06 December Tuesday

യുക്തിയുടെ ഗ്രഹണകാലം- പ്രാചീനസംസ്‌കൃതിയുടെ ലജ്ജാകരമായ പുനരുത്ഥാനങ്ങളെ കുറിച്ച് കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

കെ ടി കുഞ്ഞിക്കണ്ണൻUpdated: Wednesday Nov 23, 2022

മതനിരപേക്ഷമൂല്യങ്ങളും ശാസ്ത്രബോധവും സൃഷ്ടിച്ച മാനവികതയെ കൊന്നുതിന്നുന്ന പ്രാചീനസംസ്‌കൃതിയുടെ ലജ്ജാകരമായ പുനരുത്ഥാനമാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും.
അശ്ലീലകരവും ക്രൂരവുമായ യജ്ഞസംസ്‌കൃതിയുടെ തുടർച്ചയാണ് ദേവപ്രീതിക്കുവേണ്ടിയുള്ള എല്ലാ ബലിതർപ്പണങ്ങളും.

 

കെ ടി കുഞ്ഞിക്കണ്ണൻ

കെ ടി കുഞ്ഞിക്കണ്ണൻ

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സംബന്ധിച്ച് വലിയ ചർച്ചകളും വിമർശനങ്ങളും സജീവമായി നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോൾ കേരളത്തിലുള്ളത്. കേരളം നേടിയ സർവ സാമൂഹ്യപുരോഗതിയെയും പ്രബുദ്ധതയെയും അപഹസിക്കുന്ന രീതിയിലാണ് നാടിന്റെ പലഭാഗങ്ങളിൽനിന്നും ഓരോ ദിവസവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്.

ദൈവം, മരണാനന്തരജീവിതം, ആത്മാവ്, പാപപുണ്യങ്ങൾ, വിധി, സ്വർഗനരകസങ്കൽപ്പങ്ങൾ, കർമഫലങ്ങൾ ഇവയെല്ലാം സംബന്ധിച്ച പരമ്പരാഗത ദാർശനിക പ്രബോധനങ്ങൾക്കപ്പുറം ക്രൂരമായ നരഹത്യകളാണ് വിശ്വാസത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത്‌. 

ക്രൂരതയെ ജീവിതമൂല്യമാക്കുന്ന വർഗീയ മതതീവ്രവാദ ആശയങ്ങൾക്കൊപ്പം യുക്തിരഹിതമായ ആചാരങ്ങളുടെയും ഭ്രാന്തമായ ആഭിചാരങ്ങളുടെയും നാടായി കേരളം അധഃപതിക്കുകയാണോയെന്ന് സംശയിക്കേണ്ട അവസ്ഥയാണുള്ളത്.

ഐശ്വര്യവും സമ്പൽസമൃദ്ധിയും നേടാനായി ഇലന്തൂരിൽ നടന്ന ദൈവപ്രീതിക്കുവേണ്ടിയുള്ള നരബലിയും പാറശ്ശാലയിൽ ജാതകദോഷം പരിഹരിക്കാനായി പ്രണയിച്ച് വലയിലാക്കിയ യുവാവിനെ വിഷം കൊടുത്ത് കൊല ചെയ്തതും ഉൾപ്പെടെയുള്ള സംഭവങ്ങൾ ഭീഷണമായ മാനങ്ങൾ കൈവരിച്ചിരിക്കുന്ന വിശ്വാസാചാരങ്ങളുടെ ദുരന്തഫലങ്ങളാണ്.

മതനിരപേക്ഷമൂല്യങ്ങളും ശാസ്ത്രബോധവും സൃഷ്ടിച്ച മാനവികതയെ കൊന്നുതിന്നുന്ന പ്രാചീനസംസ്‌കൃതിയുടെ ലജ്ജാകരമായ പുനരുത്ഥാനമാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും. അശ്ലീലകരവും ക്രൂരവുമായ യജ്ഞസംസ്‌കൃതിയുടെ തുടർച്ചയാണ് ദേവപ്രീതിക്കുവേണ്ടിയുള്ള എല്ലാ ബലിതർപ്പണങ്ങളും.

‘വേദാധികാര നിരൂപണ'ത്തിലൂടെ ചട്ടമ്പിസ്വാമികൾ തുറന്നെതിർത്ത യജ്ഞങ്ങളുടെ പുനരുജ്ജീവനത്തിന് പ്രബുദ്ധകേരളം 1980 കളോടെ സാക്ഷിയാവുന്നതാണ് നാം കണ്ടത്. മഴ പെയ്യിക്കാനും സന്തതികളുണ്ടാവാനും യാഗങ്ങളും യജ്ഞങ്ങളും ഒരുക്കിയത് ഹിന്ദുത്വവാദികളായിരുന്നു.

അവരുടെ ശ്രൗതശാസ്ത്രപരിഷത്തും കൗൺസിൽ ഫോർ ആസ്‌ട്രോളജിക്കൽ റിസർച്ച് & ഡവലപ്പ്‌മെന്റും യജ്ഞസംസ്‌കൃതി ഉൾപ്പെടെ സർവവിധ ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പുനരുജ്ജീവനത്തിനായി ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിയിട്ടുള്ളത്. അതിനായി അവർ സൃഷ്ടിച്ചെടുത്തതാണ് ഇത്തരം സംഘടനകളും ഫൗണ്ടേഷനുകളും.

നാടിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെയും നവോത്ഥാനം കൊണ്ടുവന്ന മൂല്യങ്ങളെയും നിർദാക്ഷിണ്യം ചവിട്ടിമെതിച്ചുകൊണ്ടാണ് ഹിന്ദുത്വവാദികൾ പുനരുജ്ജീവനത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികപ്രയോഗങ്ങളും കൗശലപൂർവം ജനമനസ്സുകളിലെത്തിച്ചത്. അതിന് സ്ഥാപനപരമായ അടിത്തറയുണ്ടാക്കിയെടുത്തത്.

1981ൽ കൊച്ചിയിൽ നടന്ന വിശ്വഹിന്ദുപരിഷത്ത് സമ്മേളനത്തോടെയാണ് ക്ഷേത്രസംരക്ഷണ പ്രവർത്തനംതൊട്ട് സർവവിധ ആചാരസംരക്ഷണത്തിന്റെയും വേദജ്ഞാനപഠനത്തിന്റെ മറവിൽ യജ്ഞസംസ്‌കാരങ്ങളെയും പുനരുജ്ജീവിപ്പിച്ചെടുക്കാനുള്ള ആസൂത്രിതമായ പദ്ധതികളും നീക്കങ്ങളുമുണ്ടായത്.

ഇവിടെ വിശ്വാസവും അന്ധവിശ്വാസവും ആചാരവും അനാചാരവും തമ്മിലുള്ള ബന്ധവും വ്യത്യാസവും പുരോഗമനവാദികളെ കുഴക്കുന്ന സങ്കീർണപ്രശ്‌നങ്ങളായി നിലനിൽക്കുന്നുണ്ട്.

