02 July Thursday

കാക്കനാടൻ: സ്‌നേഹച്ചാമരം വീശുന്ന ഓർമകൾ

ബിജു നെട്ടറUpdated: Sunday Apr 19, 2020

ഏപ്രിൽ 23ന്‌ കാക്കനാടന്റെ 85–-ാം ജന്മദിനം. 2011 ഒക്ടോബർ 19ന് കഥാവശേഷനായ കാക്കനാടൻ സുഹൃത്തുക്കൾക്ക്‌ ഇന്നും സ്‌നേഹത്തിന്റെ ചാമരം വീശുന്ന ഓർമ. കാക്കനാടന്റെ  സഹയാത്രികനും കാക്കനാടൻ നമ്മുടെ ബേബിച്ചായൻ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനുമായ ബിജു നെട്ടറയുടെ  ഓർമ

കൊറോണക്കാലത്ത് കാക്കനാടന്റെ  ‘വസൂരി ' വീണ്ടും വായിച്ചശേഷമാണ് ഇതെഴുതുന്നത്. അൽബേർ കാമുവിന്റെ ‘പ്ലേഗ്' ആണ്‌ വസൂരി എന്ന നോവലിന്‌ പ്രചോദനം. വസൂരിയെന്ന മഹാമാരിയുടെ കാലത്ത്‌ പലരും ഒഴിഞ്ഞുമാറിയപ്പോൾ  നിസ്സഹായരായ മനുഷ്യരെ സഹായിക്കാൻ ഒറ്റയാനായ  കൃഷ്‌ണൻകുട്ടിയേ ഉണ്ടായിരുന്നുള്ളൂ. ചങ്കൂറ്റത്തോടെ അവരെ വാരിയെടുത്തുകൊണ്ട് വസൂരിയെയും മറ്റ് മനുഷ്യരെയും കൃഷ്‌ണൻകുട്ടി തോൽപ്പിക്കുന്നത്‌ എത്ര തീക്ഷ്‌ണമായാണ്‌ കാക്കനാടൻ ആവിഷ്‌കരിച്ചത്‌. കൊറോണക്കാലത്തെ മനുഷ്യപ്പറ്റുള്ള ഓരോ മലയാളിയിലും ഒരു  കൃഷ്‌ണൻകുട്ടിയുണ്ട്‌.

കാക്കനാടൻ കൃതികളിലൂടെയുള്ള സഞ്ചാരമല്ല ഈ കുറിപ്പ്‌. ഏപ്രിൽ 23 കാക്കനാടന്റെ 85‐ാം ജന്മദിനം. 2011 ഒക്ടോബർ 19ന് കഥാവശേഷനായ കാക്കനാടൻ സുഹൃത്തുക്കളുടെ മനസ്സിലിന്നും സ്‌നേഹത്തിന്റെ ചാമരം വീശുന്ന ബേബിച്ചായനാണ്‌. മനുഷ്യന്‌ ഏറെക്കുറെ അപരിചിതമായിരുന്ന ഇടങ്ങളിലേക്കും  പുതിയ സൗന്ദര്യസങ്കൽപ്പങ്ങളിലേക്കും ഋഷിതുല്യമായ ദാർശനികതയിലേക്കും നയിച്ച നിഷേധി. പക്ഷേ, നിഷേധത്തിന്റെയും ദാർശനികതയുടെയും പരിവേഷങ്ങളില്ലാതെ വെറും പച്ച മനുഷ്യൻ.
ബിജു നെട്ടറ

