27 October Wednesday

കെ എസ്‌ അമ്മുക്കുട്ടി...അനീതിക്കെതിരായ പോരാട്ട വീര്യം

വെബ് ഡെസ്‌ക്‌Updated: Saturday Aug 28, 2021

കെ എസ്‌ അമ്മുക്കുട്ടി പിണറായി വിജയനൊപ്പം. സമീപം കെ കെ രാഗേഷ്‌ എം പി


കണ്ണൂർ> അനീതിക്കെതിരായ പോരാട്ട വീര്യമായിരുന്നു അന്തരിച്ച   കെ എസ്‌ അമ്മുക്കുട്ടി.  ഉടുതുണിക്ക് മറുതുണിയില്ലാതെ, ഒരു നേരത്തെ ഭക്ഷണത്തിന്‌ പോലും വകയില്ലാത്ത  കാലത്ത്‌ കണ്ണൂരിന്റെ മലയോരങ്ങളിൽ കർഷകർക്കും തൊഴിലാളികൾക്കും  പൊരുതാനുള്ള കരുത്തായിരുന്നു ഈ കുടിയേറ്റ കർഷക.  മണ്ണിനോടു മാത്രമല്ല, കാട്ടാനയോടും മലമ്പനിയോടും പട്ടിണിയോടും പടവെട്ടി മുന്നേറാനുള്ള ഊർജവും ഇവരായിരുന്നു.

പ്രായവും  രോഗവും  തളർത്തിയപ്പോഴും  സമര യൗവനത്തിന്റെ കനലുകളണഞ്ഞില്ല. തളിപ്പറമ്പ്‌ ആലക്കോട്‌ പ്രദേശത്ത്‌ ഒതുങ്ങുന്നതായിരുന്നില്ല അമ്മുക്കുട്ടിയുടെ പോരാട്ട പരിധി.

1947ൽ പതിമൂന്നാം  വയസിലാണ് അമ്മുക്കുട്ടിയുടെ കുടുംബം തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് വന്നത്. അച്ഛൻ ശങ്കരൻ നീലകണ്ഠന് ആലക്കോട് രാമവർമ രാജയുമായുള്ള ബന്ധമായിരുന്നു കുടിയേറ്റത്തിന്‌ കാരണം.   ഭൂമി സൗജന്യമായി നൽകാമെന്ന് രാജാവ് അറിയിച്ചതിനാൽ സുഹൃത്തുക്കളും ബന്ധുക്കളുമായ ആറോളം കുടുംബങ്ങളാണ്  ആലക്കോെടത്തിയത്. കാർത്തികപുരത്തെ വനത്തിൽ കാടുവെട്ടിത്തെളിച്ച് മുളകൊണ്ട്‌  മറച്ച ഷെഡ്ഡിലായിരുന്നു താമസം. രാജാവിന്റെ ഭൂമിയിൽ കൃഷിപ്പണിയും മറ്റുമായിരുന്നു തൊഴിൽ. അച്ഛനും അമ്മയ്ക്കുമൊപ്പം അമ്മുക്കുട്ടിയും ജോലിക്കുപോകുമായിരുന്നു. ഏഴുമണിക്ക് പണിക്കെത്തണം. അരമണിക്കൂർ വൈകിയാൽ അന്ന് പണിയില്ല.

ചാമയും നെല്ലുമൊക്കെയാണ് കൃഷി. പെണ്ണുങ്ങൾക്ക് അര സേർ ചാമയും ആണുങ്ങൾക്ക് മുക്കാൽ സേർ ചാമയുമായിരുന്നു കൂലി. നെല്ലാണെങ്കിലും അങ്ങനെതന്നെ. രാജാവിന്റെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്താൽ പത്ത് സേർ നെല്ലിന് രണ്ടുസേർ രാജാവിന് കൊടുക്കണം. പാട്ടം ചീട്ടെഴുതി കൃഷിക്ക് തരും. നെല്ല് കതിരാകുമ്പോഴേക്കും കാര്യസ്ഥൻ വന്ന് കണക്കെടുക്കും. ആ കണക്കനുസരിച്ച് വാരം കൊടുക്കണം. എന്തു കൃഷിചെയ്താലും കൃഷിക്കാരന് കടം ബാക്കി. കാര്യസ്ഥൻ നെല്ല് കൂട്ടിയിട്ട് അളക്കും. കുട്ടയിൽ ചവിട്ടികൂട്ടിയാണ് അളക്കുക. രാജാവിന്റെ വിഹിതം കഴിഞ്ഞ് ബാക്കി കാര്യസ്ഥനാണ്. മണ്ണിൽ വിയർപ്പൊഴുക്കിയ കൃഷി ചെയ്ത കർഷകന്  ഒന്നും കിട്ടാതാകുന്ന സ്ഥിതി.  കർഷകർ ഒടുവിൽ നഷ്ടത്തിലാകും.

