്ച സഹകാരിയുമൊക്കെയാണ്‌ അവർക്ക്‌ രാജൻ.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാട്യം ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിച്ചു. നാടിന്റെ സ്‌നേഹം 21602 വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗമായ കാരായി രാജന് നൽകിയത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. ഓരോ തവണയും കോടതിയുടെ പ്രത്യേകഅനുമതി വാങ്ങിയാണ് യോഗത്തിനെത്തിയത്. മുഴുവൻ സമയം ജില്ലയിൽ തുടരാനാകാത്തതിനാൽ സ്ഥാനമൊഴിയേണ്ടി വന്നു.

‘‘കടുത്ത രാഷ്ട്രീയമാണ് ഇതിനുപിന്നിൽ, ആർഎസ്എസ് തലശേരിയിൽ ലക്ഷ്യമിട്ട കലാപനീക്കം പൊളിഞ്ഞപ്പോൾ കെട്ടിച്ചമച്ചുണ്ടാക്കിയ കേസ്. ഞങ്ങളെ കൃത്യമായി ലക്ഷ്യമിട്ടായിരുന്നു നീക്കങ്ങൾ. ഏതു കേസിലും നിർണായകമാവുന്ന ഫോൺ രേഖകൾ, തൊട്ടടുത്ത ദിവസങ്ങളിലെ ഞങ്ങളുടെ യാത്രാവിവരങ്ങൾ, ഞങ്ങൾ സംസാരിച്ചവരുടെ വിവരം എന്നിവയൊന്നും കേസിൽ പരിശോധിച്ചിട്ടേയില്ലെന്നത് ഇപ്പോഴും വിചിത്രമായി തോന്നുന്നു. തലശേരിയിൽ ന്യൂനപക്ഷവിഭാഗങ്ങളെ പാർടിയിൽ നിന്നകറ്റാൻ ആർഎസ്എസ് ഫസലിന്റെ കൊലപാതകത്തെ ഉപയോഗിക്കുകയായിരുന്നു. ദീർഘമായ രാഷ്ട്രീയ ഗൂഢാലോചനയ്‌ക്കൊടുവിലാണ് ഞങ്ങളെ പ്രതികളാക്കിയത്.’’–-കാരായി ചന്ദ്രശേഖരൻ പറഞ്ഞു. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തലശേരി നഗരസഭയിലേക്ക്‌ ജയിച്ചു. മുനിസിപ്പൽ ചെയർമാനായി തെരഞ്ഞടുക്കപ്പെട്ടിട്ടും ജില്ലയിൽ തുടരാനാകാത്തതിനാൽ സ്ഥാനമൊഴിഞ്ഞു.

കലാപത്തിന് വിത്തിടാൻ

എൻഡിഎഫ് പ്രവർത്തകൻ ഫസൽ 2006 ഒക്ടോബർ 22നാണ് തലശേരി സെയ്ദാർ പള്ളിക്ക് സമീപം കൊല്ലപ്പെട്ടത്. ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകം. പ്രദേശത്ത്‌ ആർഎസ്എസ്–-എൻഡിഎഫ് സംഘർഷം നിലനിന്നിരുന്നു. കൊലപാതകത്തെ തുടർന്ന് സമാധാനയോഗത്തിൽ കൊലപാതകികളായ ആർഎസ്എസുകാർക്കൊപ്പം ഇരിക്കില്ലെന്ന് പറഞ്ഞ് എൻഡിഎഫ് നേതാക്കൾ ഇറങ്ങിപ്പോയി. ആർഎസ്എസാണ് കൊല നടത്തിയതെന്ന് എൻഡിഎഫ് ജില്ലാ കൺവീനർ എ സി ജലാലുദ്ദീൻ പരസ്യമായി പറഞ്ഞു. എന്നിട്ടും സിപിഐ എം നേതാക്കളുടെമേൽ കേസ്‌ കെട്ടിവച്ചു.

ഫസൽ വധം നടന്ന് മൂന്നുമാസത്തിനുശേഷം തലശേരി മാടപ്പീടികയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിജേഷിനെ ആർഎസ്എസുകാർ കൊലപ്പെടുത്തി. എൻഡിഎഫാണ് കൊലയ്‌ക്ക്‌ പിന്നിലെന്ന് ആർഎസ്എസ് തുടക്കംമുതൽ പ്രചരിപ്പിച്ചു. സിപിഐ എം–- എൻഡിഎഫ്‌  സംഘർഷമില്ലാത്ത പ്രദേശത്ത് എൻഡിഎഫുകാരനെ കൊന്ന് സിപിഐ എമ്മാണ് കൊല നടത്തിയതെന്നും സിപിഐ എമ്മുകാരനെ കൊന്ന് എൻഡിഎഫാണ് കൊല നടത്തിയതെന്നും പ്രചരിപ്പിക്കുന്ന പദ്ധതിയാണ് ആർഎസ്എസ് നടപ്പാക്കിയത്.

