09 February Thursday

സംഘപരിവാറിനായി വിദ്യാഭ്യാസമേഖല അടിയറവെയ്ക്കാനുറച്ച ഗവര്‍ണര്‍

കെ ജെ ജേക്കബ്Updated: Friday Nov 25, 2022

കാലാകാലങ്ങളില്‍ കേരള നിയമസഭ പാസാക്കിയ നിയമങ്ങള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറായി നിശ്ചയിച്ചിരിക്കുന്നത് സംസ്ഥാന ഗവര്‍ണറെയാണ്. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലും സര്‍വകലാശാലകളിലും ഇതാണ് സ്ഥിതി.

ഗവര്‍ണര്‍ എന്നത് ഒരു കല്പിതമായ സ്ഥാനമാണ് എന്നും അതില്‍ സജീവ രാഷ്ട്രീയക്കാര്‍ വരില്ല എന്നും ഒരു പൊതുധാരണയുണ്ട്; ഇനി അവര്‍ നിയമിക്കപ്പെടുന്നതിനുമുന്‍പ് സജീവ രാഷ്ട്രീയക്കാര്‍ ആയിരുന്നെങ്കില്‍ത്തന്നെ ആ സ്ഥാനത്തു നിയമിക്കപ്പെട്ടാല്‍ ആ സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കും എന്ന് സത്യപ്രതിജ്ഞ ചൊല്ലി പദവി ഏറ്റെടുക്കുമ്പോള്‍ അത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കും എന്നൊരു പൊതുധാരണയും ഇതിന്റെ പിറകിലുണ്ട്.

മറ്റൊരു കാരണം സര്‍വകലാശാലകളുടെ സ്വയംഭരണ സ്വഭാവമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും ജ്ഞാനനിര്‍മ്മാണത്തിനു സഹായിക്കാനുമായി ഓരോ സമൂഹവും രൂപം കൊടുക്കുന്ന സംവിധാനമാണ് സര്‍വകലാശാലകള്‍.

കക്ഷി രാഷ്ട്രീയത്തിനതീതമായി ഓരോ സമൂഹത്തിന്റെയും വിശാല താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും മുന്‍പോട്ടുകൊണ്ടുപാകാനും സര്‍വകലാശാലകള്‍ക്കുത്തരവാദിത്വമുണ്ട്.

കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ദീര്‍ഘവീക്ഷണത്തോടെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്നതിനും സര്‍വകലാശാലകള്‍ക്കു കഴിയേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ ഖജനാവില്‍നിന്നു പണം സ്വീകരിക്കുമ്പോഴും സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍നിന്നു മാറി അക്കാദമിക് കാര്യങ്ങളില്‍ സ്വയംഭരണവകാശം എന്നത് വളരെ അഭിലഷണീയമായ ഒരു കാര്യമാണ്.

അതേസമയം സര്‍ക്കാരിന്റെ എല്ലാത്തരത്തിലുമുള്ള സഹായം ലഭ്യമാവുകയും വേണം.

രാഷ്ട്രീയ മുക്തനായിരിക്കുന്ന ഗവര്‍ണര്‍ക്കു സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ ഭരണത്തലവന്‍ എന്ന നിലയില്‍ ഈ രണ്ടു കാര്യങ്ങളും ഉറപ്പുവരുത്താനാവും എന്നതും ഗവര്‍ണറെ ചാന്‍സലറായി നിശ്ചയിക്കാന്‍ ഒരു കാരണമാണ്.

അപൂര്‍വം അപവാദങ്ങളൊഴികെ നാളിതുവരെയുണ്ടായിട്ടുള്ള ഗവര്‍ണര്‍മാര്‍ അവരിലര്‍പ്പിതമായ ഈ കടമയെ അതര്‍ഹിക്കുന്ന  ഗൗരവത്തോടെയാണ് കണ്ടിട്ടുള്ളത്.

സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ടുള്ള ഇടപെടല്‍ അവരാരും നടത്തിയിട്ടുള്ളതായി നമ്മള്‍ക്കറിവില്ല; അതേസമയം ചില പൊതുവിഷയങ്ങളില്‍ സര്‍വകലാശാലകള്‍ക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അവര്‍ ശ്രദ്ധിച്ചിട്ടുമുണ്ട്.

ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റതിനുശേഷവും ഇക്കാര്യത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ അദ്ദേഹം ഇത് സംബന്ധിച്ച് പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് മുതിരാന്‍ തുടങ്ങി; ഒപ്പം സര്‍വകലാശാലകള്‍ സ്തംഭിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങാനും.

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വകുപ്പിലെ ഒരു നിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ഖാന്‍ ആദ്യമായി പരസ്യമായി അഭിപ്രായം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ബന്ധുവായതുകൊണ്ടാണ് നിയമനം നടത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം; പരാതിയെത്തുടര്‍ന്ന് ആ നിയമനം അദ്ദേഹം സ്റ്റേ ചെയ്തു. ആ വിഷയം ഇപ്പോള്‍ കോടതിക്ക് മുന്‍പിലാണ്.

നിയമമനുസരിച്ച് ചാന്‍സലര്‍ക്ക്  സര്‍വകലാശാലയുടെ ഏതു നടപടിയും വിശദീകരണം ആവശ്യപ്പെട്ടതിനുശേഷം ചട്ടവിരുദ്ധമെങ്കില്‍ റദ്ദാക്കാവുന്നതാണ്; ആ നടപടി നാട്ടിലെ നിയമമനുസരിച്ച് ജുഡീഷ്യറിയുടെ പരിശോധനയ്ക്കു വിധേയവുമാണ്.

ഈ വിഷയത്തില്‍ സര്‍ക്കാരോ ഇടതുപക്ഷ മുന്നണിയിലെ ഏതെങ്കിലും പാര്‍ട്ടിയോ  സി പിഐ എമ്മോ ഗവര്‍ണറുടെ നടപടിയില്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ല; ചാന്‍സലര്‍ക്കും കോടതിക്കും നിയമമനുസരിച്ചുള്ള അവകാശങ്ങളെപ്പറ്റി എതിരഭിപ്രായം പറഞ്ഞതായും കേട്ടില്ല.

എന്നാല്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നതിനുപകരം ഗവര്‍ണര്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് രണ്ടു കാരണങ്ങളാല്‍ എതിര്‍ക്കപ്പെടേണ്ടതുണ്ട്.

ഒന്ന്; അദ്ദേഹം ഇക്കാര്യത്തില്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തുന്നത്, ഇനി അത് ശരിയാണെങ്കില്‍ക്കൂടി  ഉചിതമല്ല, രണ്ട്; അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വസ്തുതാപരമായ ബലം കൊടുക്കാന്‍ ഇന്നുവരെ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.എന്നാല്‍ അവിടം കൊണ്ട് നിര്‍ത്താന്‍ അദ്ദേഹം തയ്യാറായില്ല.

ഡല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ കേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് അങ്ങേയറ്റം തെറ്റിദ്ധാരണയുളവാക്കുന്ന പ്രസ്താവനയാണ് നടത്തിയത്.

ഇവിടെ സര്‍വകലാശാല നിയമനങ്ങള്‍ മുഴുവന്‍ ഭരണത്തിലിരിക്കുന്നവരുടെ ബന്ധുക്കള്‍ക്കാണെന്നും അതിനെക്കുറിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

2019ലെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ അതിശയകരമാംവിധം പര്‍വതീകരിച്ചുകൊണ്ടു അദ്ദേഹം കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലറെ ക്രിമിനല്‍ എന്നും ആദരണീയനായ ചരിത്രകാരന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്നും വിളിച്ചു.  

 കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുന്നതിലൂടെ ആ സ്ഥാനത്തേയും സര്‍വകലാശാലകളെയുംതന്നെ ഇകഴ്ത്തുകയാണ് ചെയ്യുന്നത് എന്നറിയാതെയാവില്ല അദ്ദേഹം ഇക്കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ബന്ധുനിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഖാന്‍ പറഞ്ഞത് ഇന്ത്യയിലെ മിക്കവാറും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ വസ്തുതയെന്താണ്? അങ്ങനെ ഒരു അന്വേഷണം നടത്താന്‍ അദ്ദേഹത്തന് നിയമപരമായ അവകാശമില്ല.