വ്യക്തികളുടെ മതസ്വാതന്ത്ര്യമുൾപ്പെടെയുള്ള വിശ്വാസസ്വാതന്ത്ര്യം ഭരണഘടനയുടെ ആർടിക്കിൾ 25 ഉറപ്പുനൽകുന്നതാണ്. എന്നാൽ അതോടൊപ്പം സാമൂഹത്തിന്റെ നിലനിൽപ്പിനും ആരോഗ്യത്തിനും ഹാനികരമല്ലാത്തവിധത്തിൽ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കാനുള്ള പൗരന്മാർക്കുള്ള ഉത്തരവാദിത്വവും ഭരണഘടനയുടെ ആർടിക്കിൾ 26 വ്യവസ്ഥചെയ്യുന്നു.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസസ്വാതന്ത്ര്യം മതത്തിൽ വിശ്വസിക്കാനും അതാചരിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. അങ്ങനെയായിരിക്കുമ്പോൾത്തന്നെ അത് സാമൂഹ്യപുരോഗതിക്കും മാനവികതക്കും ആഘാതമേൽപ്പിക്കാതെ ആചരിക്കണമെന്നാണ് ഭരണഘടന വ്യക്തമായിട്ട് വിശദീകരിക്കുന്നത്.

ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ആർടിക്കിൾ 51എ പ്രകാരം ശാസ്ത്രീയമനോഭാവവും മാനവികതയും അന്വേഷണത്വരയും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്നത് ഏതൊരു ഇന്ത്യൻ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

വിശ്വാസ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുമ്പോൾ തന്നെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ നടക്കുന്ന മനുഷ്യത്വരഹിതമായ ആചാര ആഭിചാര സമ്പ്രദായങ്ങളെ പ്രതിരോധിക്കുകയെന്നത് ജനാധിപത്യവാദികളുടെ ഉത്തരവാദിത്വമാണ്.

ഇന്ന് ഭീഷണമായിത്തീർന്നിരിക്കുന്ന ആചാരങ്ങളും അന്ധവിശ്വാസങ്ങളും നവലിബറൽ മൂലധനത്തിന്റെ ആധിപത്യ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട് ശക്തിപ്പെട്ടുവരുന്ന പുനരുജ്ജീവന സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും സൃഷ്ടിയാണെന്നു കാണണം.

നവഫൈനാൻസ് മൂലധനവ്യവസ്ഥ അതിന്റെ അധിനിവേശ ഘടനയ്ക്കാവശ്യമായ പ്രത്യയശാസ്ത്രപദ്ധതിയും പ്രയോഗപരിപാടിയും ആവിഷ്കരിച്ച് സാർവദേശീയതലത്തിൽ തന്നെ അടിച്ചേൽപ്പിക്കുന്നുണ്ട്.

ആചാരവിശ്വാസങ്ങളുടെ അനാശാസ്യകരമായ പുനരുജ്ജീവനത്തിലൂടെയും ദൃഢീകരണത്തിലൂടെയും വർഗീയ വംശീയ വിധ്വംസക രാഷ്ട്രീയത്തിനാവശ്യമായ പ്രത്യയശാസ്ത്ര പരിസരം രൂപപ്പെടുത്തിയെടുക്കുന്നു.

അതിനായി അന്താരാഷ്ട്ര ഫൗണ്ടേഷനുകളും ചിന്താകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. മുതലാളിത്ത പ്രതിസന്ധിയുടെ അപരിഹാര്യമായ കുഴപ്പങ്ങളിൽനിന്ന് അതിജീവനം നേടാൻ കഴിയാത്ത ആഗോള ഫൈനാൻസ് മൂലധനം ചരിത്രത്തിലെ കാലഹരണപ്പെട്ട എല്ലാ ജീർണശക്തികളെയും അതിന്റെ മൂല്യങ്ങളെയും പുനരുജ്ജീവിപ്പിച്ചെടുക്കുകയാണ്.

ലെനിൻ

ലെനിൻ

സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം എന്ന കൃതിയിൽ ലെനിൻ വിശകലനം ചെയ്തിട്ടുള്ളതുപോലെ മുതലാളിത്തത്തിന്റെ സാമ്രാജ്യത്വഘടനയിലേക്കുള്ള വളർച്ച ഉൽപ്പാദനപരമായ എല്ലാ മണ്ഡലങ്ങളെയും കൈയൊഴിഞ്ഞ ജീർണമുതലാളിത്തത്തെയാണ് പ്രതിനിധീകരിക്കുന്നത്. തിന്മയുടെയും ഭീകരതയുടെയും ശക്തികളെ കെട്ടഴിച്ചുവിടുന്ന അങ്ങേയറ്റം ജീർണമുതലാളിത്തമാണ് സാമ്രാജ്യത്വമെന്നത്.

അതായത് അങ്ങേയറ്റം അപചയവിധേയമായ മുതലാളിത്തം അതിന്റെ പ്രതിസന്ധിയുടെ ഓരോ ഘട്ടങ്ങളിലും ജനാധിപത്യവിരുദ്ധവും കാലഹരണപ്പെട്ടതുമായ പഴഞ്ചൻ ചിന്താധാരകളെ ഉയർത്തിയെടുത്തും കെട്ടഴിച്ചുവിട്ടുമാണ് ജനങ്ങളുടെ നിലനിൽപ്പിനുവേണ്ടിയുള്ള സമരങ്ങളെ വഴിതെറ്റിക്കുന്നത്.

അങ്ങനെ മാത്രമേ മൃതപ്രായമായ മുതലാളിത്തത്തിന് ഇന്ന് അതിജീവനം സാധ്യമാകൂ. മധ്യകാലിക മൂല്യങ്ങളെയും പ്രാചീനസമൂഹങ്ങളുടെ ആചാരവിശ്വാസ സമ്പ്രദായങ്ങളെയും പുനരുജ്ജീവിപ്പിച്ചെടുത്ത് വർഗീയ വംശീയ രാഷ്ട്രീയത്തെ വളർത്തിയെടുക്കുകയാണ് മുതലാളിത്തം ചെയ്തുകൊണ്ടിരിക്കുന്നത്.

സാമ്രാജ്യത്വത്തിന്റെ വാർധക്യ സഹജമായ വിഭ്രാന്തിയാണിത്. ഉൽപ്പാദനപരമായ ധർമങ്ങളിൽനിന്ന് പിന്തിരിഞ്ഞ് ചൂതാട്ടത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും കൃത്രിമമായ പൊലിമയിൽ അഭിരമിക്കുന്ന സാമ്രാജ്യത്വഘട്ടമാണ് നവലിബറൽ കാലഘട്ടം.

ഈ സാമ്രാജ്യത്വ ഫൈനാൻസ് പ്രഭുത്വം ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മാത്രമല്ല ഒരു വ്യവസ്ഥയെന്ന നിലയ്ക്ക് സ്വന്തം നിലനിൽപ്പുപോലും ഉറപ്പിക്കാനാവാത്തവിധം പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്.

സാമ്രാജ്യത്വത്തിന്റെ ഈ പതനഗതിയിൽ പിടിച്ചുനിൽക്കുവാനായി ഫൈനാൻസ് മൂലധനശക്തികൾ വിദൂര ഭൂതകാലത്തിലെ വിചിത്രങ്ങളായ ആചാരങ്ങളെയും വിശ്വാസങ്ങളെയും പുനരുജ്ജീവിപ്പിച്ചെടുത്ത് മത വംശീയ രാഷ്ട്രീയത്തെ പോഷിപ്പിച്ചെടുക്കുകയാണ്.

