21 September Monday

വാചകമടിക്കാർ തോറ്റു; നായികമാർ തിളങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020

സനാ മാരിൻ, ജസീന്ത ആർഡേൺ


വാഷിങ്‌ടൺ
ഡോണൾഡ്‌ ട്രംപ്‌, ബോറിസ്‌ ജോൺസൺ,  ജെയർ ബോൾസനാരോ, നരേന്ദ്ര മോഡി...‘ജനപ്രിയ’നാട്യങ്ങളുള്ള ഈ ഭരണാധികാരികുടെ രാജ്യങ്ങളിലാണ്‌ കോവിഡ്‌ മരണം ഏറ്റവും കൂടുതൽ. വിദഗ്‌ധരുടെ നിർദേശങ്ങൾ മാനിക്കാതെ സാധാരണക്കാരുടെ കയ്യടികിട്ടാൻ വാചകമടിക്കുന്ന ഇവർ കോവിഡ്‌ പ്രതിരോധത്തിൽ അമ്പേ പരാജയപ്പെട്ടു.

അമേരിക്ക, ബ്രസീൽ, ബ്രിട്ടൺ, തുടങ്ങിയ രാജ്യങ്ങളുടെ തലവൻമാർ‌ ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പുകൾ പരിഗണിച്ചതേയില്ല. രോഗത്തിന്റെ തീവ്രതയും കുറച്ചുകാട്ടി. ഇതുകാരണം ലോകത്തെ മുഴുവൻ കോവിഡ്‌ മരണത്തിന്റെ  പകുതിയോളം ഈ രാജ്യങ്ങളിലാണ്‌. 

‘ഇന്ത്യയിലും അമേരിക്കയിലും സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യതക്കുറവും പ്രധാന സ്ഥാപനങ്ങളെ ദുർബലമാക്കിയതും രോഗവ്യാപനത്തിനിടയാക്കി’ –- ജോർജ്‌ടൗൺ സർവകലാശാലയിലെ സാമ്പത്തിക ശാസ്‌ത്ര അധ്യാപകൻ ജിഷ്‌ണുദാസ്‌ പറഞ്ഞു.  

കോവിഡ്‌ കെട്ടുകഥയാണെന്ന്‌ ട്രംപും ചെറിയ പനി മാത്രമാണെന്ന്‌ ബോൾസനാരോയും പറഞ്ഞു. ബിസിനസുകാർക്ക്‌ നഷ്ടമുണ്ടാകുമെന്ന കാരണത്താൽ ഇവർ കർശനമായി ലോക്‌ഡൗൺ ഏർപ്പെടുത്താനും തയ്യാറായില്ല. എന്നാൽ, ഈ സ്ഥാനത്ത്‌ തിളങ്ങിയത്‌ വനിതാ നേതാക്കളാണെന്ന്‌ യൂറോപ്യൻ സെൻട്രൽ ബാങ്ക്‌ അധ്യക്ഷ ക്രിസ്റ്റീൻ ലഗാർദ്‌ പറഞ്ഞു. കൃത്യമായ വിവര കൈമാറ്റത്തിലൂടെയും രോഗപ്രതിരോധനയങ്ങളിലൂടെയും അവർ കോവിഡ്‌  നിയന്ത്രണവിധേയമാക്കി. ഫിൻലൻഡ്‌ പ്രധാനമന്ത്രി സനാ മാരിൻ, ന്യൂസിലൻഡ്‌ പ്രധാനമന്ത്രി ജസീന്ത ആർഡേൺ, ജർമൻ ചാൻസലർ ആംഗല മെർക്കൽ, തായ്‌വാനിലെ സായ്‌ ഇങ്‌ വെൻ എന്നിവർ മാതൃകയായി. മാസ്‌ക്‌ ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും ലോക്‌ഡൗണും ആവശ്യമാണെന്ന്‌ ജനങ്ങളെ ബോധിപ്പിക്കാൻ വനിതാ നേതാക്കൾക്കായെന്നും ലഗാർദ്‌ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top