ബിജു നെട്ടറ

ചായക്കടക്കാരൻ കൃഷ്ണപിള്ള ചേട്ടനെയും ചാരായത്തൊഴിലാളി തുളസിയണ്ണനെയും അയൽക്കാരൻ സേവ്യറെയും സലോമിയെയും പ്രിയസുഹൃത്ത് രവി മുതലാളിയെയും ബേബിച്ചായൻ വെവ്വേറെ കണ്ടിട്ടില്ല. ഒരിക്കൽ അന്നത്തെ മുഖ്യമന്ത്രി പി കെ വിയും വെളിയം ഭാർഗവനും കാക്കനാടന്റെ അമ്മയെ കാണാൻ (കമ്യൂണിസ്റ്റ് നേതാക്കൾക്ക് ഒളിക്കാനിടം നൽകിയ ആളാണ് കാക്കനാടന്റെ അച്ഛൻ) വീട്ടിൽ വന്നപ്പോൾ അവിടെ കൂട്ടുകാർ ചീട്ടുകളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവർ  എഴുന്നേറ്റ് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ, "നിങ്ങളെവിടെ പോകുന്നു. പി കെ വി ചേട്ടൻ അമ്മയെ കാണാനാ വന്നത്. അദ്ദേഹം ഉടനെ പോകും. നിങ്ങളിപ്പോൾ പോയാൽ ഞാനെങ്ങനെ ചീട്ടുകളിക്കും. നിങ്ങളിവിടെയിരിക്ക്. ഞാൻ അകത്ത് കേറി ഉടനേ വന്നേക്കാം’ എന്ന് പറഞ്ഞ ബേബിച്ചായന്റെ പ്രകൃതം തമ്പിച്ചായൻ (അനുജൻ തമ്പി കാക്കനാടൻ) പറഞ്ഞതെനിക്കറിയാം.
 
‘‘ക്ലബ്ബിലാണെങ്കിൽ ചീട്ടുകളിക്കുക, വർത്തമാനം പറയുക. എപ്പഴും കമ്പനികൾ ഉണ്ടായിരിക്കും. ഒരു സെക്ലൂഡഡ് ലൈഫ് എനിക്ക് ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഒറ്റപ്പെട്ടുപോയാൽ ഭയങ്കര ബുദ്ധിമുട്ട്‌ തോന്നുന്നത്. എനിക്ക് എപ്പഴും ആളും പേരുമൊക്കെ കൂടെവേണം.’’ 
.................................
 
‘‘റിക്ഷാക്കാരനും ചാരായം വിൽക്കുന്നവനും പോക്കറ്റടിക്കാരനുമൊക്കെ നമ്മടെ സുഹൃത്തുക്കളാ. ആ കൂട്ടത്തിൽ സ്ഥലം കലക്ടറും കാണും. സ്ഥലത്തെ വലിയ മുതലാളിയും കാണും. കരംതീരുവയനുസരിച്ച് ആളുകളെ സ്‌നേഹിക്കാൻ ഞാൻ പഠിച്ചിട്ടില്ല.’’ (‘കാക്കനാടൻ നമ്മുടെ ബേബിച്ചായൻ’ എന്ന -ഡോക്യുമെന്ററിയിൽനിന്ന്).
 
ഒരുത്തനും വലുതുമല്ല ചെറുതുമല്ല എന്ന പ്രമാണത്തിൽ അടിയുറച്ച്‌ വിശ്വസിച്ച ആ മനുഷ്യൻ  ആവശ്യത്തിനോ അനാവശ്യത്തിനോ  ആരോടും കള്ളം പറയാറില്ല.
 
കാശ് കടം ചോദിച്ച് പരിചയക്കാർ ആരെങ്കിലും വീട്ടിൽ വന്നാൽ  ഇല്ലെന്ന് പറയില്ല. "എടീ അമ്മിണീ' എന്ന നീട്ടിയ ഒരു വിളി കേൾക്കാം. ഉടനെ അമ്മാമ വരും. കാശ് കൊടുക്കും. കാശുംകൊണ്ട് ആള് പോയാൽ അമ്മാമ പറയും. ‘‘നാളെ കറണ്ട് ബില്ല് അടയ്‌ക്കാൻ വച്ചിരുന്നതാ.’’ 
 
ചീട്ടുകളിച്ചുകൊണ്ടിരിക്കുന്ന ബേബിച്ചായൻ മുഖംമാറ്റാതെ "അത് നാളെയല്ലേടീ, അപ്പോഴേക്കും പൈസ വരുമെടീ’.
 
കടം മേടിച്ചവരിൽ പലരും കൃത്യമായി കൊടുക്കും. ചിലർ പിന്നീടെപ്പെഴങ്കിലും. ഒട്ടും കൊടുക്കാത്തവരും ഉണ്ട്. പക്ഷേ, ബേബിച്ചായൻ ഒരിക്കൽപ്പോലും പണം അവരോട് തിരികെ ചോദിച്ച ചരിത്രമില്ല.
 
