28 November Monday

മുതലാളിത്ത ചൂഷണത്തിന്റെ ഉപകരണങ്ങളായി മാറിയ നവമാധ്യമങ്ങള്‍

കെ എ വേണുഗോപാലന്‍Updated: Saturday Oct 1, 2022

 

ബഹുവിധ തലങ്ങളില്‍ നിന്നു നോക്കിയാല്‍ അമൂര്‍ത്തമായ വിശിഷ്ട സങ്കല്‍പ്പനങ്ങളെ മൂര്‍ത്തവും യാഥാര്‍ത്ഥ്യവുമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് തങ്ങളാണ് എന്ന തോന്നലുണ്ടാക്കുന്നതിനാണ് കുത്തക മാധ്യമങ്ങള്‍ മുതലാളിത്ത വ്യവസ്ഥയില്‍ ശ്രമിച്ചു വരുന്നത് എന്ന് കാണാനാവും.

അതോടൊപ്പം അവര്‍ സാധാരണ മനുഷ്യരെ പരസ്യത്തിന്റെ ഉപഭോക്താക്കളെന്ന നിലവാരത്തിലേക്ക് തരംതാഴ്ത്തുന്നു. മുതലാളിത്ത വ്യവസ്ഥയില്‍ സംസ്കാരം എന്നത് ഒരു വലിയ പരിധിവരെ ചരക്കിന്റെ രൂപത്തിലാണ് നിലനില്‍ക്കുന്നത്.

ഉപഭോക്താക്കള്‍ക്കും ശ്രോതാക്കള്‍ക്കുമൊക്കെ സാംസ്കാരിക ചരക്കുകള്‍ വിലകൊടുത്ത് വാങ്ങിക്കാനാവും എന്നു മാത്രമല്ല അവര്‍ ഇന്റര്‍നെറ്റ് പോലുള്ള മാധ്യമ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ അവയുടെ ഉടമസ്ഥരുടെ കൂലിയില്ലാ തൊഴിലാളികളായും മാറുന്നു.

മാത്രവുമല്ല മുതലാളിത്തത്തിന് അതിന്റെ നിലനില്‍പ്പ് ഉറപ്പാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെങ്കില്‍ അതാണ് ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും നല്ല വ്യവസ്ഥ എന്ന് മാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കണം. അതുവഴി സ്വന്തം ആധിപത്യം നിലനിര്‍ത്തണം.

നവ മാധ്യമങ്ങള്‍ മാധ്യമ രംഗത്ത് പ്രത്യക്ഷപ്പെട്ടിട്ട് ഏതാനും ദശകങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇവയുടെ പ്രവര്‍ത്തനം അച്ചടി ദൃശ്യ മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.

അവര്‍ ഉപഭോക്താക്കളുടെ വിശ്രമസമയത്തെ ചരക്കാക്കി വിറ്റഴിക്കുകയും വന്‍തോതില്‍ ലാഭമുണ്ടാക്കുകയും ചെയ്യുന്നു.

2021 ല്‍ ഫേസ്ബുക്കിന്റെ മൊത്തം വിറ്റുവരവ് 1179.29 കോടി അമേരിക്കന്‍ ഡോളറാണ്. അറ്റാദായമാവട്ടെ 3937 കോടി അമേരിക്കന്‍ ഡോളറാണ്. 71,970 സ്ഥിരം ജീവനക്കാരാണ് 2021ല്‍ ഫേസ്ബുക്കിലുള്ളത്. അവര്‍ ചെയ്യുന്ന ജോലിയാണോ ഇത്രയധികം മിച്ചമൂല്യം സൃഷ്ടിച്ചത്? അല്ല.

ഫേസ്ബുക്കിന്റെ പ്രധാന വരുമാന മാര്‍ഗം പരസ്യമാണ്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെയാകെ ഒരു ചരക്കാക്കി മാറ്റി അവരുടെ അധ്വാന സമയത്തെയും വിശ്രമസമയത്തെയും ഇടപെടലുകളെ പരസ്യ ദാതാക്കള്‍ക്ക് വിറ്റഴിക്കുകയാണ് ഫേസ്ബുക്കും ഗൂഗിളും ഇന്‍സ്റ്റാഗ്രാമുമൊക്കെ ചെയ്യുന്നത്.

