ന്യൂഡൽഹി> നീതിന്യായ ചരിത്രത്തിൽ ഇടംപിടിച്ച സുപ്രധാന വിധിന്യായങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനംപിടിച്ച ന്യായാധിപനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സ്വകാര്യത മൗലികാവകാശമാക്കിയ പുട്ടസ്വാമി കേസിലെ വിധി, ശബരിമല കേസിലെ സുപ്രധാനവിധി, സ്വവർഗബന്ധം കുറ്റകൃത്യമാക്കിയ 377–-ാം വകുപ്പ് അസാധുവാക്കിയ വിധി, ഹാദിയാ കേസിലെ വിധി, വിവാഹേതരബന്ധം കുറ്റകൃത്യമാക്കിയ 497–-ാം വകുപ്പ് റദ്ദാക്കിയ വിധി, അവിവാഹിതകളായ സ്ത്രീകൾക്കും ഗർഭച്ഛിദ്രത്തിനുള്ള അവകാശമുണ്ടെന്ന വിധി തുടങ്ങി ചരിത്രത്തിൽ ഇടംപിടിച്ച നിരവധി വിധിന്യായങ്ങളിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കൈയൊപ്പുണ്ട്.
ചില നിർണായക സന്ദർഭങ്ങളിൽ ഭൂരിപക്ഷ വിധിയോട് യോജിക്കാതെ അദ്ദേഹം പുറപ്പെടുവിച്ച ഭിന്നവിധികളും ഏറെ ശ്രദ്ധനേടി. ആധാർ നിയമം പണബില്ലായി പാസാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന ഉത്തരവാണ് ഏറ്റവും ശ്രദ്ധേയമായ ഭിന്നവിധി. ആധാർ നിയമം ശരിവച്ച ഭൂരിപക്ഷവിധിയെ നിഴലിലാക്കുന്നതായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഭിന്നവിധി. ഭീമാകൊറേഗാവ് കേസിൽ അഞ്ച് സാമൂഹ്യപ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടി ശരിവച്ച ഭൂരിപക്ഷ വിധിയോടും ജസ്റ്റിസ് ചന്ദ്രചൂഡ് ഭിന്നവിധിയിലൂടെ കലഹിച്ചു.
അച്ഛനും സുപ്രീംകോടതിയിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസുമായിരുന്ന വൈ വി ചന്ദ്രചൂഡിന്റെ ഉത്തരവ് തിരുത്താനും അദ്ദേഹം മടികാണിച്ചില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ പൗരന്മാർക്ക് അവകാശങ്ങളില്ലെന്ന 1976ലെ വിവാദ ഉത്തരവ് ഗുരുതരമായ പിഴവാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് 2019ലെ ഉത്തരവിൽ തുറന്നടിച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് അച്ഛനും മകനും ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..