ആർഎസ്എസുകാർ ഫസലിനെ ഭീഷണിപ്പെടുത്തിയതായി ഫസലിന്റെ ഭാര്യാസഹോദരിയുടെ മകൻ നൽകിയ മൊഴിയും സിബിഐയുടെ കേസ് ഡയറിയിൽ ഉണ്ടായിരുന്നു. കല്ലിൽ കത്തിയുരച്ചുകൊണ്ട് പെരുന്നാളിനുമുമ്പ് നിന്നെ വെള്ള പുതപ്പിച്ച് കിടത്തുമെന്ന് ഫസലിനോട് ആർഎസ്എസ് പ്രവർത്തകർ പറഞ്ഞുവെന്നാണ് മൊഴി. ഇതും മൂടിവയ്‌ക്കപ്പെട്ടു.

ഗൂഢാലോചന എപ്പോൾ? എവിടെ?

2012 ജൂൺ 12ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തി തലശേരി ഏരിയ സെക്രട്ടറി കാരായി രാജനെയും തിരുവങ്ങാട്‌ ലോക്കൽ സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും പ്രതിയാക്കി. എപ്പോൾ, എവിടെ, ആരുമായി ഗൂഢാലോചന നടത്തിയെന്നതിന് തെളിവുകളൊന്നും നൽകാതെയായിരുന്നു കുറ്റം ചാർത്തൽ.   

2012 ജൂൺ 22ന്‌ ഇരുവരും കോടതിയിൽ ഹാജരായി. തുടർന്ന് ഒന്നരവർഷം ജയിൽവാസം. 2013 നവംബറിൽ ജാമ്യം അനുവദിച്ചെങ്കിലും കേട്ടുകേൾവി പോലുമില്ലാത്ത വ്യവസ്ഥകളിൽ ജീവിതം തളയ്‌ക്കപ്പെട്ടു. പിന്നീട് നൽകിയ വിടുതൽ ഹർജിയിലും ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നുള്ള ഹർജിയിലും നടപടിയുണ്ടായില്ല.

കൊല നടത്തിയത് ആർഎസ്എസാണെന്ന് കൃത്യത്തിൽ പങ്കെടുത്ത ആർഎസ്എസ് പ്രവർത്തകൻ സുബീഷ് (കുപ്പി സുബീഷ്) പൊലീസിനു മുമ്പിൽ നടത്തിയ വെളിപ്പെടുത്തലും എവിടെയും പരിഗണിക്കപ്പെടാതെ പോയി.

ഇരുൾ വീണ നീതിയുടെ വഴികൾ

ഒന്നും രണ്ടും ദിവസങ്ങളല്ല ഒമ്പത് വർഷമാണ് കടന്നുപോയത്. വൈകിക്കിട്ടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണെന്ന വാചകം ഈ മനുഷ്യരുടെ അനുഭവത്തിലും സത്യമാകുകയാണ്.

വിചാരണ നടക്കാതെ അനന്തമായി നീളുന്ന കേസ്‌, ഇന്ത്യൻ ശിക്ഷാ നിയമത്തിൽനിന്ന് നീക്കം ചെയ്യപ്പെട്ട നാടുകടത്തലിന് സമാനമായ ജാമ്യവ്യവസ്ഥ,  കേരളം രൂപീകരിച്ചശേഷം സമാനമായ മറ്റൊരു സംഭവമില്ല. ജാമ്യം എന്നത് കേവലം സാങ്കേതികമായ ഒരു പദം മാത്രമാകുകയാണിവിടെ. ജാമ്യം അനുവദിക്കാതിരിക്കാൻ മറ്റ് കാരണങ്ങളൊന്നും കാണാത്തതിനാൽ ജാമ്യം അനുവദിച്ചപ്പോഴും അത്യപൂർവ വ്യവസ്ഥകളിൽ കുരുക്കുകൾ മുറുക്കി.

സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന സാധ്യത കണക്കിലെടുത്താണ്‌ സഞ്ചാരസ്വാതന്ത്ര്യം വിലക്കിയത്‌. എന്നാൽ, ആധുനിക വാർത്താ വിനിമയ സംവിധാനങ്ങളുടെ സാധ്യതകൾ പരിശോധിക്കുമ്പോൾ ഈ നിരീക്ഷണത്തിന് എന്തടിസ്ഥാനം?

ദ്രുതവിചാരണയെന്ന കുറ്റാരോപിതന്റെ അവകാശവും ഹനിക്കപ്പെട്ടു. കൊലപാതകം നടന്ന്‌ 15 വർഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. അതിനുശേഷം നടന്ന എത്രയോ കൊലപാതകങ്ങളിൽ വിചാരണ നടന്ന്, കുറ്റക്കാരെ കണ്ടെത്തി, ശിക്ഷ വിധിച്ച സംഭവങ്ങളുണ്ട്.