എന്നാല്‍ ഈ വേദികളൊക്കെ പറയാന്‍ ശ്രമിക്കുന്നത് അവരുടെ ഏക ലക്ഷ്യം അവരുടെ ഉപഭോക്കാക്കള്‍ക്ക് ആകര്‍ഷകവും ഉന്നത ഗുണമേന്മയുള്ളതുമായ വേദി നല്‍കലും അവരുടെ മാധ്യമ ഉള്ളടക്കങ്ങളെ പ്രചരിപ്പിക്കലും അവര്‍ക്ക് അജ്ഞാതരായിരുന്നവരെപ്പോലും സുഹൃത്തുക്കളാക്കാന്‍ സഹായിക്കലും ആണെന്നാണ്.

ഈ വേദികളുടെ ഉടമസ്ഥര്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ആണെന്നതും ഉപഭോക്തൃ വിവരങ്ങള്‍ വിറ്റഴിച്ചും പരസ്യം വാങ്ങിയും ലാഭമുണ്ടാക്കുന്നവരുമാണെന്ന കാര്യം ബോധപൂര്‍വം അവര്‍ മറച്ചുവെക്കുന്നു.

ഉപഭോക്താക്കളെല്ലാം ഉല്‍പാദകര്‍ കൂടിയായി മാറുന്ന അപൂര്‍വ പ്രതിഭാസമാണ് ഇവയിലൊക്കെ നടക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ കണ്‍സ്യൂമറും പ്രൊഡ്യൂസറും ഒന്നു ചേരുന്നതാണ് ഇത് എന്നതിനാല്‍ പ്രൊസ്യൂമര്‍ എന്ന പുതിയ പദമാണ് ഇക്കൂട്ടരെ വിശേഷിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്.

ഈ പ്രൊസ്യൂമര്‍മാരുടെ അധ്വാനത്തെയാണ് നവ മാധ്യമങ്ങള്‍ പരസ്യം നല്‍കുന്നവര്‍ക്ക് വിറ്റഴിക്കുന്നത്.

ഫേസ്ബുക്കിലും ഗൂഗിളിലും ഇന്‍സ്റ്റഗ്രാമിലും ഒക്കെ ഉപഭോക്താക്കള്‍ പലതരക്കാരാണ്. അതില്‍ കാഴ്ചക്കാരുണ്ട്,നിശബ്ദമായി ശ്രദ്ധിക്കുന്നവരുണ്ട്,വായനക്കാരുണ്ട്,സിനിമ കാണുന്നവരുണ്ട്,ഫോണ്‍ ഉപയോഗിക്കുന്നവരുണ്ട്,  കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുണ്ട്.

വ്യക്തിഗതമായി ഇവരുടെയൊക്കെ താല്പര്യങ്ങള്‍ എന്ത്, വരുമാനമെന്ത് എന്നീ കാര്യങ്ങള്‍ ശേഖരിക്കുകയും വേര്‍തിരിച്ച് പട്ടിക തിരിക്കുകയും അവരവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പരസ്യ ഉടമകള്‍ക്ക് അവരെ സമീപിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യുന്നു. ഇത് പ്രൊസ്യൂമര്‍മാരുടെ മേലുള്ള ചൂഷണത്തെ തീവ്രമാക്കുന്നു.

കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഉള്ളടക്കത്തെ ഉല്‍പ്പാദിപ്പിക്കുകയും അതിനെ ബ്രൗസ് ചെയ്യുകയും ആശയവിനിമയത്തിലൂടെ മറ്റുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തുകയും കാലാകാലങ്ങളില്‍ സ്വന്തം പ്രൊഫൈലുകള്‍ കാലോചിതമാക്കുകയും ചെയ്യുന്നു.

