17 September Tuesday

ഗോത്രജനതയുടെ കഥ പറഞ്ഞ്‌

ഒ കെ ജോണിUpdated: Monday Sep 2, 2024



അടിയന്തരാവസ്ഥയ്ക്കുശേഷം സംസ്ഥാനത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ സജീവമായ രാഷ്ട്രീയ ജാഗ്രതയുടെ  പ്രതിഫലനമായിക്കരുതാവുന്ന നാടകം  ‘നാടുഗദ്ദിക’യുടെ രചയിതാവെന്ന നിലയിലാണ് കെ ജെ ബേബി മലയാളികളുടെ ശ്രദ്ധയാകർഷിക്കുന്നത്. തലമുറകളായി ‘പരിഷ്കൃത’ സമൂഹത്തിന്റെ ചൂഷണങ്ങൾക്കിരയാവുകയും അപരിഷ്കൃതരായി മുദ്രകുത്തപ്പെടുകയുംചെയ്ത ആദിവാസികളെ അവരുടെതന്നെ അനുഷ്ഠാനത്തിന്റെ പ്രമേയവും സങ്കേതവും ഉപയോഗിച്ച്‌ അരങ്ങിലെത്തിക്കുകയായിരുന്നു അദ്ദേഹം. ഇത്‌ എൺപതുകളിലെ മലയാള നാടകവേദിയിൽ സൃഷ്ടിച്ച ചലനം നമ്മുടെ നാടകചരിത്രത്തിലെ  വഴിത്തിരിവായിരുന്നു.

മനോജ് കാനയെപ്പോലുള്ളവർ പിൽക്കാലത്ത്‌ നാടകത്തിലും സിനിമയിലും ആവിഷ്കരിച്ച, ഗോത്രജനതയെ സംബന്ധിച്ച കലാനിർമിതികളുടെ സാർഥകമായൊരു മുൻമാതൃകയാണ് നാടുഗദ്ദിക. കെ  ജെ ബേബിയെന്ന നഗ്നപാദ നാടകകലാകാരന്റെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാസപര്യക്കിടയിൽ ആദിവാസികളെത്തന്നെ അഭിനേതാക്കളാക്കി അവതരിപ്പിച്ച തെരുവുനാടകങ്ങളും ഒറ്റയാൾ നാടകങ്ങളും നോവലുകളുമെല്ലാം വേറെയുമുണ്ട്‌. എന്നാൽ, നാടുഗദ്ദികയുടെ കലാമികവും സാമൂഹികപ്രസക്തിയും അവയ്‌ക്ക്‌ നേടാനായില്ലെന്നാണ് അദ്ദേഹത്തിന്റെ ചിരകാല സ്നേഹിതനായ എന്റെ വിലയിരുത്തൽ. വയനാടിനെയും ആദിവാസികളെയും മുൻനിർത്തി പിൽക്കാലത്തെഴുതിയ നോവലുകളിൽ നാടുഗദ്ദികയുടെ രചയിതാവിന്റെ ജീവിത–-കലാദർശനമല്ല കാണുന്നത്. ആദിവാസികൾ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന മുഖ്യധാരാ ജനപ്രിയ സാഹിത്യത്തിന്റെയും സിനിമകളുടെയും ഗണത്തിൽപ്പെടുത്താവുന്നവയാണ് ബേബിയുടെ ‘മാവേലിമൻറം’ ഒഴികെയുള്ള കഥാഖ്യാനങ്ങൾ. 

ഇടതുപക്ഷ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ കേരളത്തിലും പുറത്തും വ്യാപകമായി അരങ്ങേറിയ നാടുഗദ്ദികയുടെ കലാദർശനം വിപ്ലവകരമായിരുന്നുവെങ്കിൽ, നോവലുകളിൽ എഴുത്തുകാരന്റെ, അരാഷ്ട്രീയമെന്ന് വിശേഷിപ്പിക്കാവുന്ന സാമൂഹികവീക്ഷണം വിളിച്ചുപറയാനുള്ള ഉപകരണങ്ങളായി ആദിവാസിക്കഥാപാത്രങ്ങളെ ഇകഴ്ത്തുന്നെന്ന്‌ മാവേലിമൻറത്തെ മുൻനിർത്തി ഒരു ലേഖനത്തിൽ പറഞ്ഞപ്പോൾ താൻ അതേക്കുറിച്ച് ബോധവാനായിരുന്നില്ലെന്നായിരുന്നു ബേബിയുടെ നിഷ്കളങ്ക മറുപടി. ബാല്യംകാലംമുതൽ കുടുംബപരമായി കൈവന്ന ക്രൈസ്തവബോധത്തിന്റെയും സഭയുടെ പ്രത്യയശാസ്ത്ര പ്രബോധനങ്ങളുടെയും സ്വാധീനത്താൽ ജീവകാരുണ്യതലത്തിൽ സാമൂഹിക പ്രശ്നങ്ങളെ സമീപിക്കുവാൻ  പ്രേരിതനായതിനാലാവണം ആദിവാസികളോടുള്ള സഹാനുഭൂതിയെ ചാരിറ്റി പ്രവർത്തനങ്ങൾക്ക്  പുറത്തേക്ക് സങ്കൽപ്പിക്കുവാൻ  കഴിയാതെപോയത്. ആദിവാസിക്കുട്ടികൾക്കായി ആരംഭിച്ച ‘കനവ്’ ഗുരുകുലം തന്നെയാണ് അതിന്റെ മികച്ച ഉദാഹരണം.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആദിവാസി കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിനുപകരം അവരെ ഗുരുകുലത്തിൽ വളർത്തി പാട്ടുകാരും അഭിനേതാക്കളുമാക്കുകയെന്ന ആശയത്തിന്റെ പിന്നിലെ ആത്മാർഥത അഭിനന്ദനാർഹമാണെങ്കിലും ആ കുട്ടികളുടെ ഭാവിജീവിതം അരക്ഷിതമായിരിക്കുമെന്ന സ്നേഹിതരുടെ ആശങ്ക വർഷങ്ങൾക്കുശേഷം മാത്രമാണ് ബേബി തിരിച്ചറിയുന്നത്. വർഷങ്ങളോളം കനവിൽ താമസിച്ച കുട്ടികൾക്ക് അനൗപചാരികമായ വിദ്യാഭ്യാസം ലഭിച്ചുവെങ്കിലും അവർ സാമൂഹികമായി ഒറ്റപ്പെടുകയായിരുന്നുവെന്ന ബോധ്യം അവസാനകാലത്ത് ബേബിയെ നിരാശനാക്കിയിരുന്നു. കനവിന്റെ ഉത്തരവാദിത്വം അതിലെ അന്തേവാസികളെ ഏൽപ്പിച്ച്‌ തിരുവണ്ണാമലയിൽ താൽക്കാലികാഭയം തേടാൻപോലും ബേബിയെ നിർബന്ധിതനാക്കിയതും ഈ നൈരാശ്യമായിരിക്കാം.

കനവിൽ പഠിച്ച്‌ ചലച്ചിത്ര സംവിധായികയാകാൻ തയ്യാറെടുക്കുന്ന ലീലയെപ്പോലുള്ള സമർഥരായ വിദ്യാർഥിനികളിലൂടെ ബേബിയുടെ കനവുകൾ സാക്ഷാത്കൃതമാവാതിരിക്കില്ലെന്ന്‌ വിശ്വസിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top