കടത്തിൽനിന്ന് രക്ഷനേടാനും  ഈ അനീതികളെ ചോദ്യം ചെയ്യാനുമാണ്‌  കർഷകസംഘം രൂപീകരിച്ചത്. തുടർന്ന്  യോഗങ്ങൾ ചേർന്ന് കർഷകർക്കെതിരെയുള്ള ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കാൻ തീരുമാനിച്ചു. കമ്യൂണിസ്റ്റ് നേതാക്കളായ പാച്ചേനി കുഞ്ഞിരാമൻ, എ വി കുഞ്ഞമ്പു, ടി വി കെ നമ്പ്യാർ, കെ വി നാരായണൻ നമ്പ്യാർ തുടങ്ങിയവരാണ് യോഗങ്ങളിൽ പങ്കെടുത്ത് അനീതികൾക്കെതിരെ പ്രതികരിക്കുന്നതിന് നേതൃത്വം കൊടുത്തത്‌. അവർക്കൊപ്പം  കർഷകരെ സംഘടിപ്പിക്കൻ അമ്മുക്കുട്ടിയും രംഗത്തിറങ്ങി.  കച്ചവടക്കാരും കൃഷിക്കാരെ ചൂഷണം ചെയ്‌തു.   

കൃഷിക്ക്‌  തളിപ്പറമ്പിലെ കച്ചവടക്കാർക്ക് വില മുറിക്കുകയാണ് പതിവ്.ന്യായവില കൃഷിക്കാർക്ക് നൽകിയില്ല. ഇതിനെതിരെയും  പേരാടേണ്ടി വന്നു.

1967ൽ കേരള മഹിളാ ഫെഡറേഷനും  കർഷകത്തൊഴിലാളി യൂണിയനും രൂപീകരിച്ചപ്പോൾ രണ്ടിലും അമ്മുക്കുട്ടി  സജീവമായി. മഹിളാ ഫെഡറേഷൻ  ആലക്കോട് മേഖലാ സെക്രട്ടറിയും ജില്ലാ വൈസ്‌ പ്രസിഡന്റും  കെഎസ്‌കെടിയു  അഖിലേന്ത്യകമ്മറ്റിഅംഗവും സംസ്ഥാന വൈസ്‌ പ്രസിഡന്റുമായി.
1970കളിൽ കാർത്തികപുരത്ത്  നടന്ന മിച്ചഭൂമി സമരത്തിന്റെ നായികയുമായിരുന്നു.

     ഭൂസമരം ചർച്ച ചെയ്യാൻ  സ്ത്രീകളെയും കൂട്ടി  ആലക്കോട്‌ കൊട്ടാരത്തിലേക്ക് പോകുമ്പോൾ  കാട്ടിൽ പതിയിരുന്ന ഗുണ്ടകൾ അമ്മുക്കുട്ടിയുടെ  മുടിക്കുത്തിന് പിടിച്ചുവീഴ്ത്തി ചവിട്ടിമെതിച്ചു. ഒരു സ്ത്രീയെന്ന പരിഗണന പോലുമില്ലാതെ അതിക്രൂരമായി മർദിച്ചു.   അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച അവർക്ക് ദിവസങ്ങൾ കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്. ഒരുവർഷത്തോളം ആശുപത്രിയിൽ  തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആശുപത്രി വിട്ട അമ്മുക്കുട്ടി വീണ്ടും  പൊതുപ്രവർത്തനത്തിൽ സജീവമായി.  മഹിളകളെയും കർഷകത്തൊഴിലാളികളെയും ആദിവാസികളുടെ  സംഘടിപ്പിക്കുന്നതിൽ അവസാന ശ്വസം വരെ പ്രവർത്തിച്ച ധീര വനിതയെയാണ്‌ നാടിന്‌ നഷ്‌ടമായയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top