ഉൽപ്പാദനത്തിന്റെയും സമൂഹത്തിന്റെയും സർഗാത്മകമായ വികാസത്തിന്റെ എതിർദിശയിൽ പ്രവർത്തിക്കുന്ന മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയുടെ അനുപാതത്തിനനുസരണമായിട്ടാണ് പുനരുജ്ജീവനരാഷ്ട്രീയവും വർഗീയ ഭീകര സംഘങ്ങളുമെല്ലാം വളർന്നുവരുന്നത്.

ഈയൊരു പശ്ചാത്തലത്തിൽവേണം ഇന്ത്യയിലും കേരളത്തിലും ഭീഷണമായിക്കൊണ്ടിരിക്കുന്ന പുനരുജ്ജീവന രാഷ്ട്രീയത്തെയും ഹിന്ദുത്വത്തിന്റെ ഹിംസാത്മകതയെയും വിശകലനം ചെയ്യുന്നത്.

സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും തകർച്ചക്കുശേഷം ആരംഭിച്ച പ്രചണ്ഡമായ വലതുപക്ഷ പ്രചാരവേലയുടെ അനുസ്യൂതിയിലാണ് ലോകത്തെല്ലായിടത്തുമെന്നപോലെ കേരളീയ സമൂഹത്തിലും മതസമുദായരാഷ്ട്രീയവും തീവ്രവാദപ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചത്.

പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന മുതലാളിത്ത കോർപ്പറേറ്റ്‌ ലോകത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് മതവംശീയാടിസ്ഥാനത്തിലുള്ള ഫാസിസ്റ്റ് രാഷ്ട്രീയത്തിലാണ്. വിപണിയുടെയും ദുരമൂത്ത ലാഭ താൽപ്പര്യത്തിന്റെയും മത്സരാധിഷ്ഠിത വ്യവസ്ഥ വ്യക്തികളെ എല്ലാവിധ സാമൂഹ്യപരതയിൽനിന്നും അന്യവൽക്കരിക്കുകയും അരക്ഷിതത്വത്തിലേക്ക് വലിച്ചെറിയുകയുമാണ്.

നിയോലിബറൽ കാലമെന്നത് പരമാവധി ലാഭമെന്ന മൂലധനത്തിന്റെ ആവശ്യത്തെ നിർവഹിച്ചുകൊടുക്കുന്ന അതിനായി സ്വേച്ഛാധികാരപ്രയോഗം നടത്തുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തെ വളർത്തിക്കൊണ്ടുവരുന്ന കാലമാണ്.

എറിക്‌ ഹോബ്‌സ്ബാം

എറിക്‌ ഹോബ്‌സ്ബാം

എറിക്‌ ഹോബ്‌സ്ബാം നിരീക്ഷിക്കുന്നതുപോലെ ഭരണകൂടത്തിനുമേൽ വ്യാപാരത്തെ സ്ഥാപിക്കാനുള്ള മിടുക്കാണ് ഫാസിസത്തിനുള്ളത്.

ഇതിനായി ഇടതുപക്ഷരാഷ്ട്രീയത്തെ മാത്രമല്ല ലിബറൽജനാധിപത്യമൂല്യങ്ങളെയാകെ അവർ നിഷ്‌കാസനം ചെയ്യുന്നു. ജ്ഞാനോദയവും നവോത്ഥാനവും ചരിത്രത്തിലേക്ക് കൊണ്ടുവന്ന ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും യുക്തിചിന്തയെയും അതില്ലാതാക്കുന്നു.

1930കളിലെ ജർമൻ സാഹചര്യത്തെ വിശകലനം ചെയ്തുകൊണ്ട് ദിമിത്രോവ് മിഥ്യാടനങ്ങളിലേക്ക് ജനങ്ങളെ നയിക്കാനുള്ള ഫാസിസത്തിന്റെ സവിശേഷ സ്വഭാവത്തെ വിശദീകരിച്ചിട്ടുണ്ട്.

ജർമൻ ഫാസിസത്തിന്റെ ഉത്ഭവത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ട് അദ്ദേഹം എഴുതിയത് ഫാസിസം തീവ്രമായ സാമ്രാജ്യത്വസേവ നിർവഹിക്കുമ്പോൾ തന്നെ ദേശരാഷ്ട്രത്തിന്റെ ദുർഗതിയെയും ദേശരാഷ്ട്രത്തിനുവേണ്ടി നിലകൊള്ളേണ്ടതിനെയുംകുറിച്ച്‌ അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ്.

കടുത്ത അഴിമതിയിൽ മുങ്ങിനിൽക്കുമ്പോൾ ഫാസിസ്റ്റുകൾ അഴിമതിവിരുദ്ധതയെയും സത്യസന്ധതയെയും കുറിച്ച് ജനങ്ങളോട് വാചാലരായിക്കൊണ്ടിരിക്കും. അത് ജനങ്ങളുടെ യുക്തിബോധത്തെയും ചിന്താശേഷിയെയും നിരന്തരമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.

 അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മിത്തുകളെയും ഐതിഹ്യങ്ങളെയും ശാസ്ത്രമായും ചരിത്രമായുംവരെ അവതരിപ്പിക്കും. ഇന്ത്യയിൽ സംഘപരിവാർ ഹിന്ദുമിത്തോളജിയെ ചരിത്രത്തിനുപകരമായി പ്രതിഷ്ഠിക്കുകയാണ്. മിത്തുകളെയെല്ലാം ശാസ്ത്രമായും ഇന്ത്യയുടെ ഭൂതകാല അഭിമാനമായും അവതരിപ്പിക്കുകയാണ്.

102‐ാം സയൻസ് കോൺഗ്രസിൽ ഗണപതിയെ പ്രധാനമന്ത്രി നരേന്ദ്രമോദി മനുഷ്യശരീരത്തിൽ ആനയുടെ ശിരസ്സ് വെച്ചുപിടിപ്പിക്കുന്ന പ്ലാസ്റ്റിക് സർജറി പ്രാചീന ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്നതിന്റെ ഉദാഹരണമായിട്ടാണ് അവതരിപ്പിച്ചത്.

കാണ്ഡ കോശ സിദ്ധാന്തവും ടെസ്റ്റ്ട്യൂബ് ശിശുവുമൊക്കെ പൗരാണിക ഇന്ത്യയിൽ നിലനിന്നതിന്റെ ഉദാഹരണമായിട്ടാണ്, കൗരവരുടെ ജനനത്തെയും കർണന്റെ ജനനത്തെയുമൊക്കെ അവതരിപ്പിക്കുന്നത്. ഇതൊക്കെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞിട്ടുമുണ്ട്.