മുന്‍പു പറഞ്ഞതുപോലെ സര്‍വകലാശാലയോടു അന്വേഷണം നടത്താം; മറുപടിയുടെയും സര്‍വകലാശാലനിയമങ്ങളുടെയും യുജിസി ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനിക്കാം. അതല്ലാതെ എല്ലാ സര്‍വകലാശാലകളെയും പറ്റി ഒരന്വേഷണത്തിനുത്തരവിടാന്‍ അദ്ദേഹത്തിന് അധികാരമില്ല.

ഇക്കാര്യം തിരിച്ചറിഞ്ഞിട്ടാകണം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് കൊടുത്ത അഭിമുഖത്തില്‍ ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ അങ്ങനെയൊരു അന്വേഷണത്തെക്കുറച്ച് പറഞ്ഞിട്ടേയില്ല എന്നു പറഞ്ഞ് അദ്ദേഹം തടിതപ്പിയത്. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ശ്രമിച്ചു പിന്‍വാങ്ങേണ്ടിവന്ന ആദ്യ അവസരമായിരുന്നു അത്.

എന്നാല്‍ അതുകൊണ്ടൊന്നും അദ്ദേഹം പിന്തിരിഞ്ഞില്ല. സാങ്കേതിക സര്‍വകലാശാല വൈസ്ചാന്‍സലറുടെ നിയമനം യു ജി സി ചട്ടങ്ങള്‍ മുന്‍നിര്‍ത്തി സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍ അദ്ദേഹം അതില്‍ ഒരു സാധ്യതകണ്ടു.

കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാരുടെ നിയമനം ബന്ധപ്പെട്ട സര്‍വകലാശാലാ നിയമങ്ങള്‍ അനുസരിച്ചാണ് നടന്നിട്ടുള്ളത്. അതംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയും നിലവിലുണ്ട്.

എന്നാല്‍  സര്‍വകലാശാലാ നിയമങ്ങളെക്കാള്‍ പ്രാമുഖ്യം യു ജി സി ചട്ടങ്ങള്‍ക്കാണ് എന്ന പുതിയ വിധിയുടെ ചുവടുപിടിച്ച് കേരളത്തിലെ എല്ലാ വൈസ്ചാന്‍സലര്‍മാരുടെയും നിയമനം നിന്നനില്‍പ്പില്‍ റദ്ദാക്കാനാണ് ഖാന്‍ തുനിഞ്ഞത്.

അവര്‍ക്കു നല്‍കിയ ഒരു നോട്ടീസില്‍ 24 മണിക്കൂര്‍ പോലും കൊടുത്തില്ല രാജിക്കത്ത് രാജ്ഭവനില്‍ എത്തിക്കാന്‍.

എന്നാല്‍ വൈസ് ചാന്‍സലര്‍മാര്‍ കോടതിയെ സമീപിച്ചപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി. അവര്‍ക്കു കൊടുത്തത് രാജിവയ്ക്കാനുള്ള നിര്‍ദ്ദേശമല്ല എന്നും അവര്‍ക്കു വിശദീകരണം കൊടുക്കാന്‍ അവസരം നല്‍കും എന്നുമായി പുതിയ നിലപാട്.

സാങ്കേതിക സര്‍വകലാശാലയുടെ കാര്യത്തില്‍ വിസിയുടെ നിയമനം തുടക്കത്തിലേ അസാധുവാണെന്നു സുപ്രീം കോടതി വിധിച്ചു എന്നും അത് മറ്റു വി സിമാര്‍ക്കും ബാധകമാണെന്നും പറഞ്ഞാണ് ഖാന്‍ ചന്ദ്രഹാസമിളക്കിയത്. എന്നാല്‍ ഹൈക്കോടതി ഇതുവരെ അത് അംഗീകരിച്ചിട്ടില്ല.

