25 March Monday

അഭിനയത്തികവിന്റെ കലാശാല

പി വി രാമചന്ദ്രൻUpdated: Tuesday May 15, 2018തൃപ്പൂണിത്തുറ
കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻനായരുടെയും നർത്തകി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മകനായ ബാബു കഥകളി പഠിക്കേണ്ട എന്ന കർശനനിലപാടെടുത്തത‌് ആ രക്ഷിതാക്കളാണ‌്.   കഥകളികലാകാരന്റെ പട്ടിണിക്കേട് ഭയന്നാണ് മകൻ ആ വഴിക്ക് പോകേണ്ടെന്ന‌്  കഥകളി‐ നൃത്ത വേദികളുടെ ആചാര്യസ്ഥാനമലങ്കരിച്ചിരുന്ന അവർ തീരുമാനിച്ചതെന്ന് ബാബുവിന‌് അറിയാമായിരുന്നു. അഭിനയമോഹം തലയ‌്ക്കുപിടിച്ചിരുന്ന ബാബുവിന‌്  രക്തത്തിലലിഞ്ഞ നടനകലയെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. നാടക‐സിനിമ‐സീരിയൽരംഗത്ത‌് പ്രശസ‌്തനായ കലാശാല ബാബുവിലേക്കുള്ള വളർച്ച ആ സമർപ്പണത്തിന്റെകൂടി ചരിത്രമാണ‌്. 

വിപ്ലവകാരി വർഗീസ‌് എന്ന കഥാപാത്രത്തെ അരങ്ങിൽ അനശ്വരമാക്കിയാണ‌് കലാശാല ബാബുവിന്റെ അരങ്ങിലെ തുടക്കം. സി പിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി ഓഫീസ് കേന്ദ്രമാക്കി രൂപംകൊണ്ട മാനിഷാദ തിയറ്റേഴ്സിനുവേണ്ടി ഏഴാച്ചേരി രാമചന്ദ്രൻ രചനനിർവഹിച്ച ‘ആരംഭം’ എന്ന നാടകത്തിലെ നായകകഥാപാത്രമായിരുന്നു വർഗീസ്.

പഠനകാലത്ത് തേവര കോളേജിൽ എസ‌്എഫ‌്ഐയുടെ സജീവപ്രവർത്തകനായിരുന്ന ബാബു, പാർടി ഓഫീസിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയ‌്ക്കൊപ്പമാണ‌് തൃപ്പൂണിത്തുറയിലെ കലാപ്രവർത്തനങ്ങളിലേക്ക‌് കാൽവച്ചത‌്. എ പി വർക്കിയുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ‌് മാനിഷാദ തിയറ്റേഴ്സ്. ഇടയ‌്ക്ക‌് പ്രവർത്തനംനിലച്ച സംഘത്തെ  സി വി ഔസേപ്പ‌് ഏരിയ സെക്രട്ടറിയായിരിക്കെയാണ്  പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചതെന്ന‌്  ആ സംഘത്തിലെ സജീവാംഗമായിരുന്ന സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി എൻ സുന്ദരൻ ഓർക്കുന്നു. ഒരുപറ്റം ചെറുപ്പക്കാരെ ഇതിനായി ചുമതലപ്പെടുത്തി. മാനിഷാദ തിയറ്റേഴ്സിനുവേണ്ടി ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ‘ആരംഭം’ എന്ന നാടകം  ദേശാഭിമാനിയിലെ കമ്പോസിറ്ററായിരുന്ന കോരക്കൻ ബാബുവാണ് കൊണ്ടുവന്നത്. ബാബുവായിരുന്നു സെക്രട്ടറി. ഭാഗവതർ വൈക്കം ചന്ദ്രനായിരുന്നു സംവിധായകൻ.