യുക്തിയുടെ തകർക്കലിലൂടെയാണ് ഫാസിസം അതിന്റെ പ്രത്യയശാസ്ത്രത്തെ നിർമിച്ചെടുക്കുന്നതെന്ന് ജോർജ്‌ ലുക്കാച് നിരീക്ഷിക്കുന്നുണ്ട്. ദാർശനികമായിത്തന്നെ അയുക്തിയെ പുനരുത്ഥാനം ചെയ്‌തെടുക്കുന്നതെങ്ങനെയെന്ന് ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജർമനിയിൽ ജീവിക്കേണ്ടിവന്ന ലുക്കാച് വിശദീകരിക്കുന്നു.

യുക്തിയുടെ തകർക്കലിലൂടെയാണ് ഫാസിസം അതിന്റെ പ്രത്യയശാസ്ത്രത്തെ നിർമിച്ചെടുക്കുന്നതെന്ന് ജോർജ്‌ ലുക്കാച് നിരീക്ഷിക്കുന്നുണ്ട്. ദാർശനികമായിത്തന്നെ അയുക്തിയെ പുനരുത്ഥാനം ചെയ്‌തെടുക്കുന്നതെങ്ങനെയെന്ന് ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജർമനിയിൽ ജീവിക്കേണ്ടിവന്ന ലുക്കാച് വിശദീകരിക്കുന്നു.

അദ്ദേഹത്തിന്റെ Destruction of Reason എന്ന കൃതി മുന്നോട്ടുവെക്കുന്ന വിമർശനസിദ്ധാന്തം ഇന്ത്യയുടെയും കേരളത്തിന്റെയും സമകാലീന സാഹചര്യത്തിൽ വളരെ പ്രസക്തമാണ്.

സാമ്രാജ്യത്വ ലോകത്ത് അയുക്തികത ഒരു സാർവദേശിയ പ്രതിഭാസമായി വളർത്തിയെടുക്കപ്പെടുന്നുവെന്നാണ് ലുക്കാചിന്റെ നിരീക്ഷണം. സംഘപരിവാർ അവരുടെ പ്രചാരവേലകളിലൂടെയും അവർക്ക് ലഭ്യമായ ദേശീയാധികാരമുപയോഗിച്ച് സർവകലാശാലകളിലൂടെയും അക്കാദമിക് സ്ഥാപനങ്ങളിലൂടെയും മാനവികവിഷയങ്ങളിലും യാഥാർഥ്യത്തെക്കുറിച്ച് അറിവ് നേടാനുള്ള യുക്തിയുടെ പ്രാപ്തിയെ വെല്ലുവിളിക്കുകയാണ്.

മന്ത്രവാദവും ജ്യോതിഷവുമെല്ലാം സർവകലാശാലകളിൽ പാഠ്യവിഷയമാക്കുകയാണല്ലോ ബിജെപി ഭരണകാലത്ത് നടന്നത്. പുതിയ ദേശീയവിദ്യാഭ്യാസനയം പൈതൃകപഠനത്തിന്റെ മറവിൽ പൗരാണികവേദസംസ്‌കൃതിയെ ശാസ്ത്രവും ചരിത്രവുമെല്ലാമായി പുതിയ തലമുറകളിലേക്ക് അടിച്ചേൽപ്പിക്കാനുള്ള സമീപനമാണ് ഒളിച്ചുകടത്തുന്നത്.

ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും കേരളത്തിലും പുനരുത്ഥാനശക്തികൾ സാംസ്‌കാരികവും രാഷ്ട്രീയവുമായ മേൽക്കൈ നേടാൻ ശ്രമിക്കുകയാണ്. നവോത്ഥാനം ചരിത്രത്തിലേക്ക് ആനയിച്ച മാനവികതയുടേതായ എല്ലാത്തിനെയും തല്ലിത്തകർക്കുന്ന പുനരുജ്ജീവനശക്തികൾ പ്രാചീനതയുടെ കൂരിരുട്ടിലേക്ക് സമൂഹത്തെ പുനരാനയിക്കാനുള്ള തീവ്രശ്രമങ്ങളിലാണ്.

ഫ്യൂഡലിസത്തിൽനിന്ന് മുതലാളിത്ത ഉൽപ്പാദന വ്യവസ്ഥയിലേക്കുള്ള പരിവർത്തനഘട്ടത്തിലെ ജീവിത സംഘർഷങ്ങളെയാണ് നവോത്ഥാനം അടയാളപ്പെടുത്തുന്നത്. മധ്യകാലഘട്ടത്തിന്റെ അവസാനത്തിലും ആധുനികകാലത്തിന്റെ ആരംഭത്തിലും പ്രകടമായ ധൈഷണികമായ എല്ലാ മാറ്റങ്ങളെയും സ്വാംശീകരിച്ച ഒരു സമുച്ചയ സംഞ്ജയാണ് നവോത്ഥാനമെന്നത്.

നവോത്ഥാനത്തിന്റെ ചരിത്രകാരന്മാർ വിശദീകരിച്ചിട്ടുള്ളതുപോലെ കുരിശുയുദ്ധങ്ങളും സമുദ്രപര്യടനങ്ങളുമാണ് ധിഷണാപരമായ ഈ പ്രത്യുത്ഥാനത്തെ ഉത്തേജിപ്പിച്ചത്.

 വർത്തമാനകാലത്തെ അറിയുന്നതിനുള്ള താല്പര്യത്തിനും ഭൂതകാലത്തെപ്പറ്റിയുള്ള അന്വേഷണാത്മകതയിലുമാണ് ഈ പ്രത്യുത്ഥാനം പ്രത്യക്ഷപ്പെട്ടതെന്ന് ‘ദി സ്റ്റോറി ഓഫ് റിനൈസൻസി'ന്റെ കർത്താവായ ഹഡ്‌സൺ നിരീക്ഷിക്കുന്നുണ്ട്.

അതായത് ബുദ്ധിപരമായ പുരോഗതിക്കാവശ്യമായ ജിജ്ഞാസയും എല്ലാവിധ പ്രകൃതി പ്രതിഭാസങ്ങളെയും സാമൂഹ്യവിഷയങ്ങളെയും ശുഭാപ്തിവിശ്വാസത്തോടെ അഭിമുഖീകരിക്കുന്ന ജ്ഞാനവാഞ്ഛയുടെ വളർച്ചയുമാണ് നവോത്ഥാനത്തിന് കളമൊരുക്കിയത്.

പരമ്പരാഗത സാമൂഹ്യാചാരങ്ങളെയും വിശ്വാസങ്ങളെയും അതിന്റെ പ്രത്യയശാസ്ത്ര അവലംബമായി വർത്തിച്ച മതങ്ങളെയും വിമർശനപരമായി വിശകലനം ചെയ്യാനുള്ള ധൈര്യപൂർവമായ നീക്കങ്ങളിലാണ് നവോത്ഥാനത്തിന്റെ യുക്തിബോധവും അപഗ്രഥാനാത്മകതയും വികസിച്ചുവന്നത്. മനുഷ്യമനസ്സുകളുടെ സാംസ്‌കാരികമായ വിപുലനവും എല്ലാതരത്തിലുമുള്ള അധീശത്വമൂല്യങ്ങളിൽനിന്നുമുള്ള വിമുക്തിയുമാണ് ഈ ബൗദ്ധിക പ്രക്രിയയുടെ സ്വഭാവവിശേഷം.

