12 August Friday

''ഒന്നും സംഭവിക്കുന്നില്ല ആരും വരുന്നില്ല, ആരും പോകുന്നില്ല ഇത് ഭയാനകമാണ് ''

കെ ജെ ജേക്കബ്Updated: Thursday Jun 23, 2022

ഇംഗ്ലീഷ് അസംബന്ധ നാടകരൂപത്തിന്റെ ആചാര്യനായ സാമുവല്‍ ബക്കറ്റിന്റെ പ്രസിദ്ധമായ 'ഗോദോയെക്കാത്ത്' എന്ന രണ്ടു രംഗങ്ങളുള്ള നാടകത്തില്‍ ഒരു കഥാപാത്രം  ഇങ്ങനെയൊരു വാചകം പറയുന്നുണ്ട്. 

''ഒന്നും സംഭവിക്കാത്ത, എന്നാല്‍ അതുതന്നെ ഭയാനകമാകുന്ന അവസ്ഥ'' രണ്ടാം ലോക മഹായുദ്ധം ബാക്കിവച്ച ദുരിതങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും നേര്‍ക്കാഴ്ചകളൊരുക്കുകയായിരുന്നു അസംബന്ധ നാടക പ്രസ്ഥാനം. തങ്ങളുടെ നിലനില്‍പ്പ് എന്ന അടിസ്ഥാനപ്രശ്നത്തെ നിര്‍ധാരണം ചെയ്യാനുള്ള മനുഷ്യരുടെ ആധിയില്‍നിന്നാണ്, അതില്‍ യുക്തിയുടെ സ്വര്‍ണ്ണനൂല്‍ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് അസംബന്ധ നാടക പ്രസ്ഥാനം പിറന്നത്.

കേരളം ഇപ്പോള്‍ ഒരു അസംബന്ധ നാടക പ്രസ്ഥാനത്തിന്റെ തെരുക്കൂത്ത്  കണ്ടുകൊണ്ടിരിക്കുകയാണ്; അതിന്റെ വിപരീത യുക്തിയിലാണെന്നു മാത്രം. മനുഷ്യന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രയത്നങ്ങളിലല്ല, അതിനുള്ള രാഷ്ട്രീയ പോരാട്ട ശ്രമങ്ങള്‍ക്കിടയിലുമല്ല. മറിച്ച് അവരുടെ പ്രശ്നങ്ങളെ തമസ്കരിക്കാനും അവരുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്ന രാഷ്ട്രീയത്തിന് മറപിടിക്കാനും ഒരു വേള പ്രതിരോധം തീര്‍ക്കാനും  വേണ്ടിയാണ് ഈ നാടകം ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്. അതില്‍ രാഷ്ട്രീയ കക്ഷികളുണ്ട്, അരാഷ്ട്രീയക്കാരുണ്ട്, മാധ്യമങ്ങളുണ്ട്.

കേരളം ഇപ്പോള്‍ ഒരു അസംബന്ധ നാടക പ്രസ്ഥാനത്തിന്റെ തെരുക്കൂത്ത്  കണ്ടുകൊണ്ടിരിക്കുകയാണ്; അതിന്റെ വിപരീത യുക്തിയിലാണെന്നു മാത്രം. മനുഷ്യന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രയത്നങ്ങളിലല്ല, അതിനുള്ള രാഷ്ട്രീയ പോരാട്ട ശ്രമങ്ങള്‍ക്കിടയിലുമല്ല. മറിച്ച് അവരുടെ പ്രശ്നങ്ങളെ തമസ്കരിക്കാനും അവരുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്ന രാഷ്ട്രീയത്തിന് മറപിടിക്കാനും ഒരു വേള പ്രതിരോധം തീര്‍ക്കാനും  വേണ്ടിയാണ് ഈ നാടകം ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്. അതില്‍ രാഷ്ട്രീയ കക്ഷികളുണ്ട്, അരാഷ്ട്രീയക്കാരുണ്ട്, മാധ്യമങ്ങളുണ്ട്.

