ചെന്നൈ
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോഴും ബ്രിട്ടീഷ് ഭരണകൂട ഭീകരതയുടെ അവശിഷ്ടങ്ങൾ തമിഴകത്തുണ്ട്. ചില ജാതികളെ കുറ്റവാളികളാക്കി മുദ്രകുത്തി. നാട്ടിലെവിടെ മോഷണം നടന്നാലും അവർ അറസ്റ്റിലാകും, പീഡിപ്പിക്കപ്പെടും, ചിലപ്പോൾ കൊല്ലപ്പെടും. കുറവർ, മറവർ, കള്ളർ, അമ്പലക്കാരർ, കലഡി ജാതിക്കാരായിരുന്നു എന്നും ഈ പരമ്പരയിലുണ്ടായിരുന്നത്. ‘ജയ് ഭീ’മിലെ തുടക്കത്തിലെ കരളലിയിക്കുന്ന ദൃശ്യം ഈ സത്യത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.
ചരിത്രം സൃഷ്ടിച്ച മറ്റൊരു ലോക്കപ്പ് കൊലപാതകക്കേസും കടലൂർ മുദനൈ ഗ്രാമത്തിന് പറയാനുണ്ട്. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസാണിത്. 1992 മെയ് 30ന് പുലർച്ചെയാണ് കണ്ണയ്യനെയും ഭാര്യ സെമ്പകത്തെയും(പേരുകൾ സാങ്കൽപികം) ‘മോഷണക്കുറ്റ’ത്തിന് സൗത്ത് ആർക്കോട്ട് ജില്ലയിലെ അണ്ണാമല നഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയുടെ മുന്നിൽ കണ്ണയ്യയെ ക്രൂരമായി മർദിച്ചു. മർദനം നിർത്തണമെങ്കിൽ സെമ്പകം വഴങ്ങണമെന്നായിരുന്നു പൊലീസ് നിലപാട്. എതിർത്തതോടെ ലോക്കപ്പിൽ സെമ്പകത്തെ നഗ്നയാക്കി. പൊലീസുകാരെല്ലാവരും പലതവണ സെമ്പകത്തെ ദിവസങ്ങളോളം ബലാത്സംഗംചെയ്തു. ജൂൺ ഏഴിന് കണ്ണയ്യ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ഇതോടെ സെമ്പകത്തെ ആശുപത്രിയിലാക്കി. സംഭവം സിപിഐ എമ്മിന്റെ ശ്രദ്ധയിലെത്തിയതോടെ ജില്ലാ സെക്രട്ടറി കെ ബാലകൃഷ്ണനും ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ ജാൻസിറാണിയും ആശുപത്രിയിലെത്തി. കേസുമായി കീഴ്ക്കോടതി മുതൽ സുപ്രീം കോടതിവരെ പൊരുതി. ക്രൈം ബ്രാഞ്ച് എസ്പി ലതികാ ശരണിനെ അന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ചു.
ധർണ, പിക്കറ്റിങ്, വഴിതടയൽ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സമരങ്ങൾ സിപിഐ എമ്മും ജനാധിപത്യ മഹിളാ അസോസിയേഷനും നയിച്ചു. പാർടി നേതാക്കളായ പാപ്പാ ഉമാനാഥ്, മൈഥിലി ശിവരാമൻ എന്നിവരും ആദ്യാവസാനമുണ്ടായെന്ന് ജാൻസി റാണി ഓർമിക്കുന്നു. മുഴുവൻ പൊലിസുകാർക്കും കടുത്ത ശിക്ഷയും സെമ്പകത്തിന് നഷ്ടപരിഹാരവും അനുവദിച്ച് ഒടുവിൽ കോടതി വിധിയെഴുതി.
ആശ്വാസത്തിന്റെ ചെങ്കൊടിത്തണൽ
‘‘പീഡനം അറിഞ്ഞതുമുതൽ സിപിഐ എമ്മും മഹിളാ അസോസിയേഷനും കൂടെ ഉണ്ടായിരുന്നു. ഇന്നും കൂടെയുണ്ട്. ആഴ്ചയിൽ ഒരു തവണയെങ്കിലും ജാൻസിറാണിയെ ഫോണിൽ വിളിക്കാറുണ്ട്. കേസ് നടത്തിയതും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതും പാർടിതന്നെ’’ സെമ്പകം പറഞ്ഞു.
എണ്ണിയാലൊടുങ്ങാത്ത പീഡനങ്ങളും ലോക്കപ് മർദനവും തമിഴ്നാട്ടിൽ നടക്കുന്നു. ഇപ്പോഴും അതിനു കുറവില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..