വേരറ്റു പോയ വർഷങ്ങൾ

തലശേരിയുടെ പൊതുമണ്ഡലത്തിൽ വേരാഴ്‌ത്തി നിന്ന രണ്ട്‌ മനുഷ്യരെ, രണ്ട് ജനനേതാക്കളെ മറ്റൊരു നാട്ടിൽ നാലു ചുവരുകൾക്കുളളിൽ തളച്ചിട്ട വർഷങ്ങൾ. ജനിച്ച നാടും നാട്ടുകാരും പലവട്ടം ഓർമയിൽ തെളിഞ്ഞുവരുമ്പോൾ ഈ മനുഷ്യർ നഷ്‌ടങ്ങളുടെ കണക്കെടുപ്പ്‌ നടത്താറില്ല. ഓരോ ദിവസവും ഓരോ യുഗമാകുന്നു. വീട്ടിലേക്കാൾ കൂടുതൽ നാട്ടിൽ ജീവിച്ച പൊതുപ്രവർത്തകർക്ക്‌ എളുപ്പം പറഞ്ഞു തീർക്കാവുന്ന കാലമല്ല അത്. പുലർച്ചെ വീട്ടിൽ നിന്നിറങ്ങും. രാത്രി വൈകി മടക്കം. എത്രയോ കാലമായുള്ള ജീവിതചര്യയിലെ മാറ്റത്തിലേക്ക്‌ പാകപ്പെടാൻ പോലും ഈ മനുഷ്യർ ഏറെ പാടുപെട്ടു.

നാടിന്റെ ഹൃദയത്തുടിപ്പിനൊപ്പം ചേർന്നുനടന്നവരെ, എന്തിനും ഏതിനും ജനങ്ങൾക്കൊപ്പം നിന്ന നേതാക്കളെ ജനങ്ങൾക്കിടയിൽനിന്ന്‌ മാറ്റി നിർത്തുന്നതിലുമപ്പുറം വലിയ നേട്ടവും എതിരാളികൾക്ക്‌ കിട്ടാനുണ്ടായിരുന്നില്ല.  

ഒരു ജീവിതംകൊണ്ട് ഇവർ ചേർത്തുപിടിച്ച സഖാക്കളുണ്ട് അകലെ. ഉള്ളുരുകി കാത്തിരിക്കുന്ന കുടുംബമുണ്ട് അകലെ. അവിടേക്ക് മടങ്ങിപ്പോകാൻ കൊതിക്കുന്ന സഖാവും അച്ഛനും ഭർത്താവും സഹോദരനുമെല്ലാം ഇവർക്കുള്ളിലുണ്ട്‌. സ്വന്തം മക്കളുടെ വിവാഹത്തിൽ പോലും അതിഥികളായി പങ്കെടുക്കേണ്ടിവന്ന ഹതഭാഗ്യർ. ഇവരുടെ നഷ്ടങ്ങളിൽ മാധ്യമങ്ങൾക്ക് വാർത്താമൂല്യമില്ല. സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടാൻ സ്റ്റാന്റ് വിത്ത് ക്യാമ്പയിനുകളില്ല. കാരണം ഇവർ കമ്യൂണിസ്റ്റുകാരാണ്. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനും പിന്തിരിപ്പൻ ആശയങ്ങൾക്കുമെതിരെ മനുഷ്യ പക്ഷ രാഷ്ട്രീയമുയർത്തി പോരിനിറങ്ങിയ കമ്യൂണിസ്റ്റുകാർ.

മാഹി ചെമ്പ്രയിലെ ആർഎസ്എസ് പ്രവർത്തകൻ കുപ്പി സുബീഷാണ്‌ ഫസൽ വധത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്‌. 2016 നവംബർ 20നായിരുന്നു തുറന്നുപറച്ചിൽ. സിപിഐ എം പടുവിലായി ലോക്കൽ കമ്മിറ്റി അംഗം പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനൻ വധക്കേസിൽ അറസ്റ്റിലായ സുബീഷ്‌ ചോദ്യംചെയ്യലിനിടെയാണ്‌ ഫസൽ വധക്കേസിൽ പങ്കെടുത്തെന്ന്‌ സമ്മതിച്ചത്‌.

