Deshabhimani

മുണ്ടക്കൈയിലേക്കുള്ള ലാസ്റ്റ്‌ ബസ്‌...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 11:12 PM | 0 min read


ചൂരൽമല(വയനാട്‌)
ഉരുൾപൊട്ടലിൽ പാലവും റോഡും ഒലിച്ചു പോകുംവരെ കെഎസ്‌ആർടിസി കൽപ്പറ്റ ഡിപ്പോയിൽനിന്നും  എന്നുമുണ്ടായിരുന്നു മുണ്ടക്കൈയിലേക്ക്‌ ബസ്‌ സർവീസ്‌. ദുരന്തത്തോടെ  ഈ സർവീസ്‌ ദീർഘകാലത്തേയ്ക്ക്‌ മുടങ്ങുകയാണ്‌. ജോലിക്കുപോകുന്നവരുടെ സൗകര്യം കണക്കിലെടുത്ത്‌  അതിരാവിലെ ബസ്‌ പുറപ്പെടും.  27 സർവീസാണ്‌ നടത്തിക്കൊണ്ടിരുന്നത്‌. തോട്ടം തൊഴിലാളികളടക്കമുള്ള  മുണ്ടക്കൈക്കാരുടെ ഏക ആശ്രയം.

ചൂരൽമലയിൽനിന്ന്‌ മുണ്ടക്കൈ  അങ്ങാടിയിലേക്ക്‌ മൂന്ന്‌ കിലോമീറ്ററുണ്ട്‌. രാത്രി 9.40ന്‌ സ്‌റ്റേ സർവീസായിട്ടാണ്‌ ഇത്‌ നടത്തിയിരുന്നത്‌.  മുണ്ടക്കൈയിൽ സൗകര്യമില്ലാത്തതിനാൽ ചൂരൽമലയിലാണ്‌ ബസ്‌ നിർത്തിയിടാറ്‌. ഉരുൾപൊട്ടൽ ദിവസം ഡ്രൈവർ  വടുവൻചാൽ സ്വദേശി പി വി സജിത്തും കണ്ടക്ടർ കൊടുവള്ളി സ്വദേശി മുഹമ്മദ്‌ കുഞ്ഞിയും ബസ് നിർത്തിയിട്ട്‌ ചൂരൽമലയിലെ ഹെൽത്ത്‌ സെന്ററിനകത്താണ്‌ താമസിച്ചത്‌. രാത്രി ഒന്നോടെ വലിയ ബഹളം കേട്ട്‌ നോക്കുമ്പോൾ ചുറ്റും വെള്ളം.  പുറത്തിറങ്ങാനായില്ല. രാവിലെയാണ്‌  ദുരന്തത്തിന്റെ  ഭീകരതയും കണ്ട്‌ ഞെട്ടിയത്‌. തലനാരിഴയ്ക്കാണ്‌ അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടതെന്നും  മനസ്സിലായത്‌. സൈന്യമെത്തി താൽക്കാലിക പാലം നിർമിച്ച ശേഷം ചൊവ്വ വൈകിട്ടാണ്‌  ചൂരൽമലയിലെത്തിയത്‌. പുതിയപാലം നിർമിച്ചശേഷം മാത്രമേ ബസ്സ്‌ പുറത്തെത്തിക്കാനാവൂ.



deshabhimani section

Related News

View More
0 comments
Sort by

Home