11 August Thursday

വിമോചനസമരം ധാർമികമായ തെറ്റ്‌... കെ ടി തോമസ്‌ തുറന്നു പറയുന്നു

ലെനി ജോസഫ്‌ lenidesh@gmail.comUpdated: Sunday Jun 12, 2022

കേരളത്തിൽ വിമോചനസമരമെന്ന കറുത്ത അധ്യായത്തിന്‌ തുടക്കമിട്ടത്‌ 1959 ജൂൺ 12ന്‌. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ്‌ സർക്കാരിന്റെ കഴുത്തരിഞ്ഞ സമരാഭാസം. സമരകാഹളവുമായി നാടുനീളെ അലഞ്ഞ അന്നത്തെ യൂത്തുകോൺഗ്രസുകാരൻ, പിൽക്കാലത്തെ സുപ്രിംകോടതി ജഡ്‌ജി കെ ടി തോമസ്‌ തുറന്നു പറയുന്നു

‘ഭരണഘടനാപരമായും ധാർമികമായും ചെയ്‌ത തെറ്റ്‌’ –- മുൻ സുപ്രീംകോടതി ജഡ്‌ജി കെ ടി തോമസിന്റെ വിമോചനസമരത്തെപ്പറ്റിയുള്ള അഭിപ്രായം ഇങ്ങനെ സംഗ്രഹിക്കാം.

വിമോചനസമരത്തിന്റെ കാഹളവുമായി നാടിന്റെ മുക്കിലുംമൂലയിലും പ്രസംഗിച്ചുനടന്ന  ഒരു ഭൂതകാലമുണ്ട്‌ ജസ്റ്റിസ്‌ കെ ടി തോമസിന്‌. ഇന്ത്യയിലെ യൂത്ത്‌ കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ അദ്ദേഹം ഡൽഹിയിൽ ജവാഹർലാൽ നെഹ്‌റുവിന്റെ വീട്ടിൽ കൂടിയ ആദ്യ ക്യാമ്പിൽ കേരളത്തെ പ്രതിനിധാനംചെയ്‌ത ഏക വ്യക്തിയാണ്‌.  

നിയമജ്ഞനായി കഴിഞ്ഞാണ്‌ അപക്വമായ പ്രായത്തിലെ തന്റെ വിമോചനസമര പങ്കാളിത്തം  എത്ര വലിയ തെറ്റാണെന്നു മനസ്സിലായതെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി.  തൃശൂരിൽ മുണ്ടശ്ശേരി അനുസ്‌മരണയോഗത്തിലാണ്‌ അദ്ദേഹം ആദ്യമായി ഇക്കാര്യം പറഞ്ഞത്‌. പിന്നീട്‌ ആത്മകഥയായ ‘സോളമന്റെ തേനീച്ച’കളിലും.  

1957ലെ സർക്കാർ വളരെ പുരോഗമനപരമായ രണ്ടു കാര്യമാണ്‌ വിദ്യാഭ്യാസരംഗത്തും ഭൂനയത്തിന്റെ കാര്യത്തിലും കൊണ്ടുവന്നതെന്ന കാര്യത്തിൽ അദ്ദേഹത്തിന്‌ സംശയമില്ല. അതിനോടു വിയോജിപ്പുള്ളവരെല്ലാംകൂടി  സർക്കാർ രാജിവയ്‌ക്കണമെന്നു പറഞ്ഞ്‌ സംഘടിച്ചു സമരം നടത്തുക. അതിനെ കേന്ദ്ര സർക്കാർ അനുകൂലിക്കുക. ഇതൊക്കെ  വലിയ തെറ്റായിപ്പോയി. അതുകൊണ്ടാണ്‌ പിൽക്കാലത്ത്‌ ശക്തമായ ഭാഷയിൽ പശ്ചാത്താപമുണ്ടെന്നു പ്രഖ്യാപിച്ചത്‌.  സഭയും ഭൂവുടമകളും ചേർന്നുള്ളതായതിനാലാണ്‌ സമരത്തെ അധാർമികമെന്നു പറയുന്നതെന്ന്‌ അദ്ദേഹം വിശദീകരിച്ചു.

