22 June Tuesday

ഇച്ഛാശക്തിയുടെ മറുപേര്; തോമസ്‌ ഐസക്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

ഗൗരിയമ്മയുടെ ഇച്ഛാശക്തിക്കും നിശ്ചയദാർഢ്യത്തിനും തെളിവായി ഭൂപരിഷ്കരണം മുതൽ എത്രയോ നടപടികൾ. കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ ഭരണാധികാരികളിൽ മുൻനിരയിലായിരുന്നു അവരുടെ സ്ഥാനം. തീരുമാനമെടുത്തു വേഗത്തിൽ നടപ്പിലാക്കുന്നതിലുള്ള ഗൗരിയമ്മയുടെ നിശ്ചയദാർഢ്യത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു സംഭവം ഓർമയിലെത്തുന്നു. കേരള സർവകലാശാലക്കുമുന്നിൽ കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതാണ് വിഷയം. സംഭവം ഇങ്ങനെ:

ഗൗരിയമ്മ റവന്യു മന്ത്രി. തലസ്ഥാനത്ത് ആശാന്റെ പ്രതിമ വേണമെന്ന ആവശ്യവുമായി  ജോസഫ് മുണ്ടശേരിയും സംഘവും രംഗത്ത്.  സർവകലാശാലക്കു മുന്നിൽ സ്ഥലവും അവർ കണ്ടുവെച്ചു. അപേക്ഷ റവന്യു മന്ത്രിയുടെ മുന്നിൽ. പക്ഷേ, സ്ഥലം അനുവദിക്കൽ അത്ര എളുപ്പമായിരുന്നില്ല.  വിശദാന്വേഷണ(ക്വറി)ത്തിന്റെ രൂപത്തിൽ ഉടക്കുകൾ. കടലാസു പെരുകി ഫയൽ വീർത്തുവന്നതല്ലാതെ തീരുമാനമുണ്ടായില്ല. മുണ്ടശേരി ഒരുനാൾ ഉച്ചതിരിഞ്ഞ് മന്ത്രിയുടെ മുറിയിലേയ്ക്കു പാഞ്ഞ്് രോഷവും സങ്കടവും ചൊരിഞ്ഞു.

എല്ലാം കേട്ട  ഗൗരിയമ്മ ഒന്നേ ചോദിച്ചുളളൂ'മാഷ് എപ്പോ മടങ്ങിപ്പോകും?' 'വൈകുന്നേരത്തെ മലബാർ എക്സ്പ്രസിൽ’എന്ന്  മറുപടി. മുണ്ടശേരി  ഇറങ്ങിയയുടൻ ഗൗരിയമ്മ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരെ വിളിച്ചു വരുത്തി  പ്രതിമ സ്ഥാപിക്കാൻ സ്ഥലമനുവദിക്കാനുളള ബുദ്ധിമുട്ട് ആരാഞ്ഞു. ഓരോരോ തടസങ്ങൾ  അവർ നിരത്തി. മന്ത്രി ഫയലെടുപ്പിച്ചു. വാമൊഴിയായി പറഞ്ഞ തടസങ്ങൾ ഫയലിൽ എഴുതാൻ ആവശ്യപ്പെട്ടു.

എതിർപ്പുകൾ ഓരോരുത്തരായി എഴുതി. ശേഷം ഫയൽ മന്ത്രിയ്ക്ക്. അവരുടെ വക രണ്ടേ രണ്ടു വാക്ക്‐ ഓവർ റൂൾഡ്.സ്ഥലം അനുവദിച്ചുള്ള ഉത്തരവ് വൈകുന്നേരത്തെ മലബാർ എക്സ്പ്രസിൽ പോകുന്ന മുണ്ടശേരിയുടെ  കൈവശം നൽകണമെന്ന്‌ കർശന നിർദേശവും. അങ്ങനെ ആശാൻ പ്രതിമ യാഥാർഥ്യമായി. അതായിരുന്നു, ഗൗരിയമ്മ. ഇങ്ങനെ എത്രയോ  ഉദാഹരണങ്ങൾ. അടുത്തറിഞ്ഞവർക്കും കേട്ടറിഞ്ഞവർക്കും ഇച്ഛാശക്തിയുടെയും കാർക്കശ്യത്തിന്റെയും ആൾരൂപമായിരുന്നു ആ ധീര വ്യക്തിത്വം. അതിരുകളില്ലാത്ത സ്വാതന്ത്ര്യബോധമാണ് അതിന്റെ അടിത്തറ. പൊതുരംഗത്തും ഗാർഹികജീവിതത്തിലും സ്ത്രീകൾ ദയാരഹിതമായി അടിച്ചമർത്തപ്പെട്ട കാലത്താണ് ഗൗരിയമ്മ രാഷ്ട്രീയത്തിലിറങ്ങിയത്. ഒരുതരം വിവേചനത്തിനും കീഴ്പ്പെടാതെ തലയുയർത്തി അവർ  പൊതുമണ്ഡലത്തിൽ നിലയുറപ്പിച്ചു. ശ്വാസമുള്ളിടത്തോളം  സ്ത്രീയെ അപമാനിക്കുന്നതിനെതിരെ അണിനിരക്കുമെന്ന ആ വാക്കുകളിൽ തലകുനിക്കാതെ ജീവിച്ച ദശാബ്ദങ്ങളുടെ ഉൾക്കരുത്തുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top