 ഇന്ത്യയിലും കേരളത്തിലും ബ്രാഹ്മണാധികാരവും അതിന്റെ പ്രത്യയശാസ്ത്രമായ ചാതുർവർണ്യവും സൃഷ്ടിച്ച മനുഷ്യത്വരഹിതമായ സാമൂഹ്യവ്യവസ്ഥക്കെതിരായ ഉണർവിനെയാണ് നവോത്ഥാനം പ്രതിനിധീകരിക്കുന്നത്. ജാതിമത യാഥാസ്ഥിതികത്വം മനുഷ്യജീവിതബന്ധങ്ങളെ മുഴുവൻ അസ്പൃശ്യതയുടെയും അനാചാരങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെയും അന്ധകാരങ്ങളിൽ തളച്ചിട്ട ഒരു കാലഘട്ടത്തോട് കലാപം ചെയ്തുകൊണ്ടാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ ഇവിടെയും പിറവിയെടുക്കുന്നത്.

ഫ്യൂഡൽ ജീവിതബന്ധത്തിന്റെതായ സർവമാന ജീർണതകൾക്കുമെതിരെയുള്ള സമരോത്സുകമായ സാംസ്‌കാരിക ഉണർവുകളെന്ന നിലയിലാണ് നവോത്ഥാന യത്‌നങ്ങൾ ഉയർന്നുവരുന്നത്. നവോത്ഥാനത്തിന്റെ മൂല്യങ്ങളെയും അത് സൃഷ്ടിച്ച യുക്തിപരതയും നിരസിക്കുന്ന ഉത്തരാധുനികതയെ നവലിബറൽ മുതലാളിത്തത്തിന്റെ സാംസ്‌കാരിക യുക്തിയെന്നാണ് പ്രശസ്ത അമേരിക്കൻ മാർക്‌സിസ്റ്റ് ചിന്തകനായ

ഫ്രെഡറിക്‌ ജെയിംസൺ

ഫ്രെഡറിക്‌ ജെയിംസൺ

ഫ്രെഡറിക്‌ ജെയിംസൺ വിശേഷിപ്പിച്ചിട്ടുള്ളത്.

സമകാലിക മുതലാളിത്തത്തിന്റെ ചലനനിയമങ്ങൾ മനസ്സിലാക്കിക്കൊണ്ടാവണം വർത്തമാന ലോകത്തെ മധ്യകാലമൂല്യങ്ങളിലേക്കും മതപരതയിലേക്കും തിരിച്ചുകൊണ്ടുപോകുന്ന പുനരുത്ഥാന ശ്രമങ്ങളെ വിശകലനം ചെയ്യേണ്ടത്.

സാമ്രാജ്യത്വ മൂലധനകേന്ദ്രങ്ങളുടെയും ചിന്താസംഭരണികളുടെയും സജീവമായ പിന്തുണയും സഹായവും ഈ പുനരുത്ഥാനശ്രമങ്ങൾക്കുണ്ട്. മതത്തിന്റെയും ജാതിയുടെയും ഗോത്ര വംശീയതയുടെയും പേരിലുള്ള ഈ പുനരുത്ഥാനശക്തികളുടെ പ്രത്യയശാസ്ത്രം ആഗോള മൂലധനാധിപത്യത്തെ സേവിക്കുന്നതാണ്.

വിദൂരഭൂതകാലത്തിലെ വിചിത്രങ്ങളായ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പുനരാനയിക്കുന്ന പുനരുത്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തിന് സാമ്രാജ്യത്വ പ്രത്യയശാസ്ത്രവുമായി യാതൊരുവിധ വൈരുധ്യവുമില്ല.

സാമ്രാജ്യത്വത്തിന്റെ നവലിബറൽ അധിനിവേശ ശ്രമങ്ങളുടെ ഭാഗമായി എല്ലാവിധ പ്രതിലോമ പ്രത്യയശാസ്ത്രങ്ങളെയും അത് പ്രോ ത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നുവെന്നതാണ് വർത്തമാന യാഥാർഥ്യം.

മതനിരപേക്ഷതയുൾപ്പെടെ ആധുനിക ജനാധിപത്യദേശീയതയുടെ ഭാഗമായി ചരിത്രത്തിലേക്ക് ഉജ്വലപ്രകാശം പരത്തിക്കൊണ്ട് കടന്നുവന്ന എല്ലാവിധ ആശയസംഹിതകളെയും നിരാകരിക്കുന്ന ഉത്തരാധുനികതയാണ് നവലിബറൽ മുതലാളിത്തത്തിന്റെ ദാർശനികാടിത്തറ.

സാമ്രാജ്യത്വവും സാംസ്‌കാരിക ചിന്താരംഗങ്ങളിൽ അത്‌ രൂപപ്പെടുത്തിയെടുക്കുന്ന പുതിയ സംവിധാനങ്ങളും  മാനവികതയെ തിരസ്‌കരിക്കുകയും നവോത്ഥാന പൂർവ മധ്യകാലിക മതവിശ്വാസങ്ങളെയും അതിന്റെ സാക്ഷാൽക്കാരമാർഗങ്ങളായ അനുഷ്ഠാനപരതയെയും മൗലികവാദസിദ്ധാന്തങ്ങളായി ആവിഷ്‌കരിച്ചെടുക്കുകയാണ്.

മത, വംശ, ഗോത്ര, ദേശ ആദി ഘടകങ്ങളുമായിച്ചേർന്ന സത്വരാഷ്ട്രീയത്തെയും അതിന്റെ വിവിധ തലത്തിലുള്ള പുനരുത്ഥാന രൂപങ്ങളെയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ആധുനികതയുടെതായ എല്ലാറ്റിനെയും ചോദ്യം ചെയ്തുകൊണ്ട് തത്വചിന്താരംഗത്ത് ആധിപത്യം തേടുന്ന ഉത്തരാധുനികത സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ആശയങ്ങൾക്കെതിരായ ഒരു പ്രത്യയശാസ്ത്രപദ്ധതിയെന്ന നിലയിൽ സാമ്രാജ്യത്വമൂലധനശക്തികളാൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു.

മാർക്‌സിസം ഒരു സാമൂഹ്യവിശകലന പദ്ധതിയെന്ന നിലയിൽ അപ്രസക്തമായി ക്കഴിഞ്ഞിരിക്കുന്നുവെന്നും അതിനാൽ അതിന്റെ പരാജയത്തിൽനിന്ന് പുതിയ സൈദ്ധാന്തിക അന്വേഷണങ്ങൾ അനിവാര്യമായിരിക്കുന്നുവെന്നും വാദിച്ചുകൊണ്ടാണ് ഉത്തരാധുനിക ചിന്തകൾ രൂപംകൊള്ളുന്നത്.

സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ജീവിതത്തെ നിർണയിക്കുന്ന ഭൗതിക ഉല്പാദനപ്രക്രിയയും അവ തമ്മിലുള്ള പാരസ്പര്യത്തെയും ഇവയെല്ലാമായി ബന്ധപ്പെട്ട വിവിധ ജ്ഞാനരൂപങ്ങൾ തമ്മിലുള്ള ബന്ധത്തെയും ഉത്തരാധുനികത നിഷേധിക്കുന്നു. ബന്ധത്തെ മാത്രമല്ല ഇവ തമ്മിൽ ചരിത്രപരമായി വികസിച്ചുവന്ന അന്തരത്തെയും ഉത്തരാധുനികത നിഷേധിക്കുന്നു.