കൗതുകകരമായി തോന്നിയ ഒരു കാര്യം ഇതാണ്: നിയമമനുസരിച്ച വി സിമാരുടെ നിയമന പ്രക്രിയ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ചാന്‍സലറായ ഗവര്‍ണറാണ്.

അതിനാവശ്യമായ സേര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കുന്നതും അവരില്‍നിന്നു പാനല്‍ വാങ്ങുന്നതും ഗവര്‍ണറാണ്; അതനുസരിച്ച് നാല് വര്‍ഷത്തേക്കുള്ള  നിയമനം നടത്തുന്നതും അദ്ദേഹം തന്നെ.

സര്‍ക്കാരിന് നേരിട്ട് യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു പ്രോസസ്സില്‍ സുപ്രീം കോടതി നിയമവിരുദ്ധത കാണുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ മറ്റു സര്‍വകലാശാലകളെ ഉപദ്രവിക്കാനുള്ള ഒരു വഴിയായി അതിനെ ഉപയോഗിക്കുന്നു എന്നത് ഭരണഘടനാ പദവിയിലിരുന്ന് ഒരാള്‍ ചെയ്യുന്ന കാര്യമാണ് എന്ന് വിശ്വസിക്കാന്‍ അത്ര എളുപ്പമല്ല.

അതിനിടയിലാണ് നിയമം ലംഘിച്ചുകൊണ്ട് സാങ്കേതിക സര്‍വകലാശാലയുടെ വൈസ്ചാന്‍സലറുടെ ചുമതലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥയെ നിയമിച്ചത്.

മറ്റേതെങ്കിലും സര്‍വകലാശാലാ വൈസ് ചാന്‍സലറെയോ കെ ടി യു വിന്റെ പ്രൊ വൈസ് ചാന്‍സലറെയോ സര്‍ക്കാരിന്റെ ഉപദേശപ്രകാരം ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെയോ താല്‍ക്കാലിക ചുമതല ഏല്‍പ്പിക്കണം എന്നാണ് നിയമം; ഇത് സംബന്ധിച്ച് യു ജി സി ചട്ടങ്ങളൊന്നും നിലവിലില്ല.

ഗവര്‍ണറുടെ ഉത്തരവില്‍ കാണിച്ചിരിക്കുന്നത് ബന്ധപ്പെട്ട കേരള നിയമമാണ്; അതിലുള്ള യു ജി സി ചട്ടമാകട്ടെ താല്‍ക്കാലിക ചുമതല നല്‍കുന്നതുമായി ബന്ധപ്പെട്ടുമല്ല.
മറ്റൊരു കാര്യം ഡിജിറ്റല്‍ സര്‍വകലാശാലയുടെയും ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെയും വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിന്റെ കാര്യമാണ്.

ആദ്യത്തെ വൈസ് ചാന്‍സലര്‍മാരെ സര്‍ക്കാര്‍ നിയമിക്കും എന്നാണ് നിയമങ്ങള്‍ പറയുന്നത്.

അങ്ങിനെ നിയമിക്കപ്പെട്ട ഈ വൈസ് ചാന്‍സലര്‍മാര്‍ക്കും ചാന്‍സലര്‍ നോട്ടീസ് നല്കിയയിട്ടുണ്ട്!

********

കേരളത്തിലെ സര്‍വകലാശാലകള്‍ രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകള്‍ ആണോ, ഒരു വൈജ്ഞാനിക സമൂഹമായി മാറാനുള്ള കേരളത്തിന്റെ ആഗ്രഹത്തിന് ഇന്ധനം പകരാനുള്ള മികവ് അവയാര്‍ജ്ജിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് പോസിറ്റീവായുള്ള ഒരുത്തരം ഈ ലേഖകന്റെ കൈവശമില്ല.