കുറച്ചു നാളുകളായി കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ഒരു വിഷയം സില്‍വര്‍ ലൈന്‍ പദ്ധതിയാണ്. അതിന്റെ ഇരുവശത്തുനിന്നുകൊണ്ടു വളരെ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം നടന്നു. പദ്ധതിയുടെ സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക വിഷയങ്ങള്‍ എമ്പാടും ചര്‍ച്ച ചെയ്തു. ഒരു ജനാധിപത്യത്തില്‍ ആവശ്യമായ സംഗതിയാണ് അത്; പ്രത്യേകിച്ച് ഇത്തരം ഒരു വന്‍പദ്ധതിയെ സംബന്ധിച്ച്.

പെട്ടെന്നാണ് രാഷ്ട്രീയ ചിത്രം മാറുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ക്കൂടി നയതന്ത്ര സുരക്ഷ ദുരുപയോഗിച്ച് സ്വര്‍ണം കള്ളക്കടത്തു നടത്തി എന്ന കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് ഒരു കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിനു മുന്‍പാകെ ക്രിമിനല്‍ നടപടിച്ചട്ടം 164þാം വകുപ്പു പ്രകാരം നല്‍കിയ ഒരു സ്റ്റേറ്റ്മെന്റ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉയര്‍ത്തിപ്പിടിക്കുകയും, ചര്‍ച്ച അങ്ങോട്ടേയ്ക്ക് മാറ്റുകയും ചെയ്തു. ആ സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതിനായി കേരളം മുഴുവന്‍ അവര്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.

വര്‍ധിച്ച ജനപിന്തുണയോടെ ഒരു വര്‍ഷം മുന്‍പു മാത്രം അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന ആവശ്യം ഉത്തരവാദപ്പെട്ട പ്രതിപക്ഷം ഉന്നയിക്കണമെങ്കിലും മാധ്യമങ്ങള്‍ അതിനു പിറകെ പോകണമെങ്കിലും  അതിനൊരു യുക്തി ആവശ്യമുണ്ടാകണം. അതുകൊണ്ട് ആ യുക്തി എന്തെന്ന് പരിശോധിക്കേണ്ടതുണ്ട്.

പൊതുസമൂഹത്തിന്റെ മുന്‍പിലോ പ്രതിപക്ഷത്തിന്റെയോ  മാധ്യമങ്ങളുടെയോ പക്കലോ ഇപ്പോഴും സ്വപ്ന സുരേഷ്  കൊടുത്തതായി പറയപ്പെടുന്ന മൊഴിയില്ല; അതില്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ട് എന്ന് ആര്‍ക്കും അറിയില്ല. ആകെ അറിയാവുന്നത് താന്‍ ഇന്നയിന്ന കാര്യങ്ങള്‍ രഹസ്യ മൊഴിയില്‍ പറഞ്ഞിട്ടുണ്ട് എന്ന് കുറ്റാരോപിതയായ ആ സ്ത്രീ പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്.

എന്നുവച്ചാല്‍, സ്വര്‍ണക്കള്ളക്കടത്തു നടത്തി പണമുണ്ടാക്കി എന്ന് ഇന്ത്യന്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്ന, തുടര്‍ച്ചയായി കള്ളക്കടത്തു നടത്തി എന്ന ആരോപണത്തില്‍ കോഫെപോസ നിയമപ്രകാരം ജയിലില്‍കിടന്ന ഒരു  സ്ത്രീയുടെ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ളത്; അതു മാനിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്!