മദ്യം കഴിക്കുന്നത് അദ്ദേഹം മറച്ചുവച്ചിരുന്നില്ല. മദ്യപിച്ചിട്ട് ആരോടും കുതിര കയറുകയുമില്ല. വീട്ടിലെത്തിക്കുന്ന ഡ്രൈവർമാരെ പേരെടുത്ത് പറഞ്ഞ് കുശലം പറഞ്ഞ് അവർ പറയുന്നതിനേക്കാളും കൂടുതൽ കാശും കൊടുക്കും. കൂട്ടുകാരുടെ ഫോൺ നമ്പരുകൾ കാണാപാഠമായിന്നു.  പരിചയപ്പെടുന്നതെവിടെ വച്ചായാലും ഡയറിയിൽ പേരും നമ്പരും കുറിക്കും. സുഹൃത്തുക്കളും ആരാധകരും ചില സന്ദർഭങ്ങളിൽ മദ്യപിച്ച് പൂസായി വീട്ടിൽ വന്നുകയറും.  അമ്മാമയ്‌ക്ക്‌ അത്ര രസിച്ചില്ലെങ്കിലും ‘‘അവൻ അവിടെ നിൽക്കെട്ടെടീ, അവിടെ കിടക്കെട്ടെടീ, തെളിയുമ്പോൾ എഴുന്നേറ്റ് പോക്കോളും.’’ ബോധം തെളിഞ്ഞ ആരാധകന് വീട്ടിൽ പോകാനുള്ള വണ്ടിക്കാശും കൊടുത്താണ് തിരിച്ചയക്കുക. 
  
കവി എ അയ്യപ്പനെ ബേബിച്ചായന് ഏറെ ഇഷ്ടമായിരുന്നു. അക്ഷരം അയ്യപ്പൻ എന്നറിയുന്ന കാലം മുതൽക്കേയുള്ള ഇഷ്ടം. കവി  വീട്ടിൽ വന്ന് പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് ഫോൺ ചെയ്യുന്നു. ‘‘ബേബിച്ചായാ എന്റെ ട്രെയിനങ്ങ് മിസായി. കാശൊക്കെ തീർന്നു. ഞാനങ്ങ് വരുവാ.’’
 
ഉടനെ കാക്കനാടൻ: വേണ്ട. നീ എവിടാ നിൽക്കുന്നെ?
 
കവി: ഞാൻ റെയിൽവ്യൂ ബാറിലാ.
 
കാക്കനാടൻ: കുഴപ്പമില്ല. കാശ് പിള്ളേർ ഓട്ടോറിക്ഷയിലെത്തിക്കും. നീ അവിടെത്തന്നെ ഉണ്ടായാൽ മതി.
 
 മദ്യപിച്ചിട്ട് സാഹിത്യരചന നടത്തുന്ന ശീലം കാക്കനാടനില്ലായിരുന്നു. മിക്കവാറും വെളുപ്പിനാണ് എഴുത്ത് തുടങ്ങുന്നത്. തേവള്ളിയിലുള്ള കാലത്ത്‌ വെളുപ്പിന്‌ പാലത്തിനടുത്തെ കൃഷ്‌ണപിള്ള ചേട്ടന്റെ ചായക്കടയിലേക്ക് നടന്നുപോകും. വെടിവട്ടം പറയാൻ പലരുമെത്തും. ആറ് ചായയെങ്കിലും കുടിക്കും ഇതിനിടയിൽ.
 
സാധാരണ വെള്ള പേപ്പറിൽ ഒരു പുറത്താണ് ബേബിച്ചായന്റെ എഴുത്ത്. ഭംഗിയുള്ള കൈയക്ഷരം.  ഒരക്ഷരമോ വാചകമോ തെറ്റിയാൽ  പേപ്പർ ചുരുട്ടിക്കൂട്ടി മാറ്റും. മിക്ക രചനകളും ആദ്യ എഴുത്തിൽത്തന്നെ തൃപ്തികരം. അപൂർവം സന്ദർഭങ്ങളിലേ തിരുത്തലും കൂട്ടിച്ചേർക്കലും  വേണ്ടിവന്നിട്ടുള്ളൂ.
 