മനുഷ്യന്റെ സാമൂഹ്യവികാസത്തിന്റെയും അതിസാധാരണമായ ഉല്പാദനപ്രത്യുല്പാദന ബന്ധങ്ങളിലെ മാറ്റങ്ങളെയും കാണാൻ വിസമ്മതിക്കുന്ന ഉത്തരാധുനികത യഥാർഥത്തിൽ ചരിത്രപരതയെതന്നെ നിഷേധിക്കുന്ന പ്രത്യയശാസ്‌ത്ര ലീലകളാണ് അവതരിപ്പിക്കുന്നത്. ചരിത്രത്തിന്റെ മിഥ്യാപൂർണമായ വിശ്വാസങ്ങളാണ് എല്ലാ മൗലികവാദശക്തികളും മുന്നോട്ടുവെക്കുന്നത്.

ഉല്പാദന പ്രത്യുല്പാദന ബന്ധങ്ങളിൽനിന്നും പ്രക്രിയകളിൽനിന്നും വേറിട്ട വിമോചനത്തിന്റെ ബഹുസാധ്യതകൾ എന്ന തരത്തിലാണ് മൗലികവാദരൂപങ്ങളെ വളർത്തുന്നത്. ഇത്തരം മൗലികവാദ ശക്തികൾവഴി സമൂഹത്തെ ശിഥിലമാക്കുക    എന്നതാണ് സാമ്രാജ്യത്വ മൂലധനം ഉത്തരാധുനികതയിലൂടെ ലക്ഷ്യംവെക്കുന്നത്.

വിവര വിപ്ലവത്തിന്റെ നട്ടെല്ലായ ഇന്റർനെറ്റും ഉപഗ്രഹ സാങ്കേതികവിദ്യയും ഉപയോഗിച്ച് ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി മാറ്റുന്ന സാമ്രാജ്യത്വ തന്ത്രങ്ങളുടെ മറുവശമാണ് മതവർഗീയ വിഭജനങ്ങളിലൂടെയുള്ള ശിഥിലീകരണപ്രക്രിയ.

സാമ്രാജ്യത്വത്തിന്റെ ഈ ആധുനികോത്തരനയമാണ് സാമ്രാജ്യത്വവിരുദ്ധ ദേശീയരാഷ്ട്രങ്ങളെ അസ്ഥിരീകരിക്കുന്ന നാനാവിധത്തിലുള്ള സ്വത്വരാഷ്ട്രീയ ഗ്രൂപ്പുകളെ രൂപപ്പെടുത്തുന്നതെന്ന് മുൻ അധ്യായങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. സാമ്രാജ്യത്വമെന്ന ബൃഹത്തായ അധികാരഘടനയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ആധുനികദേശീയ രാഷ്ട്രസങ്കല്പങ്ങളെ തന്നെയാണ് ഉത്തരാധുനിക പണ്ഡിതന്മാർ ബൃഹദാഖ്വാനങ്ങളെ നിരാകരിക്കുവാനുള്ള ആഹ്വാനങ്ങളിലൂടെ ചോദ്യം ചെയ്യുന്നത്.

സോഷ്യലിസത്തെയും ജനാധിപത്യദേശീയതയെയും ചിന്താരംഗത്ത് ആക്രമിച്ച് നശിപ്പിക്കുകയും നവ കോളനിവൽക്കരണത്തിനാവശ്യമായ ദേശീയ അടിമത്തത്തെ പ്രജനനിപ്പിക്കുകയുമാണ് സാമ്രാജ്യത്വ ചിന്താകേന്ദ്രങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും സങ്കുചിതവിശ്വാസങ്ങളുടെയും അനുഷ്ഠാനപരതയുടെയും പുനരുജ്ജീവനശ്രമങ്ങൾ ഈയൊരു പ്രത്യയശാസ്ത്ര പരിപാടിയുടെ ഭാഗമാണ്.

ഇന്ത്യയിൽ സംഘപരിവാറും സഖ്യകക്ഷികളും ഹിന്ദുമതാധിപത്യത്തിന്റെ  പ്രാചീനമഹത്വത്തെ പുനരാനയിക്കുവാൻ ശ്രമിക്കുന്നതുപോലെ എല്ലാ മതപുനരുത്ഥാനശക്തികളും അവരവരുടെ അവകാശവാദങ്ങൾക്കനുസരിച്ചുള്ള ഭൂതകാലമഹത്വങ്ങളുടെ അധികാരവും അധീശത്വവും പുനഃസ്ഥാപിച്ചെടുക്കാനുള്ള പ്രതിലോമ യജ്ഞങ്ങളിലാണ്. ഇവരെല്ലാം ചരിത്രത്തിന്റെ കപടവും കൃത്രിമവുമായ വ്യാഖ്യാനങ്ങളിൽ നിന്നാണ് പ്രത്യയശാസ്ത്രപരമായ ഊർജം സംഭരിക്കുന്നത്.

ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻമത പുനരുത്ഥാനശക്തികൾ സംസ്‌കാരത്തെ മധ്യകാലികമൂല്യങ്ങളിലേക്കും അനുഷ്ഠാനപരതയിലേക്കും തിരിച്ചുകൊണ്ടുപോകാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ചരിത്രത്തിന്റെ മിഥ്യാപൂർണമായ വ്യാഖ്യാനത്തിലൂടെ ഒരു മഹത്വവൽക്കരിക്കപ്പെട്ട ഭൂതകാലം (സാങ്കല്പികലോകം) അവർ സൃഷ്ടിക്കുന്നു.  ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വസ്തുനിഷ്ഠ പ്രശ്‌നങ്ങളും ഈ സാങ്കല്പികലോകത്ത് പരിഹൃതമാകുമെന്ന് പ്രചരിപ്പിക്കുന്നു. പുനരുത്ഥാനത്തിന്റെ സംസ്‌കാരവും രാഷ്ട്രീയവും അതിലധിഷ്ഠിതമായ യജ്ഞപുനരുജ്ജീവന ശ്രമങ്ങളെയും ആൾദൈവങ്ങളെയും ഏറ്റെടുക്കുന്നത് നവലിബറൽനയങ്ങളുടെ സൗകര്യങ്ങളും സൗജന്യങ്ങളും പറ്റി വളർന്നുവന്ന നവസമ്പന്നവർഗങ്ങളും മധ്യവർഗങ്ങളുമാണെന്ന് കാണാം.

മുതലാളിത്തത്തിന്റെ നവലിബറൽ പരിഷ്‌കാരങ്ങൾ തകർത്ത് കളയുന്ന സാധാരണക്കാരും അതിവേഗം പുനരുത്ഥാന വാദത്തിന്റെ സ്വാധീനത്തിൽപ്പെട്ടുപോകുന്നുണ്ട്. ഹൃദയശൂന്യമായ മോണിട്ടറിസ്റ്റ് നയങ്ങളും നവസമ്പന്നവർഗമുണ്ടാക്കുന്ന അരക്ഷിതബോധവും അത് പ്രോത്സാഹിപ്പിക്കുന്ന ഭൗതികവളർച്ചക്കുള്ള വാഞ്ഛയുംകൊണ്ട് സമർദ്ദത്തിനടിപ്പെടുന്ന താഴ്‌ന്ന ഇടത്തരക്കാരും പുനരുത്ഥാനസംസ്‌കാരത്തിൽ അഭിരമിക്കുന്നവരായി മാറുന്നു.