ആ സ്ത്രീ നടത്തിയത് 'വെളിപ്പെടുത്ത'ലാണ് എന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. വെളിപ്പെടുത്തല്‍ എന്ന മലയാള വാക്കിന് ഒരര്‍ത്ഥമുണ്ട്. അത് മറഞ്ഞിരിക്കുന്ന കാര്യം പുറത്തുകൊണ്ടുവരിക എന്നതാണ്. ഒന്നുകൂടി വിശദമാക്കിയാല്‍, ഒരു കാര്യം, ഒരു വസ്തുത, നിലനില്‍ക്കുന്നുണ്ട്; പക്ഷേ അത്ഒളിഞ്ഞിരിക്കുകയാണ്; ആ അവസ്ഥയില്‍നിന്ന് അത് പുറത്തുകൊണ്ടുവരുന്ന പ്രക്രിയയാണ് വെളിപ്പെടുത്തല്‍.

അതില്‍ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, ഒരു വസ്തുത ഉണ്ടായിരിക്കണം; രണ്ട്, അത് ഒളിഞ്ഞിരുന്നതായിരിക്കണം. അവര്‍ പറഞ്ഞതില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഭാഗം, പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ കാരണം, ഇതാണ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫിലേക്ക് ഡോളര്‍ കടത്തിയിട്ടുണ്ട്.
വളരെ ഗുരുതരമായ ആരോപണമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ  അതില്‍ വസ്തുതയുണ്ടോ എന്ന് അന്വേഷിക്കുക വളരെ പ്രധാനപ്പെട്ട കാര്യവുമാണ്.

അത് ശരിയാണെങ്കില്‍ ഇതൊരു വെറും വെളിപ്പെടുത്തലല്ല, കേരളം കുലുങ്ങാന്‍ പാകത്തിലുള്ള വെളിപ്പെടുത്തലാണ്.
എന്നാല്‍ എന്താണ് ഈ ആരോപണത്തിന്റെ പിറകിലുള്ള വസ്തുത?

സ്വര്‍ണക്കള്ളക്കടത്തു വാര്‍ത്ത പുറത്തുവന്നതിനുശേഷം മൂന്നു കേന്ദ്ര ഏജന്‍സികള്‍ ഈ കേസ് അന്വേഷിക്കുന്നുണ്ടായിരുന്നു: നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സി (എന്‍ഐഎ) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി), കസ്റ്റംസ്. ഇതില്‍ കേസ് അന്വേഷിക്കുന്ന മുഖ്യ ഏജന്‍സിയായ എന്‍ഐഎ സ്വപ്ന സുരേഷിനെ 2020 ജൂലൈ 11 നു ബംഗളൂരുവില്‍ വച്ച് അറസ്റ്റു ചെയ്തതിനുശേഷം അവര്‍ ഏകദേശം ഒരു വര്‍ഷത്തോളം വിവിധ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ 2020 നവംബര്‍ ഡിസംബര്‍  മാസങ്ങളില്‍ അവര്‍ ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് നിയമം അനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മുന്‍പിലും സിആര്‍പിസി 164 വകുപ്പനുസരിച്ച് മജിട്രേറ്റിന് മുന്‍പിലും മൊഴി കൊടുത്തിരുന്നു.  ആ മൊഴിയുടെ വിശദ വിവരങ്ങള്‍ രണ്ട് മാസങ്ങള്‍ക്കുശേഷം 2021 മാര്‍ച്ചില്‍ കസ്റ്റംസ് കേരള ഹൈക്കോടതിയില്‍ ഒരു സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചിരുന്നു.

എന്തായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്?

