06 December Monday

അടിയന്തരാവസ്ഥയിൽ സിപിഐ എമ്മിന്‌ ഒപ്പംനിന്ന ചരിത്രം

ലെനി ജോസഫ്‌Updated: Thursday Oct 15, 2020


കോട്ടയം> കേരള കോൺഗ്രസ്‌ എം നാലു പതിറ്റാണ്ടായി യുഡിഎഫ്‌ പക്ഷത്തായിരുന്നുവെന്നത്‌ സത്യം‌. പക്ഷേ, കർഷകത്തൊഴിലാളി പെൻഷനും മാവേലിസ്‌റ്റോറുമടക്കം ഒട്ടേറെ ജനക്ഷേമ പരിഷ്‌കാരങ്ങൾ നടപ്പാക്കിയ 1980ലെ നായനാർ മന്ത്രിസഭയിൽ ധനം, നിയമം വകുപ്പുകൾ കൈകാര്യംചെയ്‌തത് കെ എം മാണിയായിരുന്നുവെന്നത്‌ ചരിത്രം. അടിയന്തരാവസ്ഥയിൽ സിപിഐ എമ്മിനൊപ്പംനിന്ന്‌ ഇന്ദിര ഗാന്ധിയുടെ അർധ ഫാസിസ്റ്റ്‌  വാഴചയ്‌ക്കെതിരെ പൊരുതാനും കേരള കോൺഗ്രസുണ്ടായി. ഇ എം എസിനും എ കെ ജിക്കും ഒപ്പം കെ എം ജോർജും ആർ ബാലകൃഷ്ണപിള്ളയും അന്ന്‌ അറസ്റ്റ്‌ വരിച്ചു. കെ എം മാണി ജയിലിൽ പോയി. വൈകാതെ കേരള കോൺഗ്രസ്‌ അച്യുതമേനോൻ മന്ത്രിസഭയിലുമെത്തിയത്‌ മറ്റൊരു ചരിത്രം.

വിമോചനസമരത്തിൽ മുന്നിലുണ്ടായിരുന്ന കേരള കോൺഗ്രസ്‌ കായൽ രാജാക്കന്മാരുടെയും കത്തോലിക്ക–- നായർ ജന്മിമാരുടെയും പാർടിയെന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. എന്നിട്ടും കെ എം മാണി അടക്കമുള്ള ഒമ്പതംഗ യുവ ഗ്രൂപ്പ്‌  മുൻകൈ എടുത്താണ്‌ ആ പാർടിയെ എഴുപതുകളിൽ ഇടതുപക്ഷത്തേക്ക്‌ നയിച്ചത്‌. വിമോചനസമര നായകനായ നിരണം ബേബി എന്ന ഇലഞ്ഞിക്കൽ ഇ ജോൺ ജേക്കബ്‌ അതിനെ ശക്തമായി എതിർത്തു. ഒടുവിൽ ആ നിലപാട്‌ അംഗീകരിപ്പിക്കാൻ അന്ന്‌ മാണിക്കൊപ്പമായിരുന്ന ലോനപ്പൻ നമ്പാടൻ ബ്ലേഡുകൊണ്ട്‌ ശരീരം മുറിച്ച്‌ ചോര ചിന്തി  നാടകീയരംഗങ്ങളുണ്ടാക്കി.


 

2015 നവംബർ 10-ന്‌ ഉമ്മൻചാണ്ടി മന്ത്രിസഭയിൽനിന്ന്‌ രാജിവയ്‌ക്കേണ്ടിവന്നതാണ്‌ കെ എം മാണിയുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായത്‌. പി ജെ ജോസഫ്‌ ഒപ്പം രാജിവയ്‌ക്കാതിരുന്നത്‌ അദ്ദേഹത്തിന്‌ വലിയ ക്ഷീണമായി. 2016ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ കനത്ത പരാജയം നേരിട്ടതോടെ യുഡിഎഫ്‌ ബന്ധം ഉപേക്ഷിച്ച്‌ കേരള കോൺഗ്രസ്‌ എം പുറത്തുവന്നു. 2017ൽ മലപ്പുറം തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയെയും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെയും മാണി പിന്തുണച്ചെങ്കിലും മുന്നണിയിൽ ചേർന്നില്ല. പിന്നീട്‌ കേരള കോൺഗ്രസ്‌ എം യുഡിഎഫിൽ തിരിച്ചെത്തിയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിനുവേണ്ടി ജോസഫുമായുള്ള തർക്കവും പിളർപ്പും പാലായിലെ തോൽവിയുമൊക്കെ പിന്നീടുള്ള കഥ.

യുഡിഎഫ്‌ വിട്ട കേരള കോൺഗ്രസിനെ തിരികെ കൊണ്ടുവരാൻ  കോൺഗ്രസ്‌ നിരന്തരം ശ്രമിച്ചു. ബിജെപിയോടുള്ള നിലപാട്‌ മാണി വ്യക്തമാക്കണമെന്നു പറഞ്ഞ്‌ അന്നത്തെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കേരള കോൺഗ്രസ്‌ എമ്മിനെ റാഞ്ചാനും ശ്രമിച്ചു‌. ചെങ്ങന്നൂരിൽ മാണിവിഭാഗം മനഃസാക്ഷി വോട്ട്‌ ചെയ്യുമെന്നു വന്നതോടെ വീണ്ടും കുമ്മനം ചാടിവീണ്‌ മാണിയെ എൻഡിഎയിലേക്ക്‌ ക്ഷണിച്ചു. പിന്നീട്‌ ബിജെപി നേതാവ്‌ പി കെ കൃഷ്ണദാസ്‌ മാണിയുടെ വീട്ടിലെത്തി ഒന്നരമണിക്കൂർ കൂടിക്കാഴ്‌ച നടത്തിയെങ്കിലും കേരള കോൺഗ്രസ്‌ എം വഴങ്ങിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top