‘സത്യം പറഞ്ഞാൽ ഇതുവരെ കേരളം കണ്ടതിൽ ഏറ്റവും നല്ല മന്ത്രിസഭയായിരുന്നു അമ്പത്തേഴിലേത്‌.  വിദ്യാഭ്യാസ ബില്ലിനെതിരായ സമരമായാണ്‌ വിമോചനസമരം ആരംഭിക്കുന്നത്‌.  അതുകഴിഞ്ഞ്‌ കാർഷികബന്ധ ബിൽകൂടി വന്നതോടെ ഭൂവുടമകളും സർക്കാരിന്‌ എതിരായി. അവർ  ശക്തരായ ലോബിയായിരുന്നു. അവരും  വിദ്യാഭ്യാസ ബില്ലിന്റെ എതിരാളികളുംകൂടി ചേർന്നാണ്‌ വിമോചനസമരമായി രൂപാന്തരപ്പെടുന്നത്‌.’

ഇന്ത്യൻ ഭരണഘടനയ്‌ക്കകത്തുണ്ടായ വലിയ തെറ്റാണ്‌ 1957ലെ പിരിച്ചുവിടലെന്ന്‌ അദ്ദേഹം വിശദീകരിച്ചു. എഐസിസി പ്രസിഡന്റായിരുന്ന ഇന്ദിര ഗാന്ധിയുടെ സമ്മർദഫലമായിട്ടാണെന്നു പറയുന്നു, കേരള സർക്കാരിനെ  കേന്ദ്രം പിരിച്ചുവിട്ടത്‌.  

‘അന്ന്‌ ഭൂവുടമകളെല്ലാംകൂടി രണ്ട്‌ എംഎൽഎമാരെ എങ്കിലും ചാക്കിട്ടുപിടിച്ച്‌ ഇപ്പുറത്തു കൊണ്ടുവരാൻ ശ്രമിച്ച്‌ പരാജയപ്പെട്ടു. സർക്കാരിന്‌ രണ്ടുപേരുടെ ഭൂരിപക്ഷമേ ഉണ്ടായിരുന്നൂള്ളു. രണ്ടുപേർ ചാടിവരാൻ ഒരുക്കമുണ്ടെന്നായിരുന്നു ഞങ്ങളെ ധരിപ്പിച്ചത്‌. അവർക്ക്‌ വലിയ സംഖ്യ വാഗ്‌ദാനമുണ്ടായിരുന്നു. പക്ഷേ, അവർ വന്നില്ല. എല്ലാ മാധ്യമങ്ങളും കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ എതിരായാണ്‌ നിലപാടെടുത്തത്‌. അമേരിക്കയിൽനിന്നൊക്കെ ഫണ്ട്‌ വരുമായിരുന്നു. അതിന്റെ സ്രോതസ്സ്‌ രണ്ടു തരത്തിലാണ്‌. കോട്ടയത്ത്‌ കേരളധ്വനി എന്ന ഒരു പത്രമുണ്ടായിരുന്നു. പത്രം നടത്തിക്കൊണ്ടിരുന്നത്‌ ഡോ. ജോർജ്‌ തോമസാണ്‌. അദ്ദേഹം വഴിയായിരുന്നു ഫണ്ട്‌ വന്നിരുന്നത്‌. രണ്ടാമത്തേത്‌ മോറൽ റീ  ആർമമെന്റ്‌  എന്നൊരു സംഘടനവഴി. എംആർഎ എന്നുപറയും.’  

നിയമവശങ്ങളെപ്പറ്റിയൊന്നും അന്ന്‌ ജസ്റ്റിസിന്‌  ഒട്ടും ഗ്രാഹ്യമില്ലായിരുന്നോ എന്നു ചോദിച്ചപ്പോഴുള്ള മറുപടി–- ‘

അന്ന്‌ അതല്ല മനസ്സിൽ കിടന്നത്‌. കമ്യൂണിസ്റ്റ്‌ സർക്കാരിനെ ഡിസ്‌മിസ്‌ ചെയ്‌തുകിട്ടണം. അന്നൊക്കെ കമ്യൂണിസ്റ്റ്‌ പാർടിയെപ്പറ്റി നമ്മുടെ മനസ്സിൽ തന്നിരുന്ന ധാരണ മറ്റൊന്നായിരുന്നു.’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top