'യുഎഇയിലേക്ക് മുഖ്യമന്ത്രി, സ്പീക്കര്‍, മൂന്നു മന്ത്രിമാര്‍ എന്നിവര്‍ക്കുവേണ്ടി ഡോളര്‍ കള്ളക്കടത്തു നടത്തുന്നുണ്ട്; അവര്‍ക്കു ഇതില്‍ പങ്കുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന വിവരം സ്വപ്ന പറഞ്ഞു'. ഇതാണ്  സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍ കസ്റ്റംസ് കോടതിയോട് പറഞ്ഞത്.
കേരളത്തെ 'ഞെട്ടിച്ച' ഈ വാര്‍ത്ത എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു; ദിവസങ്ങളോളം ചര്‍ച്ച ചെയ്തു; ഈ ലേഖകനും അത്തരം ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട് എന്നു മാത്രമല്ല ഈ ആരോപണം അങ്ങേയറ്റം ഗുരുതരമാണെന്നും അന്വേഷണ ഏജന്‍സി ഇതിന്റെ സത്യം കണ്ടുപിടിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഗുരുതരമായ ഈ ആരോപണം ജനമധ്യത്തില്‍ നില്‍ക്കെത്തന്നെ കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്നു; ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടര്‍ഭരണം നേടി, പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായി.
ഏതാനും മാസങ്ങള്‍ക്കുശേഷം മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത വന്നു: ഈ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച കസ്റ്റംസിന് ഈ മൊഴിയല്ലാതെ മറ്റു തെളിവുകളൊന്നും കിട്ടിയില്ല. (ഈ വാര്‍ത്തയെ സംബന്ധിച്ച് പക്ഷേ കാര്യമായ ചര്‍ച്ചകളൊന്നും നടന്നതായി ഈ ലേഖകന്‍ ഓര്‍ക്കുന്നില്ല.)

എന്നുവച്ചാല്‍, നമ്മുടെ മുന്‍പിലുള്ള വസ്തുതകള്‍ ഇതാണ്: മുഖ്യമന്ത്രിക്കെതിരെയുള്ള 'ഡോളര്‍ കള്ളക്കടത്ത്' എന്ന സ്വപ്ന സുരേഷിന്റെ ആരോപണം പുതുതല്ല; ഒന്നര വര്‍ഷം പഴക്കമുള്ളതാണ്. ആ ആരോപണം ഉള്‍ക്കൊള്ളുന്ന മൊഴി കോടതിയുടെ മുന്‍പിലുണ്ട്, അന്വേഷണ ഏജന്‍സിയുടെ മുന്‍പിലുണ്ട്.
ഇങ്ങനെയൊരു ആരോപണത്തെക്കുറിച്ച് ബന്ധപ്പെട്ട ഏജന്‍സി അന്വേഷിച്ചിട്ടുണ്ട്. ആ ആരോപണമല്ലാതെ മറ്റൊരു തെളിവും ബന്ധപ്പെട്ട ഏജന്‍സിക്കു കിട്ടിയതായി നമുക്കറിയില്ല; മാധ്യമങ്ങള്‍ക്കറിയില്ല, പ്രതിപക്ഷത്തിനറിയില്ല. ഇതേ ആരോപണം, മുന്‍പുന്നയിച്ച, ബന്ധപ്പെട്ട ഏജന്‍സി അന്വേഷിച്ച, തെളിവില്ല എന്ന് കണ്ടെത്തിയ അതേ ആരോപണമാണ് സ്വപ്ന സുരേഷ് ഇപ്പോഴും പറയുന്നത്; അതാണ് 'വെളിപ്പെടുത്തല്‍' എന്ന പേരില്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്; അതിന്റെ പേരിലാണ് മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്, നാടുമുഴുവന്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

*********
ഇപ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്ന അധാര്‍മികമായ, അനൈതികമായാ  പ്രവര്‍ത്തനത്തെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍, ജനാധിപത്യ സമ്പ്രദായങ്ങളും സ്ഥാപനങ്ങളുമുള്ള, പൗരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നല്‍കുന്ന ഈ നാട്ടില്‍, വ്യക്തികളുടെയും  സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തിന്റെ പോരായ്മകളെപ്പറ്റി ആളുകള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്താറുണ്ട്; ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്.