ഇതിനായി അവര്‍ ഈ വേദിയില്‍ ചെലവഴിക്കുന്ന സമയം മുഴുവന്‍ അവരുടെ തൊഴില്‍ സമയമാണ്. ഇന്റര്‍നെറ്റിലെ ഒരു പ്രൊസ്യൂമര്‍ ചരക്കിനെ ഒരു പരസ്യ ദാതാവ് പണം കൊടുത്തു വാങ്ങിക്കുന്നത് വയസ്സ്, പ്രദേശം, വിദ്യാഭ്യാസം, ലിംഗം, തൊഴിലിടം, മുതലായവയേയും അയാളുടെ വ്യക്തിപരമായ താല്പര്യങ്ങളെയും കണക്കിലെടുത്താണ്.

ഫേസ്ബുക്ക് മുതലായ നവമാധ്യമങ്ങളില്‍ നിശ്ചിതമായ ഓരോ ഗ്രൂപ്പുകളും തിരിച്ചറിയപ്പെടുന്നത് ലക്ഷ്യാധിഷ്ഠിത ഗ്രൂപ്പുകളായാണ്. ഈ ഓരോ ഗ്രൂപ്പിലെയും അംഗങ്ങള്‍ നിശ്ചിതമായ ഓരോ സാമൂഹ്യ മാധ്യമ വേദിയിലും ചെലവഴിക്കുന്ന സമയമാണ് ആ പ്രൊസ്യൂമര്‍ ചരക്കിന്റെ മൂല്യമായി കണക്കാക്കപ്പെടുന്നത്.

ഇതിനൊരു മറുവശം കൂടിയുണ്ട്. നവ മാധ്യമ വേദികളില്‍ ഉപഭോക്താക്കള്‍ നടത്തുന്ന ഇടപെടലിന്റെ ഭാഗമായി അവര്‍ക്ക് അവരുടെ സാമൂഹ്യ ബന്ധങ്ങള്‍ നിലനിര്‍ത്താനും വികസിപ്പിക്കാനും സമൂഹത്തിലെ ബഹുമാന്യത വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ വിധത്തില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കഴിയുന്നു.

മാധ്യമങ്ങളുടെ ഉടമസ്ഥര്‍ക്ക് സാമ്പത്തിക മൂല്യം ഉല്‍പാദിപ്പിക്കുന്നതിന് കഴിയുന്നതുപോലെ തന്നെ അതിന്റെ  ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സാമൂഹ്യവും സാംസ്കാരികവും പ്രതീകാത്മകവുമായ മൂല്യം വര്‍ധിപ്പിക്കുന്നതിനും കഴിയുന്നുണ്ട്. ഇങ്ങനെ പരസ്പര സഹായം എന്ന പ്രതീതി ഉല്പാദിപ്പിച്ചുകൊണ്ടാണ് കോര്‍പ്പറേറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ ഈ കൊടിയ ചൂഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതൊക്കെയായിട്ടും പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സ്ഥാപനങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടു. തടസങ്ങളില്ലാത്ത സാമ്പത്തിക വളര്‍ച്ചയും സമ്പല്‍ സമൃദ്ധിയുമൊക്കെ പ്രതീക്ഷിച്ചിരുന്ന ഡോട്ട്.കോം മേഖലയുടെ പ്രതീക്ഷ തകര്‍ന്നു.

പക്ഷേ പിന്നീടുള്ള വര്‍ഷങ്ങളിലാണ് ഫേസ്ബുക്ക് (2004) ഫ്ളിക്കര്‍ (2004) ലിങ്കെഡിന്‍ (2003) സിന വെയ്ബോ (2009) ടംബ്ളര്‍ (2007) ട്വിറ്റര്‍ (2006) വി കെ (2006) വേഡ്പ്രസ് (2003) യൂട്യൂബ് (2005 ല്‍ ആരംഭിക്കുകയും 2006 ല്‍ ഗൂഗിളിന് വില്ക്കുകയും ചെയ്തു) എന്നിവയൊക്കെ സ്ഥാപിക്കപ്പെട്ടത്.