ദുരിതങ്ങളിൽനിന്നും സ്വന്തം പാപങ്ങളിൽനിന്നുമുള്ള ‘വെർച്വൽ' മോചനം കാംക്ഷിക്കുന്ന ഒരാൾകൂട്ട സംസ്‌കാരമാണ് പുനരുത്ഥാനവാദം സൃഷ്ടിക്കുന്നത്.

മുതലാളിത്തത്തിന്റെ അനുദിനം ഭീകരവും യുക്തിരഹിതവും ഹൃദയശൂന്യവുമായ ലോകത്ത് ഉയർന്ന പദവികളിലും സ്ഥാനങ്ങളിലും എത്തുന്നവർവരെ അത്യന്തം ഒറ്റപ്പെട്ടവരും തങ്ങളുടെ വളർച്ചക്കായി സ്വീകരിച്ച വഴികളിൽ കുറ്റബോധമുള്ളവരുമാകുന്നുണ്ട്. ഇത്തരക്കാർക്ക് അഭയവും ആശ്വാസവുമാകുന്ന ആചാരാനുഷ്ഠാനങ്ങളുടെ വളർച്ച ഇന്നും ലോകരാജ്യങ്ങളിലെന്നപോലെ വികസിത മുതലാളിത്ത രാജ്യങ്ങളിലും വ്യാപകമായി കഴിഞ്ഞിട്ടുണ്ട്.

അനുദിനം പാപ്പരാവുന്ന ഉല്പാദനമേഖലകളും ദുസ്സഹമാകുന്ന ജനജീവിതവും ഉയർത്തുന്ന പ്രതിഷേധങ്ങളെ വഴിതെറ്റിക്കുവാനുള്ള ഒരു രക്ഷാകവചംകൂടി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സാമ്രാജ്യത്വ മൂലധനം ഇതിനെയെല്ലാം ആളും അർഥവും നൽകി പ്രോത്സാഹിപ്പിക്കുന്നു.

സാധാരണ മതത്തിനും മതാരാധനയ്ക്കും അതിന്റെ വ്യവസ്ഥാപിതമായ പുരോഹിതന്മാർക്കും നൽകാനാവാത്ത രോഗശാന്തിയും ദുരിതനിവാരണങ്ങളുമാണ് ആൾദൈവങ്ങളും നവലിബറൽകാലത്തെ യജ്ഞപുനരുജ്ജീവനവാദികളും വാഗ്ദാനം ചെയ്യുന്നത്.

സാധാരണ മതത്തിനും മതാരാധനയ്ക്കും അതിന്റെ വ്യവസ്ഥാപിതമായ പുരോഹിതന്മാർക്കും നൽകാനാവാത്ത രോഗശാന്തിയും ദുരിതനിവാരണങ്ങളുമാണ് ആൾദൈവങ്ങളും നവലിബറൽകാലത്തെ യജ്ഞപുനരുജ്ജീവനവാദികളും വാഗ്ദാനം ചെയ്യുന്നത്.

കേരളത്തിൽ മാസ്സ് ഹിസ്റ്റീരിയയായിക്കഴിഞ്ഞ അമൃതാനന്ദമയി മുതൽ പോട്ട വരെയുള്ള ആത്മീയവാണിജ്യകേന്ദ്രങ്ങൾ അത്ഭുതഗുണഫലങ്ങളാണ് ദർശനവും സ്പർശനവും ഭക്തിഗാനാലാപങ്ങളും വഴി നൽകുന്നത്! അത്ഭുതരോഗശാന്തി മുതൽ അഭൗമമായ ആത്മീയശാന്തിയും ആനന്ദനിർവൃതിയുംവരെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു! പ്രാകൃതവും ആധുനികലോകബോധത്തെ പരിഹസിക്കുന്നതുമായ ആചാരാനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനത്തിലേക്ക് എത്തുന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളാണ് പുരോഗമനകാരികൾ വിശകലനവിധേയമാക്കേണ്ടത്.

ജനങ്ങളിൽ വലിയൊരു വിഭാഗം യജ്ഞ പുനരുജ്ജീവന ശ്രമങ്ങളുടെയും ആൾദൈവങ്ങളുടെയും ഉപാസകരായി മാറുന്നതിന്റെ സാമൂഹ്യരാഷ്ട്രീയ കാരണങ്ങളെയും അതിലേക്ക് അവരെ നയിക്കുന്ന മനഃശാസ്ത്രപരമായ പ്രശ്‌നങ്ങളെയും പരിഗണിക്കാതെ പുനരുജ്ജീവനവാദത്തിനെതിരായ നവോത്ഥാനപരമായ പ്രതിരോധങ്ങളെ അർഥപൂർണമാക്കുവാൻ കഴിയില്ല.

ഇന്ത്യയിലും കേരളത്തിലും കഴിഞ്ഞ മൂന്ന്‌ ദശകകാലത്തിനിടയിൽ ഹിന്ദുമതപുനരുത്ഥാനപരത പുതിയ രൂപഭാവങ്ങളിൽ ശക്തിപ്പെട്ടുവരികയാണ്. നവോത്ഥാനവും ഇടതുപക്ഷമുന്നേറ്റങ്ങളും സൃഷ്ടിച്ച പുരോഗമനപരവും മാനവികവുമായ സാംസ്‌കാരിക അധീശത്വത്തെ ചോദ്യംചെയ്തും വെല്ലുവിളിച്ചുമാണ് പുനരുത്ഥാനശക്തികൾ മുൻകൈ നേടാൻ ശ്രമിക്കുന്നത്.

ജാതിജന്മിത്വത്തിനും വർഗീയവാദത്തിനും അന്ധവിശ്വാസാചാരങ്ങൾക്കുമെതിരായ സമരത്തിലൂടെയാണ് കേരളം മറ്റിന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുരോഗതി നേടിയത്.

ചരിത്രത്തിന്റെ സ്വാഭാവികവും പുരോഗമനാത്മകവുമായ ഗതിക്ക് തടസ്സംനിന്ന ഭൗതികബന്ധങ്ങളെ അറുത്തുമാറ്റിയാണ് കേരളം ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവും യാഥാർഥ്യമാക്കിയത്.

ചരിത്രത്തിന്റെ സ്വാഭാവികവും പുരോഗമനാത്മകവുമായ ഗതിക്ക് തടസ്സംനിന്ന ഭൗതികബന്ധങ്ങളെ അറുത്തുമാറ്റിയാണ് കേരളം ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവും യാഥാർഥ്യമാക്കിയത്.

ആധുനികസാമൂഹ്യ നവീകരണപ്രസ്ഥാനങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി സാംസ്‌കാരികമണ്ഡലത്തിൽ സ്ഥിതിസമത്വാശയങ്ങളും മതനിരപേക്ഷനിലപാടുകളും സ്വാധീനമുറപ്പിച്ചു.