ഇത്തരം ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നവര്‍ അത് ഉത്തമവിശ്വാസത്തോടെയാണ് അങ്ങനെ ചെയ്യുന്നത് എന്നതൊരു പൊതുധാരണയാണ്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ടികളെയോ സ്ഥാപനങ്ങളെയോ പ്രതിനിധീകരിക്കുന്നവര്‍ പറയുമ്പോഴും അവരെക്കുറിച്ച് തിരിച്ചുള്ള വിമര്‍ശങ്ങളാകുമ്പോഴും ഇത് പൊതുവെ പാലിക്കപ്പെടുന്ന ഒരു മര്യാദയാണ്.

മാധ്യമങ്ങളും പൊതുവെ അത്തരം കാര്യങ്ങളെ അങ്ങനെയാണ് കാണാറുള്ളത്. എന്നാല്‍ അത്തരം വിമര്‍ശങ്ങളും ആരോപണങ്ങളും വളരെ ഗുരുതരമായ കാര്യങ്ങളെക്കുറിച്ചാകുമ്പോള്‍, അത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെങ്കില്‍ മാധ്യമങ്ങള്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം സ്വന്തമായി കാര്യങ്ങള്‍ അന്വേഷിച്ചു വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്.

എന്നാല്‍ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി എന്തായിരുന്നു മാധ്യമ നിലപാട്? അത് ആദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍തന്നെ, അതായതു ഹൈക്കോടതിയില്‍ കസ്റ്റംസ് സത്യവാങ്മൂലം നല്‍കിയപ്പോള്‍തന്നെ, കേരളം അതൊരു വലിയ ചര്‍ച്ചയാക്കി. സാമാന്യബുദ്ധിയുള്ളവര്‍ക്കു തള്ളിക്കളയാവുന്ന ഒരാരോപണം എന്ന് വേണമെങ്കില്‍ പറയാവുന്ന ഒരു കാര്യത്തെ, അതില്‍ പരാമര്‍ശിക്കപ്പെട്ട പേരുകളുടെ ഗൗരവം കൊണ്ടും അത് ആര് ആര്‍ക്കു നല്‍കി എന്നതും പരിഗണിച്ചായിരിക്കണം മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കിയത്; അതില്‍ തെറ്റുപറയാനില്ല താനും.
എന്നാല്‍ അന്വേഷണ ഏജന്‍സിക്ക് തെളിവ് കണ്ടെത്താനായില്ല എന്ന കാര്യം അതേ പ്രാധാന്യത്തോടെ നാട്ടുകാരോട് ഏതെങ്കിലും ഒരു മാധ്യമം പറഞ്ഞിരുന്നോ? ഇല്ല എന്നാണ് ഉത്തരം.

ഇത്ര ഗുരുതരമായൊരു ആരോപണത്തെക്കുറിച്ച് ഏതെങ്കിലും മാധ്യമം സ്വന്തമായി അന്വേഷിച്ചോ? നമുക്കറിയില്ല. ഇതേ ആരോപണം ഒന്നര കൊല്ലത്തിനു ശേഷം അതേ വ്യക്തി വീണ്ടും ഉന്നയിച്ചപ്പോള്‍ നിങ്ങള്‍ ഇത് നേരത്തെ ഉന്നയിച്ച ആരോപണമല്ലേ എന്ന് അവരോടു ചോദിച്ചോ? ഇതിനു തെളിവെവിടെ എന്ന് അന്വേഷിച്ചോ? ഇത്ര ഗുരുതരമായ ആരോപണത്തിന് ഒരടിസ്ഥാനം വേണ്ടേ എന്ന മിനിമം കാര്യം ഉറപ്പുവരുത്തിയോ? ഇല്ല. പകരം അതെല്ലാം 'വെളിപ്പെടുത്തലു'കളാക്കി വെള്ളപൂശി നാട്ടുകാരെ വിഡ്ഢികളാക്കി; പ്രതിപക്ഷത്തെ സമര രംഗത്തെത്തിച്ചു.

ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യമുയര്‍ന്നപ്പോള്‍ പല മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടേയും മറുപടി വിചിത്രമായിരുന്നു. പലരും സൈബര്‍ ആക്രമണമെന്നും സി പിഐഎം ആക്രമണമെന്നും ലേബലുകള്‍ ഒട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. ചിലര്‍ തങ്ങള്‍ എല്ലാവിധ ആരോപണങ്ങളും വായനക്കാരുടെയും പ്രേക്ഷകരുടെയും  അടുക്കലെത്തിക്കും; അതിന്റെ നിജസ്ഥിതി പരിശോധിക്കലല്ല തങ്ങളുടെ ജോലി എന്ന് പറഞ്ഞൊഴിഞ്ഞു.

എന്നുവച്ചാല്‍, സത്യം പൗരരെ അറിയിക്കാന്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മാധ്യമങ്ങള്‍ക്ക് തങ്ങള്‍ക്കു അഭിമതരല്ലാത്ത ആളുകളുടെമേല്‍ ആരോപണങ്ങള്‍ ഉയരുമ്പോള്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ  അവയെ 'വെളിപ്പെടുത്തലു'കളാക്കി വേഷം മാറ്റാനും രാഷ്ട്രീയ ആയുധങ്ങളാക്കി പരിവര്‍ത്തിപ്പിക്കാനും കഴിയുന്നു; അതിനെക്കുറിച്ച് ചോദ്യങ്ങളുയരുമ്പോള്‍ ഒഴിഞ്ഞുമാറുന്നു.

*********
പ്രതിപക്ഷവും മാധ്യമങ്ങളും ജനാധിപത്യ സമ്പ്രദായത്തിലെ പരമപ്രധാനമായ ഘടകങ്ങളാണ്. നമ്മുടെ നാട്ടിലെ ചിത്രമെടുക്കുകയാണെങ്കില്‍ ഏകദേശം ഭരണപക്ഷത്തോളം തന്നെ ജനപിന്തുണയുള്ളവരാണ് പ്രതിപക്ഷത്തുമുള്ളത്; ഭരണപക്ഷം എത്ര ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ ചുമതലപ്പെട്ടിട്ടുണ്ടോ അത്ര ഉത്തരവാദിത്തത്തോടെതന്നെ വേണം പ്രതിപക്ഷവും പ്രവര്‍ത്തിക്കാന്‍. ഈ രണ്ടു കൂട്ടരും അല്ലാത്തവരും ഉള്‍ക്കൊള്ളുന്ന സ്ഥാപനങ്ങളെ ഓഡിറ്റ് ചെയ്ത് ആ വിവരം സമൂഹത്തെ അറിയിക്കാനും അങ്ങനെ അറിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കാനും സമൂഹത്തെ സഹായിക്കുകയാണ് മാധ്യമങ്ങളുടെ കടമ.

നിര്‍ഭാഗ്യവശാല്‍ ഈ രണ്ട് കൂട്ടരും കേരള സമൂഹത്തോട് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അനീതിയാണ്. ഈ അസംബന്ധ നാടകം അവര്‍ അവസാനിപ്പിക്കണം. ജനാധിപത്യപരമായ, മൂല്യവത്തായ സംഭാഷണങ്ങളിലേക്കും സംവാദങ്ങളിലേക്കും സംവേദനങ്ങളിലേക്കും കേരള സമൂഹത്തെ തിരികെയെത്തിക്കണം. മനുഷ്യരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തില്‍ പങ്കുചേരണം. ഭരിക്കാന്‍ ജനങ്ങള്‍ ചുമതലപ്പെടുത്തിയവര്‍ അക്കാര്യം നിറവേറ്റുന്നുണ്ടോയെന്നു നീതിബോധത്തോടെ  അന്വേഷിക്കണം; തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം, തിരുത്തിക്കണം.

അയഥാര്‍ത്ഥ പ്രശ്നങ്ങള്‍കൊണ്ട് സമൂഹത്തിന്റെ അജന്‍ഡ നിറയ്ക്കരുത്; അതാര്‍ക്കും ഗുണം ചെയ്യില്ല.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top