16 January Saturday

അധ്യാപകനായെത്തി; 27 വർഷം എംഎൽഎ, 2 തവണ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021


കൽപ്പറ്റ
അധ്യാപകനായെത്തി  വയനാട്ടിൽ കോൺഗ്രസിനെ കാൽനൂറ്റാണ്ടോളം അടക്കിവാഴുകയും പിന്നീട്‌ നിഷ്‌കാസിതനാവുകയുംചെയ്‌ത നേതാവായിരുന്നു കെ കെ രാമചന്ദ്രൻ. ബത്തേരി(1980, 82, 87), കൽപ്പറ്റ(1991, 96, 2001) മണ്ഡലങ്ങളിൽനിന്നായി ആറുതവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ മന്ത്രിയുമായി. 2006ൽ കൽപ്പറ്റയിൽനിന്നും‌ പരാജയപ്പെട്ടു. പിന്നീട്‌ മത്സരിച്ചില്ല.  27 വർഷം നിയമസഭാ സാമാജികനായി. ഈ കാലഘട്ടത്തിൽ ജില്ലയിൽ കോൺഗ്രസിലെ അവസാന വാക്കായിരുന്നു. മലബാറിന്റെ നേതാവായും കരുണാകരന്റെ വിശ്വസ്‌തനായും വളർന്നു.  എഐസിസി അംഗം വരെയായി.

1994ൽ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയും 2004ൽ ഉമ്മൻചാണ്ടി സർക്കാരിൽ ആരോഗ്യ‌ മന്ത്രിയുമായി. ജില്ലാ ആശുപത്രിയിൽ പാർട്ട്‌ ടൈം സ്വീപ്പർ നിയമനത്തിലുയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട്‌ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ജില്ലാ മെഡിക്കൽ ഓഫീസറുമായുള്ള മന്ത്രിയുടെ ഫോൺ സംഭാഷണം ചോർന്നു. ഇതേ തുടർന്നായിരുന്നു‌ രാജി‌. സംഭാഷണം ചോർത്തിയത്‌ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഗൂഢാലോചന നടത്തിയാണെന്ന്‌ രാമചന്ദ്രൻ പിന്നീട്‌ തുറന്നടിച്ചു. 2011ൽ‌ ടൈറ്റാനിയം കേസിൽ ഉമ്മൻചാണ്ടിക്കെതിരെ പരസ്യ ആരോപണങ്ങൾ ഉന്നയിച്ചതോടെ പാർടിയിൽനിന്ന്‌ പുറത്തായി. പിന്നീട്‌ തിരിച്ചെടുത്തെങ്കിലും ചുമതലകൾ നൽകിയില്ല. അവസാനകാലം പാർടിയിൽ തീർത്തും ദുർബലനായിരുന്നു.  രണ്ടുവർഷം മുമ്പാണ്‌ വയനാട്ടിൽനിന്ന്‌ കോഴിക്കോടുള്ള മകന്റെ വീട്ടിലേക്ക്‌ താമസം മാറ്റിയത്‌.

കണ്ണൂർ നിടുമ്പ്രത്തുനിന്ന്‌  1962ലാണ്‌ രാമചന്ദ്രൻ വയനാട്ടിലെ പൂതാടി പഞ്ചായത്തിലെ വരദൂരിൽ താമസിക്കാനെത്തുന്നത്‌. അരിമുള എയുപി സ്‌കൂൾ അധ്യാപകനുമായി. 1976ൽ ജോലി രാജിവച്ച്‌ മുഴുവൻസമയ രാഷ്‌ട്രീയ പ്രവർത്തകനായി.
കക്കോടി മോരിക്കരയിലെ മകൻ മഹേഷിന്റെ  വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ, മിസോറം ഗവർണർ പി എസ്‌ ശ്രീധരൻപിള്ള, കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, എ പ്രദീപ്‌കുമാർ എംഎൽഎ, എംപിമാരായ കെ മുരളീധരൻ, എം കെ രാഘവൻ, മേയർ ഡോ. ബീന ഫിലിപ്പ്‌,  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തിൽ ജമീല, ഡിസിസി പ്രസിഡന്റ്‌ യു രാജീവൻ, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ തുടങ്ങി വിവിധ രാഷ്‌ട്രീയ കക്ഷിനേതാക്കളും പ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top