പൊളിഞ്ഞുവീഴും കെട്ടുകഥകൾ

അബ്ദുറഹിമാൻ

അബ്ദുറഹിമാൻ

"എന്റെ അനിയൻ കൊല്ലപ്പെട്ടു. സത്യമാണത്. പക്ഷേ അതിന്റെ പേരിൽ നിരപരാധികൾ ശിക്ഷിക്കപ്പെടരുത്’ കൊല്ലപ്പെട്ട ഫസലിന്റെ സഹോദരൻ അബ്ദുറഹിമാന്റെ വാക്കുകളിൽ ഇന്നും ഇടർച്ചയില്ല. "യഥാർഥ കുറ്റവാളികൾ ഇവരല്ലെന്ന ഉറച്ച ബോധ്യം ഞങ്ങൾക്കുണ്ട്. പലതവണ കോടതിയെ അറിയിച്ചതാണിത്. എല്ലാം മുൻകൂട്ടി തീരുമാനിച്ചുവച്ചതു പോലെയായിരുന്നു കാര്യങ്ങൾ. കേസിന്റെ ഓരോ ഘട്ടത്തിലും പ്രത്യേകിച്ച് സിബിഐ ഏറ്റെടുത്തതുമുതൽ ഞങ്ങൾക്കിത് മനസ്സിലായതാണ്.

കൊല നടത്തിയത് ആർഎസ്എസുകാർ ആണെന്ന് ആർഎസ്എസുകാരൻ തന്നെ പറഞ്ഞപ്പോഴും തുടരന്വേഷണം ആവശ്യപ്പെട്ട് ഞങ്ങൾ കോടതിയെ സമീപിച്ചു. ഒരു നടപടിയുമെടുക്കാതെ അനക്കാതെ വച്ചിരിക്കുകയാണ്. മുന്നോട്ടു പോയാൽ ഈ ചെയ്‌തു കൂട്ടിയതൊക്കെ പൊളിഞ്ഞു വീഴും. അതാണ് സത്യം.’ അബ്ദുറഹിമാൻ പറഞ്ഞു.

കാരായി രാജനും കാരായി ചന്ദ്രശേഖരനുമെതിരെ ഒരു സാക്ഷി മൊഴി പോലുമില്ലാതിരുന്നിട്ടും അവർ പ്രതികളായി. യഥാർഥപ്രതികളിലേക്ക്‌ നയിക്കുന്ന നിർണായകമൊഴികളെ ആരും പിന്തുടർന്നുമില്ല. അവിടെയാണ്‌ കരുതിക്കൂട്ടിയുള്ള വേട്ടയാടൽ മറനീക്കി പുറത്തുവന്നത്‌.

കുപ്പി സുബീഷ്‌ പറഞ്ഞത്‌

 ‘‘എൻഡിഎഫും ആർഎസ്എസുമായി സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ആർഎസ്എസ് കെട്ടിയ കൊടിതോരണങ്ങൾ എൻഡിഎഫ് നശിപ്പിച്ചതിനെ തുടർന്നായിരുന്നു സംഘർഷം. എൻഡിഎഫുകാർ ആർഎസ്എസ് പ്രാദേശിക നേതാവിനെ മർദിക്കുകയും ആർഎസ്എസ് കാര്യാലയം ആക്രമിക്കുകയുംചെയ്‌തു. ഇതിന്റെ പ്രതികാരമായാണ് ഫസലിനെ കൊലപ്പെടുത്തിയത്‌. നാലുപേരാണ് സംഘത്തിലുണ്ടായത്. പുലർച്ചെ പത്രവിതരണം നടത്തുകയായിരുന്ന ഫസലിനെ വടിവാൾകൊണ്ട് വെട്ടിയും ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.  കൊലയ്‌ക്കുശേഷം നാലുപേരും ഒളിവിൽ പോയി.’’

 കണ്ണൂർ ഡിവൈഎസ്‌പി പി പി സദാനന്ദൻ, തലശേരി ഡിവൈഎസ്‌പി പ്രിൻസ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്ത്‌ വന്നത്‌. കണ്ണൂർ ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാർ ഗുരുഡിനും ചോദ്യംചെയ്തു.

ഫസലിനു പുറമെ സിപിഐ എം പ്രവർത്തകരായ കണ്ണവം തൊടീക്കളത്തെ ജി പവിത്രൻ, കോടിയേരി നങ്ങാറത്തുപീടികയിലെ കെ പി ജിജേഷ് എന്നിവരെ കൊലപ്പെടുത്തിയതിന്റെ യഥാർഥ വിവരങ്ങളും സുബീഷ് ഉന്നത പൊലീസുദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തി.

കുറ്റസമ്മതം സംബന്ധിച്ച വിശദമായ റിപ്പോർട്ടും വീഡിയോ പകർപ്പും ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് കൈമാറി. അദ്ദേഹം അത് സിബിഐക്ക് നൽകി. ഫസൽ വധത്തിൽ കുറ്റസമ്മതം നടത്തുന്ന സുബീഷിന്റെ ഫോൺ സംഭാഷണവും പിന്നീട്‌ പുറത്തു വന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top