എഴുതിയതിന് കണക്കുപറഞ്ഞ് കാശു വാങ്ങാൻ കാക്കനാടന് അറിയില്ലായിരുന്നു. സ്വന്തം രചനകൾ അച്ചടിച്ചുവരാൻ ഒരു പ്രസാധകനോടും പത്രാധിപരോടും ബേബിച്ചായൻ ആവശ്യപ്പെട്ടിട്ടുമില്ല.
 
ചില പ്രത്യേക മുഹൂർത്തങ്ങളിൽ അടുപ്പമുള്ളവരെ വിഷമിപ്പിച്ച ബേബിച്ചായന്റെ സ്വഭാവരീതികൾ കാക്കനാടൻ നമ്മുടെ ബേബിച്ചായൻ എന്ന ഡോക്യുമെന്ററിയിൽ ഓർത്തെടുക്കുന്നുണ്ട്:
 
"മുട്ടത്തു വർക്കിച്ചേട്ടൻ വീട്ടിൽ വന്നപ്പോഴാണ്. രണ്ടു പേരുംകൂടി ഏതോ മീറ്റിങ്‌ കഴിഞ്ഞ് വരുന്ന വരവാണ്. ബേബിച്ചായൻ നല്ല മൂഡിലുമാണ്.
 
എടാ വട്ടത്തു മുർക്കീ നീ എഴുതുന്നതെല്ലാം പൈങ്കിളിക്കഥകളല്ലേടാ എന്ന് പറഞ്ഞ് ബേബിച്ചായൻ കളിയാക്കുന്നു.
 
വർക്കിച്ചേട്ടൻ വലിയ വിഷമമായിട്ട് മോളെ ഇത് കേട്ടോ എന്നെ അവൻ ഇങ്ങനെ വിളിക്കുന്നു. ഞാൻ പൈങ്കിളിക്കഥയാ എഴുതുന്നതെന്ന്. മോളൊരു കാര്യം പറ. മോള് ആദ്യം വായിച്ചത് ആരുടെ നോവലാ? സ്വാഭാവികമായും വർക്കിച്ചേട്ടന്റെ കഥകളാ ഞാൻ വായിച്ചിട്ടുള്ളതെന്ന് പറഞ്ഞു.' കേട്ടോടാ അവളുപോലും എന്റെ കഥകള് വായിച്ചാ വളർന്നത്. എനിക്ക് ശേഷമല്ലേ നീ വന്നത്. പിന്നെന്തിനാ നീയെന്നെ കളിയാക്കുന്നെ?'
 
ഉടൻതന്നെ ബേബിച്ചായൻ വർക്കിച്ചേട്ടന്റെ കൈപിടിച്ച് ‘വർക്കിച്ചേട്ടാ ചുമ്മാതെ പറഞ്ഞതാ കേട്ടോ. ഒരു തമാശയ്‌ക്ക് പറഞ്ഞതാ കേട്ടോ. എന്നോട് ക്ഷമിക്കണേ.'
 
ഇങ്ങനെയെന്തെങ്കിലും അബദ്ധം പിണഞ്ഞാൽ ഉടനെ ക്ഷമ പറയുന്ന സ്വാഭാവമാ ബേബിച്ചായന്റേത്‌. ആരോടും വഴക്കുപിടിക്കുന്ന സ്വഭാവമില്ല.'
 
(‘കാക്കനാടന്റെ കൂടെ' എന്ന ശീർഷകത്തിൽ എഴുതുന്ന ഓർമക്കുറിപ്പുകളിലെ മുഖവുരയായി തയ്യാറാക്കിയ കുറിപ്പുകളിൽ ചിലതാണിത്. 1990 മുതൽ 2011 -വരെ പല ഘട്ടങ്ങളിൽ നടന്ന സഞ്ചാരങ്ങളുടെ ഓർമകളിൽ പ്രസക്തമെന്ന് തോന്നിയവ).
പ്രധാന വാർത്തകൾ
 Top