എന്നാല്‍ മികവിന്റെ കേന്ദ്രങ്ങളാകാനുള്ള ശ്രമം അവ അടുത്ത കാലത്തായി ഗൗരവമായി നടത്തുന്നു എന്നുവേണം മനസ്സിലാക്കാന്‍. സര്‍വകലാശാലകളുടെ ഗ്രേഡിങ്ങില്‍ അവ നിരന്തരം മെച്ചപ്പെടുന്നു എന്നതാണ് ആ തോന്നലിനു കാരണം.

സര്‍ക്കാരും ആ രംഗത്തു കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതായി കാണുന്നുണ്ട്; ഇടതുമുന്നണി ഉന്നത വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുമുണ്ട്.

ഇപ്പോള്‍ നിലവിലുള്ള നിയമമനുസരിച്ച് കേരളത്തിലെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി, യു ജി സി യുടെ പ്രതിനിധി, സെനറ്റിന്റെ/സിന്‍ഡിക്കേറ്റിന്റെ പ്രതിനിധി എന്നിവരാണുള്ളത്.

ഇവര്‍ നല്‍കുന്ന പാനലില്‍നിന്നാണ് ചാന്‍സലര്‍ വിസിയെ തെരഞ്ഞെടുക്കേണ്ടത്. ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് ഈ മൂന്നില്‍ രണ്ടുപേര്‍ സംഘപരിവാരത്തിന്റെ നോമിനികളാകാം.

അവര്‍ തെരഞ്ഞെടുക്കുന്ന ആളുകളും ആ തരത്തിലുള്ളവരാകാം, അവരെ നിയമിക്കാന്‍ ചാന്‍സലര്‍ക്ക് നിയമ തട ങ്ങളില്ല താനും.

എന്നുവച്ചാല്‍ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും നിയമപ്രകാരം നിയമിക്കപ്പെട്ട വൈസ് ചാന്‍സലര്‍മാരെ നീക്കി അവിടെ ആര്‍എസ്എസ് - സംഘപരിവാര്‍ നോമിനികളെ നിയമിക്കാനാണ് ഗവര്‍ണറുടെ നീക്കം. ഇപ്പോഴത്തെ നിയമമനുസരിച്ച് അത് സാധ്യമാണുതാനും.

(ഇപ്പോള്‍ നിയമസഭ പാസാക്കി ഒപ്പിടാന്‍ ഗവര്‍ണര്‍ക്കയച്ച ബില്ലുപ്രകാരം ഗവര്‍ണര്‍ക്കുള്ള സാധ്യത കുറയുന്നുണ്ട്. അപ്പോഴും അതില്‍ ഉടക്കിടാന്‍ അദ്ദേഹത്തിന് സാധിക്കാവുന്നതാണ്.)

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്താലല്ലാതെ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെയും ഇവിടത്തെ ജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയില്ല.

വളരെ ഗുരുതരമായ മറ്റൊരു വിഷയം ഭരണാഘടനാപരമാണ്. പൂര്‍ണമായും സംസ്ഥാന വിഷയമായിരുന്ന വിദ്യാഭ്യാസം എഴുപതുകളിലാണ് ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ വരുന്നത്.

ആ ലിസ്റ്റിലാവട്ടെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മ്മാണം സാധ്യമാണ്; തര്‍ക്കമുണ്ടായാല്‍ കേന്ദ്ര നിയമത്തിനു പ്രാമുഖ്യം ലഭിക്കുകയും ചെയ്യും.

ഫലത്തില്‍ യു ജി സി ചട്ടങ്ങളുടെ രൂപത്തില്‍ സംസ്ഥാന സര്‍വകലാശാലകളുടെ ഭരണം കേന്ദ്ര നിയമപ്രകാരം മാത്രമേ നടക്കൂ എന്ന അവസ്ഥയാണിപ്പോള്‍. ഇക്കാര്യത്തെക്കൂടി സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്ന ഇത്തരം കുറുക്കുവഴികള്‍ ഭരണഘടനാ കോടതികളുടെ മുന്‍പിലെത്തിച്ചു ന്യായമായ പരിഹാരം തേടേണ്ടത് നമ്മുടെ സര്‍വകലാശാലകളുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ്.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top