ഒപ്പംതന്നെ സാമ്പത്തികഘടനയിൽ പുരോഗമനവർഗങ്ങളുടെ രൂപീകരണവും ഒരുപരിധിവരെ നടന്നു. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പുരോഗമന വർഗങ്ങളുടെയും ആശയങ്ങളുടെയും ആധിപത്യവും ഇപ്പോഴും ഒരുപരിധിവരെനിലനിൽക്കുന്നു. എന്നാലിന്ന് ആശയമണ്ഡലത്തിലെ പുരോഗമനചിന്തകൾക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് പുനരുത്ഥാന ശ്രമങ്ങൾ സജീവമായിരിക്കുന്നത്.

ആധുനിക ലോകബോധത്തെയും അത് സൃഷ്ടിച്ച യുക്തിചിന്തയെയും ശാസ്ത്രബോധത്തെയും നിശ്ശബ്ദമാക്കിക്കൊണ്ടാണ് പുനരുത്ഥാനശക്തികൾ അവരുടെ വിഭാഗീയ കൃത്യങ്ങൾ നടപ്പാക്കുന്നത്.

ഈ അനാശാസ്യകരമായ പ്രവണതകളെ ഗൗരവപൂർവം എതിർത്ത് തോല്പിക്കേണ്ടതുണ്ട്. ദാർശനിക ആശയവാദത്തെ ചോദ്യംചെയ്ത മാർക്‌സ് തന്റെ ഭൗതികവാദ നിലപാട് വ്യക്തമാക്കിക്കൊണ്ട് മനുഷ്യരുടെ സാമൂഹ്യ അസ്ഥിത്വമാണ് അവരുടെ ബോധത്തെ നിർണയിക്കുന്നതെന്ന് പ്രഖ്യാപിച്ചു.

തത്വചിന്തയിലെ വളരെ സാമാന്യമായ ഇത്തരമൊരു പ്രസ്താവത്തെ ഗണിതശാസ്ത്രത്തിലെ ഒരു സൂത്രവാക്യംപോലെ മനസ്സിലാക്കുന്നത് ജ്ഞാനസമ്പാദനപരമായൊരു തെറ്റായിരിക്കുമെന്ന് ലെനിൻ പറയുന്നുണ്ട്.

ഭൗതിക സാഹചര്യമാണ് ബോധത്തെ, ആശയത്തെ രൂപപ്പെടുത്തുന്നതെങ്കിലും ആശയങ്ങൾക്ക് ഭൗതികയാഥാർഥ്യങ്ങളെ മാറ്റിത്തീർക്കുവാൻ കഴിയുന്നുവെന്നതാണ് യാന്ത്രിക ഭൗതികവാദത്തിൽനിന്ന് മാർക്‌സിസ്റ്റ് ദർശനത്തെ വ്യത്യസ്തവും പ്രസക്തവുമാക്കുന്നത്. ആശയങ്ങൾ ഭൗതികശക്തിയായി ഭൗതിക യാഥാർത്ഥ്യങ്ങളിൽ പ്രതിപ്രവർത്തിക്കുകയും മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

ഭൗതിക ഉൽപ്പാദനത്തിന്റെ അടിത്തറയായ സമ്പദ്ഘടനയുടെ ഉപരിഘടനയിലെ വിവിധ ജ്ഞാനചിന്താരൂപങ്ങൾക്ക് അടിത്തറയെ തിരിച്ചു സ്വാധീനിക്കാനും കഴിയും.

ഇതുകൊണ്ടാണ് ഒരു വർഗഘടന ചരിത്രത്തിൽനിന്ന് തിരോഭവിക്കുമ്പോൾ അത് ഉല്പാദിപ്പിക്കുകയും നിലനില്പിന് ആധാരമാക്കുകയും ചെയ്ത ആശയമണ്ഡലവും അവയ്‌ക്കൊപ്പം സ്വാഭാവികമായി തിരോഭവിക്കുന്നില്ല എന്ന്‌ മാർക്‌സിസ്റ്റുകൾ പറയുന്നത്.

സാമ്രാജ്യത്വത്തിന്റെ നവലിബറൽ മൂലധനശക്തികൾ തങ്ങളുടെ അധീശത്വത്തിനാവശ്യമായ രീതിയിൽ കാലഹരണപ്പെട്ട വിശ്വാസങ്ങളും ആശയങ്ങളും തങ്ങളുടെ പ്രത്യയശാസ്ത്രമൂലധനമാക്കി മാറ്റുന്നു.

ചൂഷണാധിഷ്ഠിതമായ പുതിയ വ്യവസ്ഥയുടെ അതിജീവനത്തിനായി പഴയ ചൂഷണവ്യവസ്ഥയുടെ ആശയമണ്ഡലത്തിന്റെ സ്വാത്മീകരണമാണിവിടെ നടക്കുന്നത്.കാലഹരണപ്പെട്ട ആചാരങ്ങൾ, ചിന്താരീതികൾ, ജീവിതശൈലികൾ എന്നിവയെ പുതിയ സാഹചര്യത്തിനാവശ്യമായ രീതിയിൽ പുനരാവിഷ്‌കരണം നടത്തുകയാണ്.

ചൂഷണാധിഷ്ഠിതമായ പുതിയ വ്യവസ്ഥയുടെ അതിജീവനത്തിനായി പഴയ ചൂഷണവ്യവസ്ഥയുടെ ആശയമണ്ഡലത്തിന്റെ സ്വാത്മീകരണമാണിവിടെ നടക്കുന്നത്.കാലഹരണപ്പെട്ട ആചാരങ്ങൾ, ചിന്താരീതികൾ, ജീവിതശൈലികൾ എന്നിവയെ പുതിയ സാഹചര്യത്തിനാവശ്യമായ രീതിയിൽ പുനരാവിഷ്‌കരണം നടത്തുകയാണ്.

പുനരുത്ഥാനശക്തികളുടെ സാമ്രാജ്യത്വമൂലധനശക്തികൾ വർഗബന്ധങ്ങളിലെ മാറ്റങ്ങളും വർധിതമാകുന്ന ഇടത്തരക്കാരും അത് സൃഷ്ടിക്കുന്ന മധ്യവർഗസന്ദിഗ്ധതകളും ഉപഭോഗതൃഷ്ണയും ബഹുഭൂരിപക്ഷത്തിന്റെ അരക്ഷിതബോധവും മുതലെടുത്തുകൊണ്ടാണ് പുനരുത്ഥാനശക്തികൾ വേരുറപ്പിക്കുവാൻ ശ്രമിക്കുന്നത്.

ആഗോള ഫൈനാൻസ് മൂലധനം പുതിയ ഉല്പാദനബന്ധങ്ങളിലേക്കും സാമൂഹ്യബന്ധങ്ങളിലേക്കും കാലഹരണപ്പെട്ട ജീർണശക്തികളെയും മൂല്യങ്ങളെയും കൂടി സാംശീകരിച്ചുകൊണ്ടാണ് തങ്ങളുടെ അധീശത്വം ദൃഢീകരിച്ചെടുന്നത്  .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top