ഏഴാച്ചേരിയുടെ നാടകവായന സമയത്തുതന്നെ ഉജ്വല അഭിനയം കാഴ്ചവച്ച ബാബുവിന‌് ആരംഭത്തിലെ നായകവേഷം കിട്ടി. ഏരിയ സെക്രട്ടറി സി വി ഔസേപ്പിന്റെയും പാർടിപ്രവർത്തകരായ കണ്ണട രാജൻ, ചിത്രകാരൻ ചക്രപാണി എന്നിവരുടെയും ഉത്സാഹത്തിൽ  സെൻട്രൽ തിയറ്ററിൽ നാടകത്തിന്റെ ആദ്യാവതരണം നടന്നു.  ബാബുവിന്റെ വിപ്ലവകാരിയുടെ വേഷം ഏറെ  പ്രശംസ നേടി. പാർടി സമ്മേളനവേദികളിൽ ഈ നാടകം അവിഭാജ്യഘടകമായിരുന്നിട്ടും സാമ്പത്തികപ്രയാസംമൂലം സമിതിയുടെ പ്രവർത്തനം പിന്നീട‌് നിർത്തേണ്ടിവന്നു. തുടർന്ന് ബാബു സ്വന്തമായി തൃപ്പൂണിത്തുറ കലാശാല എന്ന  നാടകസമിതി തുടങ്ങി. 

അന്തരിച്ച നടൻ തിലകൻ, സുരാസു തുടങ്ങിയവർ കലാശാലയിൽ ഉണ്ടായിരുന്നു. തേവര കോളേജിൽ വിദ്യാർഥീനേതാവായിരുന്ന ബാബുവിനെ കെഎസ‌്‌യുക്കാർ തെരണ്ടിവാലുകൊണ്ട് ആക്രമിച്ചതിനെത്തുടർന്ന‌്  തൃപ്പൂണിത്തുറയിൽനിന്നും സഖാക്കളെത്തി രക്ഷിച്ചുകൊണ്ടുവന്ന സംഭവവും സി എൻ സുന്ദരൻ ഓർക്കുന്നു. 

‘ഇണയെത്തേടി’ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും  തുടർന്ന‌് ആ രംഗത്ത‌് കൂടുതൽ താൽപ്പര്യം കാണിച്ചില്ല. പിന്നീട് നാടകസമിതികളിൽ സജീവമായപ്പോഴും കുടുംബം പുലർത്താൻ സ്വന്തമായി പാൽവിതരണ ഏജൻസി നടത്തി. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ‘പ്രതിരൂപങ്ങൾ’ നാടകത്തിലെ വിപ്ലവകാരിയുടെ വേഷവും ശ്രദ്ധേയമായി. അതിൽ ‘ഇതു നീ എടുത്തുകൊൾക, ഇതെൻ ഹൃദയം’ എന്നു തുടങ്ങുന്ന ഒ എൻ വി കുറുപ്പ് വിവർത്തനംചെയ്ത ബൊളീവിയൻകവിതയുടെ അവതരണവും കലാശാല ബാബുവിന്റെ  അഭിനയമികവിന‌് തിളക്കമേറ്റി.  പിന്നീട‌് സീരിയൽ, സിനിമാമേഖലയിൽ സജീവമായി.

തിരക്കുകളിൽ കഴിയുമ്പോഴും  പാർടി ഓഫീസിലെ പഴയ മാനിഷാദ തിയറ്റേഴ്സും ആദ്യനാടകവും വിലപ്പെട്ട കലാനുഭവങ്ങളായി ബാബു എന്നും സൂക്ഷിച്ചു.  പിൽക്കാലത്ത‌് ലഭിച്ച എണ്ണമറ്റ വേഷങ്ങളിലെ അഭിനയമികവിലൂടെ  എല്ലാത്തരം ആസ്വാദകർക്കും അദ്ദേഹം പ്രിയങ്കരനായി മാറി. അപ്പോഴൊക്കെ തൃപ്പൂണിത്തുറയുടെ  കലാപാരമ്പര്യത്തിന‌് തിളക്കമുള്ള കണ്ണിയായി അദ്ദേഹം തുടരുകയുംചെയ‌്തു.

പ്രധാന വാർത്തകൾ
 Top