31 July Saturday

മഹാരാജാസിൽ ചങ്ങമ്പുഴയുടെ സഹപാഠി

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

ഗൗരിയുടെ  മഹാരാജാസ്  പഠനകാലത്ത് ചങ്ങമ്പുഴക്കവിത പഠിക്കാനുണ്ടായി. രമണൻ ഉയർത്തിയ പ്രണയകൊടുങ്കാറ്റിൽ  തീപടർന്ന കാലം. അപ്പോഴും ഭാഷാക്ലാസിൽ പിറകിലിരുന്ന മെലിഞ്ഞുനീണ്ട യുവാവ് ചങ്ങമ്പുഴയാണെന്ന് അറിഞ്ഞില്ല. ക്ലാസിലെ അവസാന നാളുകളിലാണ് തിരിച്ചറിഞ്ഞത്. അതും അധ്യാപകൻ കുറ്റിപ്പുഴ കൃഷ്ണപിള്ള  പറഞ്ഞപ്പോൾ. അദ്ദേഹം കവിയെ പരിചയപ്പെടുത്തവേ ഏവരും അത്ഭുതപ്പെട്ടു. നീണ്ടനാൾ ഒരുമിച്ച് പഠിച്ചിട്ടും ചങ്ങമ്പുഴയുമായി സൗഹൃദത്തിന് ഗൗരി ശ്രമിച്ചില്ലെങ്കിലും പരിചയപ്പെട്ടശേഷം പലപ്പോഴായി സംസാരിച്ചു. രാഷ്ട്രീയ ജീവിതത്തിൽ പി കൃഷ്ണപിള്ളയെപ്പോലെ എഴുത്തുവഴിയിൽ ആത്മധൈര്യവുമായി ഒരാളുണ്ടായിരുന്നെങ്കിൽ ആ ജീവിതം പിന്നെയും മാറിയേനെ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും നല്ല നിലവാരം പുലർത്തിയ ഗൗരിക്ക് ചെറുപ്പത്തിൽ കവിയാകാനായിരുന്നു ആഗ്രഹം.

മനസിലുള്ളത്‌  കടലാസിൽ പകർത്തിയെങ്കിലും പ്രസിദ്ധീകരിക്കാൻ ധൈര്യംവന്നില്ല. കുമാരനാശാന്റെയും മറ്റും കവിത ഹൃദിസ്ഥമാക്കി അദ്ദേഹത്തിന്റെ ആരാധികയായി.  അതാണ് കവയത്രിയെന്ന മോഹത്തിന് വഴിവെച്ചത്. എഴുതിയവ പ്രസിദ്ധീകരണങ്ങൾക്ക് അയക്കാനും മറ്റൊരാളെ കാണിക്കാനുമുള്ള ധൈര്യം ഇല്ലാതിരുന്നതാണ് എഴുത്തുവഴിയിൽ മുരടിക്കാൻ ഇടയാക്കിയത്. കവയത്രിയാകാനുള്ള ആഗ്രഹത്തെക്കുറിച്ചും ധൈര്യമില്ലാത്തതിനാൽ എഴുത്ത് നിലച്ചതും ആത്മകഥയിലുണ്ട്. കൈയെത്തും ദൂരെഅർഹമായ അംഗീകാരങ്ങൾ ഗൗരിയെ തൊടാതെപോയി. ജനങ്ങളുടെ അംഗീകാരം വാരിക്കൂട്ടിയ അവർക്ക് വിദ്യാർഥി ജീവിതത്തിലെ സുവർണനേട്ടവും കൈമോശം വന്നു.

കോളേജ് പഠന കാലത്ത് സബ്ജക്ടിനുള്ള  സർവകലാശാലാ സ്വർണ മെഡലിന്  അർഹയായി. രണ്ടാം ലോക യുദ്ധമായതിനാൽ അധികൃതർ അത് നൽകിയില്ല; പകരം സർട്ടിഫിക്കറ്റ്. മെഡലിന്റെ പണം യുദ്ധ ഫണ്ടിലേക്കും.
ടി വി തോമസുമായുള്ള പ്രണയവും വിവാഹവും പിരിയലും ചരിത്രം. എന്നാൽ ഗൗരിയിൽ പൂവിടാതെപോയ മോഹങ്ങളിൽ പ്രണയവുമുണ്ട്‌. നായകരാവാൻ വന്നവരെ വകഞ്ഞുമാറ്റി പ്രണയത്തെ പരാജയപ്പെടുത്തിയ അവർ പക്ഷേ ടി വിയുടെ മുന്നിൽ ഒഴിവാകാൻ ശ്രമിച്ചില്ല. ആ ആദർശ ശുദ്ധിയും ധൈര്യവും പ്രസ്ഥാനത്തോടുള്ള ആത്മാർഥതയുമായിരുന്നു കാരണം.  പ്രണയ കഥകളിലെ നായകരുടെ പേരുകൾ ആത്മകഥയിലും വെളിപ്പെടുത്തിയില്ല.

പത്തിൽ പഠിക്കവേ  അവധിക്കാലത്ത് കാണാൻ വന്ന കോളേജ് കുമാരനായിരുന്നു ഒരാൾ. പ്രേമലേഖനവും ദന്ത നിർമിത ബ്രൂച്ചും നൽകി പ്രണയം അറിയിച്ചു. കത്തിന് മറുപടി ആവശ്യപ്പെട്ടു. അവനോട് സഹതാപത്തിനപ്പുറം ഒന്നുമുണ്ടായില്ല.  പ്രണയമില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കളായി പിരിഞ്ഞു. കോളേജ് കാലത്ത് മറ്റൊരു കളിക്കൂട്ടുകാരനോട് അടുപ്പം തോന്നിയെങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞ് ഇരുവരും ഒഴിഞ്ഞു. എങ്കിലും  കത്തുകളെഴുതി. ബിഎ പാസായ വിവരത്തോടൊപ്പം പ്രണയത്തെക്കുറിച്ചും അച്ഛനറിഞ്ഞത്പ്രശ്നമായി. അത് മകളെ വേദനിപ്പിച്ചു. അതിനിടെ മദ്രാസ് ക്യൂൻ മേരീസ് കോളേജിൽ അപേക്ഷ അയച്ചതറിഞ്ഞ അച്ഛൻ  വിയോജിച്ചു. അവിടേക്ക് വിടില്ലെന്നും വക്കീലാക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു.   ബന്ധം തുടരില്ലെന്ന് വാക്കുനൽകി. വർഷങ്ങൾക്കുശേഷമാണ് ടി വിയുമായുള്ള അടുപ്പവും വിവാഹവും.  പുന്നപ്ര വയലാറിന് മുന്നേ ഇരുവരും പ്രണയിച്ചിരുന്നുവെന്നത് അപഖ്യാതിയായിരുന്നെന്ന് ഗൗരിയമ്മ വ്യക്തമാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top