23 September Wednesday

കമല ഹാരിസ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയാവുന്ന ആദ്യ കറുത്ത വംശജ; ആഫ്രിക്കൻ വംശജർക്കും ആഹ്ലാദം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

കമല ഹാരിസ്‌ അമ്മ ശ്യാമള ഗോപാലനൊപ്പം

വാഷിങ്‌ടൺ > കമല ഹാരിസ്‌ ഡെമോക്രാറ്റിക്‌ പാർടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിന്റെ സന്തോഷത്തിലാണ്‌ അമേരിക്കയിലെ ഇന്ത്യക്കാരും കറുത്ത വംശജരും. സ്‌ത്രീ സംഘടനകളും ആവേശത്തിലാണ്‌. ഒരു മുഖ്യധാര പാർടിയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയാവുന്ന ആദ്യ കറുത്ത വംശജയെന്ന ചരിത്രം കമലയ്‌ക്ക്‌ സ്വന്തം.

പ്രസിഡന്റ്‌‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറിൽ പിൻവാങ്ങുകയായിരുന്നു. സോഷ്യലിസ്റ്റ്‌ നേതാവും സെനറ്റംഗവുമായ ബേണി സാൻഡേഴ്‌സും കമലയ്‌ക്ക്‌ പിന്തുണയുമായെത്തി. തൊഴിലാളി വർഗത്തിന്റെ താൽപ്പര്യങ്ങൾക്കും എല്ലാവർക്കും ആരോഗ്യ സംരക്ഷണത്തിനും നിലകൊള്ളാൻ കമലയ്ക്ക്‌ ആകുമെന്ന്‌ അദ്ദേഹം പറഞ്ഞു. പെപ്‌സിക്കോ അധ്യക്ഷ ഇന്ദ്രാ നൂയിയും ഇന്ത്യാസ്‌പോറ സ്ഥാപകൻ എം ആർ രംഗസ്വാമിയും സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്തു. 

സർക്കാരിതര സംഘടനയായ ഇംപാക്‌ട്‌ കമലയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ഒരു കോടി ഡോളർ സ്വരൂപിക്കും. കമലയ്ക്ക്‌ എതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങളെ ചെറുക്കുമെന്ന്‌ സ്‌ത്രീ സംഘടനകൾ അറിയിച്ചു.

മാർക്സിസ്റ്റ്‌ അനുഭാവിയായ അച്ഛൻ
ജമൈക്കയിൽ ജനിച്ച ആഫ്രിക്കൻ വംശജനായ അധ്യാപകൻ ഡോണൾഡ്‌ ഹാരിസിന്റെയും തമിഴ്‌നാട്ടിൽനിന്ന്‌ അമേരിക്കയിലേക്ക്‌ കുടിയേറിയ അർബുദ ഗവേഷക ശ്യാമള ഗോപാലന്റെയും മകളായി 1964 ഒക്‌ടോബർ 20നാണ്‌ കമലയുടെ‌ ജനനം.  അച്ഛൻ സ്‌റ്റാൻഫഡ്‌ സർവകലാശാലയിലെ സാമ്പത്തികശാസ്‌ത്ര അധ്യാപകനായിരുന്നു.

മുതലാളിത്ത ഉദാരവാദ സിദ്ധാന്തങ്ങൾമാത്രം പഠിപ്പിച്ചിരുന്ന സ്‌റ്റാൻഫഡിലെ സാമ്പത്തികശാസ്‌ത്ര ശാഖയിൽ ബദൽ കാഴ്‌ചപ്പാടുകളും വേണമെന്ന വിദ്യാർഥികളുടെ ആവശ്യമനുസരിച്ചാണ്‌  മാർക്‌സിസത്തിൽ അവഗാഹമുള്ള ഡോണൾഡ്‌ ഹാരിസിനെ നിയമിച്ചത്‌.

പൗരാവകാശ പ്രവർത്തകരായിരുന്ന കമലയുടെ മാതാപിതാക്കൾ കറുത്ത വംശജരുടെ ‘ബ്ലാക്ക്‌ പവർ’ മുന്നേറ്റത്തിലും പങ്കാളികളായി‌. ശ്യാമള 2009ൽ മരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top