ഇവയാണ് ഇന്ന് വെബ് വേദികളിലൂടെ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് സേവനം നല്‍കിക്കൊണ്ടിരിക്കുന്നത്.  ലക്ഷ്യാധിഷ്ഠിത പരസ്യം നല്‍കലിലൂടെയാണ് അവര്‍ ചൂഷണം തീവ്രമാക്കിയത്.  ഡോട്ട്.കോം പ്രതിസന്ധിക്കു ശേഷമാണ് ഈ സംവിധാനം രൂപപ്പെടുത്തപ്പെട്ടത്.

ഓണ്‍ലൈന്‍ തൊഴിലുകള്‍ തൊഴിലാളികളില്‍ സ്വമേധയാ അച്ചടക്കത്തിനു വിധേയമാവുന്ന സ്വഭാവം വളര്‍ത്തിയെടുത്തിട്ടുണ്ട്. സ്വയം നിയന്ത്രിത സമൂഹമായി നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്.

പങ്കാളിത്ത മാനേജ്മെന്റ് സംവിധാനത്തില്‍ അതിന്റെ അംശങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇന്‍സെന്റീവുകള്‍ മാത്രമല്ല തൊഴിലിനൊപ്പം ഉല്ലാസം ലഭിക്കുന്നതിനുള്ള കാര്യങ്ങളും ഇന്ന് തൊഴിലിനോട് ഉദ്ഗ്രഥിക്കപ്പെട്ടിരിക്കുന്നു. തൊഴില്‍ സമയത്തിന്റെയും ഒഴിവു സമയത്തിന്റെയും അതിര്‍ത്തികള്‍ മായ്ക്കപ്പെടുകയാണ്.

അതേസമയം നിശ്ചിത സമയത്തിനകം തൊഴില്‍ തീര്‍ക്കേണ്ടതിന്റെ സമ്മര്‍ദ്ദവും വര്‍ധിച്ചുവരികയാണ്. സ്വകാര്യ സ്വത്തുടമസ്ഥതയിലും ചൂഷണത്തിലുമൊന്നും യാതൊരു കുറവും വരുന്നുമില്ല.

ദശലക്ഷക്കണക്കിന് വരുന്ന സാമൂഹ്യ മാധ്യമ വേദി ഉപഭോക്താക്കളുടെ മേല്‍ നടത്തുന്ന ചൂഷണം ഇതിന്റെ ഉദാഹരണമാണ്.

നവ മാധ്യമം എന്നും സാമൂഹ്യ മാധ്യമം എന്നും കൊട്ടിഘോഷിക്കപ്പെടുന്ന ഫെയ്സ്ബുക്ക്, വാട്സാപ്പ്, യൂട്യൂബ് മുതലായവയൊക്കെ വന്‍തോതിലുള്ള മുതലാളിത്ത ചൂഷണത്തിന്റെ ഉപകരണങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് മേലെഴുതിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

സി ഐ എ യുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നവരാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ സെന്‍സറിങ് ഉദ്യോഗം വഹിക്കുന്നത് എന്നകാര്യം വ്യക്തമാക്കപ്പെട്ടത്. മുതലാളിത്ത വ്യവസ്ഥയാണ് തങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് കാരണമെന്ന് എല്ലാ നവ മാധ്യമ ഉടമസ്ഥര്‍ക്കും നന്നായി അറിയാവുന്നതാണ്.

അതുകൊണ്ടുതന്നെ മുതലാളിത്ത വ്യവസ്ഥയെ തകര്‍ക്കാനിടയാക്കുന്ന ഒന്നുംതന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ അധികം പേര്‍ കാണാനനുവദിക്കുന്ന പ്രശ്നവുമില്ല എന്ന നിലയിലേക്ക് ഇവയുടെ ഉടമകള്‍ എത്തിച്ചേരാന്‍ ഇനി അധികം കാത്തിരിക്കേണ്ടിവരില്ല.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top